മിഷ്ടര്‍ രമേശ് ചെന്നിത്തല, നില്‍ !
പ്രീജിത്ത് രാജ്
ചെന്നിത്തലയുടെ അനന്തിരവന്‍ കെ വേണുഗോപാലിനെ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡപ്യൂട്ടി രജിസ്റ്റ്രാറായി നിയമിച്ചു. ആ തസ്തികയില്‍ ഇരിക്കുമ്പോള്‍ വേണുഗോപാലിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്ററാക്കി. ഗവണ്‍മെന്റ് സെക്രട്ടറി റാങ്കിലുള്ളവര്‍ മാത്രമേ ആ തസ്തികയില്‍ ഇരിക്കാവൂ എന്ന് നിയമ വകുപ്പ് എതിര്‍ത്തപ്പോള്‍ മാത്രമാണ് ആ നിയമനം മരവിപ്പിച്ചത്. മരുമകന് വേണ്ടിയുള്ള ഇടപെടല്‍ രമേശ് നിര്‍ത്തിയില്ല. കേരള മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ എം ഡിയാക്കി വേണുഗോപാലിനെ നിയമിക്കാന്‍ ചെന്നിത്തല കരുക്കള്‍ നീക്കി. അത് നടന്നപ്പോള്‍ വേണുഗോപാലിനെ കേരള ഫീഡ്‌സ് എം ഡിയുടെ അധിക ചുമതല നല്‍കിപ്പിച്ചു. അവിടെയും നിര്‍ത്തിയില്ല. വേണുഗോപാലിന് സ്‌പ്ലൈകോയില്‍ ജനറല്‍ മാനേജരുടെ അഡീഷണല്‍ ചാര്‍ജ്ജും നല്‍കിപ്പിച്ചു. കേരളത്തില്‍ ഇത്രയേറെ ചുമതലകള്‍ ഒരാള്‍ വഹിക്കാനുള്ള സാഹചര്യം എന്തായിരുന്നു? എല്ലാ ഉയര്‍ന്ന പദവികളും സ്വന്തം മരുമകനിലേക്ക് കൊണ്ടുവരാന്‍ ചെന്നിത്തലയ്ക്ക് ഉള്ള താല്‍പ്പര്യമെന്തായിരുന്നു? രമേശ് ചെന്നിത്തല ഇതിന് മറുപടി നല്‍കിയിട്ട് മറ്റ് കാര്യങ്ങള്‍ മിണ്ടിയാല്‍ മതി. |
ബന്ധുനിയമന വിവാദത്തില്‍ കേരളത്തിന്റെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്റെ രാജിയ്ക്ക് കാരണം തെറ്റുപറ്റിപ്പോയെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഉന്നതമായ ധാര്‍മിക ബോധവുമാണ്. പ്രതിപക്ഷത്തിന് ഒരപശബ്ദം ഉണ്ടാക്കാനുള്ള അവസരം പോലും നല്‍കാതെ മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് നടന്ന ജയരാജനെതിരായി ഒരക്ഷരം പറയാനുള്ള യോഗ്യത യു ഡി എഫിലെ ഒരാള്‍ക്കുമില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സമ്മേളനത്തിലേക്ക് വരുമ്പോള്‍ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളെ കുറിച്ച് മറുപടി പറയാന്‍ നിര്‍ബന്ധിതനാവും.
യു ഡി എഫ് സര്‍ക്കാര്‍ കാലത്ത് തെറ്റ് തിരിച്ചറിയാനും തിരുത്താനുമുള്ള ധാര്‍മികത ചെന്നിത്തലയും കൂട്ടരും കാണിച്ചിട്ടില്ല. പക്ഷെ, ഇതാ അവര്‍ക്ക് മുന്നില്‍ സ്വന്തം രാജിയിലൂടെ ഇ പി മാതൃക കാണിച്ചിരിക്കുന്നു. ആ മാതൃക ഉള്‍ക്കൊണ്ട് കഴിഞ്ഞ കാലത്ത് കാണിച്ച തെറ്റുകള്‍ക്ക് ഇപ്പോള്‍ പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം ചെന്നിത്തലയ്ക്കുണ്ട്. അതിനുള്ള നട്ടെല്ല് പ്രതിപക്ഷനേതാവിനുണ്ടോ എന്നതാണ് ചോദ്യം. സ്വന്തം സ്ഥാനം രാജിവെച്ചുകൊണ്ട് കേരള മനസാക്ഷിക്ക് മുന്നില്‍ തന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കെട്ടുപോയ ധാര്‍മികത തെളിയിക്കാന്‍ ചെന്നിത്തല തയ്യാറാവണം.
എന്താണ് ചെന്നിത്തല ചെയ്ത സ്വജനപക്ഷപാതം? കഴിഞ്ഞ യു ഡി എഫ് കാലത്ത് അദ്ദേഹം ആര്‍ക്കുവേണ്ടിയാണ് ഇടപെടലുകള്‍ നടത്തിയത്? രമേശ് ചെന്നിത്തലയുടെ സഹോദരിയുടെ പുത്രന്‍ കെ വേണുഗോപാല്‍ വിവിധ വകുപ്പുകളുടെ ഉന്നതസ്ഥാനങ്ങളില്‍ വന്നത് രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ നിമിത്തമാണ്. സ്വന്തം അനന്തരവന് വേണ്ടി അനധികൃത ഇടപെടലുകള്‍ നടത്തി, വിവിധ വകുപ്പുകളുടെ ഉന്നത സ്ഥാനങ്ങളിലിരുത്തി കൊടിയ അഴിമതിക്ക് ചൂട്ടുപിടിച്ചുകൊടുത്ത ചെന്നിത്തലയ്ക്ക് ഇ പി ജയരാജനെതിരെ ഒരക്ഷരം പറയാനുള്ള യോഗ്യതയുണ്ടോ?
ചെന്നിത്തലയുടെ അനന്തിരവന്‍ കെ വേണുഗോപാലിനെ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡപ്യൂട്ടി രജിസ്റ്റ്രാറായി നിയമിച്ചത് യു ഡി എഫ് സര്‍ക്കാരാണ്. അത് തെരഞ്ഞെടുത്തത് എന്തൊക്കെ മാനദണ്ഡങ്ങള്‍ പാലിച്ചാണ്? ആ തസ്തികയില്‍ ഇരിക്കുമ്പോഴാണ് വേണുഗോപാലിനെ മന്ത്രി വി എസ് ശിവകുമാര്‍ മുന്‍കൈയെടുത്ത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്ററാക്കിയത്. രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആ നടപടി കൈക്കൊണ്ടത്. ഗവണ്‍മെന്റ് സെക്രട്ടറി റാങ്കിലുള്ളവര്‍ മാത്രമേ ആ തസ്തികയില്‍ ഇരിക്കാവൂ എന്ന് നിയമ വകുപ്പ് എതിര്‍ത്തപ്പോള്‍ മാത്രമാണ് ആ നിയമനം മരവിപ്പിച്ചത്.
മരുമകന് വേണ്ടിയുള്ള ഇടപെടല്‍ രമേശ് എന്നിട്ടും നിര്‍ത്തിയില്ല. കേരള മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ എം ഡിയാക്കി വേണുഗോപാലിനെ നിയമിക്കാന്‍ ചെന്നിത്തല കരുക്കള്‍ നീക്കി. അത് നടന്നപ്പോള്‍ യു ഡി എഫിലെ വീരന്‍ജനതാദളിന്റെ മന്ത്രിയായിരുന്ന കെ പി മോഹനനോട് നിര്‍ദേശിച്ച് വേണുഗോപാലിനെ കേരള ഫീഡ്‌സ് എം ഡിയുടെ അധിക ചുമതല നല്‍കിപ്പിച്ചു. അവിടെയും നിര്‍ത്തിയില്ല. കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന്റെ മന്ത്രി അനൂപിനോട് നിര്‍ദേശിച്ച് വേണുഗോപാലിന് സ്‌പ്ലൈകോയില്‍ ജനറല്‍ മാനേജരുടെ അഡീഷണല്‍ ചാര്‍ജ്ജും നല്‍കിപ്പിച്ചു. കേരളത്തില്‍ ഇത്രയേറെ ചുമതലകള്‍ ഒരാള്‍ വഹിക്കാനുള്ള സാഹചര്യം എന്തായിരുന്നു? എല്ലാ ഉയര്‍ന്ന പദവികളും സ്വന്തം മരുമകനിലേക്ക് കൊണ്ടുവരാന്‍ ചെന്നിത്തലയ്ക്ക് ഉള്ള താല്‍പ്പര്യമെന്തായിരുന്നു? രമേശ് ചെന്നിത്തല ഇതിന് മറുപടി നല്‍കിയിട്ട് മറ്റ് കാര്യങ്ങള്‍ മിണ്ടിയാല്‍ മതി.
ആ കാലത്ത് രമേശ് ചെന്നിത്തലയ്ക്ക് സ്വജനപക്ഷപാതത്തിന്റെ അസ്‌കിത ഉണ്ടായിരുന്നില്ലേ? എപ്പോഴെങ്കിലും എന്റെ അനന്തിരവന് ഇത്തരത്തില്‍ വഴിവിട്ട നിയമനങ്ങള്‍ കൊടുക്കുന്നത് തെറ്റാണെന്ന് രമേശ് ചെന്നിത്തലയ്ക്ക് തോന്നിയോ? കെ പി സി സിയിലോ, എ ഐ സി സിയിലോ എനിക്ക് തെറ്റ്പറ്റിപ്പോയി എന്ന് ചെന്നിത്തല തുറന്ന് പറഞ്ഞോ? കോണ്‍ഗ്രസിന്റെ ഈ സമിതികള്‍ ഇത്തരം സ്വജനപക്ഷപാതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നില്ലേ? ഇതിന്റെ പേരില്‍ തന്റെ മന്ത്രി സ്ഥാനം രാജിവെക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല. പക്ഷെ, ഇപ്പോള്‍ ഇ പി യുടെ മാതൃക മുന്‍നിര്‍ത്തി പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞുകൊണ്ട് പഴയ പാപത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ചെന്നിത്തലയ്ക്ക് അവസരമുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്താണ് ചെന്നിത്തലയുടെ മരുമകന്‍ കെ വേണുഗോപാലിനെതിരായി അഡ്വക്കറ്റ് ജനറല്‍ ഒരു നോട്ട് നല്‍കിയത്. കേരള മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ എം ഡിയായി വേണുഗോപാല്‍ ഇരിക്കാന്‍ പാടില്ലെന്നാണ് എ ജി പറഞ്ഞത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അയാളെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പക്ഷെ, വേണുഗോപാല്‍ ഇപ്പോഴും സപ്ലൈകോ ജനറല്‍ മാനേജര്‍ സ്ഥാനത്ത് തുടരുക തന്നെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയത്തെ കുറിച്ച് കേരള നിയമസഭയില്‍ സംസാരിക്കാന്‍ തയ്യാറാവണം.
16-Oct-2016
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്