ദുരിതം

ദുരിത ജീവിതത്തിന് അറുതിവരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം മരണ വ്യാപാരികളായി മാറുകയാണ്. ഗുജറാത്ത് വംശഹത്യ നടത്തിയ കൂട്ടര്‍, രാജ്യത്തെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ മരണം ഉറപ്പിക്കുന്ന രീതിയിലുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. വംശഹത്യക്ക് ശേഷം ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത് വര്‍ഗഹത്യയ്ക്കാണ്. തൊഴിലാളി വര്‍ഗത്തിന്റെ ഉന്‍മൂലനം.

രാജ്യത്തെ സാധാരണക്കാര്‍ വലിയ പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടുപോകുന്നത്. കൂലിപ്പണിക്കാരാകെ തൊഴില്‍രഹിതരായി മാറുന്നു. ഗ്രാമീണ ദരിദ്രര്‍ നിത്യജീവിതം നിര്‍വഹിക്കാനുള്ള പണമില്ലാതെ ബുദ്ധിമുട്ടുന്നു. കാര്‍ഷിക മേഖലയിലാകെ മരവിപ്പ് പടര്‍ന്നുപിടിക്കുകയാണ്. മത്സ്യ തൊഴിലാളികളും പരമ്പരാഗത ഉത്പാദന മേഖലയിലെ തൊഴിലാളികളും ദാരിദ്ര്യം രുചിച്ചുതുടങ്ങി. ആദിവാസി മേഖലയിലും പട്ടികജാതി കോളനികളിലും പട്ടിണി പടര്‍ന്നുപിടിക്കുന്നു. ഇപ്പറയുന്ന ജനവിഭാഗങ്ങളൊന്നും കള്ളപ്പണം സൂക്ഷിക്കുന്നവരല്ല. എന്നാല്‍, ഇവരില്‍ മിക്കവര്‍ക്കും കടങ്ങളുണ്ട്. കള്ളപ്പണക്കാരുടെയും പിടികിട്ടാപുള്ളികളുടെയും കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാവുന്ന സര്‍ക്കാര്‍, ഇവരുടെയാരുടെയും കടങ്ങള്‍ എഴുതി തള്ളാന്‍ തയ്യാറാവുന്നുമില്ല.

ദുരിത ജീവിതത്തിന് അറുതിവരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം മരണ വ്യാപാരികളായി മാറുകയാണ്. ഗുജറാത്ത് വംശഹത്യ നടത്തിയ കൂട്ടര്‍, രാജ്യത്തെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ മരണം ഉറപ്പിക്കുന്ന രീതിയിലുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. വംശഹത്യക്ക് ശേഷം ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത് വര്‍ഗഹത്യയ്ക്കാണ്. തൊഴിലാളി വര്‍ഗത്തിന്റെ ഉന്‍മൂലനം.

മതിയായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ നോട്ട് അസാധുവാക്കിയ നടപടിയിലൂടെയാണ് രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട, നിസ്വരും നിരാലംബരുമായ ജനവിഭാഗങ്ങളുടെ ജീവിതം കേന്ദ്രസര്‍ക്കാര്‍ ദുരിതമയമാക്കിയിരിക്കുന്നത്. വെറും 31 ശതമാനത്തിന്റെ ജനപിന്തുണമാത്രമുള്ള മോഡി സര്‍ക്കാര്‍, ഈ ജനവിരുദ്ധ നടപടിയിലൂടെ ഫാസിസ്റ്റ് രീതിശാസ്ത്രമാണ് നടപ്പിലാക്കുന്നത്. ഹിറ്റ്‌ലറും മുസോളിനിയും നടന്നുനീങ്ങിയ പാതയാണ് മോഡി സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പ്രചാരത്തിലിരുന്ന പണത്തിന്റെ 86 ശതമാനവും 500,1000 നോട്ടുകളായിരുന്നു. ബാക്കിവരുന്ന 14 ശതമാനം മാത്രമാണ് മറ്റ് നോട്ടുകളും നാണയങ്ങളും. ക്രയവിക്രയത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന 86 ശതമാനം വരുന്ന പണം ഒറ്റരാത്രി കൊണ്ട് പിന്‍വലിക്കപ്പെടുമ്പോള്‍ രാജ്യത്ത് ബാക്കി നില്‍ക്കുന്നത് വെറും 16 ശതമാനം വരുന്ന പണം മാത്രമാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. ആത്മാഭിമാനത്തോടെ കഴിഞ്ഞ ഇന്ത്യന്‍ ജനതയെ യാചകരാക്കി മാറ്റിയ നടപടിയാണ് ബി ജെ പി ഭരണകൂടത്തിന്റേത്.

കേരളത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷനായി ലഭിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അത്യാവശ്യത്തിനായി കരുതിവെച്ച കിടപ്പുരോഗികളടക്കമുള്ള നിരാലംബര്‍ക്ക് അത് മാറ്റാനുള്ള സൗകര്യം നിലവിലില്ല. പണം മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും മുന്നില്‍ നീണ്ടവരികളില്‍ നില്‍ക്കുവാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഇത്തരക്കാരുടെ വേദന കേന്ദ്രസര്‍ക്കാരിനെ അലട്ടുന്ന ഒന്നല്ല. അംബാനിയും അദാനിയും പറഞ്ഞാല്‍ എന്തുവേണമെങ്കിലും ചെയ്യാമെന്ന മനോഭാവമുള്ള സര്‍ക്കാര്‍, സാധാരണക്കാരുടെ ജീവിതത്തെ കണ്ടില്ലെന്ന് നടിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ പറയുന്ന ബദല്‍ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതുവരെ ജനങ്ങള്‍ക്ക് ക്രയവിക്രയം ചെയ്യുവാന്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപകരിക്കണം. കേരള സര്‍ക്കാര്‍ കേന്ദ്രത്തിനോട് ഈ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, കേന്ദ്രസര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. അത് ശരിയായ രീതിയല്ല. ജനങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാവണം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഈ തീരുമാനത്തിലൂടെ കള്ളപ്പണം, അഴിമതി, കള്ളനോട്ട്, ഭീകരവാദത്തിനുള്ള പണലഭ്യത തുടങ്ങിയവ ഇല്ലാതാക്കാന്‍ സാധിക്കില്ല. വിദേശത്തേക്ക് കടത്തിയ കള്ളപ്പണം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തത് അവരുടെ ആത്മാര്‍ത്ഥതയില്ലായ്മയ്ക്ക് തെളിവാണ്. കള്ളപ്പണത്തിന്റെ ആറ് ശതമാനം മാത്രമാണ് കറന്‍സി രൂപത്തിലുള്ളത്. പിന്‍വലിച്ച കറന്‍സിയില്‍ വെറും 0.028 ശതമാനം മാത്രമാണ് കള്ളനോട്ടുകളായുള്ളത്. ഭൂമികുംഭകോണമടക്കമുള്ള മാഫിയാ കള്ളപ്പണ സ്രോതസുകളെ എങ്ങിനെ നിയന്ത്രിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ല.

2014-16 കാലത്ത് 1.12 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയ ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ 63 വന്‍കിട കമ്പനികളുടെ 7016 കോടിരൂപയുടെ വായ്പ എഴുതിതള്ളാന്‍ തയ്യാറായിരിക്കുന്നു. വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും പിടികിട്ടാ പുള്ളികള്‍ക്കും ഈ ദുരിതകാലത്തും വാരിക്കോരി സൗജന്യങ്ങള്‍ നല്‍കുകയും പാവപ്പെട്ട ജനങ്ങളുടെ ജീവിതം നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകൂടം കടുത്ത ജനവിചാരണയ്ക്ക് വിധേയമാവുകയാണ്. നരേന്ദ്രമോഡി ബാങ്കുകളില്‍ ക്യൂനില്‍ക്കുന്ന ജനങ്ങളുടെ വിരലുകളില്‍ മഷിപുരട്ടുമ്പോള്‍, ഞങ്ങള്‍ തെരഞ്ഞെടുപ്പിന് മഷി പുരട്ടാനായി കാത്തുനില്‍ക്കുകയാണെന്ന് ജനം വികാരപ്പെടുന്നു. ഈ കാലാവസ്ഥ നരേന്ദ്രമോഡിയുടെ പതനത്തിനായുള്ളതാണ്. അത് അനിവാര്യമായ പതനവുമാണ്.

 

17-Nov-2016