പ്രതീക്ഷ; അതല്ലേ എല്ലാം...

ഞാന്‍ ഉറ്റു നോക്കുന്നത് കെ സി ഉമേഷ് ബാബുവിനെയാണ്. ചേക്കൂട്ടിയെയും എം എന്‍ പിയേഴ്‌സണെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെയുമാണ്. കെ വേണുവിനെയും അഡ്വ ജയശങ്കറിനെയും സിവിക് ചന്ദ്രനെയുമാണ്. പല ദിവസങ്ങളില്‍, പല രാവുകളില്‍ വിവിധ ചാനല്‍ സ്റ്റുഡിയോകളിലിരുന്ന് സിപിഐ എംനെ, ഇടതുപക്ഷത്തെ ചട്ടം പഠിപ്പിക്കാന്‍ ശ്രമിച്ചവരെയെല്ലാമാണ്. മാത്രമല്ല, ഫേസ്ബുക്കിനകത്തും അതുപോലുള്ള സോഷ്യല്‍ മീഡിയാകളിലും ഇടതുപക്ഷത്തിനെതിരായി പൊങ്കാലകള്‍ നടത്തി, യഥാര്‍ത്ഥ വിപ്ലവകാരികളെന്ന് ഊറ്റം കൊണ്ടവരെയാണ്. ഇതാ അവര്‍ക്കെല്ലാമൊരവസരം! ഒരു സുവര്‍ണാവസരം!! ഇടതുപക്ഷത്തിന്റെ പ്രകടന പത്രിക തയ്യാറാക്കുകയാണ്. ഏതെങ്കിലും അടച്ചിട്ട മുറിയില്‍ വെച്ചല്ല. ജനപദങ്ങളില്‍ വെച്ച്. ചാനല്‍ മുറികളില്‍ ചട്ടം പഠിപ്പിക്കാന്‍ ഇരിക്കുന്നവരില്‍, ഫേസ്ബുക്കില്‍ നല്ല നടപ്പ് ഉപദേശിക്കുന്നവരില്‍ എത്രപേര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള, നാടിന് വേണ്ടിയുള്ള മാനിഫെസ്റ്റോ തയ്യാറാക്കാന്‍ കൂടെ കൂടും? ഇവരുടേത് കൂടിയാവുമോ ഈ പ്രകടന പത്രിക. ഇത് നാട്ടുകാര്‍ക്ക് വേണ്ടി നടപ്പിലാക്കാന്‍ ഇവരുടെ സഹായം ഉണ്ടാവുമോ?

ഇടതുപക്ഷത്തിന്റെ മാനിഫെസ്റ്റോ തയ്യാറാക്കാന്‍ ഇക്കൂട്ടര്‍ ബാധ്യസ്ഥരാണ്. കാരണം ഇന്നലെ വരെ ഇവര്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോള്‍ 'ഇത് നന്നാകാന്‍ വേണ്ടിയാണ് ഞങ്ങളുടെ വിമര്‍ശനം' എന്ന് പറഞ്ഞവരാണ്. നന്നാക്കാന്‍ ആണെങ്കില്‍ ഇടതുപക്ഷം ജനങ്ങള്‍ക്ക്, നാടിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ഇവര്‍ക്ക് പറയാതിരിക്കാന്‍ കഴിയുകയില്ലല്ലോ. ഇതാ എന്റെ നിര്‍ദേശം ഇത് ഉള്‍പ്പെടുത്തണം എന്ന് ഇവര്‍ പറയാത്തതെന്താണ്? ജനങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് ആലോചിക്കാനും എഴുതാനും അറിയിക്കാനും ഇവര്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളാണ് ഏറ്റവും താഴേ തട്ടിലുള്ള ജനങ്ങളിലേക്ക് നന്നായി എത്തുക. അട്ടപ്പാടിയിലും മൂന്നാറിലും വയനാട്ടിലും ലാലൂരിലുമൊക്കെ വിവിധ വിഷയങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇടതുപക്ഷ വിമര്‍ശനം നടത്തിയവര്‍ക്ക് ഇപ്പോള്‍ ഇടതുപക്ഷത്തിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സാധിക്കും. ആ അവസരം ഉപയോഗപ്പെടുത്താതെ ഇരിക്കുമ്പോള്‍ ഇവര്‍ ഇതുവരെ നടത്തിയ വിമര്‍ശനങ്ങള്‍ നന്നാക്കാനായിരുന്നില്ല, ഇല്ലാതാക്കാനായിരുന്നു എന്ന് ഉറപ്പാകും. നന്നാക്കാനായിരുന്നുവെങ്കില്‍ ഇത്തരം അവസരങ്ങളില്‍ ഇടപെടാതിരിക്കാന്‍ സാധിക്കില്ലല്ലോ.

ആദിവാസി വിഭാഗത്തിന്റെ സമരത്തിന് ഐക്യദാര്‍ഡ്യം കൊടുത്ത വലിയൊരു കൂട്ടം സുമനസുകള്‍ ഫേസ്ബുക്കിലടക്കമുണ്ട്. അവരുടെ മുദ്രാവാക്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തീര്‍ച്ചയായും ഇടതുപക്ഷം മാനിഫെസ്റ്റോ തയ്യാറാക്കുമ്പോള്‍ മനസിലുള്ള നിര്‍ദേശങ്ങള്‍ അതിലുള്‍പ്പെടുത്താന്‍ വേണ്ടി നല്‍കണം. വിദേശത്ത് നിന്ന് കുത്തിതിരുപ്പുണ്ടാക്കാന്‍ പണം അയച്ചുകൊടുക്കുന്ന ശുഷ്‌കാന്തി, ഇത്തരം കാര്യങ്ങളില്‍ ഇടപെടണമെന്ന് ഉപദേശം നല്‍കാനും കാണിക്കണം. മനസിന് അത്രയെങ്കിലും വെട്ടം വേണം. ഇടതുപക്ഷമല്ല, ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ് നിങ്ങള്‍ക്ക് അഭികാമ്യരെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുവാന്‍ പൊതുസമൂഹത്തിന് പ്രത്യേകിച്ച്, സോഷ്യല്‍മീഡിയയില്‍ ഇടപെടുന്നവര്‍ക്ക് താല്‍പ്പര്യം കാണും. അതിനാല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാന്‍ ഈ സുമനസുകള്‍ തയ്യാറാവണം.

തീര്‍ച്ചയായും കേരളത്തിലെ ഇടതുപക്ഷം എന്നതില്‍ സിപിഐ എംതന്നെയാണ് പ്രധാന കക്ഷി. ഞങ്ങള്‍ക്ക് സിപിഐ എം വിരുദ്ധതയല്ല, ആ പാര്‍ട്ടിയെ ശരിയാക്കിയെടുക്കാനാണ് ഞങ്ങളുടെ വിമര്‍ശനങ്ങള്‍ എന്ന പറച്ചിലിലെ ശരിയാക്കല്‍, കോഴിയുടെ പൂട പറിച്ച് പൊരിച്ചടിക്കാന്‍ 'ശരിയാക്കുന്നത്' പോലെയായിരുന്നോ, തീറ്റയും വെള്ളവും കൊടുത്ത് ജീവിതം 'ശരിയാക്കുന്നത്' പോലെയായിരുന്നോ എന്നത് പ്രകടനപത്രികയിലേക്ക് നിര്‍ദേശങ്ങള്‍ വരുന്ന വരും ദിവസങ്ങളില്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇടതുപക്ഷത്തിന്റെ മാനിഫെസ്റ്റോയിലേക്ക് ഉത്തമ കമ്യൂണിസ്റ്റുകള്‍ നല്‍കുന്ന നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടി, വേണു ബാലകൃഷ്ണനും നികേഷ് കുമാറും ഒരു ദിവസം കോട്ടിട്ടിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രതീക്ഷ; അതല്ലേ എല്ലാം.

25-Sep-2015