മേഴ്‌സിക്കുട്ടി അമ്മയ്ക്ക് മാധ്യമ സർട്ടിഫിക്കറ്റ് ആവശ്യമില്ല
പ്രീജിത്ത് രാജ്
നിര്‍മലാ സീതാരാമന്‍ എന്ന കേന്ദ്രമന്ത്രി, വിഴിഞ്ഞത്ത് വന്ന് മത്സ്യ തൊഴിലാളികളെ കണ്ട് കൈകൂപ്പിയപ്പോള്‍ അവര്‍ നിശബ്ദരായിരുന്നതിലും തങ്ങളുടെ കുടുംബത്തില്‍ നിന്നും കടലില്‍പ്പോയി കാണാതായവരെ കണ്ടെത്താനായി മൂന്ന് ദിവസം കണ്ണിലെണ്ണയൊഴിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേഴ്‌സിക്കുട്ടി അമ്മ എന്ന സംസ്ഥാനമന്ത്രിയെ നിരന്തരം ആക്ഷേപിക്കുന്നതിലും കൃത്യമായ രാഷ്ട്രീയമുണ്ട്. അത് മാധ്യമങ്ങള്‍ നിര്‍മിച്ചെടുക്കുന്ന ബോധത്തില്‍ നിന്നും ഉണ്ടായി വരുന്ന ഒന്നാണ്. സവര്‍ണ ബ്രാഹ്മണാധിപത്യ രാഷ്ട്രീയം നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ സവര്‍ണ പ്രതിനിധിയുടെ സാന്ത്വന ശബ്ദമാണ്, തങ്ങളിലൊരാളായി നിന്ന് വേദനയൊപ്പാന്‍ ശ്രമിച്ച മേഴ്‌സിക്കുട്ടി അമ്മയേക്കാള്‍ മെച്ചപ്പെട്ടതെന്ന് ഒരു ജനതയെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമ ധര്‍മ്മം യഥാര്‍ത്ഥ രക്ഷാപ്രവര്‍ത്തനം അപ്രസക്തമാക്കുകയും തൊലിപ്പുറത്തുള്ള അഭിനയങ്ങളും സമാശ്വാസങ്ങളുമാണ് ശരി എന്ന് വരുത്തി തീര്‍ക്കലുമാണ്. അത് അപകടകരമാണ്. |
നവമ്പര്‍ 30, രാവിലെ 10.54നാണ് കൊല്ലത്തുള്ള മന്ത്രി മേഴ്‌സിക്കുട്ടി അമ്മയ്ക്ക് ഒരു ഫോണ്‍കോള്‍ വരുന്നത്. ഫിഷറീസ് വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ട് അപകടത്തില്‍പ്പെട്ട കാര്യം പറയാന്‍ വേണ്ടിയായിരുന്നു മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ആ ഫോണ്‍കോള്‍. കടല്‍ക്ഷോഭത്തെയും ബോട്ടപകടത്തെയും പറ്റി ഫിഷറീസ് വകുപ്പ് മന്ത്രിയായ മേഴ്‌സിക്കുട്ടി അമ്മ അഘിയുന്നത് അപ്പോഴാണ്. അപ്പോള്‍ തന്നെ അവര്‍ കലക്ടറെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ ചെറുകപ്പലിനെ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട ബോട്ടിനെ രക്ഷപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. വൈകാതെ തന്നെ കോസ്റ്റ്ഗാര്‍ഡ് വെസലില്‍ നിന്നുള്ള മറുപടി ലഭിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് എത്താന്‍ പറ്റുന്നില്ല.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ട്, അടിമലത്തുറയില്‍ നിന്നും കടലില്‍പ്പോയി അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളുടെ തോണിയെ രക്ഷിക്കാനാണ് പോയത്. അപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അതിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബോട്ടിലും തോണിയിലും ഉള്ളവരെ രക്ഷപ്പെടുത്താന്‍ പോയ കോസ്റ്റ്ഗാര്‍ഡിന്റെ ചെറുകപ്പലിന് അവിടേക്ക് എത്താന്‍ പറ്റുന്നില്ല എന്ന മറുപടി വന്നപ്പോഴാണ് കടലിന്റെ രൗദ്രത മേഴ്‌സിക്കുട്ടി അമ്മയ്ക്ക് മനസിലാവുന്നത്. ഉടന്‍ തന്നെ നേവിയില്‍ ബന്ധപ്പെടാനുള്ള നിര്‍ദേശം കലക്ടര്‍ മുഖാന്തിരം കൊച്ചിന്‍ നേവല്‍ബേസിലേക്ക് നല്‍കി. കൂടാതെ ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് വഴിയും നേവിയെ അറിയിച്ചു. വൈകാതെ തന്നെ മന്ത്രി നേരിട്ട് വിളിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. 3.30ന് ഷിപ്പ് വിട്ടു എന്ന് പറഞ്ഞ് മെസേജ് വന്നു.
കടലിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി ഡോണിയല്‍ പ്ലെയിനും നേവി ഉപയോഗിച്ചു. ആറ് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേവി നിയോഗിച്ചത്. ആ സമയമാവുമ്പോഴേക്കും തീരപ്രദേശത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അപകടത്തിന്റെ വിവരങ്ങള്‍ വിളിച്ചറിയിച്ചു തുടങ്ങിയിരുന്നു. 5.30 ആകുമ്പോഴേക്കും കൊല്ലത്ത് നിന്നും മന്ത്രി മേഴ്‌സിക്കുട്ടി അമ്മ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ തന്റെ ഓഫിസിലേക്കെത്തി. പൂന്തുറയില്‍ കടലാക്രമണം രൂക്ഷമാണെന്ന് മനസിലാക്കിയ മന്ത്രി നേരം കളയാതെ അങ്ങോട്ടേക്ക് തിരിച്ചു. അവിടെ നിന്നും കാര്യങ്ങളുടെ ഗൗരവം നേരിട്ടറിഞ്ഞ മേഴ്‌സിക്കുട്ടി അമ്മ തിരികെ സെക്രട്ടേറിയറ്റിലേക്ക് വന്നു. ഫോണില്‍ കൂടി മുഖ്യമന്ത്രിയടക്കമുള്ളവരെ അതിനിടയില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. സെക്രട്ടേറിയറ്റില്‍ വന്നയുടന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. മുഖ്യമന്ത്രി അപ്പോള്‍ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സജീവമായ ഇടപെടലുകള്‍. ഓഖി ചുഴലിക്കാറ്റ് മരണം കൊയ്യാന്‍ തുടങ്ങിയിരുന്നു. പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയോട് പങ്കുവെച്ചതിന് ശേഷം മേഴ്‌സിക്കുട്ടി അമ്മ കണ്‍ട്രോള്‍ റൂം ഓപ്പറേഷന്‍സിന് നേതൃത്വം നല്‍കാന്‍ ശംഖുമുഖത്തേക്ക് തിരിച്ചു. എയര്‍ഫോഴ്‌സിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലേക്ക്.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയ നേവിയുടെ പ്ലെയിനിന് പത്തുമീറ്റര്‍ പോലും വിസിബിലിറ്റി ഉണ്ടായിരുന്നില്ല. അതിനാല്‍ അവരില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപകാരപ്പെട്ടില്ല. ആരൊക്കെ? എവിടെയൊക്കെ? ആര്‍ക്കും കൃത്യമായ ഉത്തരമില്ല. കൊച്ചിയില്‍ നിന്നും തിരിച്ചു എന്ന് നേവി ഉറപ്പ് തന്ന കപ്പലുകള്‍ രാത്രി 8 മണിയായിട്ടും ലക്ഷ്യത്തേക്ക് എത്തിയില്ല. മന്ത്രി നേവിയിലെ ഉന്നതരുമായി നിരന്തരം ബന്ധപ്പെട്ടു. ഡി ജി പി അടക്കമുള്ള പോലീസ് മേധാവികളെ ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ട ബോട്ടിലുള്ളവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍. കോസ്റ്റ്ഗാര്‍ഡിന്റെ കൈയ്യിലുള്ള ഒരു ഷിപ്പ് രാത്രിയിലും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. അവര്‍ക്ക് കാര്യമായ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പക്ഷെ, ഡിസംബര്‍ 1ന് രാവിലെയാവുമ്പോഴേക്കും രക്ഷാപ്രവര്‍ത്തനം നന്നായി ഏകോപിപ്പിച്ചു. വ്യോമസേനയും നാവികസേനയും കോസ്റ്റ്ഗാര്‍ഡുമൊക്കെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള രീതിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി.
ഹെലികോപ്റ്ററുകളും കപ്പലുകളും സജീവമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ടെക്‌നിക്കല്‍ ഏരിയയില്‍ മേഴ്‌സിക്കുട്ടി അമ്മ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണ്‍ട്രോള്‍ റൂമുകള്‍ മറ്റ് സ്ഥലങ്ങളില്‍ ആരംഭിക്കുവാനുള്ള നിര്‍ദേശം ഇതിനിടയില്‍ നല്‍കിയിരുന്നു. അവയൊക്കെ നിലവില്‍ വന്നിട്ടുണ്ടോ എന്നുള്ളത് ഉറപ്പുവരുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശ്രമിച്ചു. ആരോഗ്യമന്ത്രി ശൈലജ ടീച്ചറും മേഴ്‌സിക്കുട്ടി അമ്മയും നിരവധി തവണ ഫോണിലൂടെ പരസ്പരം സംസാരിച്ചു. ഒരു കുറവുപോലും ജീവന്‍രക്ഷാദൗത്യത്തിനുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലകളെല്ലാം കൈക്കൊണ്ടു. 30-ാം തിയ്യതി തന്നെ ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ളൊരു ടീം വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അവരും സജീവമായി പ്രവര്‍ത്തിച്ചു. ഒന്നും രണ്ടും തിയ്യതികളില്‍ രക്ഷാപ്രവര്‍ത്തനം സമാനതകളില്ലാത്ത വിധത്തില്‍ നന്നായി നടത്തി. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ നോക്കൂ എന്ന് പറയുന്ന തലത്തിലുള്ള മികച്ച ദൗത്യ നിര്‍വഹണം. അതില്‍ ഒരെളിയ പങ്ക് ഏത് കണ്ണുപൊട്ടനും മന്ത്രി മേഴ്‌സിക്കുട്ടി അമ്മയ്ക്ക് നല്‍കും, മലയാളത്തിലെ ദുഷിച്ച മാധ്യമങ്ങള്‍ ഒഴികെ.
നവമ്പര്‍ 30ന് കടലോരത്തേക്ക് പോയ മന്ത്രി, ഡിസംബര്‍ 5നും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കണ്‍ട്രോള്‍ റൂമില്‍ തന്നെയാണ് കേന്ദ്രീകരിക്കുന്നത്. അതിനിടയില്‍ നാലാം തിയ്യതി വിഴിഞ്ഞത്തും പോയി. ദുരിതഭൂമിയിലെ ജനങ്ങള്‍ക്ക് കഴിയുംപോലെ ആശ്വാസമായി. കുത്തക വാര്‍ത്താ മാധ്യമങ്ങള്‍ ആസൂത്രിതമായി കെട്ടിപ്പടുക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ മനസിലാക്കി അതിനെതിരെ സംസാരിച്ചു. അപ്പോഴൊക്കെ കുത്തക മാധ്യമങ്ങള്‍ മേഴ്‌സിക്കുട്ടി അമ്മയെ നാട്ടുകാര്‍ കൂക്കിവിളിച്ചോടിച്ചു എന്ന വാര്‍ത്ത ചമയ്ക്കുകയായിരുന്നു.
കേരളത്തിന്റെ റവന്യുമന്ത്രി മേഴ്‌സിക്കുട്ടി അമ്മയായിരുന്നുവെങ്കില്‍ കുറച്ചുകൂടി കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടന്നേനെ എന്ന് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥര്‍ പരസ്പരം പറയുന്ന സജീവതയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഡിസംബര്‍ 2 മുതല്‍ മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് കടലില്‍പ്പോകാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നപ്പോള്‍ അവര്‍ക്ക് സൗജന്യമായി എണ്ണയടിച്ച് കൊടുക്കാനുള്ള നടപടി കൈക്കൊള്ളാന്‍ ഫിഷറീസ് ഡിപാര്‍ട്ടമെന്റിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരം മുതല്‍ കൊച്ചിവരെ കടലില്‍ അരിച്ചുപെറുക്കാന്‍ അതിലൂടെ സാധിച്ചു. പൂന്തുറയിലെ ജോയി എന്ന മത്സ്യതൊഴിലാളിയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ കടലില്‍ തിരച്ചില്‍ നടത്താനായിപ്പോയ മുപ്പത് മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജോയി കടലില്‍ നിന്നും നല്‍കിയ വിവരങ്ങള്‍ നേവിക്കും വ്യോമസേനയ്ക്കും നല്‍കി..
ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിച്ചുകൊണ്ട് നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കുന്ന മുഖ്യമന്ത്രിയും തിരുവനന്തപുരം ജില്ലയിലെ മന്ത്രിയും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുമുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനും രക്ഷാപ്രവര്‍ത്തനങ്ങളുടെ ജീവനാഡികളായി മാറി. ഇവരെയൊക്കെ എങ്ങിനെയാണ് വിഴിഞ്ഞത്തെയും പൂന്തുറയിലെയും മത്സ്യതൊഴിലാളികള്‍ക്ക്, കടലിന്റെ മക്കള്‍ക്ക് തള്ളിപ്പറയാന്‍ സാധിക്കുക.
ജെ. മേഴ്‌സിക്കുട്ടി അമ്മ, മന്ത്രിയായതിന് ശേഷം കടലിന്റെ മക്കളെ കണ്ട വ്യക്തിയല്ല. മത്സ്യതൊഴിലാളികളുടെ യൂണിയന്റെ ആദ്യത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന് മത്സ്യതൊഴിലാളികളുടെ അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ പോരാട്ടം നടത്തിയ വനിതയാണ്. മത്സ്യതൊഴിലാളികളുടെ പങ്കപ്പാടും അവരുടെ ദുരിതവും കണ്ണീരും തിരിച്ചറിയാന്‍ അവര്‍ക്ക് മറ്റൊരാളിന്റെ സഹായം ആവശ്യമില്ല. വിഴിഞ്ഞത്തിനും പൂന്തുറയ്ക്കും അറിയാത്ത വ്യക്തിയല്ല മേഴ്‌സിക്കുട്ടി അമ്മ. അവരെ കൂക്കിവിളിക്കാന്‍ ആരെങ്കിലും തയ്യാറായി വന്നെങ്കില്‍ അതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്.
നിര്‍മലാ സീതാരാമന്‍ എന്ന കേന്ദ്രമന്ത്രി, വിഴിഞ്ഞത്ത് വന്ന് മത്സ്യ തൊഴിലാളികളെ കണ്ട് കൈകൂപ്പിയപ്പോള്‍ അവര്‍ നിശബ്ദരായിരുന്നതിലും തങ്ങളുടെ കുടുംബത്തില്‍ നിന്നും കടലില്‍പ്പോയി കാണാതായവരെ കണ്ടെത്താനായി മൂന്ന് ദിവസം കണ്ണിലെണ്ണയൊഴിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേഴ്‌സിക്കുട്ടി അമ്മ എന്ന സംസ്ഥാനമന്ത്രിയെ നിരന്തരം ആക്ഷേപിക്കുന്നതിലും കൃത്യമായ രാഷ്ട്രീയമുണ്ട്. അത് മാധ്യമങ്ങള്‍ നിര്‍മിച്ചെടുക്കുന്ന ബോധത്തില്‍ നിന്നും ഉണ്ടായി വരുന്ന ഒന്നാണ്.
സവര്‍ണ ബ്രാഹ്മണാധിപത്യ രാഷ്ട്രീയം നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ സവര്‍ണ പ്രതിനിധിയുടെ സാന്ത്വന ശബ്ദമാണ്, തങ്ങളിലൊരാളായി നിന്ന് വേദനയൊപ്പാന്‍ ശ്രമിച്ച മേഴ്‌സിക്കുട്ടി അമ്മയേക്കാള്‍ മെച്ചപ്പെട്ടതെന്ന് ഒരു ജനതയെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമ ധര്‍മ്മം യഥാര്‍ത്ഥ രക്ഷാപ്രവര്‍ത്തനം അപ്രസക്തമാക്കുകയും തൊലിപ്പുറത്തുള്ള അഭിനയങ്ങളും സമാശ്വാസങ്ങളുമാണ് ശരി എന്ന് വരുത്തി തീര്‍ക്കലുമാണ്. അത് അപകടകരമാണ്. കുത്തക മാധ്യമങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് വലതുപക്ഷം ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് നമുക്കറിയാം. ആവശ്യാനുസരണം അവര്‍ വര്‍ഗീയ ശക്തികളെ പുണരാനും മടിക്കില്ല എന്ന സന്ദേശമാണ് നിര്‍മലാ സീതാരാമന്റെ കാവ്യാത്മക സംസാരത്തെ ബിംബവല്‍ക്കരിക്കുന്ന മാധ്യമങ്ങള്‍ നല്‍കുന്നത്.
മേഴ്‌സിക്കുട്ടി അമ്മയുടെ പ്രവൃത്തികള്‍ ആരുടെയും കൈയ്യടി കിട്ടാനുള്ളതായിരുന്നില്ല. അവരത് ആഗ്രഹിക്കുന്നുമില്ല. ഒരു മന്ത്രിയെന്നുള്ള നിലയില്‍ തൊഴിലാളി വര്‍ഗത്തിന്റെ നേതാവെന്നുള്ള നിലയില്‍ അവരുടെ കടമയാണ് നിര്‍വഹിച്ചിട്ടുള്ളത്, നിര്‍വഹിക്കുന്നത്. വിഴിഞ്ഞത്തും പൂവാറിലും ഉറ്റവരെ നഷ്ടപ്പെട്ട, വേദനിക്കുന്ന സഹോദരിമാരില്‍ ഒരുവള്‍ തന്നെയാണ് മേഴ്‌സിക്കുട്ടി അമ്മ. ചരിത്രം അവരെ കഴിവുകെട്ടവളെന്ന് വിളിക്കില്ല. ചരിത്രം അവരെ ഉത്തരവാദിത്തം നിറവേറ്റാത്തവളെന്ന് കുറ്റപ്പെടുത്തില്ല. കുത്തക മാധ്യമങ്ങളുടെ സര്‍ട്ടിഫിക്കറ്റില്‍ മേഴ്‌സിക്കുട്ടി അമ്മയ്ക്ക് പുതിയതായി ഒരു ഇമേജും പാവപ്പെട്ട ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയെടുക്കാനുമില്ല. കാറ്റും കോളുമടങ്ങുമ്പോള്‍ സാന്ത്വനമായിമാറുന്ന കടലമ്മയെ പോലെ, മാധ്യമങ്ങള്‍ സൃഷ്ടിച്ച നുണകളുടെ കാറ്റുംകോളുമടങ്ങുമ്പോള്‍ മേഴ്‌സിക്കുട്ടി അമ്മയെയും തിരിച്ചറിയാന്‍ തീരപ്രദേശത്തെ ജനതയ്ക്ക് കഴിയും.
05-Dec-2017
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്