അടിയന്‍ ലച്ചിപ്പോം!

തിരുവഞ്ചൂരിലെ കറുത്തനായര്‍ കല്‍പ്പിച്ച് നല്‍കിയ 2.09 കോടിയുടെ നന്ദി ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലെ സമ്പന്നര്‍ക്ക് എന്നുമുണ്ടാവും. അഴിമതിയിലൂടെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംഘത്തിനുമൊപ്പം 'അടിയന്‍ ലച്ചിപ്പോം' എന്ന് പറഞ്ഞ് ഈ കൂട്ടരുണ്ടാവും. അഴിമതിയുടെ പങ്കുപറ്റുന്ന ഒരുത്തന്റെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ പാവപ്പെട്ടവന്റെ കുട്ടികള്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലെ കോര്‍ട്ടുകള്‍ കൈയടക്കണം. നഗരത്തിന്റെ അരികിലുള്ള കോളനികളിലെ കുട്ടികള്‍ അവിടെ റാക്കറ്റുകളേന്തട്ടെ. അപ്പോള്‍ ജനാധിപത്യം പുലര്‍ന്നു എന്നത് ഏവരും അറിയും.

തിരുവനന്തപുരം ശാസ്തമംഗലം ജംഗ്ഷനിലെ രഥപ്പുരക്കുന്നിലെ ഓഫീസില്‍ വെച്ചാണ് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന്റെ ആദ്യത്തെ ജനറല്‍ ബോഡിയോഗം നടക്കുന്നത്. 1937 നവമ്പര്‍ 11ന്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ, ലഫ്റ്റണന്റ് കേണല്‍ ഗോദവര്‍മരാജയാണ് ക്ലബ്ബിന്റെ സ്ഥാപകന്‍. രാജകുടുംബത്തിലെ ഇംഗ്ലീഷ് ട്യൂട്ടറായിരുന്ന ഡി എച്ച് വാട്‌സ് തുടങ്ങി തമ്പിയും നായരും പിള്ളയുമടങ്ങുന്ന പത്ത് അംഗങ്ങളായിരുന്നു സ്ഥാപക മെമ്പര്‍മാര്‍. ദളിതരൊന്നും അന്നും ഇന്നും മെമ്പര്‍മാര്‍ അല്ല. ഐക്യകേരളം നിലവില്‍വരും മുന്‍പുള്ള കാലം. 1950. തിരുവിതാംകൂര്‍-കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പരൂര്‍ ടി കെ നാരായണപിള്ളയുടെ കാലം. കവടിയാറിലുള്ള ടെന്നീസ് ക്ലബ്ബ് നില്‍ക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി, 25 വര്‍ഷത്തേക്ക് സംസ്ഥാന ഗവണ്‍മെന്റ് പാട്ടത്തിന് നല്‍കി. 1975ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പാട്ടം 50 വര്‍ഷത്തേക്ക് നീട്ടി കൊടുത്തു.

ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. തറവാടി നായന്‍മാരും ബ്യൂറോക്രാറ്റ് പ്രമാണിമാരും നമ്പൂരിനസ്രാണിമാരും അവര്‍ണന്റെ, പാവപ്പെട്ടവന്‍റെ  സാമീപ്യമില്ലാതെ രാജഭക്തിയോടെ കാത്തുവെക്കുന്ന ക്ലബ്ബാണ്. സി പി ഐ നേതാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത്, ടെന്നീസ് ക്ലബ്ബിന്റെ ഭൂമി അമ്പത് വര്‍ഷത്തേക്ക് സൗജന്യപാട്ടമായി പുതുക്കിക്കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളിലെ വര്‍ഗബോധം കാശിക്കുപോയിരുന്നോ ആവോ!

ടെന്നീസ് ക്ലബ്ബില്‍ അംഗമാവണമെങ്കില്‍ അവിടുത്തെ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗീകരിക്കേണ്ടതുണ്ട്. അംഗത്വ അപേക്ഷ സ്വീകരിക്കണമെങ്കില്‍ അത് ഒരു ലൈഫ്‌മെമ്പര്‍ അംഗീകരിക്കണം മറ്റൊരു മെമ്പര്‍ ശുപാര്‍ശ ചെയ്യുകയും വേണം. അഥവാ അംഗത്വത്തിന് തെരഞ്ഞെടുത്താല്‍, എന്‍ട്രന്‍സ് ഫീസായി രണ്ട് ലക്ഷം രൂപ അടക്കണം. സ്റ്റുഡന്റ് മെമ്പര്‍മാര്‍ക്ക് ഒന്നര ലക്ഷം രൂപ. ഇതിലും സാങ്കേതികത്വങ്ങള്‍ നിരവധി കുത്തി തിരുകിയിട്ടുണ്ട്. വല്ല പുത്തന്‍പ്പണക്കാരനും പണവുമായി വന്നാല്‍ അംഗമാവാന്‍ സാധിക്കരുതല്ലൊ. പാരമ്പര്യം അധികാരം സമ്പന്നത, സവര്‍ണത തുടങ്ങിയവയൊക്കെ തന്നെയാണ് അംഗത്വത്തിന് പ്രധാനമായും മാനദണ്ഡങ്ങളാവുന്നത്.

ടെന്നീസ് മുകളില്‍ പറഞ്ഞ വിഭാഗത്തിന് വേണ്ടിയുള്ള ഒരു കളിയല്ല. ടെന്നീസ് ക്ലബ്ബിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സമ്പന്നതയും സവര്‍ണതയും തടസമാവുന്നുവെങ്കില്‍ അത് മാറ്റാന്‍ നടപടികള്‍ കൈക്കൊള്ളേണ്ട ഭരണകൂടം ക്ലബ്ബിന്റെ മാനേജ്‌മെന്റിനെ അഴിമതിയിലൂടെ സഹായിക്കുകയാണ്.

നാഷണല്‍ ഗെയിംസില്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ് വേദിയല്ല. ടെന്നീസ് മാച്ച് നടക്കുന്നത് കുമാരപുരത്ത് പുതിയതായി നിര്‍മിച്ച ടെന്നീസ് കോംപ്ലക്‌സിലാണ്. അതിനായി സര്‍ക്കാര്‍ 2.64 കോടിയിലേറെ രൂപ ചിലവഴിച്ചിട്ടുണ്ട്. പക്ഷെ, മത്സരവേദിയല്ലാത്ത ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലും 2.09 കോടി രൂപ ചെലവഴിച്ചിരിക്കുന്നു. ഈ ചെലവ് കടലാസില്‍ മാത്രമാണെന്നാണ് വസ്തുതകള്‍ വിളിച്ചുപറയുന്നത്.

കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രത്യേക നിര്‍ദേശത്തിന്റെ പുറത്താണ് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലേക്ക് ഈ കോടികള്‍ വഴിതിരിച്ചുവിട്ടത്. ഇത്രയും തുക ചിലവഴിച്ചു എന്നതിന്റെ കടലാസ് കണക്ക് സര്‍ക്കാരിലേക്ക് പോകുമ്പോള്‍, പിന്‍വഴിയിലൂടെ തിരുവഞ്ചൂരിന് എന്തൊക്കെയോ ലഭിക്കുന്നുണ്ട്. അതെത്രകോടി രൂപയാണ് എന്ന സംശയത്തിനുള്ള ഉത്തരമാണ് ഇനി പുറത്തുവരാനുള്ളത്.

ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബില്‍ ടെന്നീസ് കളിയും പരിശീലനവും മാത്രമല്ല ഉള്ളത്. അവിടെ വാടകയ്ക്ക് ലഭിക്കുന്ന ആഡംബര മുറികളുണ്ട്. ഫാമിലി റസ്റ്റോറന്റ് ഉണ്ട്. ബാറുണ്ട്. ഹാളുകളുണ്ട്. ആഡംബരം വഴിഞ്ഞൊഴുകുന്ന ടെറസും പുല്‍ത്തകിടികളും ഒരുക്കിയിട്ടുണ്ട്. ബില്ല്യാഡ്‌സും ബ്രിഡ്ജും റമ്മിയും കളിക്കാനുള്ള സൗകര്യമുണ്ട്. ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ജിമ്മുണ്ട്. ഇതൊക്കെ ഒരു വര്‍ഗത്തിന് വേണ്ടി മാത്രമുള്ളതാണ്. അന്നന്നത്തെ കഞ്ഞിക്കായി പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളിക്കെന്ത് ബില്ല്യാഡ്‌സ്?

തിരുവഞ്ചൂരിലെ കറുത്തനായര്‍ കല്‍പ്പിച്ച് നല്‍കിയ 2.09 കോടിയുടെ നന്ദി ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലെ സമ്പന്നര്‍ക്ക് എന്നുമുണ്ടാവും. അഴിമതിയിലൂടെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംഘത്തിനുമൊപ്പം 'അടിയന്‍ ലച്ചിപ്പോം' എന്ന് പറഞ്ഞ് ഈ കൂട്ടരുണ്ടാവും. അഴിമതിയുടെ പങ്കുപറ്റുന്ന ഒരുത്തന്റെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ പാവപ്പെട്ടവന്റെ കുട്ടികള്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലെ കോര്‍ട്ടുകള്‍ കൈയടക്കണം. നഗരത്തിന്റെ അരികിലുള്ള കോളനികളിലെ കുട്ടികള്‍ അവിടെ റാക്കറ്റുകളേന്തട്ടെ. അപ്പോള്‍ ജനാധിപത്യം പുലര്‍ന്നു എന്നത് ഏവരും അറിയും.

06-Feb-2015