ടൂറിസം വകുപ്പിലെ പിന്‍വാതില്‍ നിയമനം

ഈ ഉത്തരവ് വഴി സൃഷ്ടിച്ച തസ്തികയിലും, സംസ്ഥാനത്തെ ബാക്കിയുള്ള ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളില്‍ പി ആര്‍ ഓ പോസ്റ്റ് ഉണ്ടാക്കി അവയിലും പി എസ് സി വഴി നിയമനം നടത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളാനും വര്‍ഗീസ് പുന്നനില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 15 ലക്ഷം രൂപ ബാങ്ക് പലിശ സഹിതം തിരിച്ചു നല്‍കാനും ടൂറിസം മന്ത്രി എ പി അനില്‍കുമാറും യു ഡി എഫ് സര്‍ക്കാരും തയ്യാറാവണം.

യു ഡി എഫ് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ റിക്കാര്‍ഡിടുകയാണ്. യുവജനവിരുദ്ധ നയങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നത്. ഐക്യകേരള രൂപീകരണത്തിന് ശേഷം ഇത്രയുമേറെ യുവജനങ്ങളെ ദ്രോഹിച്ചൊരു സര്‍ക്കാര്‍ ഇല്ലെന്ന് തന്നെ പറയാം. പക്ഷെ, യുവജനങ്ങളുടെ ശ്രദ്ധയെ തിരിച്ചുവിട്ടുകൊണ്ട് അവരുടെ രോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും സാധിക്കുന്നു എന്നതാണ് വസ്തുത.

ടൂറിസം വകുപ്പില്‍ തൊഴിലില്ലാത്ത ലക്ഷക്കണക്കിന് യുവാക്കളെ നോക്കുകുത്തിയായി നിര്‍ത്തി, പിന്‍വാതില്‍ നിയമനം പൊടിപൊടിക്കുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഭരണദുര്‍വിനിയോഗം കൂടിയായി മാറി ഇതില്‍ ചില നിയമനങ്ങള്‍. അതിലൊന്നാണ് 23.06 2015ന് ടൂറിസം വകുപ്പിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ G.O.(MS)No.184/2015/TSM എന്ന സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവിലൂടെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. ഈ സര്‍ക്കാര്‍ ഓര്‍ഡര്‍ മണ്ഡലത്തില്‍ പലയിടത്തും വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് വേണ്ടി ഉപയോഗിച്ചു. പൊന്‍മുടിയില്‍ ടൂറിസം വകുപ്പ് നടത്തുന്ന നവീകരണ പരിപാടികളുടെ ഭാഗമായി പുതിയ ഒഴിവുകള്‍ സൃഷ്ടിക്കുമെന്നും ഇത്തരം സര്‍ക്കാര്‍ ഉത്തരവിലൂടെ അവിടെ നിയമനം നല്‍കാമെന്നും വ്യാമോഹം കൊടുത്ത്, കുറെയേറെ കുടുംബങ്ങളില്‍ നിന്ന് വോട്ട് കരസ്ഥമാക്കാന്‍ യു ഡി എഫിന് സാധിച്ചു. നിയമന ഉത്തരവ് നല്‍കുന്നതിനുള്ള ഈ ഫയല്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിലെത്തിയിരുന്നു. അവിടെ നിന്നും മണ്ഡലത്തില്‍ താമസിക്കുന്ന വ്യക്തിയല്ലാത്തത് കൊണ്ട് നിയമനം നല്‍കുന്നതില്‍ തടസമില്ല എന്നുള്ള മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് ടൂറിസം വകുപ്പിന് വേണ്ടി ഈ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. ഇലക്ഷന്‍ കമ്മീഷന്‍ യു ഡി എഫിന്റെ ബി ടീമായി നിറഞ്ഞുകളിച്ചു എന്നതിന്റെ തെളിവായി മാറുകയാണ് ഈ ഉത്തരവ്. ഈ നിയമന ഉത്തരവ്‌ അരുവിക്കര മണ്ഡലത്തില്‍ ഉപയോഗിക്കപ്പെടണം എന്നതില്‍ ഇലക്ഷന്‍ കമ്മീഷനും നിര്‍ബന്ധബുദ്ധി ഉണ്ടെന്ന് തോന്നുന്നു.

ടൂറിസം വകുപ്പിന് കീഴില്‍, പത്തനംതിട്ടയി്‌ലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലാണ് പിന്‍വാതില്‍ നിയമനം നടത്തിയിട്ടുള്ളത്. വര്‍ഗീസ് പുന്നന്‍ പി എന്ന കരാര്‍ ജീവനക്കാരനെയാണ് ടൂറിസം വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം പബ്ലിക്ക് റിലേഷന്‍ ഓഫീസറുടെ ഒരു തസ്തിക പുതുതായി ഉണ്ടാക്കി, പിന്‍വാതില്‍ വഴി നിയമിച്ചത്. സ്‌കെയില്‍ ഓഫ് പേ 18,740-33,680/- ആണ്. മന്ത്രി എ പി അനില്‍കുമാറിന് ഈ ഒരൊറ്റ നിയമനത്തിന്റെ പേരില്‍ പതിനഞ്ച് ലക്ഷം രൂപ ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. പിന്‍വാതില്‍ വഴി നിയമനം ലഭിച്ച വര്‍ഗീസ് പുന്നനെ പോലെ, അദ്ദേഹത്തേക്കാള്‍ കൂടുതല്‍ കാലം തൊഴില്‍പരിചയമുള്ള നിരവധി കരാര്‍ ജീവനക്കാര്‍ വകുപ്പിലുണ്ട്. ഇവരെയൊക്കെ കാഴ്ചക്കാരായി നിര്‍ത്തിക്കൊണ്ടാണ് മന്ത്രി എ പി അനില്‍കുമാര്‍ ഈ വഴിവിട്ട നിയമനത്തിന് മുന്‍കൈ എടുത്തത്. കൈക്കൂലിയിലും ലൈംഗീക അരാജകത്വങ്ങളിലും അഭിരമിക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ തിളങ്ങുന്ന മുഖങ്ങളിലൊന്നാണ് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍.

സംസ്ഥാനത്താകെ അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കെ, തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഉത്തരവ് വഴി തസ്തികകള്‍ സൃഷ്ടിക്കുകയും നിയമനം നല്‍കുകയും ചെയ്യുന്ന രീതിയാണ് യു ഡി എഫ് സര്‍ക്കാരിനുള്ളത് എന്ന് ഈ സര്‍ക്കാര്‍ ഉത്തരവ് തെളിയിക്കുന്നു. ഈ ഉത്തരവും കൈയിലേന്തി അരുവിക്കര മണ്ഡലത്തിലെ ചില കുടുംബങ്ങളില്‍ കയറിയിറങ്ങിയ മന്ത്രി എ പി അനില്‍കുമാര്‍, ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനം നല്‍കാമെന്ന വാഗ്ദാനം നല്‍കി വോട്ടുകള്‍ തട്ടിയെടുത്തു. ഈ ഉത്തരവ് പുറത്തിറങ്ങിയിട്ടും മണ്ഡലത്തിലെ പ്രതിപക്ഷ നേതാക്കളും ഡി വൈ എഫ് ഐ നേതാക്കളും ഒരു പ്രശ്‌നവുമുണ്ടാക്കിയില്ലല്ലോ, അതുകൊണ്ട് നിങ്ങള്‍ക്ക് നിയമനം നല്‍കിയാലും കുഴപ്പമുണ്ടാവില്ല എന്നാണ് മന്ത്രി പറഞ്ഞത്. ഈ ഉത്തരവ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുമെന്നറിഞ്ഞിട്ടും ഉത്തരവിറക്കാന്‍ കൂട്ടുനിന്ന ഇലക്ഷന്‍ കമ്മീഷനും യു ഡി എഫിന് വേണ്ടി പ്രവര്‍ത്തിച്ചു.

ഈ ഉത്തരവ് വഴി സൃഷ്ടിച്ച തസ്തികയിലും, സംസ്ഥാനത്തെ ബാക്കിയുള്ള ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളില്‍ പി ആര്‍ ഓ പോസ്റ്റ് ഉണ്ടാക്കി അവയിലും പി എസ് സി വഴി നിയമനം നടത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളാനും വര്‍ഗീസ് പുന്നനില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 15 ലക്ഷം രൂപ ബാങ്ക് പലിശ സഹിതം തിരിച്ചു നല്‍കാനും ടൂറിസം മന്ത്രി എ പി അനില്‍കുമാറും യു ഡി എഫ് സര്‍ക്കാരും തയ്യാറാവണം. പി എസ് സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനത്തെ യുവജനങ്ങള്‍ ടൂറിസം വകുപ്പിന്റെ ഈ ഉത്തരവ് പിന്‍വലിക്കാനുള്ള സമരശക്തിയായി മാറിയില്ലെങ്കില്‍ ഇത്തരം നിയമനങ്ങളുടെ സുനാമിക്കാണ് ഇനി കേരളം സാക്ഷ്യം വഹിക്കുക.

03-Jul-2015