എന്താണീ രാഷ്ട്രീയ പ്രമേയം ?

ബി ടി ആറിനെപ്പോലെ, ബസവപുന്നയ്യയെപ്പോലെ, ഇ എം എസിനെയും സുന്ദരയ്യയെയും പോലെ രേഖകള്‍ തയ്യാറാക്കാനും ആരോഗ്യകരമായി ചര്‍ച്ച ചെയ്യാനും ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ച് മുന്നോട്ടുപോകാനും ഈ കാലത്തും സിപിഐ എം നേതാക്കള്‍ക്ക് ആവുന്നുണ്ട് എന്നത് ആഹ്ലാദകരമാണ്. ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടാവുമ്പോഴാണ് ഏത് പാര്‍ടിയായാലും അത് സജീവമാവുന്നത്. ആ പാര്‍ടിയുടെ മസ്തിഷ്‌കം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ശരിയായ ദിശയിലേക്ക് ചിന്തകള്‍ മുറുകുന്നത്. ജനങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ മുന്നോട്ടുപോകാനുള്ള കാഴ്ചപ്പാട് ഉടലെടുക്കുന്നത്. തീര്‍ച്ചയായും സിപിഐ എംന്റെ രാഷ്ട്രീയ പ്രമേയം പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ ജനങ്ങള്‍ക്ക് സഹായകമാവും എന്നതില്‍ തര്‍ക്കമില്ല.

സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചേരുന്ന കേന്ദ്രകമ്മറ്റിയില്‍ സീതാറാം യച്ചൂരിയുടെ രേഖ, പ്രകാശ് കാരാട്ടിന്റെ രേഖ എന്നൊക്കെ ചില മാധ്യമങ്ങള്‍ എഴുതുമ്പോള്‍ രാഷ്ട്രീയ പ്രമേയ രേഖ എങ്ങിനെയാണ് മൂര്‍ത്തമാകുന്നത് എന്നത് സംബന്ധിച്ച് ഇത്തരം വാര്‍ത്തകള്‍ എഴുതുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവഗാഹമില്ല എന്ന് കരുതാനേ സാധിക്കുകയുള്ളു.

ബി ടി ആറും ബസവപുന്നയ്യയുമൊക്കെ ജീവിച്ചിരുന്ന കാലത്ത് അന്നത്തെ പാര്‍ടി കോണ്‍ഗ്രസിന് മുന്നെ തങ്ങളുടേതായ രേഖള്‍ തയ്യാറാക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഓരോ രാഷ്ട്രീയപ്രമേയങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ മാത്രം പ്രൗഡവും അര്‍ത്ഥ സമ്പുഷ്ടവുമായവയാവും അതൊക്കെ. അത് ജനറല്‍സെക്രട്ടറിക്കും പോളിറ്റ്ബ്യൂറോവിലെ എല്ലാവര്‍ക്കും സര്‍ക്കുലേറ്റ് ചെയ്യും. എല്ലാവരും അവ വായിക്കും. അതില്‍ യോജിപ്പുള്ള ഭാഗങ്ങളും വിയോജിപ്പുള്ള ഭാഗങ്ങളും ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയ രേഖയൊടൊപ്പം ചര്‍ച്ച ചെയ്യും. അത് പി ബിയിലും ചര്‍ച്ച ചെയ്യും. പി ബി കേന്ദ്രകമ്മറ്റിയില്‍ വെക്കാനായി തയ്യാറാക്കുന്ന രാഷ്ട്രീയ പ്രമേയ രേഖയുടെ കരടില്‍ പി ബി അംഗങ്ങള്‍ തയ്യാറാക്കിയ രേഖയുടെ ഭാഗങ്ങള്‍ കടന്നുവരാം വരാതിരിക്കാം. ആ രേഖയാണ് അംഗീകാരത്തിനായി കേന്ദ്രകമ്മറ്റിക്ക് മുന്നില്‍ വെക്കുന്നത്. കേന്ദ്രകമ്മറ്റി പ്രസ്തുത രേഖ ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തും. മൂര്‍ത്തമാക്കാന്‍ വീണ്ടും പി ബിയെ ചുമതലപ്പെടുത്തും. തുടര്‍ന്ന് പി ബി കൂടി അന്തിമരൂപം നല്‍കി കേന്ദ്രകമ്മറ്റിക്ക് മുന്നില്‍ വെക്കും. അവിടെ നിന്ന് അംഗീകാരം നേടിയാണ് പാര്‍ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയ രേഖ അവതരിപ്പിക്കുന്നത്.

പാര്‍ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയ രേഖ ഒന്നാകെ വായിച്ചുപോവുകയല്ല ചെയ്യുക. ഓരോ ഖണ്ഡികയായി അവതരിപ്പിക്കും. അതില്‍ ഭേദഗതിയുണ്ടെങ്കില്‍ ആര്‍ക്കും പറയാം. ആ ഭേദഗതി അംഗീകരിക്കാമോ എന്ന് പ്രതിനിധികളോട് ആരായും. വ്യത്യസ്ത നിലപാടുകള്‍ വന്നാല്‍ വോട്ടെടുപ്പ് നടത്തും. ഭേദഗതിയോട് പ്രതിനിധികളില്‍ ഭൂരിപക്ഷവും അനുകൂല നിലപാട് എടുക്കുമെങ്കില്‍ ഭേദഗതി അംഗീകരിക്കും. അങ്ങനെ എത്ര പാരഗ്രാഫ് ഉണ്ടോ അത്രയും പാരഗ്രാഫ് വായിച്ചവതരിപ്പിച്ച് അംഗീകാരം തേടും. അങ്ങനെ അവതരിപ്പിച്ച് കഴിയുമ്പോള്‍ മൊത്തം രാഷ്ട്രീയ പ്രമേയത്തെ അംഗീകരിക്കാമോ എന്ന് സമ്മേളനം ആരായും. രാഷ്ട്രീയ പ്രമേയത്തെ അംഗീകരിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍, നിഷ്പക്ഷമായ നിലപാടെടുക്കുന്നവര്‍, വിട്ടുനില്‍ക്കുന്നവര്‍ ഇത്രയും രീതിയില്‍ പ്രമേയത്തോട് പ്രതികരിക്കാന്‍ പറ്റും. എതിരില്ലെങ്കില്‍ ഏകകണ്ഠമായി രാഷ്ട്രീയ പ്രമേയം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു എന്ന് പറയും.

ഇത്രയും ജനാധിപത്യപരമായ രീതിയില്‍ ആശയങ്ങളെ ചര്‍ച്ച ചെയ്യുന്ന, ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്തുന്ന ഏത് രാഷ്ട്രീയപാര്‍ട്ടിയാണ് ഈ രാജ്യത്ത് ഉള്ളത് ?

19-Jan-2018