വ്യാജവീഡിയോയില്‍ നിന്നൊലിക്കുന്ന ദേശസ്നേഹം

കനയ്യകുമാറിനുമേല്‍ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹകുറ്റം പിന്‍വലിക്കാന്‍, ആ വിദ്യാര്‍ത്ഥിയെ നിരുപാധികം വെറുതെവിടാന്‍ ഇനി എന്താണ് താമസം? നുണകള്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കുന്ന, വംശഹത്യകള്‍ നടത്തുന്ന ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ രീതിശാസ്ത്രമാണ് ജെ എന്‍ യുവില്‍ കനയ്യകുമാറിനെ രാജ്യദ്രോഹിയാക്കാന്‍ വേണ്ടി പ്രയോഗിച്ചിരിക്കുന്നത്. പാര്‍ലമെന്റിനു നേരെ അക്രമം നടത്തിയ അഫ്‌സല്‍ ഗുരുവിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചെന്നും പാകിസ്ഥാനെ അനുകൂലിച്ചെന്നും കളവായ ആരോപണം ഉന്നയിച്ചുകൊണ്ടാണ് കനയ്യകുമാറിനെ ജയിലിലടച്ചത്. ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ആര്‍ എസ് എസ് സംഘപരിവാരം ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രിമാര്‍ ആ ആവശ്യത്തിന് പിന്തുണ നല്‍കി. കനയ്യകുമാര്‍ നിരപരാധിയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ ആര്‍ എസ് എസ് സംഘപരിവാരത്തിന് എന്താണ് പറയാനുള്ളത്? ഈ വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തയ്യാറാവുമോ?

കനയ്യകുമാറിനെ ദേശവിരുദ്ധനായി ചിത്രീകരിക്കാന്‍ സംഘപരിവാരം വ്യാപകമായി ഉപയോഗിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. സോഷ്യല്‍ മീഡിയായില്‍ ഈ വീഡിയോ ഉപയോഗിച്ചായിരുന്നു സംഘികള്‍ രാജ്യസ്‌നേഹത്തിന്റെ പൊങ്കാലയിട്ടത്. ചില ഇംഗ്ലീഷ്-ഹിന്ദി മാധ്യമങ്ങളാണ് വ്യാജവീഡിയോ പുറത്തുവിട്ടത്. സംഘപരിവാര്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യാടുഡേ ടി വി യഥാര്‍ത്ഥ വീഡിയോ പുറത്തുവിട്ടുകൊണ്ട് കനയ്യകുമാറിനെ ആക്രമിച്ച സംഘപരിവാരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.

യഥാര്‍ത്ഥ വീഡിയോയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യംവിളി എഡിറ്റ് ചെയത് ചേര്‍ക്കുകയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. തീര്‍ച്ചയായും ആ എഡിറ്റിംഗ് ആര്‍ എസ് എസ് ക്യാമ്പില്‍ നിന്ന് ചെയ്തതാവാനാണ് സാധ്യത. ഫെബ്രുവരി ഒമ്പതിന് ജെ എന്‍ യുവില്‍ ചേര്‍ന്ന യോഗത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം വിളിച്ചിരുന്നു. ഫെബ്രുവരി പതിനൊന്നിന് ക്യാമ്പസില്‍ ചേര്‍ന്ന യോഗത്തിലാണ് കനയ്യകുമാര്‍ പ്രസംഗിച്ചത്. ആ പ്രസംഗത്തിന്റെ വീഡിയോയില്‍ നേരത്തേ നടന്ന യോഗത്തിലെ കശ്മീര്‍ അനുകൂല മുദ്രാവാക്യം എഡിറ്റ് ചെയ്ത് കനയ്യകുമാര്‍ വിളിച്ചതുപോലെ വ്യാജസൃഷ്ടി നടത്തി പ്രചരിപ്പിക്കുകയായിരുന്നു. ആ യോഗത്തില്‍ കനയ്യകുമാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചനം, കലാപത്തില്‍ നിന്ന് മോചനം, ബ്രാഹമണ്യാധിപത്യത്തില്‍ നിന്ന് മോചനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ആ മുദ്രാവാക്യങ്ങള്‍ക്ക് പകരമാണ് കശ്മീര്‍ അനുകൂല മുദ്രാവാക്യം എഡിറ്റ് ചെയ്ത് ചേര്‍ത്ത്, ആര്‍ എസ് എസിന്റെ ഗൂഡകേന്ദ്രങ്ങള്‍ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇപ്പോള്‍ സത്യാവസ്ഥ പുറത്തുവന്നിരിക്കുന്നു.

കനയ്യകുമാറിനുമേല്‍ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹകുറ്റം പിന്‍വലിക്കാന്‍, ആ വിദ്യാര്‍ത്ഥിയെ നിരുപാധികം വെറുതെവിടാന്‍ ഇനി എന്താണ് താമസം? നുണകള്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കുന്ന, വംശഹത്യകള്‍ നടത്തുന്ന ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ രീതിശാസ്ത്രമാണ് ജെ എന്‍ യുവില്‍ കനയ്യകുമാറിനെ രാജ്യദ്രോഹിയാക്കാന്‍ വേണ്ടി പ്രയോഗിച്ചിരിക്കുന്നത്. പാര്‍ലമെന്റിനു നേരെ അക്രമം നടത്തിയ അഫ്‌സല്‍ ഗുരുവിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചെന്നും പാകിസ്ഥാനെ അനുകൂലിച്ചെന്നും കളവായ ആരോപണം ഉന്നയിച്ചുകൊണ്ടാണ് കനയ്യകുമാറിനെ ജയിലിലടച്ചത്. ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ആര്‍ എസ് എസ് സംഘപരിവാരം ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രിമാര്‍ ആ ആവശ്യത്തിന് പിന്തുണ നല്‍കി. കനയ്യകുമാര്‍ നിരപരാധിയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ ആര്‍ എസ് എസ് സംഘപരിവാരത്തിന് എന്താണ് പറയാനുള്ളത്? ഈ വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തയ്യാറാവുമോ?

സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പിയെ ഉപയോഗിച്ച് ജെ എന്‍ യു ക്യാമ്പസില്‍ വര്‍ഗീയ അരാജകത്വം അഴിച്ചുവിട്ട ആര്‍ എസ് എസ് വെറുതെയിരിക്കുകയായിരുന്നില്ല. അവര്‍ പട്യാല കോടതിവളപ്പില്‍ സംഘര്‍ഷമുണ്ടാക്കി. അഭിഭാഷക വേഷത്തില്‍ കോടതി വളപ്പില്‍ കയറിക്കൂടിയ ആര്‍ എസ് എസ് ഗുണ്ടകളും കുറേ ആര്‍ എസ് എസുകാരായ അവിടെ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെയൊക്കെ അഭിഭാഷക വേഷത്തില്‍ നുഴഞ്ഞുകയറിയ ആര്‍ എസ് എസ് സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍വരെ പ്രാണഭയത്താല്‍ ചകിതരായി. ക്രമസമാധാനം പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് അധികാരികളാവട്ടെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.
ആര്‍ എസ് എസ് സംഘപരിവാരത്തിലെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പിയെ ഉപയോഗിച്ച് ക്യാമ്പസുകളില്‍ കലാപം അഴിച്ചുവിടാനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികളും പൊതുസമൂഹവും പ്രതിഷേധം ഉയര്‍ത്തുകയാണ്. അപ്പോഴാണ് ആര്‍ എസ് എസിന്റെ ഉന്നത നേതാവായ ജോയിന്റ് സെക്രട്ടറി ദത്താത്രേയ, എല്ലാ സര്‍വകലാശാലയിലും രാജ്യദ്രോഹികളായ വിദ്യാര്‍ഥികളുണ്ടെന്നും അവരെ കൂട്ടത്തോടെ പുറത്താക്കണമെന്നും പറയുന്നത്. അധികാരവും ബലവും പ്രയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന അസഹിഷ്ണുതയുടെ ശബ്ദമാണ് ദത്താത്രേയയുടേത്.

ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മഹത്തായ പാരമ്പര്യമുള്ള പേരുകേട്ട സര്‍വകലാശാലയാണ്. അഖില ഭാരത വിദ്യാര്‍ഥി പരിഷത്ത് (എബിവിപി) ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കൂട്ടരുടെ നേതൃത്വത്തില്‍ ജെ എന്‍ യുവില്‍ മാത്രമല്ല ഇന്ത്യയുടെ വിവിധ സര്‍വകലാശാലകളില്‍ നടക്കുന്ന ആക്രമണങ്ങളും കൈയേറ്റങ്ങളും അതിരുകടക്കുകയാണ്. ആര്‍എസ്എസിന്റെ പരിവാര്‍സംഘടനകളില്‍ ഒന്നാണ് എബിവിപി. സംഘപരിവാര്‍ സംഘടനകളുടെ പൊതുവായ പ്രവര്‍ത്തനരീതി എബിവിപിയും അംഗീകരിക്കുന്നുണ്ട്. മോഡിയുടെ ഭരണകാലത്ത് അത് നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

എബിവിപി മുന്നോട്ടുവെക്കുന്ന അറുപിന്തിരിപ്പന്‍ ആശയഗതികള്‍ എല്ലാ വിദ്യാര്‍ഥികളും അംഗീകരിക്കണമെന്നാണ് അവരുടെ നിര്‍ബന്ധം. ഈ ശാഠ്യത്തിനു വഴങ്ങാന്‍ തയ്യാറല്ലാത്ത വിദ്യാര്‍ഥികളെ ശാരീരികമായി അക്രമിക്കുകയും അധികാരം ദുര്‍വിനിയോഗം ചെയ്ത് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് രാജ്യത്ത് പതിവായിരിക്കുന്നു. സിലബസ്, പാഠപുസ്തകം എന്നിവ കാവിവല്‍ക്കരിക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.

19-Feb-2016