ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും പിന്നെ മാധ്യമങ്ങളും
പ്രീജിത്ത് രാജ്
മാധ്യമ ഇടപെടലിലൂടെ നീതി കിട്ടുവാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ മിക്കവരും അധികാരകേന്ദ്രവുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരും നിരന്തരം തഴയപ്പെടുന്നവരുമായിരിക്കും. പക്ഷെ, ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും അങ്ങനെയല്ല. ഭാഗ്യലക്ഷ്മി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം ഡിയായിരിക്കുന്ന കൈരളി ചാനലിലെ അവതാരകയാണ്. വടക്കാഞ്ചേരിയിലെ പരാതിക്കാരെ മുഖം മൂടിയിടാതെ, മാധ്യമ ഉപദേഷ്ടാവ് വഴി നേരിട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കാനുള്ള സാധ്യത ഭാഗ്യലക്ഷ്മിക്ക് മുന്നിലുണ്ടായിരുന്നു. മാധ്യമ വിചാരണയിലൂടെ അവരെ കൂടുതല്‍ അപമാനിക്കാതെ ഭാഗ്യലക്ഷ്മിക്ക് അത് നിര്‍വഹിക്കാമായിരുന്നു. അല്ലെങ്കില്‍ ഉപദേഷ്ടാവിന്റെ സഹായമില്ലാതെ തന്നെ മുഖ്യമന്ത്രിക്ക് മുന്നില്‍ ഈ പരാതിക്കാരെയും കൊണ്ടുപോയി കാര്യങ്ങള്‍ തുറന്നുപറയാമായിരുന്നു. അതിനുള്ള ആര്‍ജ്ജവമില്ലാത്ത വനിതയല്ല ഭാഗ്യലക്ഷ്മി. സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച 'സ്വരഭേദങ്ങള്‍' എന്ന അവരുടെ പുസ്തകം വായിച്ചവര്‍ക്ക് അവരുടെ ചങ്കിന്റെ കരുത്ത് മനസിലാവും. മാധ്യമങ്ങളുടെ സഹായത്തോടെയല്ല അവര്‍ ജീവിതത്തിന്റെ കുരുക്കുകള്‍ അഴിച്ചിട്ടുള്ളത്. |
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും കൈരളി ചാനലിലെ അവതാരികയുമായ ഭാഗ്യലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നു. കേരള മുഖ്യമന്ത്രിക്കുള്ള അഭിനന്ദനമാണ് പോസ്റ്റിന്റെ ഉള്ളടക്കം. വടക്കഞ്ചേരിയിലെ പീഡനത്തിനിരയായെന്ന് പരാതി നല്‍കിയ സ്ത്രീയോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്ത പേരാമംഗലം പോലീസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതിനാണ് മുഖ്യമന്ത്രിക്ക്, ഭാഗ്യലക്ഷ്മി വാരിക്കോരി അഭിനന്ദനം കൊടുക്കുന്നത്.
കൊല്‍ക്കട്ടയില്‍ ചേര്‍ന്ന സംഘടനയെ കുറിച്ചുള്ള സിപിഐ എം പ്ലീനം അംഗീകരിച്ച റിപ്പോര്‍ട്ട്, പുസ്തക രൂപത്തിലാക്കി ചിന്ത പബ്ലിഷേഴ്‌സ് വിതരണം ചെയ്യുന്നുണ്ട്. 130 രൂപയാണ് വില. ആ റിപ്പോര്‍ട്ട് പ്രകാരം വടക്കഞ്ചേരിയിലെ പീഡനആരോപണം ശരിയെങ്കില്‍ ആരോപിതന്‍ സിപിഐ എംല്‍ കാണാന്‍ സാധ്യതയില്ല. വടക്കഞ്ചേരി, കളമശ്ശേരി വിഷയങ്ങളില്‍ പ്ലീനം രേഖകള്‍ക്കനുസൃതമായ നടപടികളുമായി ആ പാര്‍ട്ടി മുന്നോട്ടുപോവുമെന്നതില്‍ സംശയം വരേണ്ട കാര്യമില്ല. ഭാഗ്യലക്ഷ്മി ആരോപിതര്‍ക്കെതിരെ പാര്‍ട്ടിയെടുത്ത നടപടികളെ കുറിച്ച് അറിഞ്ഞില്ലെന്ന് തോന്നുന്നു. അത് സംബന്ധിച്ച അഭിനന്ദന പോസ്റ്റൊന്നും കണ്ടില്ല.
പറയാന്‍ വന്നത് അതൊന്നുമല്ല. ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും വടക്കഞ്ചേരിയിലെ പരാതിക്കാരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി പത്രസമ്മേളനം നടത്തിയത്, അവരുടെ മുഖം മറച്ചുകൊണ്ടായിരുന്നു. പരാതിക്കാര്‍ക്ക് തങ്ങളുടെ മുഖം മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് അത്തരത്തില്‍ മുഖംമറച്ചതെന്നാണ് പറയുന്നത്. തീര്‍ച്ചയായും പൊതുസമൂഹം കൊത്തിവലിക്കാനുള്ളവരല്ല ഒരു പരാതിക്കാരും ഇരകളും. ഇപ്പോള്‍ പരാതിക്കാരുടെ മേല്‍വിലാസം വെളിപ്പെടുത്തപ്പെട്ടു എന്നത് സംബന്ധിച്ചാണ് വിവാദം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വിവാദ തലങ്ങളിലേക്ക് പോകാതെ ഈ പരാതിക്കാര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഭാഗ്യലക്ഷ്മിക്കും പാര്‍വ്വതിക്കും സാധിക്കുമായിരുന്നില്ലേ എന്നാണ് നെല്ലിന് ചോദിക്കാനുള്ളത്.
പീഡിപ്പിക്കപ്പെട്ടു എന്ന പരാതി നല്‍കിയ ഭാര്യയെയും ഭര്‍ത്താവിനെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി, അവരുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ എന്താണ് വിശേഷിച്ച് സംഭവിച്ചത്? പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയുണ്ടായത് ഏതെങ്കിലും മാധ്യമ വാര്‍ത്തയുടെയോ, ചാനല്‍ ചര്‍ച്ചയുടെയോ വെളിച്ചത്തിലല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ്. അപ്പോള്‍ ഒരു പരാതി നല്‍കിയാല്‍ നീതി ലഭിക്കുന്ന വ്യവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നിരിക്കെ, ഈ വിഷയത്തില്‍ മാധ്യമങ്ങളെ വലിച്ചുകൊണ്ടുവരികയും സിപിഐ എം വേട്ട നടത്തുകയും ചെയ്ത ഭാഗ്യലക്ഷ്മിയുടെയും പാര്‍വ്വതിയുടെയും താല്‍പ്പര്യമെന്താണ് ? അതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.
മാധ്യമ ഇടപെടലിലൂടെ നീതി കിട്ടുവാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ മിക്കവരും അധികാരകേന്ദ്രവുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരും നിരന്തരം തഴയപ്പെടുന്നവരുമായിരിക്കും. പക്ഷെ, ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും അങ്ങനെയല്ല. ഭാഗ്യലക്ഷ്മി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം ഡിയായിരിക്കുന്ന കൈരളി ചാനലിലെ അവതാരകയാണ്. വടക്കാഞ്ചേരിയിലെ പരാതിക്കാരെ മുഖം മൂടിയിടാതെ, മാധ്യമ ഉപദേഷ്ടാവ് വഴി നേരിട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കാനുള്ള സാധ്യത ഭാഗ്യലക്ഷ്മിക്ക് മുന്നിലുണ്ടായിരുന്നു. മാധ്യമ വിചാരണയിലൂടെ അവരെ കൂടുതല്‍ അപമാനിക്കാതെ ഭാഗ്യലക്ഷ്മിക്ക് അത് നിര്‍വഹിക്കാമായിരുന്നു. അല്ലെങ്കില്‍ ഉപദേഷ്ടാവിന്റെ സഹായമില്ലാതെ തന്നെ മുഖ്യമന്ത്രിക്ക് മുന്നില്‍ ഈ പരാതിക്കാരെയും കൊണ്ടുപോയി കാര്യങ്ങള്‍ തുറന്നുപറയാമായിരുന്നു. അതിനുള്ള ആര്‍ജ്ജവമില്ലാത്ത വനിതയല്ല ഭാഗ്യലക്ഷ്മി. സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച 'സ്വരഭേദങ്ങള്‍' എന്ന അവരുടെ പുസ്തകം വായിച്ചവര്‍ക്ക് അവരുടെ ചങ്കിന്റെ കരുത്ത് മനസിലാവും. മാധ്യമങ്ങളുടെ സഹായത്തോടെയല്ല അവര്‍ ജീവിതത്തിന്റെ കുരുക്കുകള്‍ അഴിച്ചിട്ടുള്ളത്.
ഒരു സിപിഐ എം പ്രവര്‍ത്തകനായിരുന്ന വ്യക്തിയാണല്ലൊ ആരോപണ വിധേയനായിരിക്കുന്നത്. തീര്‍ച്ചയായും വടക്കാഞ്ചേരിയിലെ പരാതിക്കാര്‍ ഭാഗ്യലക്ഷ്മിയോട് അത് പറഞ്ഞിട്ടുണ്ടാവും. അപ്പോള്‍ വേണമെങ്കില്‍ ഭാഗ്യലക്ഷ്മിക്ക്, സിപിഐ എംന്റെ ശ്രദ്ധയില്‍ ആ വിഷയം കൊണ്ടുവന്ന് പരാതിക്കാര്‍ക്ക് നീതി ലഭ്യമാക്കാമായിരുന്നു. സിപിഐ എം സംസ്ഥാന കമ്മറ്റി ഓഫീസില്‍ പത്രസമ്മേളനം വിളിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ഭാഗ്യലക്ഷ്മി പോയിട്ടുണ്ട്. സിപിഐ എംന്റെ മുതിര്‍ന്ന നേതാവിനെ കണ്ട് സംസാരിച്ചിട്ടുണ്ട്. വിഷയം വേറെയെന്തോ ആണ്. അന്നവര്‍ ആ വിഷയം പത്രസമ്മേളനം നടത്തിയല്ല പറഞ്ഞത്. അപ്പോള്‍ ചില കാര്യങ്ങള്‍ അത്തരത്തില്‍ പറയാനും ഭാഗ്യലക്ഷ്മിക്ക് അറിയാം. ഒരു ഉത്തരവാദിത്തപ്പെട്ട വ്യക്തി, പാര്‍ട്ടിയുടെ ശ്രദ്ധയിലേക്ക് ഇത്തരമൊരു ഗൗരവമുള്ള പരാതി കൊണ്ടുവന്നാല്‍ അത് പരിഹരിക്കപ്പെടും എന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. ഭാഗ്യലക്ഷ്മിക്ക് തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. പക്ഷെ, സിപിഐ എംന്റെ മുന്നില്‍ ഈ പരാതി കൊണ്ടുവരാതെ സൂചനകള്‍ കൊണ്ട് പൊലിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റിടുകയും ഒരു രാഷ്ട്രീയക്കാരനാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ജിജ്ഞാസ ഉണര്‍ത്തുകയും അപ്പോള്‍ തന്നെ പാര്‍വ്വതി ആ പോസ്റ്റ് ഷെയര്‍ ചെയ്ത് മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും വൈകാതെ പരാതിക്കാരെ മുഖംമൂടിയിട്ട് പത്രസമ്മേളനം നടത്തി, മാധ്യമങ്ങളില്‍ ഇവര്‍ രണ്ട് പേരും നിറഞ്ഞ് നില്‍ക്കുകയും സിപിഐ എം ഒരു ലോകതെറ്റാണെന്ന രീതിയില്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്നതാണ് കാണാന്‍ സാധിച്ചത്.
ആരാണ് പാര്‍വ്വതി? പാര്‍വ്വതിയും കൈരളിയിലൂടെ വളര്‍ന്നുവന്ന പ്രതിഭയാണ്. കഴിവുറ്റ കലാകാരിയാണ്. പണ്ട് എ കെ ജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സിപിഐ എംന്റെ വനിതകളുടെ ബ്രാഞ്ചിലെ അംഗമായിരുന്നു. പഴയ എസ് എഫ് ഐ നേതാവും യൂണിവേഴ്‌സിറ്റി കോളേജ് ഭാരവാഹിയുമായിരുന്നു. പാര്‍വ്വതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ സി ഡിറ്റ് എംപ്ലോയീസ് യൂണിയന്റെ ഭാരവാഹിയാണ്. പാര്‍ട്ടിയുടെ ഒട്ടുമിക്ക നേതാക്കളോടും വ്യക്തിപരമായി അടുപ്പമുള്ള വ്യക്തിയാണ് പാര്‍വ്വതി. പിണറായി വിജയനടക്കമുള്ള സിപിഐ എം നേതാക്കളെ അടുത്ത് പരിചയമുണ്ട്. പാര്‍വ്വതിക്ക് വടക്കാഞ്ചേരിയിലെ പരാതിക്കാരെ മുഖംമൂടിയിട്ട് ശ്വാസം മുട്ടിപ്പിക്കാതെ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിച്ചിഴക്കാതെ പാര്‍ട്ടി സെക്രട്ടറിക്ക് മുന്നിലേക്കോ, മുഖ്യമന്ത്രിയുടെ മുന്നിലേക്കോ കൊണ്ടുപോകാമായിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാമായിരുന്നു. ഈ മാധ്യമ വേട്ടയുടെയും വിവാദങ്ങളുടെയും അകമ്പടി ഒഴിവാക്കാമായിരുന്നു.
ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും ഇടതുപക്ഷത്ത് നില്‍ക്കുന്നവരാണ് എന്നാണ് അറിയപ്പെടുന്നത്. അങ്ങിനെയല്ല എന്ന് ഇതുവരെ അവര്‍ പറഞ്ഞിട്ടില്ല. വടക്കാഞ്ചേരിയിലെ പരാതിക്കാരായ ഭാര്യയെയും ഭര്‍ത്താവിനെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നതുകൊണ്ട് അവര്‍ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. എന്നാല്‍, മുഖംമൂടി മറച്ചുനിന്ന് അവരുടെ പേര് വെളിച്ചത്ത് വന്നതടക്കമുള്ള കോട്ടങ്ങളുണ്ടാവുകയും ചെയ്തു. ഇതിലൂടെ ലാഭമുണ്ടായിട്ടുള്ളത് ഭാഗ്യലക്ഷ്മിക്കും പാര്‍വ്വതിക്കുമാണ്. അവര്‍ക്ക് സ്വയം മാര്‍ക്കറ്റ് ചെയ്യാനായി, പാവപ്പെട്ട ഒരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും ഇവര്‍ കരുക്കളാക്കി മാറ്റി എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ഈ സംഭവത്തെ തുടര്‍ന്ന് ഭാഗ്യലക്ഷ്മി ഫാന്‍സ് അസോസിയേഷന്‍ വരെ ഫേസ്ബുക്കിലുണ്ടായി. പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും യൂടൂബില്‍ റിലീസ് ചെയ്ത അവരുടെ ഡോക്യുമെന്ററിക്കും കൂടുതല്‍ റീച്ച് ലഭിച്ചു. കുറെ ചാനല്‍ ചര്‍ച്ചകളില്‍ രണ്ടുപേരും പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ദുര്‍ഗകളായി അവതരിച്ചു. കൈയടിനേടി. പക്ഷെ, പരാതിക്കാര്‍ക്ക് വിശേഷിച്ച് ലഭിച്ച ലാഭമെന്താണ്? അതിനുള്ള ഉത്തരം നല്‍കാനുള്ള ബാധ്യത ഇടതുപക്ഷമെന്നവകാശപ്പെടുന്ന, മാനവീകതയുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് നെഞ്ചില്‍ കൈവെക്കുന്ന ഭാഗ്യലക്ഷ്മിക്കും പാര്‍വ്വതിക്കുമുണ്ട്.
ഈ വിവാദത്തില്‍ കൂടി കുത്തക മാധ്യമങ്ങള്‍ പൊതുസമൂഹത്തില്‍ അടിച്ചുറപ്പിക്കാന്‍ ശ്രമിച്ചത് സിപിഐ എം എന്ന പാര്‍ട്ടി വല്ലാതെ ദുഷിച്ചുപോയിരിക്കുന്നു എന്നാണ്. പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എം എന്ന് വരുത്തിതീര്‍ക്കാന്‍ ചാനല്‍ അവതാരകന്‍മാര്‍ തൊണ്ടകീറി. വല്ലാതെ വിയര്‍ത്തു. സിപിഐ എം ഏതാണ്ട് നാലേമുക്കാല്‍ ലക്ഷത്തോളം അംഗങ്ങളുള്ള പാര്‍ട്ടിയാണെന്നാണ് പറയപ്പെടുന്നത്. അതിലെ പ്രവര്‍ത്തകര്‍ ചന്ദ്രനില്‍ നിന്ന് പൊട്ടിവീണവരല്ല. ഭാഗ്യലക്ഷ്മിയുടെ മക്കളെപ്പോലെ, പാര്‍വ്വതിയുടെ ഭര്‍ത്താവിനെ പോലെ നിരവധിയായ മനുഷ്യരാണ്. അവര്‍ക്ക് തെറ്റുകളും കുറ്റങ്ങളുമുണ്ടാവാം. പക്ഷെ, പൊതുസമൂഹത്തില്‍ ഉയര്‍ന്ന ധാര്‍മികതയും മൂല്യബോധവും കാത്തുസൂക്ഷിക്കാന്‍ യത്‌നിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. അവരുടെ ചോരയും വിയര്‍പ്പും വീണ മണ്ണായതുകൊണ്ടാണ് കേരളസമൂഹം രാജ്യത്ത് നട്ടെല്ലുയര്‍ത്തി നില്‍ക്കുന്നത്. സ്വാഭാവികമായും ഇതിലും പുഴുക്കുത്തുകള്‍ ഉണ്ടാവാം. സമൂഹത്തിന്റെ പരിച്ഛേദമായതുകൊണ്ട് അതുണ്ടാവാതിരിക്കാന്‍ ഒരു വഴിയുമില്ല. അത്തരം കേടുപാടുകള്‍ ഇല്ലാതാക്കിയാണല്ലൊ ആ പാര്‍ട്ടി മുന്നോട്ടുപോവുന്നത്. അപ്പോള്‍, കൂടെ നിന്നില്ലെങ്കിലും പിന്നില്‍ നിന്നും കുത്തിവീഴ്ത്തുന്ന വാടകയ്‌ക്കെടുത്ത വേട്ടക്കാരാവരുത്. കുത്തകമാധ്യമങ്ങളുടെ ചൊല്‍പ്പടിക്ക് നിന്നുകൊടുക്കരുത്. അവരുടെ രാഷ്ട്രീയവും താല്‍പ്പര്യവും മനസിലാക്കാതെ നിങ്ങള്‍ കേടുവരുത്തുന്നത് നിങ്ങളുടെ ലോകത്തിനാണ്. അതിന്റെ വിശ്വാസ്യത തകര്‍ക്കല്‍ എളുപ്പമാണ്. പക്ഷെ, വിശ്വാസ്യത ഉണ്ടാക്കിയെടുക്കാന്‍ ഒരു പത്രസമ്മേളനവും ചാനല്‍ചര്‍ച്ചകളും മതിയാവില്ല.
07-Nov-2016
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്