ആസനത്തില്‍ ആലുമുളച്ച് അമിത് ഷാ
പ്രീജിത്ത് രാജ്
2014-15 വര്‍ഷത്തില്‍ കേവലം അമ്പതിനായിരം രൂപ മാത്രം വരുമാനമുണ്ടായിരുന്ന അമിത് ഷായുടെ മകന്‍ ജയ്ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍െ്രെപസസ് എന്ന കമ്പനിയുടെ വരുമാനം 2015-16ല്‍ 80.5 കോടിയായാണ് കുതിച്ചുയര്‍ന്നത്. ഇതെങ്ങനെ സാധ്യമായി? ഈ തണുപ്പന്‍ ബിസിനസ് സംരംഭം നരേന്ദ്ര മോഡി പ്രധാനമന്ത്രിയും അമിത് ഷാ ബി ജെ പി പ്രസിഡന്റുമായ ശേഷമാണ് ലാഭം കുത്തനെ ഉയര്‍ത്തിയത്. |
ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്തുകൊണ്ട് തല്‍സ്ഥാനം രാജിവെക്കുന്നില്ല എന്ന ചോദ്യമാണ് ഇപ്പോള്‍ രാജ്യമാസകലം ഉയരുന്നത്. വഴിവിട്ട ഇടപാടുകളിലൂടെ മകന് വ്യവസായസാമ്രാജ്യം ഒരുക്കാന്‍ കൂട്ടുനിന്ന വ്യക്തിയാണ് അമിത് ഷാ. ബി ജെ പി പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്താണ് മകന് വേണ്ടി വ്യവസായഭൂമിക ഒരുക്കി നല്‍കിയത്. ബിജെപിയുടെ മുന്‍ അധ്യക്ഷന്മാരായ എല്‍ കെ അദ്വാനിയും ബംഗാരു ലക്ഷ്മണും അഴിമതി ആരോപണങ്ങളെതുടര്‍ന്ന് രാജിവച്ചൊഴിഞ്ഞ കീഴ്‌വഴക്കം അമിത് ഷാ പിന്തുടരാത്തത് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ ആശിര്‍വാദം ഈ തട്ടിപ്പിലും അമിത് ഷായ്ക്ക് ഉള്ളതുകൊണ്ടാണ്. അമിത് ഷായ്ക്കും മകനുമെതിരായ ആക്ഷേപങ്ങള്‍ അതീവ ഗുരുതരങ്ങളാണ്. എന്തുകൊണ്ട് അവ അന്വേഷിക്കണമെന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല? ഈ അഴിമതി ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി ജെ പി നേതൃത്വം കേരളത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് രാജ്യമാസകലം നുണപ്രചരണം നടത്തുന്നത്.
അമിത് ഷായുടെ മകന്റെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയാണ് രോഹിണി സിങ്. 2011ല്‍ റോബര്‍ട്ട് വധേരയുടെ ഇടപാടുകളെക്കുറിച്ചുള്ള വാര്‍ത്തയും ഇവരാണ് പുറത്തുകൊണ്ടുവന്നത്. ഇപ്പോള്‍ രാജ്യത്തെ സംഘികളെല്ലാം രോഹിണി സിങിനെതിരെ തിരിഞ്ഞിരിക്കയാണ്. താന്‍ കൊണ്ടുവന്ന വാര്‍ത്ത, ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതോടെ സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായാണ് രോഹിണി സിങ് പറയുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ മുഖമാണ് രോഹിണി സിങിനെതിരായ ഭീഷണി മുഴങ്ങുമ്പോള്‍ ഓര്‍മവരുന്നത്. സംഘികളുടെ ഭീഷണികള്‍ വെറുതെയാവാത്ത വര്‍ത്തമാനമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. അമിത് ഷായുടെ മകന്‍ ജെയ് അമിത്ഭായ് ഷാ, വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന്റെ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ് മാനനഷ്ടക്കേസും നല്‍കിയിരിക്കുന്നത്. ഇത് ജെയ് അമിത് ഷായുടെ വ്യക്തിപരമായ വിഷയമാണെന്ന പുകമറ സൃഷ്ടിച്ച് അമിത് ഷായെ രക്ഷിച്ചെടുക്കാനുള്ള ഒരു കളി മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ജെയ് അമിത് ഷായെ ബിസിനസിലേക്ക് ഇറക്കുന്നത് അച്ഛന്‍ അമിത് ഷായാണ്. അമിത് ഷായുടെ അധികാര ധുര്‍വിനിയോഗമാണ് മകന്റെ കമ്പനിയുടെ വരുമാനം കുതിച്ചുയരാന്‍ കാരണമായത്.
2014-15 വര്‍ഷത്തില്‍ കേവലം അമ്പതിനായിരം രൂപ മാത്രം വരുമാനമുണ്ടായിരുന്ന അമിത് ഷായുടെ മകന്‍ ജയ്ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍െ്രെപസസ് എന്ന കമ്പനിയുടെ വരുമാനം 2015-16ല്‍ 80.5 കോടിയായാണ് കുതിച്ചുയര്‍ന്നത്. ഇതെങ്ങനെ സാധ്യമായി? ഈ തണുപ്പന്‍ ബിസിനസ് സംരംഭം നരേന്ദ്ര മോഡി പ്രധാനമന്ത്രിയും അമിത് ഷാ ബി ജെ പി പ്രസിഡന്റുമായ ശേഷമാണ് ലാഭം കുത്തനെ ഉയര്‍ത്തിയത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) രേഖകള്‍ പ്രകാരം ഇതേ കാലയളവില്‍ തന്നെ സംശയാസ്പദമായ സ്രോതസ്സുകളില്‍നിന്ന് കോടികളുടെ വായ്പകള്‍ ഈടൊന്നുമില്ലാതെ കമ്പനിക്ക് ലഭിച്ചു. വിറ്റുവരവില്‍ കൂറ്റന്‍ വര്‍ധനയുണ്ടായി. എന്നിട്ടും 2016 ഒക്ടോബറില്‍ കമ്പനി ദുരൂഹമായി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ആര്‍ഒസി രേഖകള്‍ പ്രകാരം ജയ് ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍െ്രെപസസ് 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 6230 രൂപയും 2013-14 വര്‍ഷത്തില്‍ 1724 രൂപയും നഷ്ടം വരുത്തിയ സ്ഥാപനമാണ്. എന്നാല്‍, 2014-15 വര്‍ഷത്തില്‍ കേവലം അമ്പതിനായിരം രൂപ മാത്രം വരുമാനമുണ്ടായിട്ടും 18,728 രൂപ ലാഭം നേടി. 2015-16 വര്‍ഷം കമ്പനിയുടെ വിറ്റുവരവ് 80.5 കോടി രൂപയായി കുതിച്ചുയര്‍ന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. മുന്‍വര്‍ഷങ്ങളിലെ നഷ്ടവും 2015-16 വര്‍ഷത്തിലുണ്ടായ 1.4 കോടി രൂപയുടെ നഷ്ടവും കാരണം അടച്ചുപൂട്ടിയെന്ന വിശദീകരണമാണ് ജയ് ഷാ നല്‍കുന്നത്.
ജെയ് അമിത്ഷായുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനമായ കുസും ഫിന്‍സര്‍വ് എന്ന സ്ഥാപനത്തിന് പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ) 10.35 കോടി രൂപ വായ്പ അനുവദിച്ചത് എല്ലാ മാനദണ്ഡവും ലംഘിച്ചാണ്. മധ്യപ്രദേശിലെ രത്‌ലം എന്ന സ്ഥലത്ത് വിന്‍ഡ് എനര്‍ജി പ്‌ളാന്റ് സ്ഥാപിക്കുന്നതിനെന്ന പേരിലാണ് 2016 മാര്‍ച്ച് 22ന് ഐആര്‍ഇഡിഎ 10.35 കോടി രൂപ വായ്പ അനുവദിച്ചത്. 2015 ജൂലൈയില്‍മാത്രം സ്ഥാപിതമായ കുസും ഫിന്‍സര്‍വ് ഓഹരിവ്യാപാരത്തില്‍ മാത്രമാണ് ഏര്‍പ്പെട്ടിരുന്നത്. ഊര്‍ജോല്‍പ്പാദനരംഗത്തോ, പശ്ചാത്തലസൗകര്യമേഖലയിലോ ഒരു മുന്‍പരിചയുമില്ലാത്ത ഈ സ്ഥാപനത്തിനാണ് മിനിരത്‌ന വിഭാഗത്തില്‍പെടുന്ന പൊതുമേഖലാസ്ഥാപനമായ ഐആര്‍ഇഡിഎ 10.35 കോടി അനുവദിച്ചത്. ഈ ലോണ്‍ ലഭ്യമാക്കുന്നത് അമിത് ഷാ വഴിയാണ്. അധികാര ദുര്‍വിനിയോഗമാണ് അവിടെ നടന്നത്.
കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പിന് കീഴിലാണ് ഐആര്‍ഇഡിഎ. കുസും ഫിന്‍സര്‍വിന് വഴിവിട്ട് വായ്പ അനുവദിക്കുന്ന ഘട്ടത്തില്‍ ഈ മന്ത്രാലയം കൈകാര്യംചെയ്തിരുന്നത് പീയുഷ് ഗോയലാണ്. വായ്പ അനുവദിച്ചതിന് പിന്നാലെ പീയുഷ് ഗോയലിന് കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തു. അനധികൃത ഇടപാട് വാര്‍ത്തയായതിന് പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് ഷായെ ന്യായീകരിച്ച് ആദ്യം വാര്‍ത്താസമ്മേളനം വിളിച്ചതും പീയുഷ് ഗോയലാണ്. മാധ്യമത്തില്‍ വന്ന വാര്‍ത്തയോടുള്ള ജയ് അമിത്ഷായുടെ ആദ്യപ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണംചെയ്തതും പീയുഷ് ഗോയലാണ്. അമിത് ഷായുടെ വ്ശ്വസ്തനായ പിയൂഷ് ഗോയല്‍ ഈ വിഷയത്തില്‍ നെട്ടോട്ടം ഓടുന്നത് അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്.
ഐആര്‍ഇഡിഎയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദനത്തിന് മാത്രമാണ് വായ്പ അനുവദിക്കുക. ആകെ പദ്ധതിച്ചെലവിന്റെ 70 ശതമാനംവരെ തുകയാകും പരമാവധി വായ്പയായി അനുവദിക്കുക. കുസും ഫിന്‍സര്‍വ് സമര്‍പ്പിച്ച അപേക്ഷപ്രകാരം മധ്യപ്രദേശില്‍ അവര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത് 2.1 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പ്‌ളാന്റാണ്. വായ്പാ അപേക്ഷ ഈ ഘട്ടത്തില്‍ത്തന്നെ തള്ളിക്കളയേണ്ടതാണ്. എന്നാല്‍, അപേക്ഷ പരിഗണിച്ചെന്ന് മാത്രമല്ല 15 കോടി മുതല്‍മുടക്ക് പറയപ്പെടുന്ന പദ്ധതിക്കായി 10.35 കോടിയുടെ വായ്പ അനുവദിക്കുകയുംചെയ്തു. ഒരു മെഗാവാട്ടിന്റേതായിരുന്നു പദ്ധതിയെങ്കില്‍ ഏഴുകോടിയോട് അടുത്താകും നിര്‍മാണച്ചെലവ്. ഐആര്‍ഇഡിഎ മാനദണ്ഡപ്രകാരം ഈ തുകയുടെ 70 ശതമാനമായ 4.9 കോടി രൂപ മാത്രമേ വായ്്പയായി കിട്ടാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍, 2.1 മെഗാവാട്ടിന്റെ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് 10.35 കോടി രൂപ ജയ് ഷായുടെ കമ്പനി വായ്പയായി നേടിയത് തീര്‍ത്തും സ്വജനപക്ഷപാദപരമായ നടപടിയായി കാണാനേ സാധിക്കുകയുള്ളു.
ടെമ്പിള്‍ എന്റര്‍െ്രെപസസിന് ലഭിച്ച വായ്പയും ഇത്തരത്തിലുള്ളത് തന്നെയാണ്. രാജേഷ് ഖണ്ഡേല്‍വാലയുടെ കിഫ്‌സ് ഫിന്‍സര്‍വീസസ് എന്ന സ്ഥാപനം ടെമ്പിള്‍ എന്റര്‍െ്രെപസസിന് 2015ല്‍ ഒരു ഈടുമില്ലാതെയാണ് 15.78 കോടി രൂപ വായ്പയായി നല്‍കിയത്. ഖണ്ഡേല്‍വാലയുടെ മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് രാജ്യസഭാംഗം പരിമള്‍ നത്വാനിയുടെ മകനെയാണ്. മുകേഷ് അംബാനിയുടെ വലംകൈയായ നത്വാനി 2014ല്‍ ജാര്‍ഖണ്ഡില്‍നിന്ന് ബിജെപി പിന്തുണയോടെയാണ് രാജ്യസഭയിലെത്തിയത്. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ മകന്റെ കമ്പനിക്ക് 15.78 കോടി രൂപയുടെ വായ്പ ഖണ്ഡേല്‍വാലയുടെ ധനസ്ഥാപനംവഴി ലഭ്യമാക്കിയത്.
സ്വന്തം മകന്റെ പേരില്‍ ഒരു കമ്പനിയുണ്ടാക്കി, പല തരത്തിലുള്ള കോഴപ്പണങ്ങള്‍ അതുവഴി ശേഖരിക്കുന്ന അമിത് ഷായുടെ ബുദ്ധിയാണ് ഈ തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലുള്ളത്. എന്നിട്ടും അമിത് ഷായെന്ന അഴിമതി വീരനെ ബി ജെ പി ദേശീയ അധ്യക്ഷ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത്, വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ അയാള്‍ക്കുള്ള പ്രത്യേക കഴിവ് പരിഗണിച്ചാണ്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകര്ണമുണ്ടാക്കാമെന്നും കേരളത്തില്‍ രണ്ടാം വിമോചനസമരം നടത്താമെന്നും ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന് ഉറപ്പുനല്‍കിയാണ് അമിത് ഷാ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനായി കേരളത്തിലേക്കെത്തിയത്. അമിത് ഷായെ പോലുള്ള വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് എന്തും ചെയ്യാമെന്ന ആര്‍ എസ് എസ് അനുവാദത്തിന്റെ ബാക്കിപത്രമാണ് അമിത് ഷാ അമര്‍ന്നിരിക്കുന്ന ബി ജെ പി അധ്യക്ഷന്റെ കസേര.
10-Oct-2017
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്