ചിരിയിലെ ഭീഷണി
പ്രീജിത്ത് രാജ്
ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരിക്കുന്നു. പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ. പക്ഷെ, പ്രതികളും പോപ്പുലര്‍ ഫ്രണ്ടും സന്തുഷ്ടരാണ്. അവരുടെ സംഭാഷണങ്ങളില്‍ നിന്നും ശരീരഭാഷയില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നത്, അവര്‍ക്ക്, അവര്‍ പ്രതീക്ഷിച്ച ശിക്ഷപോലും ലഭിച്ചിട്ടില്ല എന്നതാണ്. തന്നെ ആക്രമിച്ചവരോടും ഗൂഡാലോചന നടത്തിയവരോടും പണ്ടേ ക്ഷമിച്ചതായും അവര്‍ക്കൊക്കെ നല്ലതുവരണമെന്നുമാണ് ആഗ്രഹമെന്ന് പ്രൊഫ. ടി ജെ ജോസഫ് പറയുമ്പോഴും കേരളത്തിന്റെ മതനിരപേക്ഷ മനസ് ഖിന്നമാണ്. നാളെ ഈ തെരുവില്‍ വര്‍ഗീയതയുടെ കൊലക്കത്തി ഉയരാതിരിക്കാനുള്ള താക്കീതായി മാറാന്‍ ഈ വിധിക്ക് ആവുമോ? പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൊലച്ചിരി ഇന്നത്തെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ പൊതുസമൂഹം പേടിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയഭ്രാന്ത് പിടിച്ച പേപ്പട്ടികള്‍ ചിരിക്കുക തന്നെയാണ്. |
'മാറിപ്പോയി, വലതുകൈക്ക് വെട്ട്..'
ടി ജെ ജോസഫിന്റെ ഇടതുകൈയ്യില്‍ നിന്നും വടിവാള്‍ വലിച്ചൂരി ജമാല്‍ അലറി. അത് കേട്ട ഷോബിന്‍ ജോസഫിന്റെ വലതുകൈ ബലമായി പിടിച്ച് റോഡിലേക്ക് ചേര്‍ത്തുവെച്ചു. കൂടെയുള്ള സവാദ്, കൈമഴു ഉപയോഗിച്ച് ജോസഫിന്റെ വലതുകൈയ്യില്‍ പലതവണ വെട്ടി. വെട്ടുകൊണ്ട കൈയ്യില്‍ നിന്നും രക്തം ചീറ്റിത്തെറിച്ചു. മഴുവിന്റെ മൂര്‍ച്ചയില്‍ കൈയ്യിലെ മാംസം റോഡില്‍ ചിന്നിചിതറി. ജോസഫിന്റെ കൈപ്പത്തി മുറിഞ്ഞുവീണു.
'എന്നെ കൊല്ലല്ലേ...' എന്ന ജോസഫിന്റെ ദീനരോദനം പ്രവാചകന്റെ വക്താക്കളെന്ന് പറഞ്ഞെത്തിയ ആ പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകള്‍ കേട്ടില്ല. 'ഈ കൈ കൊണ്ടല്ലേടാ, ഇസ്ലാം മതത്തെയും പ്രവാചകനെയും അധിക്ഷേപിക്കുന്ന ചോദ്യം എഴുതിയത്. ഇനി നീ ഇതുകൊണ്ട് എഴുതേണ്ട...' എന്ന ആക്രോശം കൈമഴുകൊണ്ട് ജോസഫിന്റെ വലതുകൈ വെട്ടിതുണ്ടമാക്കുമ്പോള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഇസ്ലാം അനുശാസിക്കുന്ന കാര്യമാണോ ഈ കൈമഴു പ്രയോഗം? പ്രവാചകന്‍ എവിടെയാണ് കൈമഴു പ്രയോഗിക്കാന്‍ പറഞ്ഞിട്ടുള്ളത് ? പോപ്പുലര്‍ഫ്രണ്ട് പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് പ്രവാചകന്റെ പേര് പറയുവാന്‍ എന്താണ് യോഗ്യതയുള്ളത്? പ്രവാചകന്‍ മനുഷ്യരാശിയുടെ മൊത്തം സ്വത്താണ്. മനുഷ്യരാശിയുടെയാകെ സന്തോഷത്തെ കുറിച്ചാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. മനുഷ്യരാശിക്ക് വേണ്ടിയാണ് മുഹമ്മദ് നബിയും ക്രിസ്തുവും ശ്രീബുദ്ധനുമൊക്കെ സംസാരിച്ചിട്ടുള്ളത്. മാനവരാശിക്ക് വേണ്ടി സംസാരിച്ച മുഹമ്മദ് നബിയ്ക്കുവേണ്ടിയെന്ന് പ്രസ്താവിച്ച് പോപ്പുലര്‍ ഫ്രണ്ട് കൈമഴുകൊണ്ട് നടപ്പിലാക്കിയ വിധിയാണ് ഏറ്റവും വലിയ പ്രവാചക നിന്ദ.
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ വിവാദം ഉണ്ടാവുന്നത് 2010 മാര്‍ച്ചിലാണ്. അപ്പോള്‍ തന്നെ ജോസഫിന്റെ കൈവെട്ടാന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിച്ചു. എം കെ നാസറായിരുന്നു മുഖ്യ സൂത്രധാരന്‍, ആലുവ തായിക്കാട്ടുകര സ്വദേശി. തീരുമാനം നടപ്പിലാക്കാനുള്ള സംഘത്തലവനായി ആദ്യം തെരഞ്ഞെടുത്തത്, രണ്ടാം പ്രതി ജമാലിനെയായിരുന്നു. 2010 മെയ് മാസത്തില്‍ മൂന്ന പ്രാവശ്യമാണ് ഈ സംഘം ജോസഫിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. പക്ഷെ, പരാജയപ്പെട്ടു. ആ ദൗത്യം നിര്‍വഹിക്കാന്‍ മോട്ടോര്‍സൈക്കിളായിരുന്നു മൂന്ന് പ്രാവശ്യവും ഉപയോഗിച്ചത്. തുടര്‍ന്ന്, എത്രയും പെട്ടെന്ന് മിഷന്‍ നടപ്പിലാക്കാന്‍ ഒരു മാരുതി ഓമ്‌നി വാന്‍ വാങ്ങാന്‍ തീരുമാനിച്ചു. നാസറിന്റെ ആ നിര്‍ദേശം നടപ്പിലാക്കാനുള്ള ചുമതല, കെ കെ അലി, യൂനുസ്, സജില്‍ എന്നിവര്‍ക്കായിരുന്നു. ജമാലിനെ സംഘത്തലവന്റെ സ്ഥാനത്ത് നിന്ന് മാറ്റി അഞ്ചാം പ്രതി ഷംസുദ്ദീനെ മിഷന്‍ നടപ്പിലാക്കാനായി നിയോഗിച്ചു. ജൂണ്‍ 2, 3 തിയ്യതികളില്‍ ആക്രമിക്കുക എന്ന ഉദ്ദേശത്തോടെ സംഘം ജോസഫിനെ കാത്തുനിന്നു. മിഷന്‍ നടപ്പിലായില്ല. നാലം തിയ്യതി അവര്‍ ജോസഫിനെ പിടികൂടി.
ടി ജെ ജോസഫ് സഞ്ചരിച്ച വാഗണര്‍ കാര്‍ അവര്‍ തടഞ്ഞുനിര്‍ത്തി. അക്രമകാരികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആറാംപ്രതി ഷാനവാസ് ബോംബുകളുമായി കാറിന് മുന്നില്‍ നിന്നു. സവാദ് കൈമഴുകൊണ്ട് ജോസഫ് ഇരുന്ന ഭാഗത്തെ ഡോര്‍ഗ്ലാസ് തല്ലിതകര്‍ത്തു. കാറിന്റെ മുന്നിലെ ഗ്ലാസ് മൂന്നാം പ്രതി ഷോബിന്‍ തകര്‍ത്തു. പകച്ചിരിക്കുന്ന ജോസഫിനെ, സവാദ്, ഷോബിന്‍, ജമാല്‍, സജീല്‍ എന്നിവര്‍ ചേര്‍ന്ന് കാറില്‍ നിന്ന് പിടിച്ചിറക്കി. ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മാരി സ്‌റ്റെല്ല അക്രമണം തടയാന്‍ ശ്രമിച്ചപ്പോള്‍ അഞ്ചാം പ്രതി ഷംസുദ്ദീന്‍ അവരെ കഴുത്തിന് പിടിച്ച് തടഞ്ഞുനിര്‍ത്തി. ജീവനും കൊണ്ട് ഓടാന്‍ തുനിഞ്ഞ ജോസഫിന്റെ ഇടതുകാലില്‍ വെട്ടിവീഴ്ത്തിയത് ജമാലാണ്. ജോസഫിന്റെ ഇടതുതുടയിലും കാല്‍പ്പാദത്തിലും സവാദ് ആഞ്ഞുവെട്ടി. ആ സമയത്ത് അവിടേക്ക് ഓടിയെത്തിയ നാട്ടുകാരെ സ്‌ഫോടകവസ്തു കാണിച്ച് ഷാനവാസ് പേടിപ്പെടുത്തി. ഷോബിനും സജിലും വടിവാള്‍ വീശി നാട്ടുകാരെ അകറ്റി. ജോസഫിന്റെ ഭാര്യ സലോമിയും മകന്‍ മിഥുനും ഓടിയെത്തിയപ്പോള്‍ ഷാനവാസ് അവര്‍ക്ക് നേരെ ബോംബെറിഞ്ഞു. തുടര്‍ന്ന് ഇടതുകൈയില്‍ വെട്ടി. അപ്പോഴാണ് കൈ മാറിയത് മനസിലാക്കിയത്. വലതുകൈ എന്ന ലക്ഷ്യം അവര്‍ കണ്ടു. ഇതൊക്കെ പ്രവാചകന് വേണ്ടിയാണെന്ന് പറഞ്ഞാല്‍ ആര് സമ്മതിച്ചുതരും?
2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന ഡിഗ്രി പരീക്ഷ. അതാണ് മത തീവ്രവാദികളെ പ്രകോപിപ്പിച്ചത്. മലയാളം ഡിഗ്രി ഇന്റേണല്‍ പരീക്ഷാപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് 'കണ്ടെത്തിയ' വര്‍ഗീയവാദികള്‍ പരീക്ഷ നടന്നതിന്റെ തൊട്ടടുത്ത ദിവസം തൊടുപുഴയില്‍ സംഘടിച്ചു. പട്ടണത്തെ സംഘര്‍ഷഭരിതമാക്കി. കല്ലും വടിയുമായി പോരിനിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുമെത്തിയ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് അവിടെ തടിച്ചുകൂടിയത്. അവര്‍ പോലീസിന് നേരെ, കോളേജിന് നേരെ കല്ലെറിഞ്ഞു. ഇവരുടെ അഴിഞ്ഞാട്ടത്തെ പോലീസ് നേരിട്ടു. പോപ്പുലര്‍ഫ്രണ്ടുകാര്‍ മാളത്തിലൊളിച്ചു. അപ്പേഴേക്കും ആര്‍ എസ് എസ് സംഘപരിവാരം തെരുവിലിറങ്ങി. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള അവസരത്തെ അക്കൂട്ടര്‍ മുതലെടുക്കുകയായിരുന്നു. നഗരം ഭീതിയിലാഴ്ന്നപ്പോള്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആര്‍ എസ് എസുകാര്‍ പ്രചരിപ്പിച്ചത്, പോപ്പുലര്‍ഫ്രണ്ടുകാര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ മുന്നിലുള്ള പ്രതിമയ്ക്ക് കേടുവരുത്തി എന്നായിരുന്നു. അക്രമത്തിന്റെ അന്തരീക്ഷ്തതില്‍ നിന്നും ഉയര്‍ന്നുവന്നവരായിരുന്നു ഈ വര്‍ഗീയ ശക്തികള്‍. പോലീസ് പരീക്ഷപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനായ ജോസഫിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എന്നിട്ടും വര്‍ഗീയവാദികള്‍ക്ക് പകയടങ്ങിയില്ല. അവര്‍ ജോസഫിന്റെ കൈവെട്ടി മാറ്റി.
പോപ്പുലര്‍ഫ്രണ്ടുകാര്‍, വലതുകൈയ്യോടൊപ്പം ടി ജെ ജോസഫിന്റെ ജീവിതവും വെട്ടിമാറ്റി. നീണ്ട നാളത്തെ ആശുപത്രിവാസം. ജോസഫ് മാഷിന് ജീവന്‍ തിരികെകിട്ടിയെങ്കിലും ജീവിതം കൈവിട്ടുപോയി. അദ്ദേഹത്തെ കോളേജ് അധികൃതരും കൈയ്യൊഴിഞ്ഞു. ജോലിയില്ലാതായതോടെ വീട്ടിലേക്ക് വിരുന്നുവന്നത് പട്ടിണിയാണ്. മക്കളുടെ പഠനവും നിലച്ചു. ആദ്യഘട്ടത്തില്‍, അന്വേഷണം പൂര്‍ത്തിയായശേഷം ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കേണ്ടെന്ന് ഉറപ്പിച്ചു. ജോസഫ് കോടതിയെ സമീപിച്ചത് അപ്പോഴായിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കാനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി. അപ്പോഴേക്കും സാമ്പത്തികപ്രതിസന്ധി വേട്ടയാടാന്‍ തുടങ്ങി. തൊഴിലുറപ്പുപദ്ധതിയെ ആശ്രയിക്കാന്‍ ഭാര്യ സലോമി തീരുമാനിച്ചു. റേഷനരിവാങ്ങി കഞ്ഞിവച്ചു വിശപ്പടക്കി. പക്ഷെ, ദുരന്തം കൂടെത്തന്നെയുണ്ടായിരുന്നു. ഭാര്യ സലോമിയ്ക്ക് വിഷാദരോഗം. മുന്നോട്ടുപോകാനുള്ള വഴി പൂര്‍ണമായും ഇരുട്ടില്‍. ഒരു ചികിത്സയും ഫലിച്ചില്ല. പ്രവാചകനുവേണ്ടി പോപ്പുലര്‍ഫ്രണ്ടുകാര്‍ നാമാവശേഷമാക്കിയ ജീവിതത്തില്‍ നിന്നും അവര്‍ വിടവാങ്ങി. കുളിമുറിയില്‍ തൂങ്ങിമരിച്ചു. അമ്മയുടെ വിയോഗം താങ്ങാനാവാത്ത കുട്ടികള്‍ പഠനം നിര്‍ത്തി.
ദുരിതജീവിതത്തിന് ആശ്വാസമായി മാര്‍ച്ച് 28ന് ജോലിയില്‍ പ്രവേശിച്ച് 31ന് വിരമിക്കണമെന്നുള്ള കോടതിവിധി വന്നു. അവധിയിലായിരുന്നപ്പോഴുള്ള മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ല. ആ ഫയലുകള്‍ ചുവപ്പുനാടയില്‍ തന്നെയായിരുന്നു ഇതുവരെയും. ഇന്നിപ്പോള്‍ മന്ത്രിസഭ ആ ഫയല്‍ തീര്‍പ്പാക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങളിലുണ്ട്. പക്ഷെ, ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ്. ആ ഫയലിന്റെ ചുവപ്പുനാട അഴിയുമോ ഇല്ലയോ എന്നത് കണ്ടറിയണം.
ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരിക്കുന്നു. പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ. പക്ഷെ, പ്രതികളും പോപ്പുലര്‍ ഫ്രണ്ടും സന്തുഷ്ടരാണ്. അവരുടെ സംഭാഷണങ്ങളില്‍ നിന്നും ശരീരഭാഷയില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നത്, അവര്‍ക്ക്, അവര്‍ പ്രതീക്ഷിച്ച ശിക്ഷപോലും ലഭിച്ചിട്ടില്ല എന്നതാണ്. തന്നെ ആക്രമിച്ചവരോടും ഗൂഡാലോചന നടത്തിയവരോടും പണ്ടേ ക്ഷമിച്ചതായും അവര്‍ക്കൊക്കെ നല്ലതുവരണമെന്നുമാണ് ആഗ്രഹമെന്ന് പ്രൊഫ. ടി ജെ ജോസഫ് പറയുമ്പോഴും കേരളത്തിന്റെ മതനിരപേക്ഷ മനസ് ഖിന്നമാണ്. നാളെ ഈ തെരുവില്‍ വര്‍ഗീയതയുടെ കൊലക്കത്തി ഉയരാതിരിക്കാനുള്ള താക്കീതായി മാറാന്‍ ഈ വിധിക്ക് ആവുമോ? പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൊലച്ചിരി ഇന്നത്തെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ പൊതുസമൂഹം പേടിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയഭ്രാന്ത് പിടിച്ച പേപ്പട്ടികള്‍ ചിരിക്കുക തന്നെയാണ്.
09-May-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്