സംഘിയുണ്ട് സൂക്ഷിക്കുക

കടുത്ത വര്‍ഗീയത പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും സന്യാസിദീക്ഷ നല്‍കാമെന്നതാണ് ആര്‍ എസ് എസിന്റെ നിലപാട്. ഹിന്ദുമതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വക്താക്കളെന്ന് നിരന്തം പറയുകയും പ്രചരിപ്പിക്കുകയും അതേസമയം പറയപ്പെടുന്ന ആ പാരമ്പര്യത്തെ ഗംഗേശാനന്ദ തീര്‍ത്ഥപാദരെ പോലുള്ളവരെ ഉപയോഗിച്ച് നിരന്തരം വ്യഭിചരിക്കുകയും ചെയ്യുകയാണ് ആര്‍ എസ് എസ് സംഘപരിവാരം. ഇവിടെ യഥാര്‍ത്ഥ ഹിന്ദുക്കളും സംഘി ഹിന്ദുക്കളുമെന്ന നിലയില്‍ ഹിന്ദുമത വിശ്വാസികള്‍ രണ്ടായി തീരുകയാണ്. സംഘി ഹിന്ദുക്കളെ വീട്ടില്‍കയറ്റാന്‍ കൊള്ളില്ല എന്നാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദരെ പോലുള്ളവര്‍ തെളിയിക്കുന്നത്. സംഘികളെ സൂക്ഷിക്കുക അഥവാ സംഘിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട കാലമായിരിക്കുന്നു.

ഗംഗേശാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഒരു വ്യക്തിയല്ല. ആത്മീയ തട്ടിപ്പില്‍ അഭിരമിക്കുന്ന സംഘിപ്രസ്ഥാനത്തിന്റെ ഒരു മുഖം മാത്രമാണ്. സംന്യാസത്തിനും ആത്മീയ ജീവിതത്തിനും മൂല്യം കല്‍പ്പിക്കുന്ന നിരവധി ജീവിതങ്ങള്‍ രാജ്യത്തുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് പകരം ആര്‍ എസ് എസിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്ന കള്ളസന്യാസിമാരെ ഹിന്ദുമതത്തിന്റെയും ആത്മീയതയുടെയും പ്രതീകങ്ങളായി ഉയര്‍ത്തിക്കാട്ടുകയാണ് സംഘപരിവാരം. അതിലൊരാളാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍.

മെയ് 19ന് അര്‍ദ്ധരാത്രിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്ക് തന്റെ ജനനേന്ദ്രിയം നഷ്ടപ്പെട്ടത്. വര്‍ഷങ്ങളായി തന്നെ പീഡനത്തിനിരയാക്കുന്ന ആ സ്വാമിയുടെ ലിംഗം ഒരു പെണ്‍കുട്ടി അറുത്തുമാറ്റുകയായിരുന്നു. ലിംഗത്തിന്റെ തൊണ്ണൂറു ശതമാനവും അറുത്തുമാറ്റപ്പെട്ടു. 54 വയസുള്ള ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ യഥാര്‍ത്ഥപേര് ശ്രീഹരി എന്നാണ്. എറണാകുളം കോലഞ്ചേരി പട്ടിമറ്റം ചെങ്ങറ സ്വദേശിയാണ്. ഇപ്പോള്‍ 23 വയസുള്ള യുവതിക്ക് 15 വയസുള്ളപ്പോള്‍ തുടങ്ങിയ ലൈംഗീക പീഡനത്തിനാണ് ലിംഗം ഇല്ലാതായതോടെ ശമനമായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പുറത്തുകൊണ്ടുപോയും സ്വാമി പീഡനം നടത്തിയിരുന്നു. പരമഭക്തയായ പെണ്‍കുട്ടിയുടെ അമ്മ, സ്വന്തം മകളെ പീഡിപ്പിക്കാന്‍ സ്വാമിക്ക് ഒത്താശചെയ്തുകൊടുത്തു എന്നാണ് പോലീസ് പറയുന്നത്. പൂജാമുറിയില്‍ വെച്ച്, ദൈവങ്ങളുടെ പ്രതിമകള്‍ക്കും ഫോട്ടോകള്‍ക്കും കത്തിച്ചുവെച്ച നിലവിളക്കിനും മുന്നിലിട്ട് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു. അപ്പോള്‍ അവളുടെ കരച്ചില്‍ കേള്‍ക്കാന്‍ ഒരു ദൈവത്തിനും ചെവിയുണ്ടായിരുന്നില്ല. നിവൃത്തിയില്ലാതെയാണ് പെണ്‍കുട്ടി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ലിംഗം മുറിച്ചുകളഞ്ഞത്.

ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഒരു ആര്‍ എസ് എസുകാരനാണ്. ബ്രഹ്മചാരിയായ ആര്‍ എസ് എസ് പ്രചാരകന്‍. ബാബാ രാംദേവിനെ പോലെ യോഗി ആദിത്യനാഥിനെ പോലെ മറ്റൊരു ആര്‍ എസ് എസ് പ്രചാരകന്‍. ഇപ്പോള്‍ ബി ജെ പി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കുമ്മനം രാജശേഖരന്റെ കൂടെയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദരെന്ന ശ്രീഹരി ആര്‍ എസ് എസ് പ്രചാരകനായി അവരോധിതനായത്. ആര്‍ എസ് എസ് ഇദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ചുമതല ആരാധനലായങ്ങളിലും ആശ്രമങ്ങളിലും വീടുകളിലും നുഴഞ്ഞുകയറി ഹിന്ദുത്വ വര്‍ഗീയത പ്രചരിപ്പിക്കുക എന്നതാണ്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പകല്‍ സമയത്ത് വ്യാപൃതനാവുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍, രാത്രിയാവുമ്പോള്‍ മൃഗീയമായ രതിഭ്രാന്തുകള്‍ നടപ്പിലാക്കും. പേട്ടയിലെ പെണ്‍കുട്ടി ആ സംഘിസ്വാമിയുടെ നിരവധി ഇരകളില്‍ ഒന്നുമാത്രമാണ്. പുറത്തുപറയാതെ അടക്കിപ്പിടിച്ച് കരയുന്ന മറ്റ് സ്ത്രീകളിലേക്ക് അന്വേഷണം നീളുമെന്നതില്‍ സംശയമില്ല. അവരെ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് മാധ്യമവിചാരണയ്ക്ക് ഇരയാക്കാതെ സംഘികളുടെ ലൈംഗികഭ്രാന്തിന് പൂര്‍ണവിരാമമിടാന്‍ അന്വേഷണ സംവിധാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.

നാലുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോലഞ്ചേരിയില്‍ ഹോട്ടല്‍ വ്യവസായം തുടങ്ങിയ പിതാവിന്റെ സഹായിയായാണ് ശ്രീഹരിയെ നാട്ടുകാര്‍ ഓര്‍മിച്ചെടുക്കുന്നത്. പിന്നീട് പട്ടിമറ്റം ചെങ്ങരയില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസമായി. വൈകാതെ ഹോട്ടല്‍ വ്യവസായത്തില്‍ വളര്‍ച്ച നേടി. കോലഞ്ചേരിയിലെ ദൈവസഹായം ഹോട്ടല്‍ ആര്‍ എസ് എസ് - ബി ജെ പി നേതാക്കളുടെ താവളമായിരുന്നു. കുമ്മനം രാജശേഖരനൊക്കെ ആ ഹോട്ടലിലെ സ്ഥിരം സാന്നിധ്യമാണ്. ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ പലരില്‍ നിന്നും പണം വെട്ടിച്ച കേസുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കളരി ഉള്‍പ്പെടെയുള്ള ആയോധനകലകളില്‍ പ്രാവീണ്യം നേടിയ അഭ്യാസികൂടിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍.

സന്യാസം സ്വീകരിക്കാനെന്ന് പറഞ്ഞ് 15 വര്‍ഷം മുമ്പ് ശ്രീഹരി കോലഞ്ചേരി വിടുന്നത് ആര്‍ എസ് എസിന്റെ ഒരു ബൈഠകില്‍ പങ്കെടുത്ത ശേഷമാണ്. അതായത് ആ ബൈഠകിന്റെ തീരുമാനമായിരുന്നു ആര്‍ എസ് എസിനകത്തെ ചില അതിവര്‍ഗീയവാദികളെ സന്യാസദീക്ഷയില്‍ അവതരിപ്പിക്കുക എന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍, താന്‍ പന്‍മന ആശ്രമത്തില്‍ നിന്നും സന്യാസി ദീക്ഷ സ്വീകരിച്ചു എന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. അതേ സമയം പന്‍മന ആശ്രമം സന്യാസിയാവാനുള്ള യോഗ്യത, ഈ ആര്‍ എസ് എസുകാരനില്ല എന്ന് കണ്ട് അയാളെ ആശ്രമത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രദേശത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഇയാള്‍ അത്തരം പരിശ്രമങ്ങള്‍ നടത്തിയിരുന്നു എന്ന് നാട്ടുകാര്‍ വെളിപ്പെടുത്തുന്നുണ്ട്.

ആര്‍ എസ് എസിന്റെ ശാഖകളിലെ സാന്നിധ്യമായ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ മുസ്ലീം സ്ത്രീകളെ വശികരിച്ച് പാട്ടിലാക്കണമെന്ന് സ്വയംസേവകരെ ഉത്‌ബോധിപ്പിക്കുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊതുറോഡുകളിലെ ഭണ്ഡാരങ്ങള്‍ നീക്കം ചെയ്യാന്‍ പി ഡബ്‌ള്യു ഡി അധികൃതര്‍ മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ പ്രതികരിച്ചുകൊണ്ട് നിലത്തുവീണുരുണ്ട് സമരം നടത്തിയത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ആറന്‍മുളയിലെ ബി ജെ പി സമരത്തിന്റെ നേതൃത്വം ഗംഗേശാനന്ദ തീര്‍ത്ഥപാദരെയാണ് കുമ്മനം രാജശേഖരന്‍ ഏല്‍പ്പിച്ചിരുന്നത്. കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രിസഭാ കാലത്ത്, വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ഒരു സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അന്ന് ഗംഗേശാനന്ദ തീര്‍ത്ഥപാദരാണ് സംഘത്തെ നയിച്ചത്. കുമ്മനം രാജശേഖറനും കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ ബി ജെ പി അധ്യക്ഷനായ കുമ്മനം ആ സമയത്ത് ഗംഗേശാനന്ദ തീര്‍ത്ഥപാദരെ പരിചയപ്പെടുത്തിയത്., ഹിന്ദു മഹര്‍ഷിവര്യനെന്നാണെന്ന് വി എസ് ഇപ്പോഴും ഓര്‍മിക്കുന്നു. പന്‍മന ആശ്രമാധികൃതര്‍ പറയുന്നത് മുഖവിലക്കെടുക്കുകയാണെങ്കില്‍ ആ സമയത്ത് സന്യാസിയാകാന്‍ യോഗ്യനല്ല എന്നുകണ്ട് ഇയാളെ ആശ്രമത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അത്തരമൊരാളെയാണ് കുമ്മനം രാജശേഖരന്‍ മഹര്‍ഷിവര്യനെന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ പരിചയപ്പെടുത്തിയത്. തന്റെ സ്വന്തം ഹിന്ദുമഹര്‍ഷിയുടെ പ്രവൃത്തികളെ തള്ളിപ്പറയാന്‍ ഇപ്പോഴും കുമ്മനം തയ്യാറായിട്ടില്ല. ആര്‍ എസ് എസ് പ്രചാരകനായ ഗംഗേശാനന്ദ തീര്‍ത്ഥപാദരെ ആര്‍ എസ് എസിന്‍ നിന്നും പുറത്താക്കി എന്ന് പറയാന്‍ മോഹന്‍ ഭഗവതും തയ്യാറായിട്ടില്ല. ലിംഗമില്ലെങ്കിലും ആര്‍ എസ് എസില്‍ വര്‍ഗീയഭ്രാന്തന്‍മാര്‍ക്ക് തുടരാനാവുമെന്ന ചുവരെഴുത്താണ് ആര്‍ എസ് എസ് നടത്തുന്നത്.

കടുത്ത വര്‍ഗീയത പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും സന്യാസിദീക്ഷ നല്‍കാമെന്നതാണ് ആര്‍ എസ് എസിന്റെ നിലപാട്. ഹിന്ദുമതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വക്താക്കളെന്ന് നിരന്തം പറയുകയും പ്രചരിപ്പിക്കുകയും അതേസമയം പറയപ്പെടുന്ന ആ പാരമ്പര്യത്തെ ഗംഗേശാനന്ദ തീര്‍ത്ഥപാദരെ പോലുള്ളവരെ ഉപയോഗിച്ച് നിരന്തരം വ്യഭിചരിക്കുകയും ചെയ്യുകയാണ് ആര്‍ എസ് എസ് സംഘപരിവാരം. ഇവിടെ യഥാര്‍ത്ഥ ഹിന്ദുക്കളും സംഘി ഹിന്ദുക്കളുമെന്ന നിലയില്‍ ഹിന്ദുമത വിശ്വാസികള്‍ രണ്ടായി തീരുകയാണ്. സംഘി ഹിന്ദുക്കളെ വീട്ടില്‍കയറ്റാന്‍ കൊള്ളില്ല എന്നാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദരെ പോലുള്ളവര്‍ തെളിയിക്കുന്നത്. സംഘികളെ സൂക്ഷിക്കുക അഥവാ സംഘിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട കാലമായിരിക്കുന്നു.

23-May-2017