സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വായിച്ചറിയാന്‍
പ്രീജിത്ത് രാജ്
സിപിഐ എം ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയല്ല. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പൊതുവായ ഉള്ളടക്കം ഭരണവര്‍ഗ രംഗത്ത് പോലും നടക്കുന്ന പാര്‍ലമെന്ററി സംവിധാനത്തിലൂടെ തന്നെ എല്ലാം നേടാനാവുമെന്നുള്ള സങ്കല്‍പ്പമാണ്. അത് ഒരിക്കലും പ്രായോഗികമല്ല. എന്നാല്‍, സിപിഐ എം പാര്‍ലമെന്ററി സംവിധാനത്തിലൂടെ ഇടപെടല്‍ നടത്തുന്നതിനെ തള്ളിക്കളയുന്നില്ല ആ സംവിധാനത്തെ ഉപയോഗപ്പെടുത്തി, ജനകീയ അടിത്തറ വിപുലീകരിച്ച്, ജനകീയ ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങളെ അണിനിരത്തുകയാണ് പാര്‍ട്ടി. അതിനോടൊപ്പം പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളിലും ജനങ്ങളെ അണിനിരത്തേണ്ടതുണ്ട്. അപ്പോള്‍, പാര്‍ലിമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റേതര പ്രവര്‍ത്തനവും ഏകോപിപ്പിച്ച്, എല്‍ ഡി എഫ് മുന്നണി കെട്ടിപ്പടുത്തുകൊണ്ട് അതിവിപുലമായ ജനകീയ അടിത്തറ രൂപപ്പെടുത്തുകയും ഭരണകൂട വ്യവസ്ഥയ്ക്ക് പകരം ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്നതുമാണ് സിപിഐ എം ലക്ഷ്യം. എല്ലാ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്നും തിരുത്തല്‍വാദ പാര്‍ട്ടികളില്‍ നിന്നും സെക്‌ടേറിയന്‍ പാര്‍ട്ടികളില്‍ നിന്നും സിപിഐ എം വ്യതിരക്തമാകുന്നത് മേല്‍പ്പറഞ്ഞ പ്രത്യേകതകളുടെ അടിസ്ഥാനത്തിലാണ്. ഈ അടിസ്ഥാനപരമായ മാറ്റങ്ങളെ ഏതെങ്കിലും ഒരുപദേശകന് ഉപദേശിച്ച് ഇല്ലാതാക്കാന്‍ സാധിക്കില്ല. ആ പ്രാഥമിക അറിവ് ഉപദേശകന്‍മാര്‍ വന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ദുര്‍ബലപ്പെടും എന്ന് ഉറഞ്ഞുതുള്ളുന്നവര്‍ക്കില്ല എന്നതാണ് വാസ്തവം. |
തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുള്ളില്‍ തന്നെ ഉയര്‍ന്നുവന്ന പരിഷ്‌കരണ പ്രത്യയശാസ്ത്രമായിരുന്നു മുമ്പ് സോഷ്യല്‍ ഡെമോക്രസി. മുതലാളിത്തവുമായി സമരസപ്പെട്ടുപോകാനും മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനുമാണ് സോഷ്യല്‍ ഡെമോക്രാറ്റിക്കുകള്‍ വാദിച്ചത്. ആഗോളവത്കൃത ധന മൂലധനത്തിന്റെ കാലഘട്ടത്തില്‍ സോഷ്യല്‍ ഡമോക്രസിക്ക് പരിവര്‍ത്തനം സംഭവിച്ചു. ബൂര്‍ഷ്വാ വ്യവസ്ഥിതിക്കുള്ളിലേക്ക് അത് ഉള്‍ചേര്‍ത്തപ്പെട്ടു. നവ ലിബറല്‍ നയങ്ങളെ ഇക്കൂട്ടര്‍ ന്യായീകരിക്കുന്ന അവസ്ഥയിലേക്ക് പരിഷ്‌കരണ വാദം മാറി. മൂലധനവാഴ്ചയുടെ അനുബന്ധം എന്ന നിലയിലുള്ള അവരുടെ പങ്കിനെ തുറന്നു കാണി്ക്കാനുള്ള ബാധ്യത മാര്‍ക്‌സിസ്റ്റുകാര്‍ക്കുണ്ട്. പക്ഷെ, സോഷ്യല്‍മീഡിയയില്‍ സോഷ്യല്‍ ഡെമോക്രസിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് അത് പറിമരുന്നോ, അങ്ങാടിമരുന്നോ എന്ന് അറിയാതെയാണെന്ന് തോന്നുന്നു.
സിപിഐ എം നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡി എഫ് സര്‍ക്കാര്‍, ജനക്ഷേമ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്. കേരളത്തിലെ കുത്തക മാധ്യമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വിവാദത്തിലകപ്പെടുത്താന്‍ വേണ്ടി ചില ചര്‍ച്ചകള്‍ ഉയര്‍ത്തിവിടുന്നുണ്ട്. അതില്‍ ഏറ്റവും പുതിയ ഒന്നാണ് മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവിനെ കുറിച്ചുള്ള വിവാദം. ഗീത ഗോപിനാഥ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞ, മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ ഡി എഫ് സര്‍ക്കാരിനെയും സാമ്രാജ്യത്വത്തിന്റെ നുകത്തില്‍ കെട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉദാരവത്കരണ-സ്വകാര്യവത്കരണ നയങ്ങളുടെ വക്താക്കളായി മാറുമെന്നും വിമര്‍ശകര്‍ ഉറപ്പിച്ച് പറയുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക്കുകള്‍ എന്നവകാശപ്പെടുന്ന ചിലരാവട്ടെ, എല്‍ ഡി എഫ് സര്‍ക്കാര്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാതയിലൂടെയാണ് നടക്കുന്നതെന്ന് സമര്‍ത്ഥിച്ച് അര്‍മാദിക്കുന്നു. ഒരിക്കലും സിപിഐ എം നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാരിന് സോഷ്യല്‍ ഡെമോക്രാറ്റിക് നയങ്ങളുടെ വക്താക്കളാകാന്‍ സാധിക്കില്ല എന്ന വസ്തുതയെ മൂടിവെച്ചുകൊണ്ടാണ് ഇത്തരം പിത്തലാട്ടങ്ങള്‍ നടക്കുന്നത്.
ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോ. ഇത് നടപ്പിലാക്കുന്നത് വഴി എല്‍ ഡി എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ജനക്ഷേമനയങ്ങള്‍ നടപ്പിലാക്കുക എന്നതാണ്. നിലവിലുള്ള ഭരണകൂട വ്യവസ്ഥിതിയില്‍ ആ ലക്ഷ്യം നടപ്പിലാക്കാന്‍ വെല്ലുവിളികളുണ്ട്. അതിനെ മറികടക്കാനുള്ള ഇച്ഛാശക്തിയും കാഴ്ചപ്പാടും സിപിഐ എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് സര്‍ക്കാരിനുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍, ഒരു സോഷ്യലിസ്റ്റ് സര്‍ക്കാരല്ല എന്ന വസ്തുതയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. നമ്മുടെ രാജ്യത്ത് നിലവിലുള്ളത് കുത്തക മുതലാളിത്ത-സാമ്രാജ്യത്വ-ഭൂപ്രഭുത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂട വ്യവസ്ഥയാണ്. കോര്‍പ്പറേറ്റ് മേധാവിത്വമാണ് ഈ ഭരണകൂടത്തെ നയിക്കുന്നത്. കോണ്‍ഗ്രസ് - ബി ജെ പി കക്ഷികള്‍ ഭരിക്കുമ്പോള്‍ നിലവിലുള്ള ഭരണകൂട വ്യവസ്ഥയെ മാറ്റി പുതിയൊരു വ്യവസ്ഥ സൃഷ്ടിക്കണമെന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എം.
സോഷ്യല്‍ ഡെമോക്രാറ്റിക്കുകള്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ ഇടതുപക്ഷമാവാന്‍ സാധിക്കില്ല. അവര്‍ ഇടതുപക്ഷ മുഖംമൂടി അണിയുകയും വലതുപക്ഷത്തെ പ്രതിരോധിക്കാതെ അവരുടെ കൂടെ ചേര്‍ന്നു നില്‍ക്കുകയുമാണ്. ഒരു നാണയത്തിന്റെ രണ്ടുവശം പോലെ ബൂര്‍ഷ്വാ പാര്‍ട്ടികളും സോഷ്യല്‍ ഡെമോക്രാറ്റിക്കുകളും ഒത്തുചേര്‍ന്ന് പോകുന്നു. നിലവിലുള്ള ഭരണകൂട വ്യവസ്ഥയെ മാറ്റി പുതിയൊരെണ്ണം അധികാരത്തില്‍ വരണമെന്ന് ഇക്കൂട്ടര്‍ക്ക് ഒരു താല്‍പ്പര്യവുമില്ല. ഇത്തരം നിലപാടുകള്‍ മുന്നോട്ടുവെക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക്കുകള്‍ സാമ്രാജ്യത്വത്തിന് അനുബന്ധമായി മാറിയിരിക്കുന്നു എന്നത് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും.
ഭരണഘടന അനുശാസിക്കുന്നത് പോലെ ഇന്ത്യന്‍ ഭരണകൂടത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ലജിസ്ലേറ്ററും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലജിസ്ലേറ്റര്‍ മാത്രമേ ഇവിടെ മാറ്റത്തിന് വിധേയമാവുന്നുള്ളു. ജുഡീഷ്യറിയും എക്‌സിക്യുട്ടീവും തുടരുക തന്നെയാണ്. ആ പരിമിതിയെ കാണാതെ പോകരുത്. കേരളത്തിലും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തുന്ന സര്‍ക്കാറിന്, ഇന്ത്യന്‍ ഭരണകൂടത്തിന്റെ താല്‍പ്പര്യവുമായി ബന്ധപ്പെട്ട്, അതിന്റെ വര്‍ഗഘടനയുടെ ചുറ്റുവട്ടത്ത് നിന്നുകൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു. അങ്ങിനെ വരുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം മുതലാളിത്ത ചട്ടക്കൂടിന്റെ പരിസരത്ത് നിന്നുള്ള ഒരു ഇടതുപക്ഷ ഇടപെടലാണ്. അടിസ്ഥാനപരമായി ആവശ്യമുള്ള എല്ലാ കാര്യങ്ങളും നിര്‍വഹിച്ച് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനത്തിന്റെ ഭാഗമാകാന്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തിലെ സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ ജീവിതം അവര്‍ക്ക് ഗുണകരമാവും വിധത്തില്‍ മാറ്റിമറിക്കാനുള്ള ഇടപെടല്‍ നടത്താന്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണിയുടെ സര്‍ക്കാരിന് സാധിക്കും. കാര്‍ഷിക ഭൂപരിഷ്‌കരണവും കാര്‍ഷികമേഖലയിലെ ജന്‍മിത്വം അവസാനിപ്പിച്ചതുമൊക്കെ അത്തരത്തിലുള്ള ഇടപെടലിന്റെ ഭാഗമായാണ്. തൊഴിലാളി വര്‍ഗത്തിന് കൂലിക്കൂടുതല്‍ നേടിയെടുക്കാന്‍ സാധിച്ചതും ക്ഷേമപെന്‍ഷനുകളിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയതും തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ കാണിക്കാനാവും.
പാവപ്പെട്ട ദരിദ്രനാരായണന്‍മാരുടെ മുതുകത്ത് ആര്‍ക്കും കുതിരകയറാന്‍ സാധിക്കാത്ത വിധത്തിലുള്ളൊരു സമൂഹമായി കേരളം മാറിയത് സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ ഇത്തരത്തിലുള്ള ഇടപെടലിന്റെ ഭാഗമായി കൂടിയാണ്. പട്ടികജാതി-പട്ടിക വര്‍ഗത്തിലുള്ളവര്‍ക്കും മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കും മറ്റ് അവശ ജനവിഭാഗങ്ങള്‍ക്കും ഗുണമേന്‍മയുള്ള ജീവിതം നയിക്കാന്‍, മറ്റേത് സംസ്ഥാനത്തേക്കാളും അവസരമുള്ളത് കേരളത്തിലാണ്. അത് എല്‍ ഡി എഫിന്റെ ഇടപെടല്‍ ഉള്ളതുകൊണ്ടാണ്. എന്നാല്‍, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ സാമൂഹ്യ സാഹചര്യമല്ല ഉള്ളത്. ബൂര്‍ഷ്വാ പാര്‍ട്ടികളും സോഷ്യല്‍ ഡെമോക്രാറ്റിക് ആശയം വെച്ച് പുലര്‍ത്തുന്നവരും അവിടെയുള്ള സാധാരണക്കാരായ ജനങ്ങളുടെ ജീവിത സാഹചര്യത്തെ കൂടുതല്‍ നരകതുല്യമാക്കി മാറ്റുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
സിപിഐ എം ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയല്ല. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പൊതുവായ ഉള്ളടക്കം ഭരണവര്‍ഗ രംഗത്ത് പോലും നടക്കുന്ന പാര്‍ലമെന്ററി സംവിധാനത്തിലൂടെ തന്നെ എല്ലാം നേടാനാവുമെന്നുള്ള സങ്കല്‍പ്പമാണ്. അത് ഒരിക്കലും പ്രായോഗികമല്ല. എന്നാല്‍, സിപിഐ എം പാര്‍ലമെന്ററി സംവിധാനത്തിലൂടെ ഇടപെടല്‍ നടത്തുന്നതിനെ തള്ളിക്കളയുന്നില്ല ആ സംവിധാനത്തെ ഉപയോഗപ്പെടുത്തി, ജനകീയ അടിത്തറ വിപുലീകരിച്ച്, ജനകീയ ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങളെ അണിനിരത്തുകയാണ് പാര്‍ട്ടി. അതിനോടൊപ്പം പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളിലും ജനങ്ങളെ അണിനിരത്തേണ്ടതുണ്ട്. അപ്പോള്‍, പാര്‍ലിമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റേതര പ്രവര്‍ത്തനവും ഏകോപിപ്പിച്ച്, എല്‍ ഡി എഫ് മുന്നണി കെട്ടിപ്പടുത്തുകൊണ്ട് അതിവിപുലമായ ജനകീയ അടിത്തറ രൂപപ്പെടുത്തുകയും ഭരണകൂട വ്യവസ്ഥയ്ക്ക് പകരം ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്നതുമാണ് സിപിഐ എം ലക്ഷ്യം.
എല്ലാ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്നും തിരുത്തല്‍വാദ പാര്‍ട്ടികളില്‍ നിന്നും സെക്‌ടേറിയന്‍ പാര്‍ട്ടികളില്‍ നിന്നും സിപിഐ എം വ്യതിരക്തമാകുന്നത് മേല്‍പ്പറഞ്ഞ പ്രത്യേകതകളുടെ അടിസ്ഥാനത്തിലാണ്. ഈ അടിസ്ഥാനപരമായ മാറ്റങ്ങളെ ഏതെങ്കിലും ഒരുപദേശകന് ഉപദേശിച്ച് ഇല്ലാതാക്കാന്‍ സാധിക്കില്ല. ആ പ്രാഥമിക അറിവ് ഉപദേശകന്‍മാര്‍ വന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ദുര്‍ബലപ്പെടും എന്ന് ഉറഞ്ഞുതുള്ളുന്നവര്‍ക്കില്ല എന്നതാണ് വാസ്തവം.
കേരളത്തിലെ ഗവണ്‍മെന്റ്, ബദല്‍ വികസന സങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു സര്‍ക്കാരാണ്. നവ ഉദാരവത്കരണ- സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങള്‍ക്ക് എതിരായ സന്ധിയില്ലാത്ത സമരം നടത്തി മുന്നേറുന്ന ആ സര്‍ക്കാരിനെ നിയന്ത്രിക്കുകയാണ് സിപിഐ എമ്മും എല്‍ ഡി എഫും. ഈ വസ്തുത മനസിലാക്കിയാല്‍ ആവശ്യമില്ലാതെ ഉയര്‍ത്തുന്ന വിവാദങ്ങള്‍ ഇല്ലാതാകും.
30-Jul-2016
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്