രാഹുല്‍ഗാന്ധിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളത്?

ആര്‍ എസ് എസ് തങ്ങളുടെ സര്‍ സംഘചാലക് ആയി പ്രഖ്യാപിക്കുന്നത് മഹാരാഷ്ട്ര ബ്രാഹ്മണനെയാണ്. ഹിന്ദുക്കളില്‍ ഏറ്റവും ശ്രേഷ്ഠഹിന്ദുവായിരിക്കണം സര്‍ സംഘചാലക് എന്നതാണ് അവരുടെ നിലപാട്. നിലവിലുള്ള സര്‍ സംഘചാലക് തങ്ങളുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കും. ഒരു ജനാധിപത്യവും അവിടെയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് നോമിനേഷന്‍ പ്രഹസനം പോലുള്ള ചില പൊറാട്ടുനാടകങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ ആര്‍ എസ് എസ് സര്‍ സംഘചാലകിനെ തെരഞ്ഞെടുക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ബ്രാഹ്മണശ്രേഷ്ഠതയ്ക്ക് പകരം കുടുംബശ്രേഷ്ഠത. രാജ്യത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും അതിന്റെ പരിവാര്‍ സംഘടനകളെയും നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷനാണ്. ജനാധിപത്യത്തിന്റെ സംരക്ഷരാകാന്‍ തങ്ങളുണ്ടെന്ന് പഴയ തഴമ്പുകള്‍ പ്രദര്‍ശിപ്പിച്ച് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസുള്ളത് രാജവാഴ്ച കാലത്തേതുപോലുള്ള ഫ്യൂഡല്‍ ബോധത്തിന്റെ അടുക്കളപ്പുറത്താണ്. അവിടെ നിന്നാണ് എം എം ഹസനും രമേശ് ചെന്നിത്തലയും ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കുറിച്ച് ഗീര്‍വാണം വിടുന്നത്.

ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളി ചോരയും വാര്‍ന്നുപോയ ഒരു രാഷ്ട്രീയ ശരീരമാണ് കോണ്‍ഗ്രസെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അല്ലെന്ന് പറയാന്‍ സാധിക്കുക? ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ് തങ്ങളെന്ന് പറയുമ്പോഴും അവിടെ നടക്കുന്നത് ഏകാധിപത്യ വാഴ്ചയല്ലേ? ഒരു കുടുംബം തങ്ങളുടെ സ്വേച്ഛാധിപത്യപരമായ തീരുമാനം നടപ്പിലാക്കുമ്പോള്‍, അതിനെതിരെ ഒരു ചൂണ്ടുവിരല്‍ പോലും ഉയരാത്ത അടിമകോണ്‍ഗ്രസ് പാളയത്തില്‍ നിന്നും സമൂഹത്തിനും ജനങ്ങള്‍ക്കും എന്താണ് പ്രതീക്ഷിക്കാന്‍ സാധിക്കുക?

നെഹ്രുവില്‍ നിന്നും ഇന്ദിരയിലേക്കുള്ള വഴി കഴിഞ്ഞാല്‍, അതിനപ്പുറത്ത് കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ തലയില്‍ പേറിയ രാജീവ് ഗാന്ധിക്കും സോണിയാ ഗാന്ധിക്കും രാഷ്ട്രീയ ജീവിതത്തിന്റെ ഏത് ഈടുറ്റഏടുകളാണ് അവകാശപ്പെടാനുണ്ടായിരുന്നത്്? കുടുംബ പാരമ്പര്യത്തിന്റെ മഹിമയിലല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വളര്‍ന്നത്. ദേശീയ സ്വാതന്ത്ര്യസമര ഭൂമികയില്‍ പാറിക്കളിച്ച കോണ്‍ഗ്രസിന്റെ ത്രിവര്‍ണപതാകയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ കുടുംബം അടിയുടുപ്പ് തയ്പ്പിച്ചാലും ജയ് വിളിക്കുന്ന ഒരു കൂട്ടമായി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നട്ടെല്ലില്ലാത്തവരായി മാറിയിരിക്കുന്നു. ഇവിടെ നിന്നും എന്ത് ജനാധിപത്യമാണ് മുളപൊട്ടുക? കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ആരാണ് മൃദുഫാസിസ്റ്റ് പ്രയോഗമായ ഏകാധിപത്യ കുടുംബവാഴ്ചയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുക?

കുമ്പളങിയില്‍ നിന്നും കൊണ്ടുപോയ ചെമ്മീനും കായല്‍മത്സ്യവും നിര്‍ണയിക്കുന്ന കോണ്‍ഗ്രസ് ഭാരവാഹിത്വവും മന്ത്രി സ്ഥാനവും ആ പാര്‍ട്ടിയില്‍ ലഭ്യമാവുമ്പോള്‍ തഴയപ്പെടുന്നത് കോണ്‍ഗ്രസിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ പതിനായിരങ്ങളാണ്. വി ടി ബല്‍റാമിനെ പോലുള്ള മൃദുവര്‍ഗീയ വാദികള്‍ നേതൃത്വത്തിലേക്ക് വലിച്ചുകയറ്റപ്പെടുമ്പോള്‍, കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കൊടിയുയര്‍ത്തി അലറിവിളിച്ച നിരവധി ചെറുപ്പക്കാര്‍ ചവിട്ടിമെതിക്കപ്പെട്ടു. അപ്പോഴൊക്കെ നഷ്ടപ്പെട്ടത് ഈ സംഘടനയിലെ ജനാധിപത്യം തന്നെയല്ലേ?

നെഹ്രുകുടുംബം പ്രസവം നിര്‍ത്തിയാല്‍ ഇല്ലാതാവുന്ന പദവിയാണ് കോണ്‍ഗ്രസിന്റെ എ ഐ സി സി അധ്യക്ഷപദവിയെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം വെറുതെ തമാശയായി ചിരിച്ചുതള്ളാനുള്ള ഒന്നല്ല. അത് ഒരു രാഷ്ട്രീയ നിരീക്ഷണമാണ്. നെഹ്രുകുടുംബത്തിലെ മൂന്നാമത്തെ തലമുറയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ ബാറ്റന്‍ കൈമാറുമ്പോള്‍, പ്രണബ് മുഖര്‍ജിയെ പോലുള്ള എ കെ ആന്റണിയെ പോലുള്ള കോണ്‍ഗ്രസ് അതികായന്‍മാര്‍ നോക്കുകുത്തികളാവുന്നു. അവര്‍ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു നോമിനേഷന്‍ കൊടുക്കാന്‍ പോലും ഭയപ്പെടുന്നു. അവര്‍ നടുവണങ്ങി നിന്ന് ഏകഛത്രപതിയായ രാഹുല്‍ ഗാന്ധിക്ക് ജയ് വിളിക്കുന്നു. വാഴ്ത്തുപാട്ടുകള്‍ പാടുന്നു. ഇതാണോ ജനാധിപത്യം? ഇത്രമാത്രം അടിമത്തമനസുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് നാട്ടിലെ ജനങ്ങള്‍ ജനാധിപത്യവും സമത്വവും പ്രതീക്ഷിക്കണമെന്ന് പറയുന്നത് എത്രമാത്രം അസംബന്ധമാണ്.

ആര്‍ എസ് എസ് തങ്ങളുടെ സര്‍ സംഘചാലക് ആയി പ്രഖ്യാപിക്കുന്നത് മഹാരാഷ്ട്ര ബ്രാഹ്മണനെയാണ്. ഹിന്ദുക്കളില്‍ ഏറ്റവും ശ്രേഷ്ഠഹിന്ദുവായിരിക്കണം സര്‍ സംഘചാലക് എന്നതാണ് അവരുടെ നിലപാട്. നിലവിലുള്ള സര്‍ സംഘചാലക് തങ്ങളുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കും. ഒരു ജനാധിപത്യവും അവിടെയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് നോമിനേഷന്‍ പ്രഹസനം പോലുള്ള ചില പൊറാട്ടുനാടകങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ ആര്‍ എസ് എസ് സര്‍ സംഘചാലകിനെ തെരഞ്ഞെടുക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ബ്രാഹ്മണശ്രേഷ്ഠതയ്ക്ക് പകരം കുടുംബശ്രേഷ്ഠത. രാജ്യത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും അതിന്റെ പരിവാര്‍ സംഘടനകളെയും നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷനാണ്. ജനാധിപത്യത്തിന്റെ സംരക്ഷരാകാന്‍ തങ്ങളുണ്ടെന്ന് പഴയ തഴമ്പുകള്‍ പ്രദര്‍ശിപ്പിച്ച് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസുള്ളത് രാജവാഴ്ച കാലത്തേതുപോലുള്ള ഫ്യൂഡല്‍ ബോധത്തിന്റെ അടുക്കളപ്പുറത്താണ്. അവിടെ നിന്നാണ് എം എം ഹസനും രമേശ് ചെന്നിത്തലയും ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കുറിച്ച് ഗീര്‍വാണം വിടുന്നത്.

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതൃത്വം ആരാണെന്ന് തീരുമാനിക്കുന്നതില്‍ മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്നരൂപമായ സാമ്രാജ്യത്വത്തിന് വലിയ പങ്കുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് മികച്ച കാലാവസ്ഥ ഒരുക്കാനുള്ള മിടുക്കാണ് ഈ പാര്‍ട്ടികളില്‍ നിന്നും സാമ്രാജ്യത്വം പ്രതീക്ഷിക്കുന്നത്. നരസിംഹ റാവുവിനേക്കാളും മന്‍മോഹന്‍ സിംഗിനേക്കാളും മികച്ച രീതിയില്‍ ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയ നേതൃത്വമാണ് സാമ്രാജ്യത്വത്തെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്രമോഡിയെ മാറ്റി രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായാലും കോര്‍പ്പറേറ്റുകളുടെ അജണ്ടകള്‍ ഭംഗിയായി നടപ്പാവണം. ബി ജെ പിയെന്ന വലതുപക്ഷ പാര്‍ട്ടിക്ക് ബദലാകുവാന്‍ എങ്ങിനെയാണ് കോണ്‍ഗ്രസ് എന്ന വലതുപക്ഷ പാര്‍ട്ടിക്ക് സാധിക്കുക? രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ജീവിതത്തെ നരക തുല്യമാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ വലിച്ചെറിയാന്‍ രാഹുല്‍ഗാന്ധി തയ്യാറാവുമെന്ന് തോന്നുന്നില്ല. ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെ എങ്ങിനെയാണ് കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നതെന്ന് ഗുജറാത്ത് ഇലക്ഷന്‍ സമയത്തെ രാഹുല്‍ ഗാന്ധിയുടെ പ്രകടനത്തിലൂടെ മനസിലാക്കാന്‍ സാധിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നെയുള്ള പ്രചരണ സമയത്ത് അവിടെയുള്ള ക്യസ്ത്യന്‍ പള്ളികളിലും മുസ്ലീംപള്ളികളിലും പോകാന്‍ വിമുഖത പ്രകടിപ്പിച്ച രാഹുല്‍ഗാന്ധിക്ക് എങ്ങിനെയാണ് മതനിരപേക്ഷതയുടെ വക്താവാകാന്‍ സാധിക്കുക? ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ വര്‍ഗീയ അജണ്ടകളെ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന വര്‍ഗീയ അജണ്ടകൊണ്ടല്ല ദുര്‍ബലമാക്കേണ്ടത്. കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന് ആ പ്രാഥമിക ധാരണപോലുമില്ലെന്നിടത്ത് രാജ്യത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ എസ് എസ് ശാഖക്ക് മുന്നില്‍ വരി നില്‍ക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്ന് ബി ജെ പിയുടെ എം പി സ്ഥാനം രാജിവെച്ച നാനപടോള്‍, നേരത്തെ കോണ്‍ഗ്രസിന്റെ എം പിയായിരുന്നു. നാളെയും അയാള്‍ കോണ്‍ഗ്രസിന്റെ എം പിയായേക്കാം. രാജ്യത്ത് അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള രാഷ്ട്രീയപാര്‍ട്ടിയിലേക്ക് ചേക്കേറുന്ന നിരവധി കോണ്‍ഗ്രസ്, ബി ജെ പിരാഷ്ട്രീയക്കാര്‍ രാജ്യത്ത് പെരുകി വരുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായ ഇക്കൂട്ടര്‍ ഇന്ന് ബി ജെ പിയെങ്കില്‍ നാളെ കോണ്‍ഗ്രസ് ആണ്. തിരിച്ചും ഇതേ പ്രവണത കാണാനാവും. ഇന്ന് പാര്‍ലമെന്റിലുള്ള ബി ജെ പി എം പിമാരില്‍ അമ്പത് ശതമാനത്തോളം പേര്‍ പഴയ കോണ്‍ഗ്രസ് നേതാക്കളാണ്. അവര്‍ നാളെ കോണ്‍ഗ്രസിനാണ് അനുകൂല കാലാവസ്ഥയെന്ന് തോന്നിയാല്‍ തിരികെ കോണ്‍ഗ്രസിലേക്ക് പോകും. കുറച്ചുകഴിഞ്ഞ് ബി ജെ പിയുടെ കാലം വരുമ്പോള്‍ അവര്‍ ബി ജെ പിയാവും കാരണം രണ്ടുപാര്‍ട്ടിയും തമ്മില്‍ കൊടിയുടെ നിറത്തിലുള്ള വ്യത്യാസം മാത്രമേ ഇപ്പോഴുള്ളു എന്നതാണ് അവസ്ഥ. അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ എ ഐ സി സി അധ്യക്ഷപദവി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളി വര്‍ഗത്തിന് അപ്രസക്തമാവുന്നത്.

12-Dec-2017