കണ്ണൂരിലെ ബോംബിന്റെ കൊമ്പ്
പ്രീജിത്ത് രാജ്
കമ്യൂണിസ്റ്റുകാരെ, രാഷ്ട്രത്തിനും-ഹിന്ദു സംസ്‌കാരത്തിനുമെതിരായ ഭീഷണി എന്ന നിലയില്‍ കണ്ട്, ന്യൂനപക്ഷ ധ്വംസനത്തോടൊപ്പം കമ്യൂണിസ്റ്റ് ധ്വംസനവും നടപ്പിലാക്കുക എന്നതാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത അജണ്ട. അത് നടപ്പിലാക്കാനാണ് അവര്‍ ബോംബ് രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്. സിപിഐ എംന്റെ അജണ്ട ബോംബ് രാഷ്ട്രീയമല്ല. അതുകൊണ്ടാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്ന ഒ വാസു മാസ്റ്ററും എം സുധീഷും അവരോടൊപ്പം സംഘപരിവാരം ഉപേക്ഷിച്ച് മനുഷ്യരായവരും സിപിഐ എമ്മിനൊപ്പം നില്‍ക്കുന്നത്. ആര്‍ എസ് എസുകാരെ ബോംബെറിഞ്ഞ് കൊല്ലുക എന്നതല്ല സിപിഐ എം പരിപാടി എന്നതിന്റെ ഉദാഹരണമാണ് ഈ വ്യക്തികള്‍. |
കുറച്ച് കാലം മുമ്പാണ്. പാനൂരിനടുത്തുള്ള മനേക്കര എന്ന പ്രദേശത്ത് കുറച്ച് സ്ഥലം വാങ്ങി വീടുവെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രമേശന്‍. കൂത്തുപറമ്പിലാണ് രമേശന്‍ താമസിക്കുന്നത്. അച്ഛനും അമ്മയും ഭാര്യയും ഒരു കുഞ്ഞുമാണ് രമേശനുള്ളത്. കൂത്തുപറമ്പില്‍ നിന്ന് തലശേരിയിലേക്ക് എത്താനുള്ള ദൂരം മനേക്കരയില്‍ വീടുവെച്ചാല്‍ ഒഴിവാക്കാമല്ലൊ എന്നാണ് രമേശന്‍ മറ്റുള്ളവരോട് പറയുക. അങ്ങനെയാണ് രമേശന്‍ മനേക്കരയില്‍ എത്തിയത്.
രമേശന്‍ പണ്ട് ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐയിലൊക്കെ പ്രവര്‍ത്തിച്ച 'വിപ്ലവകാരി'യാണ്. ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ല. സര്‍വ്വീസ് സംഘടനയിലോ, മറ്റ് വര്‍ഗ ബഹുജന സംഘടനകളിലോ പ്രവര്‍ത്തിക്കുന്നില്ല. പക്ഷെ, 'വിപ്ലവബോധ'മുള്ള വ്യക്തിയാണ്. വൈകുന്നേരങ്ങളില്‍ തലശേരിയിലെ ഒരു ബുക്‌സ് സ്റ്റാളില്‍ മുതിര്‍ന്ന സാംസ്‌കാരിക നായകന്‍മാര്‍ വരെ പങ്കാളികളാവുന്ന സൗഹൃദ സദസുകളില്‍ സിപിഐ എംന് സംഭവിച്ച മൂല്യച്യുതിയെ കുറിച്ചും പഴയ എസ് എഫ് ഐ പുഷ്‌കലകാലത്തെ കുറിച്ചും രമേശന്‍ വാചാലനാവും. വാര്‍ത്താ ചാനലുകളിലെ ഇടതുപക്ഷ വിമര്‍ശകരായ ഉമേഷ്ബാബുവും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും പിയേഴ്‌സണും നേതൃത്വം കൊടുക്കുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി, അതാണ് രമേശന്റെയും കൂട്ടുകാരുടെയും സ്വപ്നം. ടി പി ചന്ദ്രശേഖരന്‍കൊലപാതകാനന്തര കേരളത്തില്‍ അക്രമരാഷ്ട്രീയവും സിപിഐ എംന്റെ 'ധാര്‍ഷ്ട്യ'വും 'വാചകഘടന'കളും 'കാരായി രാജന്റെ ക്രൂരത'കളും ബോംബ് രാഷ്ട്രീയത്തിന്റെ പൈശാചികതയും അവരുടെ ചര്‍ച്ചാ വിഷയങ്ങളായി എരിഞ്ഞു.
മനേക്കരയില്‍ രമേശന്‍ വാങ്ങിയ ഭൂമി കുന്നിന്‍ചെരുവും അതിനോട് ചേര്‍ന്ന പാടവുമാണ്. അവിടെ വീട് വെക്കണമെങ്കില്‍ കുന്നിന്‍ ചെരുവിലെ മണ്ണ് ഇടിക്കണം. ഇടിച്ചെടുക്കുന്ന മണ്ണ് വയലിലേക്ക് തട്ടിയാല്‍ വയല്‍ നികന്ന് വരും. കരഭൂമിയാവും. പരിസ്ഥിതി സ്‌നേഹിയാണെങ്കിലും വയല്‍ രമേശന് മുന്നില്‍ അപ്പോഴൊരു വിഷയമായില്ല. കാവുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടതിനെ പറ്റി വൈകുന്നേരത്തെ ചര്‍ച്ചാ സദസില്‍ വലിയ ചര്‍ച്ച ഉണ്ടായപ്പോള്‍ രമേശന്‍ അതിനിശിതമായി, സിപിഐ എംനെ വിമര്‍ശിച്ചു. പാര്‍ട്ടിയുടെ നിലപാട് പരിസ്ഥിതി വിരുദ്ധമാണെന്ന് കണ്ടല്‍പാര്‍ക്കിനെ ഉദാഹരിച്ച് വ്യക്തമാക്കി. പക്ഷെ, സ്വന്തം വീടിനുവേണ്ടി വയല്‍ നികത്തുന്ന കാര്യത്തെ പറ്റി അവിടെ രമേശന്‍ ചര്‍ച്ച ചെയ്തില്ല. അത് രമേശനെ അലട്ടിയില്ല. രമേശന്‍ സിപിഐ എം അല്ലല്ലോ. രമേശന് പുതിയ വീട് അത്യാവശ്യമായിരുന്നു. സ്വന്തം അമ്മയേയും ഭാര്യയേയും ഒരു വീട്ടില്‍ സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ രമേശന് സാധിക്കുന്നില്ല. വീടെടുത്ത് മാറിയില്ലായെങ്കില്‍ അവര്‍ തമ്മില്‍തല്ലി പൊല്ലാപ്പാവും. രമേശന്‍; കുന്നിടിക്കാന്‍, വയല്‍ നികത്താന്‍, വീടുവെക്കാന്‍ തീരുമാനിച്ചു.
മണ്ണിടിക്കാനും വയല്‍ നികത്താനും രമേശന്‍ ഒരു മേശ്രിയെ ഏര്‍പ്പാടാക്കി. ആ സമയത്ത് കൂലിക്ക് ജോലി ചെയ്യുവാനായി ബംഗാളികള്‍ ആ പ്രദേശത്തും എത്തികഴിഞ്ഞിരുന്നു. രമേശന്‍ നിലം നിരപ്പാക്കാന്‍ ഏല്‍പ്പിച്ച മേശ്രിയും കൊണ്ടുവന്നത്, ബംഗാളി തൊഴിലാളികളെയാണ്. മനേക്കരയിലെ പറമ്പിലെ മണ്ണിടിക്കല്‍ തുടങ്ങി. ജോലിക്കിടയില്‍ പിക്കാസ് കൊണ്ട് കിളക്കുന്ന ഒരു തൊഴിലാളിയുടെ പിക്കാസിന്റെ മുനമ്പ് എന്തോ ഒരു ലോഹത്തില്‍ കൊണ്ട ശബ്ദം. അടുത്ത നിമിഷം വലിയൊരു സ്‌ഫോടനം. കൂട്ടക്കരച്ചിലും ആര്‍ത്തനാദവും. നാട്ടുകാരോടിക്കൂടി. മണ്ണിനുള്ളില്‍ കുഴിച്ചുവെച്ചിരുന്ന സ്റ്റീല്‍ബോംബ് പൊട്ടിയതാണ്. കിളച്ചുകൊണ്ടിരുന്ന ബംഗാളിയുടെ നില ഗുരുതരമായിരുന്നു. തലശേരി മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ബംഗാളിയെയും പരിക്കേറ്റ മറ്റ് തൊഴിലാളികളെയും പ്രവേശിപ്പിച്ചു. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് പോലീസ് എത്തി. മണ്ണ് നീക്കിയപ്പോള്‍ ഉഗ്രവീര്യമുള്ള ബോംബുകള്‍ അവിടെ ഏറെയുണ്ട്.
സ്‌ഫോടന സമയത്ത് രമേശന്‍ പറമ്പില്‍ ഉണ്ടായിരുന്നില്ല. ഓഫീസില്‍ പോയിരിക്കയായിരുന്നു. വിവരമറിഞ്ഞ് അദ്ദേഹം മനേക്കരയിലേക്ക് ഓടിയെത്തി. പോലീസ്, രമേശനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്തു. പിറ്റേന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത “വന്‍ ബോംബ് ശേഖരം മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍” എന്നായിരുന്നു. ആ ബോംബ് രമേശന്‍ ഉണ്ടാക്കിയതായിരുന്നില്ല. പോലീസിന് രമേശന്റെ നിരപരാധിത്വം ബോധ്യപ്പെട്ടു. പക്ഷെ, തലശേരിയിലെ സാംസ്കാരിക സൗഹൃദ സദസിന് ബോധ്യപ്പെട്ടില്ല. അവര്‍ രമേശനെ 'പാര്‍ട്ടിക്കാരനാക്കി' മാറ്റി. അവരുടെ ചര്‍ച്ചകള്‍ ചോര്‍ത്താന്‍ തലശേരിയിലെ സിപിഐ എം നേതൃത്വം നിയോഗിച്ച ചാരനെന്ന് വരെ വ്യാഖ്യാനിച്ചു. പിന്നീട് രമേശന്‍ ആ സൗഹൃദസദയില്‍ പോയിട്ടില്ല.
രമേശന്‍ മനേക്കരയിലെ സ്ഥലം വാങ്ങിയത് ഒരു സുഹൃത്തുവഴിയാണ്. ആ സ്ഥലം പാനൂരിലെ ഒരു മുതിര്‍ന്ന ആര്‍ എസ് എസുകാരന്റേതായിരുന്നു. രമേശന്‍ വാങ്ങിയ പറമ്പിന്റെ അപ്പുറത്തുള്ള മൈതാനത്തില്‍ ഒരു ആര്‍ എസ് എസ് ശാഖയുമുണ്ട്. പോലീസ് അന്വേഷിച്ചപ്പോള്‍ ആര്‍ എസ് എസുകാരാണ് ആ ബോംബുകള്‍ രമേശന്‍ വാങ്ങിയ സ്ഥലത്തെ സുരക്ഷിതമേഖലയായി കരുതി കുഴിച്ചിട്ടത് എന്ന് മനസിലാക്കി. ഏതായാലും രമേശന്‍ അവിടെ വീടുവെച്ചു. ഇപ്പോള്‍ പഴയതുപോലെ 'വിപ്ലവകാരി'യല്ല. സിപിഐ എംനെയല്ല, ഫാസിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്ന ആര്‍ എസ് എസിനെയാണ് എതിര്‍ക്കേണ്ടത് എന്ന സാമാന്യബോധമൊക്കെ വന്നുകഴിഞ്ഞു. രമേശന്റെ കഥ ഇപ്പോള്‍ ഓര്‍മ വന്നത് പാനൂരിലെ ചെറ്റക്കണ്ടി എന്ന സ്ഥലത്ത് ഇന്നലെ നടന്ന ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ഉണ്ടാവുന്ന തുടര്‍സ്‌ഫോടനങ്ങള്‍ കണ്ടാണ്.
കണ്ണൂരില്‍ സിപിഐ എം ഉണ്ടായത് ബോംബിന്റെ പുറത്താണ് എന്നുവരെ 'ഫേസ്ബുക്ക് രമേശന്മാര്‍' പറഞ്ഞുവെക്കുന്നു. പക്ഷെ, യാഥാര്‍ത്ഥ്യം എന്താണ്? ചെറ്റക്കണ്ടിയുടെ പരിസര പ്രദേശത്ത് വെച്ചാണ് കഴിഞ്ഞ വിഷുദിവസം ഒരു സിപിഐ എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. ആര്‍ എസ് എസുകാര്‍ ഇതേ രീതിയില്‍ സൂക്ഷിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ചാണ് തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പോലീസ് നിരന്തരം നിരീക്ഷിക്കുന്ന ഒരു പ്രദേശത്ത് ഇത്തരത്തില്‍ സ്‌ഫോടനം ഉണ്ടായതിലുള്ള ദുരൂഹത തള്ളിക്കളയാന്‍ കഴിയുന്നതല്ല. സ്‌ഫോടന വാര്‍ത്ത പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം വാര്‍ത്താ ചാനലുകള്‍, ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. സിപിഐ എം പ്രവര്‍ത്തകര്‍ 'കൊല്ലപ്പെട്ടു' എന്ന് സ്‌ക്രോള്‍ ചെയ്ത മാതൃഭൂമി ന്യൂസ് 'മരിച്ചു' എന്ന് തിരുത്താന്‍ മിനിറ്റുകള്‍ വേണ്ടി വന്നില്ല. പാനൂര്‍ മേഖലയിലാകെ ആര്‍ എസ് എസില്‍ നിന്നും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് തടയാനാവാതെ തരിച്ചിരിക്കയാണ് സംഘപരിവാരം. പ്രകോപനമുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള അവരുടെ ഓരോ ശ്രമങ്ങളും ജില്ലയിലെ സിപിഐ എം നേതൃത്വം സംയമനത്തോടെ മറികടക്കുകയാണ്. ആ സമയത്താണ് കണ്ണൂരിലെ പാര്‍ട്ടിയെ ഇകഴ്ത്തി കാട്ടാനുള്ള അവസരമായി ഈ ദാരുണ സംഭവത്തെ പലരും ഉപയോഗിക്കുന്നത്. അതേതായാലും തിരിച്ചറിവില്ലായ്മ കൊണ്ടല്ല. പാര്‍ട്ടിയെ പ്രാദേശികമായി ഭിന്നിപ്പിക്കാനുള്ള പുതിയ കാലത്തെ മാധ്യമ രസതന്ത്രത്തിന്റെ ഭാഗമായാണ്. ആ പ്രദേശത്തെ പാര്‍ട്ടി മോശം, ഈ പ്രദേശത്തെ പാര്‍ട്ടി നല്ലത് എന്നൊക്കെ മാര്‍ക്കിടുന്ന മാധ്യമ പ്രവര്‍ത്തകരുടെ ബോധമാണ് ഈ വിമര്‍ശകരെ ഭരിക്കുന്നത്.
പാനൂര്‍ എന്ന പ്രദേശം കണ്ണൂരിലെ ഒരു പഞ്ചായത്താണ്. വടക്ക് മൊകേരിയും തെക്ക് പെരിങ്ങളവും കിഴക്ക് കുന്നോത്ത്പറമ്പും പടിഞ്ഞാറ് പന്ന്യന്നൂരും അതിരുകളുള്ള തലശേരി താലൂക്കിലെ, കൂത്തുപറമ്പ് ബ്ലോക്കിലെ ഒരു പഞ്ചായത്ത്. എണ്‍പത് പഞ്ചായത്തുകള്‍ കണ്ണൂരിലുണ്ട്. എല്ലാ പഞ്ചായത്തിലും ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിഘടകങ്ങള്‍ സിപിഐ എംന് ഉണ്ട്. അടിച്ചാല്‍ തിരിച്ചടിക്കുന്നതാണ് പാര്‍ട്ടിയുടെ പ്രാപ്തി എങ്കില്‍ അതിന് ചങ്കൂറ്റമുള്ള ഘടകങ്ങള്‍. എഴുപത് ശതമാനത്തിലേറെ പഞ്ചായത്തുകള്‍ കുത്തക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ളവയാണ്. പക്ഷെ, ഈ പഞ്ചായത്തുകളിലൊന്നും ആര്‍ എസ് എസ് സജീവമല്ല.
സിപിഐ എം ബോംബ് രാഷ്ട്രീയം കൊണ്ട് ആര്‍ എസ് എസിനെ വെല്ലുവിളിക്കുന്നു എന്നാണ് സംഘികളുടെ ആരോപണം. അങ്ങനെയാണെങ്കില്‍ ഒരു പഞ്ചായത്തിലെ ചില ഭാഗത്തുള്ള ആര്‍ എസ് എസുകാരെ ഇല്ലാതാക്കാന്‍ ജില്ലയിലെ പാര്‍ട്ടി തീരുമാനിച്ചാല്‍ സാധിക്കില്ലേ? കണ്ണൂര്‍ ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും സിപിഐ എം പ്രവര്‍ത്തകര്‍ പാനൂരിലെ ആര്‍ എസ് എസുകാരെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ പോരെ? അത്തരം ഒരു തീരുമാനം ഒരിക്കലും സിപിഐ എംന് കൈക്കൊള്ളാന്‍ സാധിക്കുകയില്ല. ഇല്ലാത്ത തീരുമാനങ്ങള്‍ ഉണ്ടെന്നും ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചുറപ്പിച്ച് നടപ്പിലാക്കുന്നുവെന്നും പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കണ്ണൂരിലെ കരുത്തുറ്റ പാര്‍ട്ടിയെ താറടിക്കല്‍ മാത്രമാണ് ലക്ഷ്യം.
ബോംബ് രാഷ്ട്രീയത്തിലൂടെയോ, അക്രമ രാഷ്ട്രീയത്തിലൂടെയോ അല്ല കണ്ണൂരില്‍ സിപിഐ എം വളര്‍ന്നിട്ടുള്ളത്. 1940ല്‍ ആര്‍ എസ് എസിന്റെ സര്‍സംഘ ചാലകായി എം എസ് ഗോള്‍വാക്കര്‍ ചുമതലയേറ്റതിന് ശേഷമാണ് 1942 ഏപ്രിലില്‍ കേരളത്തിലേക്ക് ആര്‍ എസ് എസ് ആരംഭിക്കാന്‍ വേണ്ടി രണ്ട് പ്രചാരകന്‍മാരെ നിയോഗിക്കുന്നത്. അതിന് മുന്നേ തന്നെ കണ്ണൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമാണ്. ബോംബ് രാഷ്ട്രീയത്തിലൂടെയാണ് കമ്യൂണിസ്റ്റുകള്‍ വളര്‍ന്നത് എന്ന് പറയുന്നവര്‍ ഇത്തരം വസ്തുതകള്‍ മനസിലാക്കേണ്ടതുണ്ട്. ചരിത്രബോധമുള്ളവര്‍ക്ക് കണ്ണൂരിലെ പാര്‍ട്ടി ബോംബുകൊണ്ട് വളര്‍ന്നതാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. കണ്ണൂരിലെ കമ്യൂണിസ്റ്റുകള്‍ അക്രമത്തിലൂടെ, നുണപ്രചരണത്തിലൂടെ, കലാപങ്ങളിലൂടെ വളര്‍ന്നവരല്ല.
വിമര്‍ശകന്‍മാര്‍ ഒരു കാര്യം മനസിലാക്കണം. നിങ്ങളെ ഒരാള്‍ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു ആത്മപ്രതിരോധം ഉണ്ടാവും. അത് മനുഷ്യസഹജമായ ഒരു രീതിയാണ്. ബോംബുമായി, കൈമഴുകളുമായി വരുമ്പോള്‍ എന്റെ തലയിലേക്ക് ബോംബെറിഞ്ഞോളൂ, എന്റെ നട്ടെല്ലിന് വെട്ടിക്കോളൂ എന്നൊന്നും ഈ വിമര്‍ശന വിശാരദന്‍മാരും പറയില്ല. ഒരു ചെറുത്ത് നില്‍പ്പ് നടത്തും. ആ ചെറുത്ത് നില്‍പ്പ് ചിലപ്പോള്‍ തിരിച്ചടിയാവും. അക്രമ രാഷ്ട്രീയവുമായി വരുന്ന ആര്‍ എസ് എസ് ഫാസിസ്റ്റുകള്‍ക്ക് ആ അറിവ് വേണം. ആര്‍ എസ് എസുകാര്‍ വരുന്നതുവരെ കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറവായിരുന്നല്ലൊ. ആ തിരിച്ചറിവില്‍ നിന്നാണ് പാനൂര്‍ സ്‌ഫോടനത്തെ കുറിച്ചുള്ള വായാടിത്തരങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടേണ്ടത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാനൂരിലെ സ്‌ഫോടനങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും മാര്‍ക്‌സിസ്റ്റ് വിരുദ്ധ പ്രചരണത്തിനായി സ്‌ഫോടനത്തെ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് തന്നെ ഉപയോഗിക്കുകയാണെന്നും പറയുമ്പോള്‍, ഇത്തരത്തിലുള്ള സംഭവങ്ങളില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ വേണ്ടി ആഭ്യന്തവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പാര്‍ട്ടിയും മുന്നണിയും പരിശ്രമിക്കുന്നു എന്നത് വ്യക്തമാണ്. അത്തരത്തിലുള്ള ഒരു മനോഭാവമുള്ള സര്‍ക്കാരിന് ഒരിക്കലും പാനൂരിലെ ആര്‍ എസ് എസ് ഫാസിസ്റ്റുകളുടെ ആക്രമണം ഒരു വിഷയമേയല്ല. അവര്‍ക്ക് ആര്‍ എസ് എസ് സിപിഐ എമ്മിനെ അടിക്കാനുള്ള ആയുധമാണ്. അങ്ങനെയല്ലെങ്കില്‍ പാനൂരിലെ ആര്‍ എസ് എസ് ആയുധ ശേഖരങ്ങള്‍ കണ്ടെത്താനും നശിപ്പിക്കാനും യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായേനെ. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍ എസ് എസുകാരും തമ്മില്‍ തികഞ്ഞ സൗഹൃദത്തില്‍ ആണ്. ആര്‍ എസ് എസ് ഫാസിസം അവരെ തീരെ അലട്ടുന്നില്ല. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍ എസ് എസും ആവുന്ന നിരവധി പ്രവര്‍ത്തകരുമുണ്ട്. ആര്‍ എസ് എസ് രൂപത്തില്‍ ആയാലും കോണ്‍ഗ്രസ് രൂപത്തില്‍ ആയാലും മാര്‍ക്സിസ്റ്റ് ചാവണം എന്നതാണ് ഈ കൂട്ടരുടെ മനോഭാവം.
1942ല്‍സംഘമുണ്ടാക്കാനായി കേരളത്തിലേക്ക് ഡി ബി ടേംഗ്ടിയേയും മധുകര്‍ ഓകിനെയും നിയോഗിക്കുമ്പോള്‍ സര്‍ സംഘ ചാലക് എം എസ് ഗോള്‍വാക്കര്‍ കൊടുത്ത നിര്‍ദേശം കമ്യൂണിസ്റ്റ് ധ്വംസനമാണ്. രാജ്യത്തിന്റെ മറ്റു മേഖലകളില്‍ നിന്നും വിഭിന്നമായി കേരളത്തിലും മലബാറില്‍ പ്രത്യേകിച്ചും കമ്യൂണിസ്റ്റ് വിരുദ്ധതയിലൂന്നി പ്രവര്‍ത്തിക്കാനും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയെ ഏതെങ്കിലും വിധത്തില്‍ ചെറുക്കാനുമായിരുന്നു അവരോട് സര്‍സംഘ്ചാലക് എം എസ് ഗോള്‍വാക്കര്‍ നിര്‍ദ്ദേശിച്ചത്.
കമ്യൂണിസ്റ്റുകാരെ, രാഷ്ട്രത്തിനും-ഹിന്ദു സംസ്‌കാരത്തിനുമെതിരായ ഭീഷണി എന്ന നിലയില്‍ കണ്ട്, ന്യൂനപക്ഷ ധ്വംസനത്തോടൊപ്പം കമ്യൂണിസ്റ്റ് ധ്വംസനവും നടപ്പിലാക്കുക എന്നതാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത അജണ്ട. അത് നടപ്പിലാക്കാനാണ് അവര്‍ ബോംബ് രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്. സിപിഐ എംന്റെ അജണ്ട ബോംബ് രാഷ്ട്രീയമല്ല. അതുകൊണ്ടാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്ന ഒ വാസു മാസ്റ്ററും എം സുധീഷും അവരോടൊപ്പം സംഘപരിവാരം ഉപേക്ഷിച്ച് മനുഷ്യരായവരും സിപിഐ എമ്മിനൊപ്പം നില്‍ക്കുന്നത്. ആര്‍ എസ് എസുകാരെ ബോംബെറിഞ്ഞ് കൊല്ലുക എന്നതല്ല സിപിഐ എം പരിപാടി എന്നതിന്റെ ഉദാഹരണമാണ് ഈ വ്യക്തികള്‍.
കണ്ണൂരിലെ സംഘപരിവാരം തകരുമ്പോള്‍, തിരിച്ചറിവ് വന്നവര്‍ കോണ്‍ഗ്രസിലേക്കല്ല പോകുന്നത്, സി പി ഐ എമ്മിലേക്കാണ്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ, യു ഡി എഫിനെ വല്ലാതെ അലോസരപ്പെടുത്തുന്ന കാര്യമായി മാറുന്നു. അങ്ങനെ വരുമ്പോഴാണ് രമേശ് ചെന്നിത്തലയും യു ഡി എഫ് സര്‍ക്കാരും ആര്‍ എസ് എസിന് ക്ലീന്‍ചിറ്റ് നല്‍കാന്‍ വേണ്ടി യത്‌നിക്കുന്നത്. കോണ്‍ഗ്രസിനും സംഘപരിവാരത്തിനും ഇഷ്ടമില്ലാത്തവരാണ് മാര്‍ക്‌സിസ്റ്റുകള്‍. പാര്‍ട്ടിക്കെതിരായുള്ള അവരുടെ പ്രചരണവും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയും മനസിലാക്കാം. പക്ഷെ, ബോംബിനേക്കാള്‍ മാരകമായ നിരീക്ഷണങ്ങളുമായി, ഇടതുപക്ഷമാണെന്ന് പറഞ്ഞ് മലര്‍ന്നുകിടന്ന് തുപ്പുന്നവരെ കുറിച്ചാലോചിക്കുമ്പോള്‍ സഹതാപം മാത്രമേയുള്ളു.
ബോംബ്‌സ്‌ഫോടനത്തില്‍ മരണമടഞ്ഞ സഖാക്കള്‍ക്ക് ആദരാഞ്ജലികള്‍.
07-Jun-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്