ബി ജെ പിയുടെ ചീറ്റിയ വെടി

ഒരു കേസുപോലും ചുമത്താത്ത ഒരു വ്യക്തിയുടെ മേല്‍ 'ഡി ആര്‍ ഐയും കോഫേപോസയും' ചുമത്താന്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ഒരു സുപ്രഭാതത്തില്‍ മുന്നോട്ടുവന്നത് ഫൈസല്‍ കാരാട്ടിനോടുള്ള വിദ്വേഷത്തിന്റെ പുറത്തല്ല. പഴമുറംകൊണ്ട് സൂര്യനെ മറക്കാനുള്ള ശ്രമമാണ് സുരേന്ദ്രന്‍ ഇന്ന് ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പൊതുസമൂഹത്തില്‍ ഇകഴ്ത്തി കാട്ടാനുള്ള അവസരമായി ഈ ദുഷ്പ്രചരണത്തെ ഉപയോഗിക്കുകയായിരുന്നു. സുരേന്ദ്രന്റെ ചീറ്റിപ്പോയ വെടി ഏറ്റെടുത്ത് വാര്‍ത്താനിര്‍മിതി നടത്തുന്ന മാധ്യമങ്ങള്‍, നേരത്തെ കോടിയേരി ഏലസ്സ് കെട്ടി എന്ന നുണപ്രചരണം നടത്തി പരിഹാസ്യരായവരാണ്. അന്ന് ചില മാധ്യമങ്ങള്‍ മാപ്പുപറയാന്‍ വരെ നിര്‍ബന്ധിതരായി. കറപുരളാത്ത വിപ്ലവ നക്ഷത്രമാണ് കോടിയേരി ബാലകൃഷ്ണന്‍. കെ സുരേന്ദ്രനെ പോലുള്ള സംഘിബുദ്ധികളുടെയും ലീഗിലെ കൊതിക്കെറുവുകാരുടെയും നുണപ്രചരണത്തിന് പാത്രമാക്കാന്‍ കേരള ജനത അദ്ദേഹത്തെ വിട്ടുതരില്ല.

ജനജാഗ്രത യാത്ര കോഴിക്കോട് ജില്ലയില്‍ കൂടി പര്യടനം നടത്തുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വടക്കന്‍മേഖലാ ജാഥയുടെ ക്യാപ്റ്റന്‍. ഇന്ന് വയനാട്ടില്‍ നിന്നും ചുരമിറങ്ങിവന്ന ജനജാഗ്രത യാത്ര കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. മുക്കം, കൊടുവള്ളി, ബാലുശ്ശേരി, പുറമേരി എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് വടകരയില്‍ ഇന്നത്തെ പര്യടനം സമാപിക്കും. ജനജാഗ്രതാ യാത്രയ്ക്ക് ലഭിക്കുന്ന ജനസമ്മതി യു ഡി എഫിനെയും ബി ജെ പിയെയും തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇന്ന് കോഴിക്കോട് കൊടുവള്ളിയിള്‍ ജാഥാ ക്യാപ്റ്റനായ കോടിയേരിക്ക് നല്‍കിയ സ്വീകരണവും അവിടെ നടന്ന ഉജ്ജ്വലമായ സ്വീകരണ പൊതുയോഗവും കണ്ട് ഹാലിളകിയ ബി ജെ പി മുസ്ലീംലീഗ് സഖ്യം ഒരു നുണക്കഥയുമായി രംഗത്തിറങ്ങിയിരിക്കയാണ്.

ജനജാഗ്രതാ യാത്രയുടെ കൊടുവള്ളി സ്വീകരണത്തോടനുബന്ധിച്ച് ജാഥാ ക്യാപ്റ്റനായ കോടിയേരി ബാലകൃഷ്ണനെ സ്വീകരിച്ചാനയിച്ച ജീപ്പിന്റെ ഉടമസ്ഥന്‍ സ്വര്‍ണ്ണകള്ളക്കടത്തുകേസുകളിലെ പ്രതിയാണെന്നാണ് ബി ജെ പി -ലീഗ് സഖ്യം കള്ളപ്രചരണം നടത്തുന്നത്. ബി ജെ പിയുടെ സംസ്ഥാന ഭാരവാഹി കെ സുരേന്ദ്രനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആദ്യം ഈ പെരുംനുണ തട്ടിവിട്ടത്. തുടര്‍ന്ന് മുസ്ലീംലീഗിന്റെ പ്രാദേശിക നേതാക്കളും സംഘികളും ഈ പ്രചാരണം ഏറ്റെടുത്തു. ഇപ്പോള്‍ ചില മാധ്യമങ്ങളും ആ നുണ ആവര്‍ത്തിക്കുകയാണ്.

കെ സുരേന്ദ്രന്‍ പറയുന്നത്, ''ആയിരം കിലോയിലധികം സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ ഡി ആര്‍ ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്'' എന്നാണ്. എന്നാല്‍, എന്താണ് വസ്തുത? ഫൈസല്‍ കാരാട്ട് കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറാണ്. ജനങ്ങള്‍ വോട്ടുചെയ്ത് വിജയപ്പിച്ച ജനപ്രതിനിധി. പി ടി എ റഹീം നേതൃത്വം നല്‍കുന്ന എന്‍ എസ് സി എന്ന പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റിയംഗവുമാണ് ഫൈസല്‍ കാരാട്ട്. ഇദ്ദേഹത്തിന്റെ പേരില്‍ ഒരു കേസുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൊടുവള്ളി മുനിസിപ്പാലിറ്റി എല്‍ ഡി എഫ് ആണ് ഭരിക്കുന്നത്. സിപിഐ എംന് ഏഴ് സീറ്റും എന്‍ എസ് സിക്ക് ആറ് സീറ്റും ഐ എന്‍ എല്ലിന് മൂന്ന് സീറ്റും അവിടെയുണ്ട്. അതില്‍ ഒരു സീറ്റിലെ വിജയിയാണ് ഫൈസല്‍ കാരാട്ട്.

കൊടുവള്ളി പട്ടണത്തില്‍ ജ്വല്ലറി ബിസിനസ് അടക്കം നിരവധി ബിസിനസുകള്‍ ഫൈസല്‍ നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് പാണക്കാട്ട് തറവാട്ടിലെ ഇളയ തങ്ങളായ മുനവറലി ശിഹാബ് തങ്ങളാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഫൈസലിന്റെ കെട്ടിടത്തിലാണ് വാടകകരാര്‍ പ്രകാരം പ്രവര്‍ത്തിക്കുന്നത്. ബി ജെ പിയുടെ നിരവധി നേതാക്കള്‍ ഫൈസല്‍ കാരാട്ടിന്റെ കൈയ്യില്‍ നിന്നും പലതവണയായി സംഭാവനകള്‍ കൈപ്പറ്റിയിട്ടുണ്ട്. മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത് കാരാട്ട് റസാഖ് എം എല്‍ എയുടെ ബന്ധുവാണ് ഫൈസല്‍ കാരാട്ടെന്നാണ്. ഇവര്‍ തമ്മില്‍ ഒരു ബന്ധുത്വവും ഇല്ല. രണ്ടുപേരും അയല്‍വാസികളാണ്. വീട്ടുപേര്‍ ഒന്നാണെന്നേയുള്ളു. ഇത്തരം വസ്തുതകള്‍ നിലനില്‍ക്കെയാണ് കെ സുരേന്ദ്രന്റെയും ലീഗിന്റെ പുതിയ നേതാവായ എന്‍ ബി സി നാസറിന്റെയും ഗൂഡാലോചനയില്‍ ഈ കള്ളം വിരിഞ്ഞുവന്നത്. ബി ജെ പി - ലീഗ് ഗൂഡാലോചനയുടെ ബാക്കിപത്രമാണ് കോടിയേരിക്കെതിരായുള്ള ഈ ആക്രമണം.

2014 ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുസ്ലീംലീഗ് നേതാവായ എന്‍ ബി സി നാസറിന്റെ മകന്റെ ഭാര്യ ഫൈസല്‍ കാരാട്ടിന്റെ വീട്ടില്‍ വിരുന്നുവന്നിരുന്നു. ഫൈസല്‍ കാരാട്ടിന്റെ ഭാര്യയുടെ ബന്ധുവാണ് ആ യുവതി. അന്ന് അവര്‍ വന്ന കാര്‍ ഫൈസലിന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടപ്പോള്‍ എറണാകുളത്ത് നിന്നും റവന്യു ഇന്റലിജന്‍സ് വിഭാഗം ആ വീട്ടിലേക്ക് വരികയും ഫൈസലിനോട് എന്‍ ബി സി നാസറിന്റെ മകന്റെ ഭാര്യ വന്ന കാറുമായി എറണാകുളത്തേക്ക് വരാന്‍ പറയുകയും ചെയ്തു. അന്ന് മണിക്കൂറുകളോളം ഫൈസല്‍ കാരാട്ടിനെ റവന്യു ഇന്റലിജന്‍സ് ചോദ്യം ചെയ്തു. നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ റവന്യു ഇന്റലിജന്‍സ് നോട്ടമിട്ടിരുന്നത് സ്വര്‍ണക്കടത്തടക്കമുള്ള കേസുകളില്‍ പ്രതിയായ ലീഗ് നേതാവ് എന്‍ ബി സി നാസറിന്റെ മകനെയാണ്. അയാള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴും വിദേശത്താണ് ആ വ്യക്തി. മുസ്ലീംലീഗ് മുന്‍കൈയെടുത്ത് കെ സുരേന്ദ്രന്റെ സഹായത്തോടെ ആ കള്ളക്കടത്തുകാരനെ നാട്ടിലേക്ക് കൊണ്ടുവരാനും നിയമത്തിന് മുന്നില്‍ കീഴടക്കാനും തയ്യാറാവുമോ?

25-Oct-2017