ആരാണ് മാപ്പ് പറയേണ്ടത്‌?

വീണാ ജോര്‍ജ്ജിനെ അപായപ്പെടുത്താന്‍ വന്നത് മുഖം മറച്ച ഒരു ഹെല്‍മറ്റ് മനുഷ്യനാണ്. മുഖം വ്യക്തമാക്കാത്ത ഒരാള്‍. ഒരു ശരീരവും ഹെല്‍മറ്റിട്ടതലയും ബൈക്കുമാണ് അവരുടെ മനസിലുള്ളത്. വീണയുടെ പരാതി ലഭിച്ച പോലീസ് അന്വേഷണം നടത്തി, കുറ്റംനടത്തിയയാളെന്ന പേരില്‍ പോലീസ്‌ പിടിച്ചുക്കൊണ്ടുവന്നതാണ് സനോജിനെ. ഇയാളെ പിടിച്ച ശേഷം വീണയെ മൊബൈലില്‍ വിളിച്ച് പോലീസ് പറയുന്നത്, പ്രതിയെ കിട്ടി ഒന്ന് പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നാണ്. അവര്‍ അവിടെ കണ്ട യുവാവിന്റെ തലയില്‍ ഹെല്‍മറ്റ് വെച്ചപ്പോള്‍ അവരെ ഉപദ്രവിച്ച ശരീരത്തോട് സാദൃശ്യം തോന്നിയതുകൊണ്ടാണല്ലൊ, 'ഇവനാണെന്ന് തോന്നുന്നു' എന്ന് വീണയ്ക്ക് പറയാന്‍ സാധിച്ചത്. വീണാജോര്‍ജ്ജിന് പകരം ഗിരീഷ് ജനാര്‍ദ്ദനനാണ് അവിടെയെങ്കിലും ഈ മറുപടി മാത്രമേ ഉണ്ടാവുകയുള്ളു. പക്ഷെ, ഗിരീഷ് ജനാര്‍ദ്ദനന്‍ വീണാ ജോര്‍ജ്ജ് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെടുന്നത്! അവിടെയാണ് ഗിരീഷിന് പിഴക്കുന്നത്. 

വസന്തം പൂവുനീട്ടുന്നതുപോലുള്ള എഴുത്തുകളിലൂടെ കൊതിപ്പിക്കുന്ന, ആരാധിപ്പിക്കുന്ന ഗിരീഷ് ജനാര്‍ദ്ദന്‍ ഒരു വികാരജീവിയാണ്. ഫേസ്ബുക്ക് സൗഹൃദത്തിനിടയിലുള്ള സംസാരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ എഴുത്തുകളില്‍ നിന്നും വ്യക്തിബന്ധങ്ങളെ വളരെ വികാരപരമായി നോക്കി കാണുന്ന വ്യക്തിയാണ് അദ്ദേഹമെന്നാണ് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ചെറിയ കാര്യങ്ങള്‍ക്കൊണ്ട് പിണങ്ങുകയും അതിലേറെ എളുപ്പത്തില്‍ ഇണങ്ങുകയും ചെയ്യുന്ന ഗിരീഷ് ജനാര്‍ദ്ദന്‍ വളരെ വികാരനിര്‍ഭരമായി ഇട്ടൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു വിവാദം ഉടലെടുത്തിരിക്കയാണ്. പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകയും ഇപ്പോള്‍ ആറന്‍മുള നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയുമായ വീണാ ജോര്‍ജ്ജാണ് ഗിരീഷ് ജനാര്‍ദ്ദനന്റെ വിമര്‍ശനത്തിന് പാത്രമാകുന്നത്. ഗിരീഷ് ജനാര്‍ദ്ദനന്റെ ഉദ്ദേശശുദ്ധി, അദ്ദേഹം നിരപരാധിയാണെന്ന് വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരനെ കുറ്റവാളിയെന്ന് മുദ്രചാര്‍ത്തിയിരിക്കുന്നത് ഒഴിവാക്കി കിട്ടുക എന്നതാണ്. അദ്ദേഹത്തിന് ആ ചെറുപ്പക്കാരന്‍ കുറ്റവാളിയല്ലെന്ന് അത്രമേലുറപ്പുണ്ട്. ഗിരീഷ് ജനാര്‍ദ്ദനന്‍ പറയുന്നത് ശരിയാണെങ്കില്‍ തീര്‍ച്ചയായും ആ ചെറുപ്പക്കാരന് മുന്നില്‍ നീതിയുടെ പ്രകാശം തെളിഞ്ഞുകത്തണം. അത് തെളിയിക്കേണ്ടത് വീണ ജോര്‍ജ്ജല്ല. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ്. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ്. പോലീസ് വകുപ്പാണ്.

ഗിരീഷ് ജനാര്‍ദ്ദനനെ പോലെ രാജ്യത്തെ ഒരു പൗര മാത്രമാണ് വീണ ജോര്‍ജ്ജ്. വീണയ്ക്ക് സവിശേഷമായി പ്രത്യേക അധികാരങ്ങളൊന്നും തന്നെയില്ല. ഗിരീഷ് ജനാര്‍ദ്ദനനായാലും വീണയായാലും ഒരു ആക്രമണത്തിനിരയായാല്‍ സ്വാഭാവികമായും പോലീസില്‍ പരാതി നല്‍കും. വീണാ ജോര്‍ജ്ജും അത്തരത്തിലൊരു പരാതിയാണ് നല്‍കിയത്. ഒരു ദിവസം രാവിലെ സ്വന്തം കുഞ്ഞിനെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ഹെല്‍മറ്റിട്ട് ബൈക്കില്‍ വന്ന അക്രമി, വീണ ജോര്‍ജ്ജിനെ അപായപ്പെടുത്താനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. വീണ പറയുന്നത് ഇങ്ങനെയാണ് : ''കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിട്ടതിനു ശേഷം മടങ്ങുമ്പോള്‍ ഞങ്ങളുടെ വാടകവീട്ടിലേക്കുള്ള സ്വകാര്യ വഴിയില്‍ പതിയിരുന്ന് ആക്രമിക്കുകയും ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അജ്ഞാതനായ അക്രമിയെ കണ്ടുപിടിച്ച് നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണം എന്ന് ഞാന്‍ പരാതി കൊടുത്തു. സംഭവം നടന്നിട്ട് അഞ്ചു മാസമാകുന്നു. ബഹളം കേട്ട് ആളുകള്‍ ഓടി വന്നപ്പോഴാണ് അക്രമി ബൈക്കില്‍ രക്ഷപെട്ടത്. അന്ന് ആളുകള്‍ ഓടി വന്നില്ലായിരുന്നെങ്കില്‍ മറ്റൊരു സൗമ്യ കൂടി ഉണ്ടാകുമായിരുന്നു.'' ഇങ്ങനെയുണ്ടായാല്‍ സ്വാഭാവികമായും ആരും പോലീസില്‍ പരാതി നല്‍കും. അതേ വീണയും ചെയ്തുള്ളു.

ഗിരീഷ് ജനാര്‍ദ്ദനന്‍ ഈ വിഷയത്തെ വേറൊരു വീക്ഷണകോണിലാണ് കാണുന്നത്. അതിലാവട്ടെ ശരിയും തെറ്റുമുണ്ട്. ഗിരീഷ് ജനാര്‍ദ്ദനന്റെ ശരിയെന്താണ്? അപരന്റെ കണ്ണുനീര്‍, വേദന ഇവ സ്വാംശീകരിക്കാനുള്ള കഴിവ്. അവ തന്റേതാക്കി ഇടപെടുന്ന മനുഷ്യത്വം. വീണയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കണ്ടപ്പോള്‍, അയാള്‍ നിരപരാധിയാണെന്ന് മനസിലാക്കിയപ്പോള്‍, യുവാവിന്റെയും യുവാവിന്റെ അമ്മയുടെയും സങ്കടം പെയ്തിറങ്ങിയപ്പോള്‍ ഗിരീഷ് ജനാര്‍ദ്ദനന്റെ ഉള്ളില്‍ ധാര്‍മിക രോഷം അലയടിച്ചു. അദ്ദേഹം പ്രതികരിച്ചു. ഇത്തരം രോഷങ്ങള്‍ തീര്‍ച്ചയായും അലയടിക്കാനുള്ളത് തന്നെയാണ്. മുമ്പും ഗിരീഷ് ജനാര്‍ദ്ദനില്‍ ഇത്തരം അലയടികള്‍ ഉണ്ടായിട്ടുമുണ്ട്. ഒരു മന്ത്രിയെവരെ അദ്ദേഹം ഫോണിലൂടെ ശക്തമായി വിമര്‍ശിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വായിച്ചത് ഓര്‍മയിലുണ്ട്. പക്ഷെ, ഇവിടെ ഗിരീഷ് ജനാര്‍ദ്ദനന്‍ വിമര്‍ശനത്തിന്റെ കുന്തമുന തിരിക്കുന്നത് വീണാജോര്‍ജ്ജിന് നേരെയാണ്.
ഗിരീഷ് ജനാര്‍ദ്ദന്‍ എഴുതുന്നു : ''പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും വൈകാതെ വന്നുചേര്‍ന്നു. പൊലീസ് ചോദിച്ചു; ഇവരെ നിനക്കറിയുമോ?
സനോജ് പറഞ്ഞു; അറിയും, ടിവിയില്‍ വാര്‍ത്ത വായിക്കുന്നതു കണ്ടിട്ടുണ്ട്...
മുഖമടച്ചൊരു അടി കിട്ടി. അല്ലാതെ നീയിവരെ കണ്ടിട്ടില്ലേടാ പുന്നാരമോനേ...
പൊലീസ് സനോജിന്റെ തലയില്‍ ഒരു ഹെല്‍മെറ്റ് വച്ചുകൊടുത്തിട്ട് വീണയോട് ചോദിച്ചു; ഇവനാണോ മാഡം?
യുവതിക്ക് സംശയമില്ലായിരുന്നു; ഇവനാണ്, ഇവനാണെന്നു തോന്നുന്നു.'' വീണാജോര്‍ജ്ജിന് സംശയമില്ലെങ്കില്‍ ഗിരീഷ് ജനാര്‍ദ്ദനന് 'ഇവനാണെന്ന് തോന്നുന്നു' എന്ന് എഴുതേണ്ടി വരില്ലായിരുന്നു. 'ഇവനാണ്' എന്നതിനിപ്പുറം ഒരു പൂര്‍ണവിരാമത്തില്‍ നിര്‍ത്താന്‍ സാധിക്കുമായിരുന്നു.

വീണാ ജോര്‍ജ്ജിനെ അപായപ്പെടുത്താന്‍ വന്നത് മുഖം മറച്ച ഒരു ഹെല്‍മറ്റ് മനുഷ്യനാണ്. മുഖം വ്യക്തമാക്കാത്ത ഒരാള്‍. ഒരു ശരീരവും ഹെല്‍മറ്റിട്ടതലയും ബൈക്കുമാണ് അവരുടെ മനസിലുള്ളത്. വീണയുടെ പരാതി ലഭിച്ച പോലീസ് അന്വേഷണം നടത്തി, കുറ്റംനടത്തിയയാളെന്ന പേരില്‍ പോലീസ്‌ പിടിച്ചുക്കൊണ്ടുവന്നതാണ് സനോജിനെ. ഇയാളെ പിടിച്ച ശേഷം വീണയെ മൊബൈലില്‍ വിളിച്ച് പോലീസ് പറയുന്നത്, പ്രതിയെ കിട്ടി ഒന്ന് പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നാണ്. അവര്‍ അവിടെ കണ്ട യുവാവിന്റെ തലയില്‍ ഹെല്‍മറ്റ് വെച്ചപ്പോള്‍ അവരെ ഉപദ്രവിച്ച ശരീരത്തോട് സാദൃശ്യം തോന്നിയതുകൊണ്ടാണല്ലൊ, 'ഇവനാണെന്ന് തോന്നുന്നു' എന്ന് വീണയ്ക്ക് പറയാന്‍ സാധിച്ചത്. വീണാജോര്‍ജ്ജിന് പകരം ഗിരീഷ് ജനാര്‍ദ്ദനനാണ് അവിടെയെങ്കിലും ഈ മറുപടി മാത്രമേ ഉണ്ടാവുകയുള്ളു.

പക്ഷെ, ഗിരീഷ് ജനാര്‍ദ്ദനന്‍ വീണാ ജോര്‍ജ്ജ് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെടുന്നത്! അവിടെയാണ് ഗിരീഷിന് പിഴക്കുന്നത്. ഗിരീഷ് പറയുന്നു :''സനോജ് പതിനാലു ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലില്‍ അയാള്‍ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി. അപ്പന്‍ ഒരുനാള്‍ വന്ന് അഴികള്‍ക്കിപ്പുറം നിന്ന് അയാളെ സമാധാനിപ്പിച്ചു. നീ സങ്കടപ്പെടരുത്, നീ ജോലി ചെയ്ത സ്ഥലത്തെ വീഡിയോ കിട്ടിയിട്ടുണ്ട്... ആ പെണ്ണുമ്പിള്ള പറയുന്ന സമയത്തൊക്കെ നീ മണല്‍ പാര്‍ക്കിലുണ്ടെന്ന്് വീഡിയോയിലുണ്ട്...
മണല്‍പാര്‍ക്കിലെ ക്ഷുഭിതരായ ജീവനക്കാര്‍ വീണയെ ഫോണില്‍ വിളിച്ചു; മാഡം, നിങ്ങളിവിടെ വരൂ.. ഈ സിസി ടിവി ദൃശ്യങ്ങള്‍ കാണൂ.. നിങ്ങള്‍ കാരണം ജയിലില്‍ക്കിടക്കുന്ന സനോജ് ആ ദിവസം ഉച്ചവരെ ഇവിടെയുണ്ടായിരുന്നു എന്നു നിങ്ങളെ ഞങ്ങള്‍ ബോധ്യപ്പെടുത്താം.
വീണ പേടിച്ചു; അയാളുടെ ബന്ധുക്കളൊന്നും അവിടെയില്ലെങ്കില്‍ ഞാന്‍ വരാം.
വീണയും ഭര്‍ത്താവും മണല്‍ പാര്‍ക്കിലെത്തി, വീഡിയോ കണ്ടു. താടിക്കു കൈകൊടുത്ത് മഹാ മാധ്യമപ്രവര്‍ത്തക ഇരുന്നതായി അന്നവിടെയുണ്ടായിരുന്ന സനോജിന്റെ സഹോദരന്‍ എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഏങ്ങിക്കരഞ്ഞത് ഞാനോര്‍ക്കുന്നു.'' ഇവിടെ ഗിരീഷ് ജനാര്‍ദ്ദനന്റെ വിവേകം പൂര്‍ണമായും വികാരത്തിന് അടിപ്പെട്ടുപോവുകയാണ്. ആരോപിതനായ വ്യക്തി റിമാന്‍ഡിലാണ്. ജയിലിലാണ്. അത് വീണ കൊടുത്ത പരാതിയെ തുടര്‍ന്നാണ് എന്നത് വസ്തുതയാണ്. ആ സമയത്ത് കോടതിക്ക് മുന്നിലുള്ള വിഷയത്തില്‍ വീണാജോര്‍ജ്ജ് ദൃശ്യം കണ്ട് തലയില്‍ കൈവെച്ചിരുന്നിട്ട് എന്ത് കാര്യം? അപ്പോള്‍ അവര്‍ പോലീസിനെ വിളിച്ച് ആ ചെറുപ്പക്കാരനല്ല, അയാള്‍ ആ സമയത്ത് വേറെ സ്ഥലത്തായിരുന്നു ഞാനാ ദൃശ്യം കണ്ടു എന്ന് പറഞ്ഞാല്‍ സനോജിനെ ജയിലില്‍ നിന്ന് ഇറക്കിവിടുമോ? ഈ തെളിവ് സനോജിനെ റിമാന്‍ഡ് ചെയ്ത കോടതിക്ക് മുന്നില്‍ ഹാജരാക്കിയാല്‍ മാത്രമേ ആ വിഷയം തീരുകയുള്ളു. അതില്‍ വീണാജോര്‍ജ്ജ് എങ്ങിനെയാണ് അപരാധി ആവുന്നത്? ഈ ദൃശ്യം കണ്ടതിന് ശേഷമാണ് വീണ പരാതി കൊടുത്തത്‌ എങ്കില്‍ തീര്‍ച്ചയായും വീണ അപരാധി ആയേനെ.

ഗിരീഷ് ജനാര്‍ദ്ദനന്റെ പോസ്റ്റിന് തുടര്‍ച്ചയായി, അദ്ദേഹം ഉയര്‍ത്തുന്ന മാപ്പ് പറയണമെന്ന വാദത്തിന് ഐക്യദാര്‍ഡ്യം നല്‍കി ടി സി രാജേഷ്‌സിന്ധു എഴുതുന്നു : ''ഒരു സ്ത്രീ ഏതു സാഹചര്യത്തിലായാലും ആക്രമിക്കപ്പെടുന്നതിനെതിരെ പരാതി നല്‍കുന്നത് തെറ്റല്ലെന്നു മാത്രമല്ല, തികഞ്ഞ ശരിയുമാണ്. അത് പ്രശസ്തരായാലും അപ്രശസ്തരായാലും. പക്ഷേ, ആ ആക്രമണത്തിന്റെ പേരില്‍ പൊലീസ് പിടിക്കുന്നത് യഥാര്‍ഥ കുറ്റവാളിയാണെന്ന് ബോധ്യമുണ്ടെങ്കില്‍ മാത്രമേ അതിനെ പിന്തുണയ്ക്കാവൂ. അല്ലെങ്കില്‍ അവരും ഇരകള്‍ തന്നെയായിരിക്കുമെന്ന കാര്യം മറക്കരുത്.'' അതായത് വീണാ ജോര്‍ജ്ജ് ഹെല്‍മറ്റിട്ട സനോജിന്റെ ശരീരം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇയാളാണോയെന്ന് എനിക്കറിയില്ല എന്ന് പറയണമായിരുന്നു, അല്ലെങ്കില്‍ വീണ സ്വന്തം നിലയില്‍ അന്വേഷണം നടത്തി അയാളാണോ വേറെ വല്ലവരുമാണോ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്ന് ഉറപ്പ് വരുത്തി സ്വന്തം നിലയില്‍ കുറ്റവാളിയെ കണ്ടുപിടിച്ച് സ്റ്റേഷനില്‍കൊണ്ടുവന്ന് പരാതിയില്‍ ഉറച്ചുനില്‍ക്കണമായിരുന്നു. ഇത് ഈ നാട്ടില്‍ നടക്കുന്ന കാര്യമാണോ? കുറ്റവാളിയെ പിടിച്ചു എന്ന് പറഞ്ഞാണ് വീണ ജോര്‍ജ്ജിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നത്. പിടിച്ചത് യഥാര്‍ത്ഥനെയാണോ, വ്യാജനെയാണോ എന്ന് സ്വാഭാവികമായും അപ്പോള്‍ ആരായാലും അന്വേഷിക്കില്ല. കുറ്റവാളിയാണെന്ന് പറയപ്പെടുന്ന ആളുമായി ഞെളിഞ്ഞിരിക്കുന്ന പോലീസിനോട് ഇത് യഥാര്‍ത്ഥ കുറ്റവാളി തന്നെയല്ലേ എന്ന് അന്വേഷിച്ചുറപ്പ് വരുത്തണമെന്ന് പറയുന്നതിലെ യുക്തി തീര്‍ത്തും ബാലിശമാണ്.

ഇവിടെ മാപ്പ് പറയേണ്ടത് വീണാ ജോര്‍ജ്ജല്ല. ഈ വിഷയത്തില്‍ ഇടപെട്ട ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ്. വീണയുടെ പരാതിയില്‍ നടപടികളെടുക്കാതെ പോലീസ് ഉരുണ്ടുകളിച്ചപ്പോള്‍ ആഭ്യന്തര മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അപ്പോള്‍ പോലീസ് ഉണ്ടാക്കിയ പ്രതിയാണ് ഗിരീഷ് ജനാര്‍ദ്ദനന്‍ പറയുന്ന സനോജ്. അദ്ദേഹം നിരപരാധിയാണെന്ന് പോലീസിനറിയാം. മണല്‍പാര്‍ക്കില്‍ സിസിടിവി ഉണ്ടെന്നും അതില്‍ സനോജിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നും അത് കോടതിയിലേക്ക് വരുമ്പോള്‍ ഈ കേസ് തള്ളിപ്പോകുമെന്നും പോലീസിനറിയാം. വീണാ ജോര്‍ജ്ജിനെ ആക്രമിച്ച വ്യക്തിയെ(ഗൂഡാലോചന നടത്തിയ വ്യക്തികളെ) സംരക്ഷിക്കുകയാണ് പോലീസ്. ഇവിടെ വിഡ്ഢിയാക്കപ്പെടുന്നത് വീണാജോര്‍ജ്ജാണ്. അവരാണ് ഇര. അവരെ പീഡിപ്പിക്കാന്‍, അപായപ്പെടുത്താന്‍ ശ്രമിച്ച അക്രമി(കള്‍) ഇവിടെ രക്ഷപ്പെടുകയാണ്. ഗിരീഷും രാജേഷും മാപ്പ് വേണമെന്ന വാദം മുന്നോട്ട് വെക്കുന്നതിലൂടെ ഇത്തരം അക്രമണങ്ങളുണ്ടായാല്‍ ഇനി സ്ത്രീകള്‍ പരാതി കൊടുക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം എന്ന സന്ദേശം കൂടിയാണ് മുന്നോട്ടുവെക്കുന്നത്.

ഗിരീഷ് ജനാര്‍ദ്ദനനും ടി സി രാജേഷ്സിന്ധുവുമൊക്കെ വീണ മാപ്പ് പറയണം എന്നല്ല, ആഭ്യന്ത വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മാപ്പ് പറയണമെന്നാണ് ആവശ്യപ്പെടേണ്ടത്. ഏപ്രില്‍ നാലിനാണ് ഗിരീഷ് ജനാര്‍ദ്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. അത് പലരും ഏറ്റെടുത്തു. ചര്‍ച്ചയായി. രാജേഷിനെ പോലുള്ളവര്‍ പക്ഷം പിടിച്ചു. രമേശ് ചെന്നിത്തലയും പോലീസ് അധികാരികളും ഈ ചര്‍ച്ചകളെല്ലാം കാണുന്നുണ്ട്. പക്ഷെ, രാഷ്ട്രീയലാഭം മുന്‍നിര്‍ത്തി അവര്‍ നിശബ്ദത പാലിക്കുന്നു. ആറന്‍മുളയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ ഇകഴ്ത്താന്‍ ഗിരീഷ് ജനാര്‍ദ്ദനന്റെയും രാജേഷിന്റെയും മറ്റ് മാധ്യമ സുഹൃത്തുക്കളുടെയും വാദഗതിയെ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന അന്വേഷണത്തിലാണ് ചെന്നിത്തല. ആഭ്യന്തരമന്ത്രി അറിഞ്ഞുകൊണ്ടാണോ അക്രമികളെ രക്ഷിക്കുന്ന ഈ നാടകം അരങ്ങേറിയത് എന്ന് നമുക്കറിയില്ല. വീണാ ജോര്‍ജ്ജിനെ ആക്രമിച്ച വ്യക്തി ആര്‍ എസ് എസുകാരനാണെങ്കില്‍ തീര്‍ച്ചയായും രമേശ് ചെന്നിത്തല അയാളെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നതില്‍ സംശയം വേണ്ട.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നമ്മുടെ നാട്ടില്‍ 5982 ബലാല്‍ത്സംഗങ്ങളാണ് നടന്നത്. 2935 കുട്ടികളെയും ബലാല്‍സംഗം ചെയ്തു. സ്ത്രീകള്‍ക്കെതിരായ മാനഭംഗശ്രമം 20201 എണ്ണമാണ്. ഈ നാട്ടില്‍, വീണാജോര്‍ജ്ജിന്റെ മാപ്പ് കൊണ്ട് പ്രിയപ്പെട്ട ഗിരീഷ് ജനാര്‍ദ്ദനനും ടി സി രാജേഷ്‌സിന്ധുവിനും അവരുടെ വാദങ്ങള്‍ ശരിയെന്ന് പറയുന്ന മറ്റ് സുഹൃത്തുക്കള്‍ക്കും എന്ത് നീതിയാണ് ലഭിക്കുക. സനോജിനും അദ്ദേഹത്തിന്റെ അമ്മയ്ക്കും തീര്‍ച്ചയായും ആ മാപ്പ് ആവശ്യമുണ്ടാവില്ല. ഇരയുടെ വേദന അവര്‍ക്കും അറിവുള്ളതല്ലൊ. 

09-Apr-2016