ചീത്തവിളിയുടെ ആശയപരിസരം

ലെനിന്‍ പറഞ്ഞിട്ടുണ്ട് : ''സോഷ്യലിസത്തിന്റെ ശത്രുക്കളോട്, അധ്വാനിക്കുന്ന ജനങ്ങളുടെ ശത്രുക്കളോട് യാതൊരു കാരുണ്യവും അരുത്. ധനികരോടും അവരുടെ ചുമട് താങ്ങികളായ ബൂര്‍ഷ്വാ ബുദ്ധിജീവികളോടും (അരാഷ്ട്രീയ ബുദ്ധിജീവികള്‍ക്കും ബാധകമാണ്)യുദ്ധം ചെയ്യുക... ഇവരെല്ലാം മുതലാളിത്തത്തിന്റെ ശകലങ്ങള്‍ ആണ്. ഭൂപ്രഭു-ബൂര്‍ഷ്വാ സമൂഹത്തിന്റെ സന്താനങ്ങളാണ്. ഒരുപിടിയാളുകള്‍ ഭൂരിപക്ഷം ജനങ്ങളെ കൊള്ളടയിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ വക്താക്കളാണ് ഇവര്‍...''

മലയാള മനോരമയും അരാഷ്ട്രീയ ബുദ്ധിജീവികളും ചെയ്യുന്നത് ഒരേ കാര്യമാണ്. സോഷ്യലിസത്തിന് തുരങ്കം വെക്കല്‍. സ്വാഭാവികമായും സോഷ്യലിസത്തിലേക്കുള്ള അന്വേഷണങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സോഷ്യലിസത്തെ ഇഷ്ടപ്പെടുന്നവര്‍ യുദ്ധത്തിനെന്ന പോലെ സജ്ജരാവും. അപ്പോള്‍ ചീത്തവിളികള്‍ ഉണ്ടായെന്ന് വരും. ചീത്തവിളി ഒരു യുദ്ധമുറതന്നെയാണ്. ആ ചീത്തവിളി ഒഴിവാക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ശത്രുപക്ഷത്ത്‌ നിര്‍ത്തിയുള്ള നിങ്ങളുടെ ആക്രമണം നിര്‍ത്തിയാല്‍ മതി. നിങ്ങളുടെ മനോനില മാറ്റിയാല്‍ മതി. ഇല്ലെങ്കില്‍ ഇനിയും ചീത്തവിളികള്‍ ഉയരുക തന്നെ ചെയ്യും.

ചീത്തവിളിയുടെ ഉത്ഭവം എവിടെവെച്ചാണ് എന്ന് ആരും ഇതുവരെ കൃത്യമായി വിലിയിരുത്തിയിട്ടില്ല. അടിമകളുടെ ഉത്ഭവത്തോടുകൂടി തീര്‍ച്ചയായും ചീത്തവിളികൂടി ഉണ്ടാവുന്നുണ്ട്. ഉടമകളാണ് അത് പ്രയോഗിച്ചുപോന്നിട്ടുണ്ടാവുക. അടിച്ചമര്‍ത്താന്‍. അന്ന് തെറിക്കുത്തരമായി മുറിപ്പത്തല്‍ നല്‍കാനുള്ള ത്രാണി അടിമകള്‍ക്കില്ലാതെ പോയി. ആ ത്രാണി കേരളത്തില്‍ ഉണ്ടാക്കിയത് സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ്. തെറിക്കുത്തരമായി പലപ്പോഴും ഇവിടെ മുറിപ്പത്തല്‍ തന്നെ ഉയര്‍ന്നു. ജന്‍മികകള്‍ കുടിയാനെയും കര്‍ഷക തൊഴിലാളികളെയും ചെക്കന്‍ എന്ന് വിളിച്ചപ്പോള്‍ ആ അധിക്ഷേപ വിളിക്കെതിരെ സമരങ്ങള്‍ വരെ സംഘടിക്കപ്പെട്ടു. ചീത്തവിളി എന്നത് സവര്‍ണ ജന്‍മിക്ക് മാത്രം വിളിക്കാനുള്ള ഒന്നല്ലാതായി മാറി. മടിക്കുത്തഴിക്കാന്‍ വരുന്ന ജന്‍മി-ഭൂപ്രഭുവിന്റെ മുഖത്ത് നോക്കി ചീത്തവിളിച്ച നട്ടെല്ലുള്ള സ്ത്രീകളും ജന്‍മിത്വത്തിന്റെ മുഷ്‌കിനെ ചീത്തവിളിച്ചു തുരത്തിയ പുരുഷന്‍മാരും ഇവിടെയുണ്ടായി. സവര്‍ണന്റെ കാല്‍ക്കീഴില്‍ പുഴുവിനെ പോലെ നുരച്ച ദളിതന്‍ നടുനിവര്‍ത്തിയപ്പോള്‍ കൂലിക്കുവേണ്ടിയും മറ്റും അവന്റെ നാവില്‍ നിന്ന് പലപ്പോഴും തെറിയും ഉയര്‍ന്നുപൊങ്ങി.

എല്ലാ ചീത്തവിളികളെയും ഒരേ തുലാസില്‍ തൂക്കിനോക്കാന്‍ പറ്റില്ല. കള്ളുഷാപ്പിലിരുന്ന് കുടിച്ച് മദോന്‍മത്തനായി ചീത്ത വിളിക്കുന്നതും പാര്‍വ്വതിപുത്തനാറില്‍ അശ്രദ്ധയാല്‍ വണ്ടിയോടിച്ച് കുട്ടികളെ കുരുതി കൊടുത്ത ഡ്രൈവറെ 'ആ പൂണ്ടാച്ചീടെ മോന്‍..., പണ്ടാറമടങ്ങിപ്പോകു'മെന്ന് പ്രാകിപ്പൊട്ടിയ അമ്മമാരുടെ ചീത്തവിളിയും ഒരേ തുലാസില്‍ അളക്കാന്‍ സാധിക്കില്ല. ബസില്‍ ജാക്കിവെക്കുന്ന ഞരമ്പിനോട് 'മാറി നില്‍ക്കട നായിന്റെ മോനെ...' എന്ന് ചീത്ത വിളിച്ച പെണ്ണിനെ ആരും കുറ്റപ്പെടുത്തില്ല. എന്നാല്‍, അട്ടപ്പാടിയിലെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് '' എന്തെടീ, പുലയാടി മോളെ...'' എന്ന് ഒരു പെണ്ണിനെ പോലീസ് ചീത്ത വിളിച്ചത് അംഗീകരിക്കാന്‍ സാധിക്കുകയുമില്ല. വയനാട്ടിലെ അരപ്പറ്റയില്‍ ഭൂസമരത്തില്‍ പങ്കെടുക്കുന്ന ആദിവാസി-ദളിത് വിഭാഗങ്ങളെ അവര്‍ക്കവകാശപ്പെട്ട മണ്ണില്‍ നിന്ന് കുടിയിറക്കാനായി തോക്കടക്കമുള്ള സര്‍വ്വ സന്നാഹങ്ങളുമായി പോലീസ് ഭരണസംവിധാനങ്ങള്‍ ചുരമാന്തി നിന്നപ്പോള്‍, ''പോയിനെടാ.. നായ്ക്കളെ, ഞങ്ങള്‍ ചത്ത് വീണാലും ഇവിടെ നിന്നിറങ്ങില്ല...'' എന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറഞ്ഞ സമരവീര്യത്തിനെ ചീത്തയായി കാണാന്‍ പറ്റില്ല. ആ ചീത്തക്ക് ഇന്‍ക്വിലാബിന്റെ ഇമ്പവും കരുത്തുമുണ്ടായിരുന്നു.

ചീത്തവിളി പലപ്പോഴും പ്രതിരോധമാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ/വളുടെ സങ്കടവികാരങ്ങളുടെ, ഉയര്‍ന്ന പ്രതികരണബോധത്തിന്റെ സേഫ്റ്റിവാള്‍വ് ഇഫക്ടാണ്. എന്നാല്‍, ചിലപ്പോഴൊക്കെ അത് വെറും ചീത്ത വിളിമാത്രവുമാണ്. ചീത്തവിളി ഇല്ലാതാവണമെങ്കില്‍ ഓരോ വ്യക്തിക്കും തന്റെ ശാരീരികവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടതായ എല്ലാ അവശ്യവസ്തുക്കളും ലഭിക്കണം. സാമൂഹ്യമായ വിഭജനങ്ങളും വ്യത്യാസങ്ങളും ഒരു ഭൂതകാല വസ്തുതയായി തീരണം. അത്തരമൊരു സമൂഹത്തില്‍ ചീത്തവിളി ഉണ്ടാവില്ല. അതുവരെ ചീത്തവിളി ഉയരുക തന്നെ ചെയ്യും. അത് പലരെയും അസ്വസ്ഥരാക്കുകയും ചെയ്യും.

എവിടെയൊക്കെയാണ് ചീത്ത വിളി ഉയരുന്നത്? സവര്‍ണ ജന്‍മിത്വത്തിന്റെ പിന്തുടര്‍ച്ചക്കാരായി നില്‍ക്കുന്നവരുടെ അകത്തളങ്ങളില്‍ അത് മുഴങ്ങുന്നില്ലേ? ചിലപ്പോള്‍ ആരുമറിയാതെ മന്ത്രിക്കുന്നുണ്ടാവാം. ദരിദ്രനാരായണന്‍മാര്‍ വസിക്കുന്ന കോളനികളില്‍ ചീത്തവിളി ഉച്ചത്തില്‍ ഉയരുന്നുണ്ട്. മണ്ണില്‍പ്പണിയുന്നവരുടെ തൊഴിലിടങ്ങളില്‍ മുഴങ്ങുന്നുണ്ട്. പക്ഷെ, ചീത്തവിളി ശീതീകരിച്ച ബൂര്‍ഷ്വാസെറ്റപ്പില്‍ അടക്കിവെക്കപ്പെടുന്ന ഒന്ന് തന്നെയാണ്. ആ അമര്‍ത്തിവെക്കലിലൂടെ അണ്ടനില്‍ നിന്നും അടകോടനില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന ഒരു ജീവിത പരിസരം അവിടെ ഉണ്ടാക്കിയെടുക്കുകയാണ്. അത് ബൂര്‍ഷ്വാ നിര്‍മിതിയാണ്. അത്തരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന അന്തസെന്ന ദന്തഗോപുരത്തിന്റെ മിനുപ്പില്‍ തങ്ങള്‍ ഉപരിവര്‍ഗമാണ്, ചീത്തവിളി പോലുള്ള പൊട്ടിത്തെറിക്കലുകള്‍ ഇല്ലാത്ത അന്തസുള്ള വിഭാഗമാണ് എന്ന് ബൂര്‍ഷാസെറ്റപ്പ് വിളിച്ചുപറയുന്നു. അങ്ങനെ വരുത്തി തീര്‍ക്കുന്നു. അത് സ്ഥായിയായ ഒരവസ്ഥയല്ല. ബൂര്‍ഷ്വ, ചീത്തവിളിയേക്കാള്‍ അപലപനീയമായ പല കാര്യങ്ങളും നടപ്പിലാക്കുന്നുണ്ട്. പക്ഷെ, അവര്‍ അതിനെയൊക്കെ തന്ത്രപരമായി മൂടിവെച്ച് തൊഴിലാളിയുടെ ചീത്തവിളിയാണ് സാംസ്‌കാരിക അധപതനം എന്ന് വിളിച്ചുപറയുന്നു. അതിന് ഐക്യദാര്‍ഡ്യവേദിയുണ്ടാക്കി തൊഴിലാളി വര്‍ഗത്തെ ആക്ഷേപിക്കുന്ന സ്ഥിരം പരിപാടിക്ക് ആക്കം കൂട്ടുന്നു. ഒരു പരിധിവരെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിവൃത്തിക്കാനുള്ള ഭൗതിക സാഹചര്യം ഈ ബര്‍ഷ്വാ സെറ്റപ്പിന് ഉണ്ടെങ്കിലും പലപ്പോഴും അവര്‍ക്ക് ചീത്തവിളിയെ ഉപയോഗപ്പെടുത്തേണ്ടി വരുന്നു.

ചില പദങ്ങള്‍ എങ്ങിനെയാണ് ചീത്തയായി മാറിയത് എന്നത് പഠനാര്‍ഹമാവേണ്ട വിഷയമാണ്. പുരുഷ ലിംഗത്തിനെ ഒരു പ്രത്യേക പദത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് ചീത്തയാവുന്നു. സ്ത്രീകളുടെ ലിംഗത്തെയും അത്തരത്തില്‍ ഒരു പദത്തില്‍ വിശേഷിപ്പിക്കുമ്പോള്‍ ചീത്തയാണ്. ഈയൊരവബോധം തലമുറകള്‍ കൈമാറി വന്നതാണ്. ലിംഗം ചീത്തയായ ഒന്നാണോ? ചീത്തവിളിക്കേണ്ട അവയവങ്ങളാണോ സ്ത്രീപുരുഷ ലിംഗങ്ങള്‍? പ്രത്യുത്പാദനത്തിനുള്ള ബീജം വഹിക്കുന്ന ശുക്‌ളം പോലും വേറൊരു വാക്യത്തില്‍ പ്രയോഗിക്കുമ്പോള്‍ ചീത്തയായി മാറുന്നു. ശുക്ലം സംസ്‌കൃത പദമാണ്. ലിംഗം സംസ്‌കൃതപദമാണ്. യോനിയും സംസ്‌കൃതത്തില്‍ നിന്ന് വന്നതാണ്. അവയൊന്നും ചീത്ത വാക്യങ്ങളായി പരിഗണിക്കപ്പെടുന്നില്ല. ഉപയോഗിക്കപ്പെടുന്നില്ല. മലയാളത്തിലും തമിഴിലുമാവുമ്പോള്‍ അവയില്‍ പലതും ചീത്ത വാക്കുകളായി മാറുന്നു. അത്തരത്തിലുള്ള വാക്കുഭാവമാറ്റം ഉണ്ടാവുന്നത് ബ്രാഹ്മണ്യത്തിന്റെ വരച്ചുവെക്കലിലൂടെയാവാനാണ് സാധ്യത. ബ്രാഹ്മണന്‍ ഉപയോഗിക്കുന്ന സംസ്‌കൃതപദം ഉപയോഗിക്കുമ്പോള്‍ ശ്രേഷ്ഠമായതും ചീത്തയല്ലാത്തതും ആവുമ്പോള്‍ സാധാരണക്കാരന്‍ ഉപയോഗിക്കുന്ന നാട്ടുഭാഷാ വാചകം മ്ലേച്ഛവും ചീത്തവിളിയുമായി മാറുകയാണ്. അത്തരം സവര്‍ണ ബ്രാഹ്മണ ബോധത്തില്‍ തന്നെയാണ് ഇന്നും നമ്മളുള്ളത്. ഇപ്പോഴും ശ്രേഷ്ഠഭാഷയേയും നികൃഷ്ഠഭാഷയേയും പിന്‍പറ്റി തന്നെയാണ് നമ്മുടെ സംസാരവും എഴുത്തും മറ്റ് സാമൂഹിക ഇടപെടലുകളും നടക്കുന്നത്.

അതേ സമയം ഫക്ക്, മദര്‍ഫക്കര്‍, ഷിറ്റ് തുടങ്ങിയ ഇംഗ്ലീഷ് പദങ്ങള്‍; പ്രയോഗിക്കുന്നതില്‍ തെറ്റില്ലാത്ത, മാന്യമായ, അന്തസുള്ള ചീത്തവാക്കുകളായി പരിഗണിക്കാന്‍ ബൂര്‍ഷ്വാ സെറ്റപ്പ് തയ്യാറാവുന്നു. ന്യൂ ജനറേഷന്‍ 'ഫക്ക്' പ്രയോഗത്തില്‍ അഭിരമിക്കുന്നു. കച്ചവട സിനിമകളില്‍ അവ സുലഭമായി പ്രയോഗിക്കപ്പെടുന്നു. ചീത്ത വിളിയെ കുറിച്ച് ആകുലപ്പെടുന്ന സുമനസുകള്‍ ഇത്തരം പ്രയോഗങ്ങളെ കുടുംബസമേതം കണ്ടാസ്വദിക്കുന്നു. സുരേഷ് ഗോപി ഉയര്‍ത്തിപ്പിടിക്കുന്ന നടുവിരല്‍ ഉത്പാദിപ്പിക്കുന്ന പ്രതിഷേധ ഊര്‍ജ്ജത്തില്‍ ഉന്‍മത്തരായി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു. കൈയടികഴിഞ്ഞയുടന്‍ കമ്യൂണിസ്റ്റുകാരന്റെ ചീത്തവിളിയ്‌ക്കെതിരെ ഹാഷ് ടാഗുകളില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. അവര്‍ണന്റെ, തൊഴിലാളി വര്‍ഗത്തിന്റെ ചീത്തവിളി ഞങ്ങളുടെ സവര്‍ണ സ്വത്വത്തിനോടുവേണ്ട എന്ന പ്രതിഷേധമായിട്ടാണ് ഇതിനെ വായിച്ചെടുക്കേണ്ടത്. 

അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ വൈവിധ്യമാര്‍ന്ന പ്രതികരണങ്ങളില്‍ ഒന്നുതന്നെയാണ് ചീത്തവിളി. കൈയ്യാങ്കളിയിലേക്ക് കടക്കും മുമ്പുള്ള ഒരവസ്ഥയാണ് പലപ്പോഴും അത്. ചേരയെ അക്രമിക്കുമ്പോള്‍ പത്തിയില്ലെങ്കിലും തലയുയര്‍ത്തി അത് വേട്ടക്കാരനെ ഭയപ്പെടുത്താന്‍ ശ്രമിക്കും. ചീത്തവിളിയും അത്തരത്തില്‍ ഒരു ഭയപ്പെടുത്തല്‍ തന്നെയാണ്. ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ ചീത്തവിളിയിലൂടെ പ്രതിരോധം ഉയര്‍ത്തുന്നുള്ളു. അല്ലാതെ വഴിയില്‍ കൂടി നടന്നുപോവുമ്പോള്‍ വെറുതെ വന്ന് ചീത്ത വിളിക്കുന്നില്ല. നിങ്ങള്‍ക്ക് വെറുതെ ആക്രമിക്കാനുള്ളതല്ലല്ലോ തൊഴിലാളി വര്‍ഗം. നിങ്ങള്‍ക്ക് തോന്നും പോലെ വ്യാഖ്യാനിക്കാന്‍, പലതും വരച്ചുവെച്ച് ആക്ഷേപിക്കാന്‍, സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതങ്ങളെ പുലഭ്യം പറയാന്‍ തുനിയുമ്പോള്‍ തീര്‍ച്ചയായും നിസഹായമായ സമൂഹത്തില്‍ നിന്ന് ഒരു പ്രതികരണം പ്രതീക്ഷിക്കണം. അതിന്റെ സഭ്യാ അസഭ്യതകള്‍ തിട്ടപ്പെടുത്താന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന അളവുമാപിനി ബൂര്‍ഷ്വാ സമൂഹത്തിന്റേതാണ്. സമ്പത്തുള്ളവന്, സവര്‍ണന് അല്ലെങ്കില്‍ തന്റെ നിലപാടുകളിലൂടെ മുതലാളിത്ത സംവിധാനത്തിന് കരുത്ത് പകരുന്ന അരാഷ്ട്രീയ ബുദ്ധിജീവിക്ക് ആനുകൂല്യം കിട്ടുന്ന അളവുമാപിനിയാണ് അത്. അപ്പോഴാണ് സംസ്‌കാര സമ്പന്നനാവാനും അസഭ്യമായ പ്രതികരണത്തിലൂടെയല്ല മുന്നോട്ടുപോവേണ്ടത് എന്നുമുള്ള നിരീക്ഷണങ്ങള്‍ ഉയര്‍ന്നുവരുന്നത്. അതി സമ്പന്നരായ കുറച്ചുപേര്‍ വീണ്ടും സമ്പന്നരാവുകയും ദരിദ്രന്‍ കൂടുതല്‍ ദാരിദ്രനാവുകയും ചെയ്യുന്ന ഈ സമൂഹം ഒരു വലിയ അശ്ലീലമാണ് എന്നത് ഇക്കൂട്ടര്‍ കാണാതെ പോവുന്നു. അസമത്വം നിലവിലുള്ളിടത്തോളം കാലം ആ അശ്ലീലം തുടരുകതന്നെ ചെയ്യും.

ഫേസ്ബുക്കില്‍ ചീത്തവിളിക്ക് വിധേയരായെന്ന് പറയുന്ന രണ്ടുപേരും തൊഴിലാളി വര്‍ഗത്തിനെ അടിസ്ഥാനമില്ലാതെ ഉപദ്രവിക്കുവാന്‍, നശിപ്പിക്കുവാന്‍ ശ്രമിക്കുന്നവരാണ്. ആത്മാര്‍ത്ഥമായി അത് നിര്‍വഹിക്കുമ്പോഴും രണ്ട് സ്വത്വത്തില്‍ നില്‍ക്കുന്ന ഇവര്‍ പൊതുസമൂഹത്തോട് പറയുന്നത് ഞങ്ങള്‍ ഇടതുപക്ഷത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവരാണ് എന്നാണ്. ചീത്തവിളിയില്‍ നിന്നും രക്ഷപ്പെടാനുള്ള, അല്ലെങ്കില്‍ ചീത്തവിളിച്ചവര്‍ തങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഇടതുപക്ഷത്തിന് ചേര്‍ന്നവരല്ല എന്ന് സ്ഥാപിക്കാനാണ് അവരുടെ ഈ കുഴിഞ്ഞ പരിശ്രമം. ഇരവാദവുമായി നിന്ന് തങ്ങള്‍ക്കുള്ള മറുപടി സഭ്യമായി വേണം എന്ന് പറയുമ്പോള്‍ ഇവര്‍ കാണിച്ചത് സംസ്‌കാരസമ്പന്നമായ, മികച്ച പ്രവൃത്തിയാണെന്ന വ്യംഗ്യമുണ്ട്. ചീത്ത വിളിയെ അപലപിക്കുന്നവര്‍ക്ക്, ചീത്തവിളിയേക്കാള്‍ അപകടകരമായ നുണവാദങ്ങള്‍ ആധികാരികമായി, സവര്‍ണ ബ്രാഹ്മണരുടെ സംസ്‌കൃത പ്രയോഗം പോലുള്ള വാചക ഘടനയില്‍ അച്ചടി മഷി പുരട്ടി പ്രചരിപ്പിക്കുന്നത് തെറ്റാവുന്നില്ല. അവര്‍ണരായ തൊഴിലാളി വര്‍ഗത്തിന്റെ വാചകങ്ങള്‍ മ്ലേച്ഛവും ബ്രാഹ്മണ്യമുപയോഗിക്കുന്ന സംസ്‌കൃത പദങ്ങള്‍ ശ്രേഷ്ഠവുമാവുന്ന ആര്‍ഷഭാരത സംസ്‌കൃതിയുടെ പിന്തുടര്‍ച്ചക്കാരാവുകയാണ് ഇവിടെ ഹാഷ് ടാഗ് മുതലാളിമാര്‍.

ലെനിന്‍ പറഞ്ഞിട്ടുണ്ട് : ''സോഷ്യലിസത്തിന്റെ ശത്രുക്കളോട്, അധ്വാനിക്കുന്ന ജനങ്ങളുടെ ശത്രുക്കളോട് യാതൊരു കാരുണ്യവും അരുത്. ധനികരോടും അവരുടെ ചുമട് താങ്ങികളായ ബൂര്‍ഷ്വാ ബുദ്ധിജീവികളോടും (അരാഷ്ട്രീയ ബുദ്ധിജീവികള്‍ക്കും ബാധകമാണ്)യുദ്ധം ചെയ്യുക... ഇവരെല്ലാം മുതലാളിത്തത്തിന്റെ ശകലങ്ങള്‍ ആണ്. ഭൂപ്രഭു-ബൂര്‍ഷ്വാ സമൂഹത്തിന്റെ സന്താനങ്ങളാണ്. ഒരുപിടിയാളുകള്‍ ഭൂരിപക്ഷം ജനങ്ങളെ കൊള്ളടയിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ വക്താക്കളാണ് ഇവര്‍...''

മലയാള മനോരമയും അരാഷ്ട്രീയ ബുദ്ധിജീവികളും ചെയ്യുന്നത് ഒരേ കാര്യമാണ്. സോഷ്യലിസത്തിന് തുരങ്കം വെക്കല്‍. സ്വാഭാവികമായും സോഷ്യലിസത്തിലേക്കുള്ള അന്വേഷണങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സോഷ്യലിസത്തെ ഇഷ്ടപ്പെടുന്നവര്‍ യുദ്ധത്തിനെന്ന പോലെ സജ്ജരാവും. അപ്പോള്‍ ചീത്തവിളികള്‍ ഉണ്ടായെന്ന് വരും. ചീത്തവിളി അസന്തുലിതമായ ഈ സമൂഹത്തില്‍ ഒരു യുദ്ധമുറതന്നെയാണ്. ആ ചീത്തവിളി ഒഴിവാക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ശത്രുപക്ഷത്ത്‌ നിര്‍ത്തിയുള്ള നിങ്ങളുടെ ആക്രമണം നിര്‍ത്തിയാല്‍ മതി. നിങ്ങളുടെ മനോനില മാറ്റിയാല്‍ മതി. ഇല്ലെങ്കില്‍ ഇനിയും ചീത്തവിളികള്‍ ഉയരുക തന്നെ ചെയ്യും.

24-Jul-2015