അധികാരമേറിയ ഫാസിസം ആത്മഹത്യ ചെയ്യില്ല

"ഇനി എത്രപേരെ വേണം?”
കുരീപ്പുഴയുടെ ഈ ചോദ്യം അവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാവും. കേരളത്തില്‍ മരണം വിതക്കാന്‍ നിയോഗിക്കപ്പെട്ട ആര്‍ എസ് എസ് പ്രാന്തപ്രചാരകന്‍മാര്‍ക്ക് ആ കവിത എരിവും പുളിയും കൂട്ടി വിളമ്പുകയായിരിക്കും കെ സുരേന്ദ്രന്‍മാര്‍. ചോരക്കൊതിയോടെ. ഇത്തരത്തിലുള്ള പ്രതികരണങ്ങളെ സംഘപരിവാരം വല്ലാതെ ഭയക്കുന്നു. അവര്‍ക്ക് വേണ്ടത് മഹാരാഷ്ട്ര ബ്രാഹ്മണരുടെ അടിമകളായി, സകല ചാതുര്‍വര്‍ണ്യ വ്യവസ്ഥകളും പാലിച്ച് ജീവിക്കുന്ന, ഒരു ഹിന്ദുക്കൂട്ടത്തെയാണ്. ദളിതര്‍ കാണാപ്പാടകലെ നില്‍ക്കുന്ന, അയിത്തവും ജാത്യാചാരങ്ങളും മനുസ്മൃതി അനുശാസിക്കുന്ന വിധത്തില്‍ തിരികെ വരുന്ന ഒരു നാട്. അതാണ് ആര്‍ എസ് എസിന് വേണ്ട ഹിന്ദുരാഷ്ട്രം. അതിനെതിരെ സച്ചിതാനന്ദന്‍ പ്രതികരിച്ചാല്‍, എം ടിയോ പത്മനാഭനോ മിണ്ടിപ്പോയാല്‍, ഒ എന്‍ വി തൂലിക ഉയര്‍ത്തിയാല്‍ അവര്‍ക്കൊക്കെ വേണ്ടി നാഥുറാം വിനായക് ഗോഡ്‌സെയുടെ ആ പഴയ തോക്ക് വീണ്ടും വീണ്ടും ശബ്ദിക്കും. ഇപ്പോള്‍ കലബൂര്‍ഗയുടെ നെറ്റിയില്‍ നിശബ്ദത തുളച്ചെടുത്തത് പോലെ.

മനുസ്മൃതിയിലധിഷ്ടിതമായ ഹിന്ദുത്വ പ്രയോഗങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന ഒരു നാവ് കൂടി നിശബ്ദമായി. ഡോ. എം എം കലബുര്‍ഗിയെ വെടിവെച്ചുകൊന്നു. ഒരൊറ്റ വെടി. തിരുനെറ്റിയില്‍. ചുവന്ന രാഖി ചരട് പോലെ ചോര ഒഴുകുന്നത് കണ്ടപ്പോള്‍ ആര്‍ എസ് എസുകാര്‍ക്ക് ആനന്ദലഹരിയിലായി. പുരോഗമന പക്ഷത്ത് നില്‍ക്കുന്ന ഒരാളെ കൂടി ഇല്ലാതാക്കിയതിന്റെ വിജയഭേരി അവര്‍ മുഴക്കി. 1948 ജനുവരി 30ന് ഉയര്‍ത്തിയ അതേശബ്ദത്തില്‍, താളത്തില്‍. നാഥുറാം വിനായക് ഗോഡ്‌സെമാര്‍ മരിക്കുന്നതേയില്ല എന്ന് കലബൂര്‍ഗിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത തോക്ക് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

ഹംപി കന്നഡ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറായിരുന്നു കലബൂര്‍ഗി. സമൂഹത്തിന്റെ പുനരുദ്ധാരണത്തിന് സാഹിത്യത്തിന്റെ തത്വദര്‍ശനങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് മനസിലാക്കി പ്രയോഗിച്ച മനീഷി. ജാതീയമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. യു ആര്‍ അനന്തമൂര്‍ത്തിക്കെതിരെ നടത്തിയ എല്ലാ ഫാസിസ്റ്റ് അതിക്രമങ്ങളും കലൂര്‍ഗിക്ക് നേരെയും ആര്‍ എസ് എസ് സംഘപരിവാരം പ്രയോഗിച്ചു. അവസാനം ഒരു തീയുണ്ടയില്‍ തീര്‍ത്തുകളഞ്ഞു.

കര്‍ണാടകത്തെയും കേരളത്തെയുമൊക്കെ ഹിന്ദുത്വ വര്‍ഗീയതയുടെ പരീക്ഷണ ശാലകളാക്കാനാണ് ആര്‍ എസ് എസ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതിനായി സംഘപരിവാരങ്ങളെ വ്യത്യസ്ത ചുമതലകള്‍ നല്‍കി അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. തോക്കും കുറുവടിയും വടിവാളുകളുമായി അവര്‍ മരണത്തിന്റെ ആള്‍ദൈവങ്ങളായി ഉറഞ്ഞുതുള്ളുന്നു.

എം എം കലബൂര്‍ഗി വെടികൊണ്ട് മരണപ്പെട്ടപ്പോള്‍ നമ്മള്‍ നടുങ്ങുന്നത് എന്തിനാണ്? ആശ്ചര്യപ്പെടുന്നത്, നെടുവീര്‍പ്പിടുന്നത്, ദുഖിക്കുന്നത് എന്തിനാണ്? ആര്‍ എസ് എസ് സംഘപരിവാരത്തില്‍ നിന്ന് ഇതല്ലാതെ വേറെന്താണ് നമുക്ക് പ്രതീക്ഷിക്കാനാവുക? സത്യം വിളിച്ച് പറയുന്ന, ചാതുര്‍വര്‍ണ്യത്തെ എതിര്‍ക്കുന്ന, സവര്‍ണതയുടെ കരാളതകളെ തുറന്നുകാട്ടുന്ന എല്ലാവരും ആര്‍ എസ് എസ് സംഘപരിവാരത്തിന് കൊല്ലാനുള്ള നായ്ക്കള്‍ മാത്രമാണ്. ഇനി കൊല്ലാനുള്ളവരുടെ പേരുവിവരങ്ങള്‍ അവര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിക്കും.

നാളെയവര്‍ പറ്റുമെങ്കില്‍ കുരീപ്പുഴ ശ്രീകുമാറിനെ കൊന്നേക്കാം.
“ഞാന്‍ റെഡി :)
തകരുകയാണ് തമ്പുരാനേ നിന്റെ
ഭരണകൂടം തറഞ്ഞെന്റെ ജീവിതം....
എം.എം. കലബുര്‍ഗി, ഗോവിന്ദ് പന്‍സാരെ,നരേന്ദ്ര ധബോല്‍ക്കര്‍....
ഇനി എത്രപേരെ വേണം?”
കുരീപ്പുഴയുടെ ഈ വരികള്‍ അവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാവും. കേരളത്തില്‍ മരണം വിതക്കാന്‍ നിയോഗിക്കപ്പെട്ട ആര്‍ എസ് എസ് പ്രാന്തപ്രചാരകന്‍മാര്‍ക്ക് ആ കവിത എരിവും പുളിയും കൂട്ടി വിളമ്പുകയായിരിക്കും കെ സുരേന്ദ്രന്‍മാര്‍. ചോരക്കൊതിയോടെ.

ഇത്തരത്തിലുള്ള പ്രതികരണങ്ങളെ സംഘപരിവാരം വല്ലാതെ ഭയക്കുന്നു. അവര്‍ക്ക് വേണ്ടത് മഹാരാഷ്ട്ര ബ്രാഹ്മണരുടെ അടിമകളായി, സകല ചാതുര്‍വര്‍ണ്യ വ്യവസ്ഥകളും പാലിച്ച് ജീവിക്കുന്ന, ഒരു ഹിന്ദുക്കൂട്ടത്തെയാണ്. ദളിതര്‍ കാണാപ്പാടകലെ നില്‍ക്കുന്ന, അയിത്തവും ജാത്യാചാരങ്ങളും മനുസ്മൃതി അനുശാസിക്കുന്ന വിധത്തില്‍ തിരികെ വരുന്ന ഒരു നാട്. അതാണ് ആര്‍ എസ് എസിന് വേണ്ട ഹിന്ദുരാഷ്ട്രം. അതിനെതിരെ സച്ചിതാനന്ദന്‍ പ്രതികരിച്ചാല്‍, എം ടിയോ പത്മനാഭനോ മിണ്ടിപ്പോയാല്‍, ഒ എന്‍ വി തൂലിക ഉയര്‍ത്തിയാല്‍ അവര്‍ക്കൊക്കെ വേണ്ടി നാഥുറാം വിനായക് ഗോഡ്‌സെയുടെ ആ പഴയ തോക്ക് വീണ്ടും വീണ്ടും ശബ്ദിക്കും. ഇപ്പോള്‍ കലബൂര്‍ഗയുടെ നെറ്റിയില്‍ നിശബ്ദത തുളച്ചെടുത്തത് പോലെ.

നിങ്ങള്‍ക്കറിയാമോ? ഗുജറാത്തില്‍ ആര്‍ എസ് എസ് സംഘപരിവാരം നടത്തിയ വംശഹത്യ ഇവിടെയും ആവര്‍ത്തിക്കാനുള്ള കളമൊരുക്കപ്പെടുകയാണ്. 1965ലും 80ലും 86ലും 90,92 വര്‍ഷങ്ങളിലും അഹമ്മദാബാദില്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ 'വെറും കലാപങ്ങളായിരുന്നു'. അതിനാല്‍ തന്നെ കലാപങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. കലാപകാരികള്‍ ശിക്ഷിക്കപ്പെട്ടു. പക്ഷെ, നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭരണകൂടം നേരിട്ട് ഗൂഡാലോചനയും വംശഹത്യയും നടത്തി. അതിനായി വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തി. മുസ്ലീംങ്ങളായ ജഡ്ജിമാര്‍ മുതല്‍, മുന്‍ എം പിമാരെയും ദരിദ്രമുസ്ലീംങ്ങളെയും വരെ വെട്ടിനുറുക്കി. മുസ്ലീംങ്ങളായ പിഞ്ചുകുഞ്ഞുങ്ങളെ തെരഞ്ഞുപിടിച്ച് ബലാല്‍സംഗം ചെയ്തു. ഗര്‍ഭസ്ഥ ശിശുക്കളെ വയറുപിളര്‍ന്ന് പുറത്തെടുത്ത്, അമ്മ കാണെ കത്തിച്ചുകളഞ്ഞു. പള്ളികള്‍ പൊളിച്ചടുക്കി ഹനുമാന്‍ കോവിലുകള്‍ പടുത്തുയര്‍ത്തി. ജനങ്ങള്‍ ഇരമ്പുന്ന ക്ഷേത്രങ്ങളായി അവ രായ്ക്ക് രാമാനം വേഷപകര്‍ച്ച നടത്തി. 1992ല്‍ പത്തടി ഉയരത്തില്‍ ഫ്‌ളഡ് ലൈറ്റും വീഡിയെ ക്യാമറയും റെഡിയാക്കി നിര്‍ത്തി 250 മുസ്ലീം കുടുംബങ്ങളെ പീഡിപ്പിച്ചത് ഇന്നും ആരും മറന്നിട്ടുണ്ടാവില്ല. 10 വര്‍ഷത്തിന് ശേഷം ആര്‍ എസ് എസ് സംഘപരിവാരം നരേന്ദ്രമോഡിയുടെ കാര്‍മികത്വത്തില്‍ ഗുജറാത്തില്‍ മുഴുവന്‍ അത് ആവര്‍ത്തിച്ചു. അതേ സംഘപരിവാരക്കാരാണ് കണ്ണൂരില്‍ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി ഒരു സ്ത്രീയെ വിവസ്ത്രയാക്കുന്നത്. കത്തിമുനയില്‍ നിര്‍ത്തി അവരുടെ നഗ്നത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നത്. സിപിഐ എംന്റെ പ്രതിരോധമതിലുണ്ടായിട്ടും ഇത്രയുമൊക്കെ ചെയ്യാന്‍ ആര്‍ എസ് എസ് ഫാസിസ്റ്റുകള്‍ക്ക് സാധിക്കുന്നത്, സംഘപരിവാരത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷം കൂട്ടുനില്‍ക്കുന്നത് കൊണ്ടുമാത്രമാണ്.

1940ല്‍ കമ്യൂണിസ്റ്റുകളെ വേട്ടയാടുന്ന കാലഘട്ടത്തില്‍ കെ പി സി സി പ്രസിഡന്റായിരുന്ന കെ കേളപ്പന്‍ “ചെന്നായ്ക്കളെ വേട്ടയാടും പോലെ കമ്യൂണിസ്റ്റുകളെ വേട്ടയാടണം” എന്ന് പറയുന്നത് കേട്ട അതേ ഇമ്പത്തോടെയാണ് കോണ്‍ഗ്രസും വലതുപക്ഷവും ആര്‍ എസ് എസ് സംഘപരിവാര ഫാസിസ്റ്റുകളുടെ ഭീഷണികളെയും കേള്‍ക്കുന്നത്. അതിനപ്പുറം ചിന്തിക്കാന്‍ ഗാന്ധിജിയുടെ ചോരപുരണ്ട ഖാദിയുടുത്ത കോണ്‍ഗ്രസുകാര്‍ക്ക് സാധിക്കുന്നില്ല എന്നത് ഖേദകരമാണ്.

പണ്ട് ഹിറ്റ്‌ലറുടെ നാട്ടില്‍ ഒരു ജൂതപെണ്‍കുട്ടിയെ നഗ്നയാക്കി നിര്‍ത്തിയിട്ട് നാസി ഭീകരര്‍ അവളോട് ചോദിച്ചു. “ഞങ്ങള്‍ ഇത്രയും ആണുങ്ങളുടെ മുന്നില്‍ തുണിയില്ലാതെ നില്‍ക്കുമ്പോള്‍ പെണ്ണേ, നിനക്ക് നാണമാവുന്നില്ലേ? അവള്‍ അതിന് നല്‍കിയ മറുപടി ഇതായിരുന്നു. “ തുണിയുടുത്ത നിങ്ങളുടെ നഗ്നത കണ്ടിട്ടാണ് എനിക്ക് നാണം വരുന്നത്” ഇതേ വാക്കുകള്‍ തന്നെയാണ് കണ്ണൂരിലെ തുണിയുരിയപ്പെട്ട സ്ത്രീക്കും ആര്‍ എസ് എസുകാരോട് പറയാനുള്ളത്.

ഡോ. എം എം കലബുര്‍ഗിയുടെ മൃതദേഹത്തിന് മുന്നില്‍ നിന്നുകൊണ്ട് നമുക്ക് പ്രതിരോധ ഭടന്‍മാരായി മാറാം. മാരകായുധങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാം. അധികാരമേറിയ ഫാസിസം ആത്മഹത്യ ചെയ്ത് പിന്‍മാറുകയില്ല എന്ന തിരിച്ചറിവില്‍ നിന്ന് നമുക്ക് ആരംഭിക്കേണ്ടിയിരിക്കുന്നു.

31-Aug-2015