ഇനിയും നിശബ്ദരായിരിക്കരുത്

ലാഭം നേടാനായി ധാന്യങ്ങളും കന്നുകാലികളും നശിപ്പിക്കപ്പെടാറുണ്ട്. സംസ്‌കാരത്തിന്റെ നശീകരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല എന്ന് പറഞ്ഞത് ബ്രഹ്‌തോള്‍ഡ് ബ്രെഹ്ത് ആണ്. ഇവിടെ ഹൈന്ദവ ഫാസിസം രാജ്യത്തിന്റെ കലാ സംസ്‌കാരിക മേഖലയെ തന്നെ നശിപ്പിക്കാനാണ് തുനിഞ്ഞിറങ്ങുന്നത്. മാനവീകമായ ചിന്തകള്‍ അഭ്രപാളിയില്‍ സാക്ഷാത്കരിക്കപ്പെടരുത് എന്ന ഫാസിസ്റ്റ് ചിന്തയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ കാവി വല്‍ക്കരിക്കുന്നതിലൂടെ സംഘപരിവാരം നടപ്പിലാക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേയെ പോലുള്ളവര്‍ കൊത്തിയെടുത്ത സാംസ്കാരിക പന്ഥാവ്, ചെളിയില്‍ പുതപ്പിച്ച് സഞ്ചാര യോഗ്യമല്ലാതാക്കി മാറ്റുന്നു. കലാകാരന്മാര്‍ ഈ ചെളിമണ്ണില്‍ സ്വാസം മുട്ടട്ടെ എന്നാവും ഗജേന്ദ്ര ചൗഹാനെ നിയോഗിച്ചവരുടെ മനസിലിരുപ്പ്. ഗജേന്ദ്ര ചൗഹാനെ പോലുള്ള ചെയര്‍മാന്‍മാര്‍ വെറും തോല്‍പ്പാവകള്‍ മാത്രമാണ്. ഇവരെ നിയന്ത്രിക്കുന്ന കൈകള്‍ നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്താണുള്ളത് എന്നതില്‍ സംശയം വേണ്ട. 

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ആര്‍ എ സ് എസ് അജണ്ട നടപ്പിലാക്കാനുള്ള നടപടികള്‍ മോഡി സര്‍ക്കാര്‍ പുറത്തെടുത്തു തുടങ്ങി. അതിന്റെ ദൃഷ്ടാന്തമായി മാറുകയാണ് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്രസര്‍ക്കാറിന്റെ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കീഴില്‍ വരൂന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് 'ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ' (എഫ്.ടി.ഐ.ഐ). മഹാരാഷ്ട്രയിലെ പൂനെയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എന്നപേരിലും അത് അറിയപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ച് ഏറെ പാരമ്പര്യമുള്ള ഈ ഇന്‍സ്റ്റിറ്റിയൂട്ട് 1960ലാണ് സ്ഥാപിതമായത്. രാജ്യത്ത് ചലച്ചിത്ര-ടെലിവിഷന്‍ പരിശീലനത്തിനുള്ള ഏറ്റവും മികച്ച സ്ഥാപനമായി പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തലയുയര്‍ത്തി നില്‍ക്കുന്നു. നിരവധി പ്രശസ്തരായ സിനിമാ പ്രവര്‍ത്തകര്‍ ഇവിടുത്തെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടവരാണ്. ലോക പ്രസിദ്ധമായ 'ഇന്റര്‍നാഷണല്‍ ലൈസണ്‍ സെന്റര്‍ ഓഫ് സ്‌കൂള്‍സ് ഓഫ് സിനിമ ആന്‍ഡ് ടെലിവിഷന്‍'(CILECT) എന്ന സംഘടനയില്‍ അംഗവുമാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ട്. ഇപ്പോള്‍ ഒരു നിയമനത്തിലൂടെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവര മാറ്റാനുള്ള പരിശ്രമത്തിലാണ് സംഘപരിവാരം.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗജേന്ദ്ര ചൗഹാന്‍ എന്ന ബി ജെ പി നേതാവിനെ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. അദ്ദേഹത്തിന് സിനിമയുമായുള്ള ബന്ധം വിശദീകരിച്ചാല്‍ അത്ഭുതപ്പെട്ടുപോകും. മുന്‍പ് ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്ത, ബി ആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനായി വേഷമിട്ടത് ഗജേന്ദ്ര ചൗഹാനാണ്. ശ്യാം ബെനഗലും അടൂര്‍ ഗോപാലകൃഷ്ണനും ഗിരീഷ് കര്‍ണാട്ടും സയീദ് മിര്‍സയും യു ആര്‍ അനന്തമൂര്‍ത്തിയുമൊക്കെ ഗജേന്ദ്ര സിംഗിന് സമന്മാരാവുന്നു. അതാണ്‌ ആര്‍ എസ് എസിന്റെ വിലയിരുത്തല്‍. ഇവിടെ നടക്കുന്നത് ഒരു സ്ഥാപനത്തെ എങ്ങനെ വന്ധ്യംകരിക്കാമെന്ന പരീക്ഷണമാണ്. ഇവിടെ മുഴങ്ങുന്നത് ഇന്ത്യന്‍ സിനിമയുടെ മരണമണികൂടിയാണ്.

ലാഭം നേടാനായി ധാന്യങ്ങളും കന്നുകാലികളും നശിപ്പിക്കപ്പെടാറുണ്ട്. സംസ്‌കാരത്തിന്റെ നശീകരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല എന്ന് പറഞ്ഞത് ബ്രഹ്‌തോള്‍ഡ് ബ്രെഹ്ത് ആണ്. ഇവിടെ ഹൈന്ദവ ഫാസിസം രാജ്യത്തിന്റെ കലാ സംസ്‌കാരിക മേഖലയെ തന്നെ നശിപ്പിക്കാനാണ് തുനിഞ്ഞിറങ്ങുന്നത്. മാനവീകമായ ചിന്തകള്‍ അഭ്രപാളിയില്‍ സാക്ഷാത്കരിക്കപ്പെടരുത് എന്ന ഫാസിസ്റ്റ് ചിന്തയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ കാവി വല്‍ക്കരിക്കുന്നതിലൂടെ സംഘപരിവാരം നടപ്പിലാക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേയെ പോലുള്ളവര്‍ കൊത്തിയെടുത്ത സാംസ്കാരിക പന്ഥാവ്, ചെളിയില്‍ പുതപ്പിച്ച് സഞ്ചാര യോഗ്യമല്ലാതാക്കി മാറ്റുന്നു. കലാകാരന്മാര്‍ ഈ ചെളിമണ്ണില്‍ സ്വാസം മുട്ടട്ടെ എന്നാവും ഗജേന്ദ്ര ചൗഹാനെ നിയോഗിച്ചവരുടെ മനസിലിരുപ്പ്. ഗജേന്ദ്ര ചൗഹാനെ പോലുള്ള ചെയര്‍മാന്‍മാര്‍ വെറും തോല്‍പ്പാവകള്‍ മാത്രമാണ്. ഇവരെ നിയന്ത്രിക്കുന്ന കൈകള്‍ നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്താണുള്ളത് എന്നതില്‍ സംശയം വേണ്ട. 

ഗജേന്ദ്ര ചൗഹാനിലൂടെ മാത്രം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് കൊണ്ടാവും സംഘപരിവാര്‍ സര്‍ക്കാര്‍ അനഘ ഘൈസാസ്, നരേന്ദ്ര പതക്, ശൈലേന്ദ്ര ഗുപ്ത, പ്രഞ്ചാന്‍ സൈഖിയ തുടങ്ങിയവരെ കൂടി ഭരണ സമിതിയിലേക്ക് തിരുകി കയറ്റിയിരിക്കുന്നത്. നരേന്ദ്രമോഡിയെ വല്ലാതെ പുകഴ്ത്തിക്കൊണ്ട് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രകീര്‍ത്തിക്കുന്ന ഡോക്യുമെന്ററി സാക്ഷാത്കരിച്ച വ്യക്തിയാണ് അനഘ ഘൈസാസ്. കടുത്ത ആര്‍ എസ് എസ് പ്രവര്‍ത്തകയാണ് അവര്‍. ഇത്തരക്കാരെ തിരുകി കയറ്റുന്നതിലൂടെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്വഭാവം മാറ്റിമറിക്കാനാവും എന്ന പ്രതീക്ഷയിലാണ് ആര്‍ എസ് എസ് ക്യാമ്പ്.

പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ രാമായണവും മഹാഭാരതവും അതുപോലുള്ള പുണ്യപുരാണ കഥകളും അഭ്രപാളിയില്‍ ഒരുക്കിയെടുക്കുന്ന ആര്‍ഷഭാരത കലാകാരന്മാര്‍/കാരികള്‍ ആവുമെന്ന പ്രതീക്ഷയിലാവും പാവം സംഘികള്‍. കേരളത്തില്‍ കൊച്ചിയിലുള്ള പഴയ ബാലെ കലാകാരന്മാര്‍ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന് ബയോഡാറ്റ കൊടുത്തു എന്ന തമാശ വാട്സ്ആപ്പില്‍ പരക്കുന്നുണ്ട്. പണ്ട് ശ്രീരാമ വേഷം കെട്ടിയതും സീതയുടെ വേഷം കെട്ടിയതുമായ പാരമ്പര്യമുള്ള കലാകാരന്മാര്‍ ഏതെങ്കിലും ചെയര്‍ ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് പോലും! ഇത്തരത്തില്‍ ചിന്തിക്കാന്‍ പാകത്തില്‍ ഒരു നാടിനെ പരുവപ്പെടുത്താന്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംഘപരിവാര്‍ ഭരണകൂടത്തിന് സാധിച്ചു.

നേരത്തെ ഐ സി എച്ച് ആര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സുദര്‍ശന്‍ റാവുവിനെ നിയോഗിച്ച മോഡി സര്‍ക്കാരിന്റെ മനസിലിരുപ്പ് കാവിവത്കരണം തന്നെയാണ്. ലളിതകലാ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് 2017വരെ തുടരാന്‍ യോഗ്യതയുള്ള കല്യാണ്‍കുമാര്‍ ചക്രവര്‍ത്തിയെയും നാഷണല്‍ മ്യൂസിയം തലവനായിരുന്ന വി വേണുവിനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയത് അവിടങ്ങളില്‍ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ ഇക്കൂട്ടര്‍ സഹായകമാവില്ല എന്നതുകൊണ്ടാണ്. നാഷണല്‍ ബുക്ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റെ എഡിറ്റര്‍, ബല്‍ദേവ് ശര്‍മ്മയെ നിയോഗിച്ചതും പ്രസിദ്ധ സാഹിത്യകാരന്‍ സേതുവിനെ അവിടെ നിന്ന് കുടിയിറക്കിയതും ഈയടുത്ത കാലത്താണ്. ഇത്തരത്തിലുള്ള നിരവധി നടപടികള്‍ ഇനിയും നരേന്ദ്രമോഡി എന്ന ആര്‍ എസ് എസുകാരന്‍ നയിക്കുന്ന കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവും.

ഫാസിസം പെയ്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ പ്രതിരോധത്തിന്റെ കോട്ടമതിലാവുക എന്നതുമാത്രമേ പ്രതിവിധിയുള്ളു. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഈ കാവിവത്കരണത്തിനെതിരെ കടുത്ത സമരത്തിലാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈ സമരത്തിന്റെ അലയൊലികള്‍ മുഴങ്ങുന്നുണ്ട്. ഡി വൈ എഫ് ഐ യും ആര്‍ എസ് എസിന്റെ ഫാസിസ്റ്റ്‌ നിയമനത്തിനെതിരെ സമരത്തിന്റെ പാതയിലാണ്. ഈ അവസരത്തില്‍ ജനാധിപത്യ വിശ്വാസികള്‍ ഫാസിസത്തെ ചെറുക്കാനുള്ള പ്രക്ഷോഭത്തിലണിചേര്‍ന്നുകൊണ്ട് രാജ്യത്തിന്റെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കാത്തുരക്ഷിക്കേണ്ടിയിരിക്കുന്നു. കലയെ നിശബ്ദമാക്കാന്‍ അനുവദിക്കരുത്.

 

16-Jun-2015