ആര്‍ എസ് എസിന് വേണ്ടി മാത്രം

ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡിയാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി. ജനാധിപത്യത്തിലും രാജ്യത്തിന്റെ ഭരണഘടനയിലും വിശ്വസിക്കാത്തവരാണ് ആര്‍ എസു എസുകാര്‍. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന മോഡിയും അതില്‍ നിന്ന് വ്യത്യസ്തനല്ല.

നരേന്ദ്രമോഡിയുടെ സര്‍ക്കാരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവായ പി ജയരാജനെ വേട്ടയാടുന്നത്. ഒരു കള്ളക്കേസില്‍ കുരുക്കിയാണ് അദ്ദേഹത്തെ ജയിലിലടക്കാന്‍ ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെയും ആര്‍ എസ് എസിന്റെയും സംയുക്തമായ നീക്കമാണ്. ആര്‍ എസ് എസ് കേന്ദ്രനേതൃത്വം ഇടപെട്ടതിന് ശേഷമാണ് പി ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയാക്കിയത്. അഞ്ഞൂറ്റി രണ്ട് ദിവസം സിബിഐ പറഞ്ഞത് ജയരാജന്‍ പ്രതിയല്ലെന്നായിരുന്നു. എന്നാല്‍, അഞ്ഞൂറ്റിയഞ്ചാം ദിവസം അവര്‍ ജയരാജനെ പ്രതിയാക്കി. ആര്‍ എസ് എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിന്റെ കൊച്ചിയിലെ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു ഈ പ്രതി ചേര്‍ക്കല്‍.

കേരളത്തിലെ യു ഡി എഫ് സര്‍ക്കാരാണ് ആര്‍ എസ് എസിനും മോഡിയുടെ കേന്ദ്രഭരണകൂടത്തിനും എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത്. പി ജയരാജന്‍ ഒരു ഭീകരവാദിയാണെന്നും സിപിഐ എം ഒരു ഭീകരപ്രസ്ഥാനമാണെന്നും വരുത്തി തീര്‍ക്കാനുള്ള പ്രചരണമാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഈ കൂട്ടര്‍ ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍, യഥാര്‍ത്ഥ ഭീകരവാദി പ്രധാനമന്ത്രി കസേരയിലാണുള്ളത്. 

ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്ന നരേന്ദ്ര ഭായിയാണ് നമ്മുടെ പ്രധാനമന്ത്രി മോഡി. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയത്, അതിനായി നിരവധി ഗൂഡാലോചനകള്‍ നടത്തിയത് ആരാണെന്ന് ഈ ഒരൊറ്റ വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും.

ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി മുന്നോട്ടുവെക്കുന്ന വര്‍ഗീയത; മുസ്ലീംങ്ങളെ കൊന്നുകഴിഞ്ഞാല്‍ സുഖമാണെന്നും നന്നായി ഉറങ്ങാന്‍ പറ്റുമെന്നും മഹാറാണ പ്രതാപിനെപ്പോലെയായെന്ന് തോന്നുമെന്നും പറയുന്നു. നാഴികയ്ക്ക് നാല്‍പ്പത് വട്ടം രാജ്യസ്‌നേഹം പുലമ്പുന്ന സംഘികളാണ് ഈ വീഡിയോയില്‍ പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നത്. കൊലപാതകത്തെ പറ്റി പറയുന്നത്. സ്വന്തമായി ബോംബുണ്ടാക്കുന്നതിനെ പറ്റിയും തടവറയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവരെ നരേന്ദ്രമോഡി എങ്ങിനെയാണ് രക്ഷപ്പെടുത്തുന്നത് എന്നതിനെ സംബന്ധിച്ചും ഇതില്‍ സംഘികള്‍ വാചാലരാകുന്നു.

വര്‍ഷങ്ങളായി ഗുജറാത്ത് കോടതിയില്‍ അനിശ്ചിതമായി തുടരുന്ന ഇസ്രത് ജഹാന്‍ കേസിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ സി ബി ഐക്ക് സമയമില്ല. എന്നാല്‍, തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്ന സിബിഐ ധരിച്ചിരിക്കുന്നത് ആര്‍ എസ് എസിന്റെ കാക്കി കളസമാണ്. കേരളത്തില്‍ ആര്‍ എസ് എസും കോണ്‍ഗ്രസും നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐയെ അലട്ടുന്നില്ല. ജുഡീഷ്യറി ഉദ്യോഗസ്ഥരും ചില ഘട്ടങ്ങളില്‍ പക്ഷപാതിത്വം കാണിക്കുന്നതായി സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. പി ജയരാജനെ തടവറയിലടക്കണമെന്ന വൈരാഗ്യ ബുദ്ധി നടപ്പിലാക്കാനുള്ള ഒരു സഹായക ഘടകമായി ജുഡീഷ്യറിയും മാറുക തന്നെയാണ്.

ജയരാജന്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന ഗൂഡാലോചനയില്‍ വിശ്വസിക്കുന്ന ജുഡീഷ്യറിയുടെ കണ്ണുകള്‍, ഗുജറാത്ത് കലാപത്തിലെ മോഡിയുടെ പങ്കിനെ നോക്കി കാണാത്തത് എന്താണ്? ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ നിയമപുസ്തകം മറന്നുപോകുന്ന ജസ്റ്റിസ് ഉബൈദിന്റെ കോടതിയായി രാജ്യത്തെ നീതിന്യായ വ്യവസ്ഥ മാറുകയാണോ?

ഗുജറാത്ത് കലാപത്തിന്റെ മാസ്റ്റര്‍മൈന്‍ഡായ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രക്ഷിക്കാന്‍ വേണ്ടിയാണ് സംഘിഭരണകൂടം ഇപ്പോള്‍ ഹെഡ്‌ലിയെ ഇറക്കിയിരിക്കുന്നത്. 26/11ന്റെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള ബന്ധത്തിന്റെ ചുരുളഴിക്കുന്നതിന് പകരം ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോഡിയെയും കൂട്ടരേയും രക്ഷിക്കാനാണ് ഈ പ്രഹസനം. ലക്ഷറെ തൊയ്ബയിലുള്ള രണ്ട് പെണ്‍ ചാവേറുകളെ ഹെഡ്‌ലിക്കറിയില്ല. എന്നാല്‍, സംഘിഭരണകൂടം ഇട്ടുകൊടുത്ത ഇസ്രത്ത് ജഹാനെന്ന പേര് ഹെഡ്‌ലി ആവര്‍ത്തിച്ചു. അത് ഗുജറാത്ത് കലാപത്തിന് പിന്നില്‍ വര്‍ത്തിച്ച നരോന്ദ്രഭായിയെയും കൂട്ടാളികളെയും രക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.

ഗുജറാത്തിനെ കാണാതെ കണ്ണൂരില്‍ തമ്പടിച്ചിരിക്കുന്ന സി ബി ഐയും സംഘിഭരണകൂടവും ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന് വിടുപണി ചെയ്യുകയാണ്.

14-Feb-2016