ചെന്നിത്തലയുടെ ഭാഷ

എല്ലാ പ്രദേശത്തിനും അവരവരുടെ ഭാഷാ പ്രയോഗങ്ങളുണ്ട്. ഉച്ഛാരണ രീതികളുണ്ട്. പ്രയോഗിക്കുന്ന ഈണങ്ങളുണ്ട്. “എന്തരടേ അപ്പീ” എന്ന് തിരുവനന്തപുരത്ത് നിന്നുള്ള ഒരാള്‍ പറയുമ്പോള്‍ അതിനെ ഇകഴ്ത്തി കാണുന്നത് ശരിയായ രീതിയല്ല. അത് പ്രാദേശികമായ ഒരു പ്രയോഗമാണ്. നിയമസഭയില്‍, മുന്‍ എം എല്‍ എ സുന്ദരന്‍ നാടാരെ പോലുള്ളവര്‍ സംസാരിക്കുമ്പോള്‍ തിരുവനന്തപുരത്തിന്റെ ഗ്രാമ്യമായ ഭാഷാ പ്രയോഗങ്ങള്‍ വന്നിട്ടുണ്ടാവാം. ഇ കെ നായനാര്‍ മലബാറിന്റെ ഭാഷാ പ്രയോഗങ്ങളാണ് നടത്തിയത്. “ഓനോഡ് പോകാമ്പറ..” (അവനോട് പോകാന്‍ പറയ്) എന്ന നായനാര്‍ പ്രയോഗം കേട്ട് ചിരിച്ചുതള്ളിയ മാധ്യമങ്ങള്‍ പിണറായിക്ക് നേരെ വാളോങ്ങുന്നത് വ്യക്തിവിരോധമൊന്നുമൊന്നുകൊണ്ടുമാത്രമാണ്. തങ്ങള്‍ വിരിച്ച കിടക്കയില്‍ പിണറായി കിടക്കാത്തതുകൊണ്ടുള്ള അതൃപ്തിയാണ് ചില മാധ്യമങ്ങളെ ഭരിക്കുന്നത്. ആ മാധ്യമങ്ങളുടെ സഹായത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാരിനെ ആക്രമിക്കാമെന്നത് രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും വ്യാമോഹം മാത്രമാണ്. അത് നടപ്പില്ല. മലബാര്‍ ഭാഷയെ തെരുവുഭാഷയെന്ന് പറഞ്ഞ് അപമാനിച്ച രമേശ് ചെന്നിത്തല മലബാറിലെ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ ഭാഷാപ്രയോഗങ്ങള്‍ അത്ര മോശമായിരുന്നോ? അതിന്റെ പേരില്‍ മുഖ്യമന്ത്രിയെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണ് യൂത്ത് കോണ്‍ഗ്രസും മൂത്ത കോണ്‍ഗ്രസും. .അവരുടെ കൂടെ ചില മാധ്യമങ്ങളും പിണറായിയെ വളഞ്ഞാക്രമിക്കുന്നുണ്ട്. കേരള നിയമസഭയെ പിണറായിയുടെ ബാഷാ പ്രയോഗങ്ങള്‍ മലീമസമാക്കുന്നു, നിയമസഭ തെരുവുപോലാകുന്നു എന്നാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും പറയുന്നത്. തെരുവ് മ്ലേച്ഛമായ സ്ഥലിയും കൊട്ടാരങ്ങളുടെ അകത്തളങ്ങള്‍ ശ്രേഷ്ഠ സ്ഥലിയുമാവുന്ന കാലമൊക്കെ മാറി ജനാധിപത്യം പുലര്‍ന്നത് ചെന്നിത്തലയും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിച്ചുന്നവരും അറിഞ്ഞില്ലെന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് നിയമസഭയില്‍ നടന്നത്?

നിയമസഭയില്‍ നടന്നത്.

മുഖ്യമന്ത്രി : കഴിഞ്ഞ സപ്തംബര്‍ ഇരുപത് മുതലാണ് യൂത്ത് കോണ്‍ഗ്രസ് സമരമാരംഭിച്ചത്. ഈ സമരം ഇരുപത്തിനാല് മുതലാണ് അക്രമസ്വഭാവമുള്ളതായി മാറുന്നത്. ഉദ്ദേശം പ്രകോപനമുണ്ടാക്കുക എന്നത് തന്നെയാണ്. ഇവിടെ മന്ത്രിമാരെ യാത്രാമധ്യേ തടയാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് അങ്ങ് പരാമര്‍ശിക്കുകയുണ്ടായല്ലൊ. അതെനക്ക് വളരെ വിചിത്രമായിട്ടാണ് തോന്നിയത്. കാരണം യൂത്ത്‌കോണ്‍ഗ്രസ് വളരെ മോശൊന്നുവല്ലാത്തൊരു സംഘടനയാണല്ലൊ. ഞാന്‍ സെക്രട്ടേറിയറ്റ് ഓഫീസില്‍ നിന്ന് കണ്‍ന്റോണ്‍മെന്റ് ഗേറ്റ് വഴി ഉച്ചക്ക് പോവുമ്പോ, കൊറച്ചപ്പറഎത്തിയപ്പൊ രണ്ട് മൂന്ന് ക്യാമറക്കാറ് ഇങ്ങനെ ക്യാമറേം കൊണ്ടിങ്ങനെ ഓടിവരുന്ന്ണ്ട്. അപ്പൊ ഞാനിങ്ങനെ ആലോചിച്ചു ഇതെന്താ ഇവരിങ്ങനെ ഓട്‌ന്നേന്ന്. അവരെയിങ്ങനെ നോക്കുകയാണ് ഞാന്‍. അപ്പോഴാണ് ഇങ്ങേഭാഗത്ത് രണ്ട് ചെറുപ്പക്കാര് ആ സൈഡ്ന്ന് ഓടിവരികയാണ്. റോഡിന്റെ വലതുഭാഗത്ത് നിന്ന്. ക്യാമറക്കാര് എടത്ത് ഭാഗത്താണ്. അപ്പൊ രണ്ട്‌പേര് ഓടിവന്ന്. അവരുടെ കൈയ്യില്‍ കൊടിയ്ണ്ട്. അത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചതാണെന്ന് അവകാശപ്പെടാതിരിക്കലാണ് നല്ലത്. കാരണം അത്രമാത്രം പരിഹാസ്യമായ അവസ്ഥേല് യൂത്ത് കോണ്‍ഗ്രസ് എത്തീറ്റില്ലല്ലോ.

(പരിപൂര്‍ണമായും നിശബ്ദമായ സഭയില്‍ കൈയ്യടിയുടെയും ചിരിയുടെയും ശബ്ദം.)

അത്രമാത്രം പരിഹാസ്യമായ.... ( പ്രതിപക്ഷം ശബ്ദമുണ്ടാക്കുന്നു.. മുഖ്യമന്ത്രി ആ തടസത്തില്‍ തുടരാന്‍ കഴിയാതെ നില്‍ക്കുന്നു.)

അത്രമാത്രം.... (മുഖ്യമന്ത്രിക്ക് ബഹളത്താല്‍ തുടരാന്‍ സാധിക്കുന്നില്ല.)

യെസ്, യെസ്, യെസ് പ്ലീസ് (സ്പീക്കര്‍ പ്രതിപക്ഷ ബഹളം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു)

ആളില്ലാത്തേന് പ്രകോപനുണ്ടാക്കീറ്റ് എന്താ കാര്യം ? (മന്ത്രി ഇ പി ജയരാജന്റെ ശബ്ദം ബഹളത്തിനും മുകളിലേക്ക് ഉയര്‍ന്ന് കേള്‍ക്കാം.)

അത്രമാത്രം.... അത്ര.. (മുഖ്യമന്ത്രിയുടെ ശബ്ദം)

ആളെ സംഘടിപ്പിക്ക് (മന്ത്രി ഇ പി ജയരാജന്റെ ശബ്ദം)

പ്ലീസ്.. പ്ലീസ്.. (സ്പീക്കറുടെ ശബ്ദം)

(മുഖ്യമന്ത്രി തുടരുന്നു) ഞാന്‍ പറയേണ്ടത് ഞാന്‍ പറയും .ഹ്ഹഹഹ. എല്ല നിങ്ങളെന്തിനാ അതിന് ക്ഷോഭിക്കുന്ന് ? ഞാന്‍ നിങ്ങളെപറ്റി മോശൊന്നും പറഞ്ഞിറ്റില്ലാലോ. യൂത്ത്‌കോണ്‍ഗ്രസ് എന്ന് പറയുന്നത് അത്രമാത്രം മോശമായ സംഘടനയാണെന്ന് എനിക്ക് ധാരണയില്ലാന്നാണല്ലൊ ഞാന്‍ പറഞ്ഞത്. അപ്പൊ യൂത്ത്‌കോണ്‍.. (പ്രതിപക്ഷബഹളം) യൂത്ത്... (ബഹളം)

പ്ലീസ്.. ശ്രീ വിന്‍സന്റ്.., പ്ലീസ്.. പ്ലീസ് (സ്പീക്കറുടെ ശബ്ദം)

(മുഖ്യമന്ത്രി തുടരുന്നു) ആദ്യം ഞാന്‍ പറയുന്നത് മനസിലാക്ക്.

(വീണ്ടും പ്രതിപക്ഷ ബഹളം) പ്ലീസ് പ്ലീസ് മുഖ്യമന്ത്രി സംസാരിക്കട്ടെ. പ്ലീസ് പ്ലീസ്.. (സ്പീക്കര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ബഹളം കുറയുന്നു)

(മുഖ്യമന്ത്രി തുടരുന്നു) യൂത്ത് കോണ്‍ഗ്രസ്, നമ്മുടെ സംസ്ഥാനത്ത് മോശമല്ലാത്ത ഒരു യുവജനസംഘടനയാണെന്നാണ് ഞാന്‍ ധരിച്ചിട്ടുള്ളത്. ആ സംഘടന രണ്ടാളുകളെന്ന നിലക്കല്ല ഒരു കരിങ്കൊടി പ്രകടനത്തിന് തയ്യാറാവുക. ഞാന്‍ വ്യക്തമായി ധരിക്കുന്നത് ഇതേതോ ചേനലുകാര് വാടകയ്‌ക്കെടുത്തവരാണ്. ആ ചേനല്...(രൂക്ഷമായ ബഹളം. മുഖ്യമന്ത്രി ചിരിക്കുന്നു) അതിനൊന്നും ചൂടായിറ്റ് കാര്യമില്ലാന്ന്. അതിനൊന്നും (ബഹളം) അതിനൊന്നും (ബഹളം)

പ്ലീസ്.. പ്ലീസ്... ഇരിക്ക് (സ്പീക്കറുടെ ശബ്ദം)

(മുഖ്യമന്ത്രി തുടരുന്നു) സാധാരണ നെലയില്‍ നിന്നും വ്യത്യെസ്തായി ചേനലുകള്‍ക്ക് വേണ്ടി കാണിച്ചതാണിത്. ചേനലുകള്‍ക്ക് വേണ്ടി കാണിച്ചതാണിത്. (ബഹളം) ഏതോ ചേനലുകാര് കാണിച്ച് കാര്യാണിത്. (ബഹളം) ഏതോ ചേനലുകാര്‍ക്ക് വേണ്ടി ചെയ്ത കാര്യാണിത്.(ബഹളം) അത് യൂത്ത്‌കോണ്‍ഗ്രസാണെന്ന് കാണണ്ട.

(ബഹളം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ശബ്ദം)

മുഖ്യമന്ത്രി : എന്താ ബേണ്ടത്? (ബഹളം ) അത് വേറെ, അത് വേറെ. പറയാനുള്ളത് കേള്‍ക്കാനുള്ള ധൈര്യം വേണം. പറയാനുള്ളത് കേള്‍ക്കാനുള്ള ധൈര്യം വേണം.

(രൂക്ഷമായ ബഹളം)

സ്പീക്കര്‍ : സീറ്റിലേക്ക് പോകൂ, സീറ്റിലേക്ക് പോകൂ... ശ്രീ. ഷാഫി പറമ്പില്‍ സംസാരിക്കുമ്പോള്‍ എല്ലാരും നിശബ്ദരായി കേട്ടിരിക്കുകയായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുന്നത് കേള്‍ക്കാനുള്ള സഹിഷ്ണുത കാണിക്കൂ...

മുഖ്യമന്ത്രി : എടോ.. അനാവശ്യമായ കാര്യങ്ങള്‍ കാണിച്ചിറ്റ് ബെറ്‌തെ പറഞ്ഞിറ്റ് കാര്യൊല്ല. എടൊ.. അനാവശ്യമായ കാര്യങ്ങള്‍ കാണിച്ചിറ്റ് ബെറ്‌തെ പറഞ്ഞിറ്റ് കാര്യവില്ല.

(രൂക്ഷമായ ബഹളം. സ്പീക്കര്‍ ഇടപെടുന്നു.)

സ്പീക്കര്‍ : ഷാഫിപറമ്പില്‍ സംസാരിക്കുമ്പം എല്ലാരും നിശബ്ദമായി കേട്ടിരുന്നു. അദ്ദേഹത്തിന് (മുഖ്യമന്ത്രിക്ക്) പറയാനുള്ളത് അദ്ദേഹത്തിന്റെ ധാരണയല്ലേ. അത് പറയട്ടെ. സീറ്റിലേക്ക് പോകൂ, തിരിച്ച് പോകൂ.. നിങ്ങള് വാടകയ്‌ക്കെടുത്തു എന്നല്ല അദ്ദേഹം പറഞ്ഞത്. ഗോ റ്റു യുവര്‍ സീറ്റ്, ഗോ റ്റു യുവര്‍ സീറ്റ്.. പ്ലീസ് പ്ലീസ്..

(ഷാഫി പറമ്പില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ കുറച്ച് എം എല്‍ എമാര്‍ നടുത്തളത്തിലിറങ്ങി രൂക്ഷമായ ബഹളം വെക്കുന്നു.. പോക്കിരിത്തരം പറയരുത്, പിന്‍വലിക്കണം എന്ന് ആക്രോശിക്കുന്നു. മുദ്രാവാക്യം വിളിക്കുന്നു. പിണറായിയുടെ പോലീസേ.. ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചോ... മുദ്രാവാക്യം ആവര്‍ത്തിക്കുന്നു.. )

മുഖ്യമന്ത്രി : ഒരു പിന്‍വലിക്കലും നടക്കാന്‍ പോകുന്നില്ല. അതൊന്നും നടക്കാന്‍ പോകുന്നില്ലെടൊ... പോയിറ്റ് ബേറ പണിനോക്ക്. സര്‍, ഇവിടെ മറുപടി പറയുന്നത് കേള്‍ക്കാനുള്ള സഹിഷ്ണുത വേണം. അതാണാദ്യം വേണ്ടത്. 

നിയമസഭാ ബിസിനസിലെ ഇത്രയും ഭാഗമാണ് വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി ഈ സംസാരത്തിനിടയില്‍ തെരുവുഭാഷയാണ് പ്രയോഗിച്ചത്, യൂത്ത് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചു എന്നൊക്കെയാണ് പ്രതിപക്ഷം വാദിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞത്, മുഖ്യമന്ത്രി നിയമസഭയില്‍ തെരുവുഭാഷ ഉപയോഗിക്കരുതെന്നാണ്. എന്താണ് തെരുവുഭാഷ?

“എടോ” എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ബഹളക്കാരെ അഭിസംബോധന ചെയ്തത് ശരിയായില്ല എന്നാണ് മാധ്യമ പ്രവര്‍ത്തകരിലെ 'സംസ്‌കാരിക നായകന്‍മാര്‍' വിലയിരുത്തുന്നത്. പിണറായി വിജയന്‍ കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന് ഒരു വ്യക്തിയാണ്. കണ്ണൂരിന്റെ ഭാഷാ പ്രയോഗമല്ല കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളത്. മുഖ്യമന്ത്രി “ബേറ, ബെറ്‌തെ, പോയിറ്റ്, ബേണ്ടത്, ചേനല്, ഉണ്ടാക്കീറ്റ്...” തുടങ്ങിയ പദങ്ങളൊക്കെ സംസാരത്തിനിടയില്‍ ഉപയോഗിക്കുന്നുണ്ട്. ഈ പദങ്ങള്‍ വേറെ, വെറുതെ, പോയിട്ട്, വേണ്ടത്, ചാനല്‍, ഉണ്ടാക്കിയിട്ട് എന്നൊക്കെയാണ് അച്ചടിഭാഷ പ്രകാരം ഉപയോഗിക്കാറ്. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് അദ്ദേഹം ജനിച്ചുവളര്‍ന്ന് പ്രദേശത്ത് നിന്നും സ്വാംശീകരിച്ച ഭാഷാ പ്രയോഗ രീതിയെ പിന്തുടരുന്നത് കൊണ്ടാണ്. ബേറ, ബെറുതെ തുടങ്ങിയ പദങ്ങളൊന്നും വിമര്‍ശകരെ അലട്ടുന്നില്ല. അവര്‍ “എടോ”, “പോയിറ്റ് ബേറ പണിനോക്ക്” തുടങ്ങിയവയിലാണ് പിടിച്ചുതൂങ്ങുന്നത്.

“എടോ” എന്ന് വിളിക്കുന്നത് കണ്ണൂരില്‍ മോശപ്പെട്ട ഒരു അഭിസംബോധനയല്ല. “എടാ” എന്ന വിളിയോടാണ് മാധ്യമ-പ്രതിപക്ഷ സാംസ്‌കാര സമ്പന്നര്‍ ആ പദത്തെ ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുന്നത്. അത് പിണറായിയോടുള്ള വിദ്വേഷത്തിന്റെ ഭാഗമായുള്ള ചേര്‍ത്ത് വെപ്പാണ്. പക്ഷെ, ഈ ആരോപണം ഒരു നാടിന്റെ, അവിടുത്തെ പ്രാദേശിക ഭാഷാ പ്രയോഗം നടത്തുന്ന നാട്ടുകാരെ മുഴുവന്‍ അധിക്ഷേപിക്കുന്നതിന് തുല്യാണ്. കണ്ണൂരില്‍ “എടോ” അന്ന് വിളിക്കുന്നത് പരിഗണനയുടെ തലത്തിലാണ്. അല്‍പ്പം ബഹുമാനവും “എടോ”യില്‍ ഉണ്ട്. എന്നാല്‍ “എടാ” എന്ന വിളി തീര്‍ത്തും നിസാരവല്‍ക്കരിക്കലാണ്. രോഷഭാവവും ചിലപ്പോള്‍ അതിലുണ്ടാവാം. അതുകൊണ്ട് “എടോ” വിളിയില്‍ ഇത്രമാത്രം ബഹളം കൂട്ടേണ്ട കാര്യമില്ല. “പോയിറ്റ് ബേറ പണിനോക്കടോ..” എന്ന പ്രയോഗവും കണ്ണൂരിലെ ഒരു ഭാഷാ പ്രയോഗമാണ്. മലബാറുകാര്‍ക്ക് ആ പ്രയോഗം കേള്‍ക്കുമ്പോള്‍ അതില്‍ അസ്വഭാവികതയൊന്നും തോന്നില്ല. ഇതൊക്കെ മലബാറിലെ തെരുവിലും മണിമാളികയിലും ഒരുപോലെ ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളാണ്. അതൊന്നും പറയാന്‍ പാടില്ലെന്ന് കല്‍പ്പിക്കുന്നതിലൂടെ കേരളത്തിന്റെ പ്രാദേശികമായ തനത് ഭാഷാ പ്രയോഗങ്ങളെ, വായ്‌മൊഴി വഴക്കങ്ങളെ ബാന്‍ ചെയ്യാനാണ് തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നത്. വള്ളുവനാടന്‍ ഭാഷയും അച്ചടിഭാഷയും മാത്രമേ സംസ്‌കാരസമ്പന്നമായതായുള്ളു എന്ന സവര്‍ണബോധത്തിന്റെ പ്രകാശനമാണ് ഇവിടെയും കാണാന്‍ സാധിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന കേരളത്തിലെ പ്രതിപക്ഷം മലബാറിലെ ഭാഷാ പ്രയോഗങ്ങളെ അംഗീകരിക്കുന്നില്ലേ? ഭാഷാ പ്രയോഗങ്ങളെ സംബന്ധിച്ച്, ഉച്ഛാരണ രീതികളെ സംബന്ധിച്ച് കെ പി സി സിയുടെയും പ്രതിപക്ഷത്തിന്റെയും ഔദ്യോഗിക നിലപാടാണോ രമേശ് ചെന്നിത്തലയും പ്രതിപക്ഷാംഗങ്ങളും ഉന്നയിക്കുന്നത്? മലബാറില്‍ ജീവിക്കുന്നവര്‍ സ്വാംശീകരിച്ച് പ്രയോഗിക്കുന്ന ഭാഷാ പ്രയോഗങ്ങളെല്ലാം സംസ്‌കാരമില്ലാത്തതാണെന്ന വിലയിരുത്തല്‍ ആ നാട്ടിലെ ജനങ്ങളെയാകെ അപമാനിക്കുന്നതാണ്. ഈ ഭാഷ പ്രയോഗങ്ങളും വായ്‌മൊഴി വഴക്കങ്ങളും പിണറായി വിജയന്‍ ഉണ്ടാക്കിയതല്ല. അത് തലമുറകള്‍ കൈമാറിവന്ന ഭാഷാ രീതികളാണ് എന്ന് മനസിലാക്കാനുള്ള ബോധമെങ്കിലും കെ പി സി സിക്കും കേരളത്തിലെ പ്രതിപക്ഷത്തിനും വേണം.
പിണറായി ഉപയോഗിക്കുന്ന മലബാര്‍ ഭാഷാ പ്രയോഗത്തെ “തെരുവിലെ ഭാഷ” എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിലയിരുത്തുന്നത്. അദ്ദേഹം ഉദ്ദേശിക്കുന്നത് പിണറായിയുടെ മലബാര്‍ ഭാഷ മ്ലേച്ഛമായ ഭാഷയാണെന്നാണ്. ചെന്നിത്തലയെ പോലുള്ള “ദന്തഗോപുരവാസികളായ സംസ്‌കാര സമ്പന്നരുടെ” ഭാഷ, മറ്റുള്ള എല്ലാവരും ഉപയോഗിച്ച് ഭാഷാ സംസ്‌കാരം പ്രകടിപ്പിക്കണം എന്ന ഫത്വയാണ് ഇതിലൂടെ പ്രതിപക്ഷം മുഴക്കുന്നത്. “തെരുവിലെ ഭാഷ” എന്ന പ്രതിപക്ഷ നേതാവിന്റെ അധിക്ഷേപം മലബാറിലെ കോണ്‍ഗ്രസുകാര്‍ക്കും കൂടി ബാധകമാവുന്നതാണ്.

എല്ലാ പ്രദേശത്തിനും അവരവരുടെ ഭാഷാ പ്രയോഗങ്ങളുണ്ട്. ഉച്ഛാരണ രീതികളുണ്ട്. പ്രയോഗിക്കുന്ന ഈണങ്ങളുണ്ട്. “എന്തരടേ അപ്പീ” എന്ന് തിരുവനന്തപുരത്ത് നിന്നുള്ള ഒരാള്‍ പറയുമ്പോള്‍ അതിനെ ഇകഴ്ത്തി കാണുന്നത് ശരിയായ രീതിയല്ല. അത് പ്രാദേശികമായ ഒരു പ്രയോഗമാണ്. നിയമസഭയില്‍, മുന്‍ എം എല്‍ എ സുന്ദരന്‍ നാടാരെ പോലുള്ളവര്‍ സംസാരിക്കുമ്പോള്‍ തിരുവനന്തപുരത്തിന്റെ ഗ്രാമ്യമായ ഭാഷാ പ്രയോഗങ്ങള്‍ വന്നിട്ടുണ്ടാവാം. ഇ കെ നായനാര്‍ മലബാറിന്റെ ഭാഷാ പ്രയോഗങ്ങളാണ് നടത്തിയത്. “ഓനോഡ് പോകാമ്പറ..” (അവനോട് പോകാന്‍ പറയ്) എന്ന നായനാര്‍ പ്രയോഗം കേട്ട് ചിരിച്ചുതള്ളിയ മാധ്യമങ്ങള്‍ പിണറായിക്ക് നേരെ വാളോങ്ങുന്നത് വ്യക്തിവിരോധമൊന്നുമൊന്നുകൊണ്ടുമാത്രമാണ്. തങ്ങള്‍ വിരിച്ച കിടക്കയില്‍ പിണറായി കിടക്കാത്തതുകൊണ്ടുള്ള അതൃപ്തിയാണ് ചില മാധ്യമങ്ങളെ ഭരിക്കുന്നത്. ആ മാധ്യമങ്ങളുടെ സഹായത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സര്‍ക്കാരിനെ ആക്രമിക്കാമെന്നത് രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും വ്യാമോഹം മാത്രമാണ്. അത് നടപ്പില്ല. മലബാര്‍ ഭാഷയെ തെരുവുഭാഷയെന്ന് പറഞ്ഞ് അപമാനിച്ച രമേശ് ചെന്നിത്തല മലബാറിലെ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്.

30-Sep-2016