ഇത് കോടിയേരിക്കെതിരായ ഗൂഡാലോചനയില്‍ മെനഞ്ഞത്
പ്രീജിത്ത് രാജ്
ഈ വ്യാജവാര്‍ത്താ വിസ്‌ഫോടനത്തിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. അത് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം സിപിഐ എം നേതൃത്വത്തിന് ഉണ്ട്. ഇല്ലെങ്കില്‍ നാളെ മനോരമയുടെ ലേഖകന്‍ ജോമി തോമസ്, ആരെയെങ്കിലും സ്വാധീനിച്ച് സിപിഐ എംന്റെ ഏതെങ്കിലും ഉന്നതനായ നേതാവിനെതിരെ ഒരു കള്ളപ്പരാതി എഴുതിച്ച് സിപിഐ എം കേന്ദ്രനേതൃത്വത്തിന് നല്‍കിയാല്‍ അതും വാര്‍ത്തയാക്കി മാറ്റാനാവും. സിപിഐ എംന്റെ ഉന്നതനേതാവ് തന്നെ പീഡിപ്പിച്ചു എന്നൊരു കള്ളപ്പരാതി ഒരു വനിതയെ കൊണ്ടു കൊടുപ്പിച്ച്, അതിന്റെ കോപ്പി പത്രത്തില്‍ പ്രസിദ്ധീകരിച്ച് 'ഉന്നതനേതാവിനെതിരെ ലൈംഗീക പീഡന പരാതി'യെന്ന് വെണ്ടക്ക നിരത്തിയാല്‍ അതും വാസ്തവമെന്നുള്ള നിലയില്‍ ചര്‍ച്ചാവിധേയമാക്കേണ്ട ദുരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അത് പാടില്ല. ഇപ്പോള്‍ നടന്ന ഗൂഡാലോചന വെളിച്ചത്ത് കൊണ്ടുവന്നാല്‍ പല നിഗൂഡശക്തികളും തലയില്‍ മുണ്ടിട്ടിരിക്കുന്നത് കാണാനാവും. ആ പരമ മാന്യന്‍മാരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പൊതുസമൂഹം തിരിച്ചറിയുകതന്നെ വേണം. |
ബിനോയി, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് കേരളത്തിലെ മിക്ക മാധ്യമങ്ങളും ഒരു നുണഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ച വാര്‍ത്ത, നുണയാണെന്ന് മനസിലാക്കിയിട്ടും ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഒരു കള്ളവാര്‍ത്തയ്ക്ക് മുകളില്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നത്. പുതിയ നുണക്കഥകള്‍ മെനഞ്ഞുപിടിപ്പിക്കുന്നത്. ബിനോയിയിലൂടെ അദ്ദേഹത്തിന്റെ പിതാവ് കോടിയേരി ബാലകൃഷ്ണനെ കരിനിഴലില്‍ നിര്‍ത്തുക എന്നതാണ് മാധ്യമങ്ങളുടെ ലക്ഷ്യം. അതുവഴി സിപിഐ എംനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക. അതെ, ഈ ഉണ്ടയില്ലാ വെടിയിലൂടെ മാധ്യമങ്ങള്‍ ഉന്നംവെക്കുന്നത് സിപിഐ എംനെ തന്നെയാണ്.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയ്‌ക്കെതിരെ ദുബൈയില്‍ ഒരു കേസും നിലവിലില്ല എന്നതാണ് വസ്തുത. വ്യാജപരാതിയില്‍ പറയുന്ന അഞ്ചുകേസുകള്‍ പരാതിക്കാരന്റെ ഭാവനാവിലാസം മാത്രമാണ്. ബിനോയിയും കൂട്ടുകാരും ചേര്‍ന്ന് ദുബൈയില്‍ ഒരു കമ്പനി ആരംഭിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് നിരവധി കമ്പനികള്‍ തകര്‍ന്ന കൂട്ടത്തില്‍ ഇവരുടെ കമ്പനിയും തകര്‍ന്നു. ആ കമ്പനിക്ക് അവരുടെ ഉപഭോക്താക്കളില്‍ നിന്നുംലഭിക്കാനുള്ള പണവും ലഭിച്ചില്ല. കമ്പനി നടത്തിപ്പിനായി പലരില്‍ നിന്നും വാങ്ങിയ പണവും അവര്‍ക്ക് കൊടുക്കാനായില്ല. ആ സമയത്ത് പണം കൊടുക്കാനുള്ളവരുമായും തങ്ങള്‍ക്ക് പണം നല്‍കാനുള്ളവരുമായും ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പണം കൊടുക്കാനുള്ള മിക്കവാറും പേര്‍ക്ക് പണം നല്‍കി. കമ്പനിക്ക് പണം നല്‍കാനുള്ള ചിലര്‍ പണം നല്‍കുകയും ചെയ്തു. ചിലര്‍ക്ക് കാലാവധി വെച്ച് ചെക്കുകളും നല്‍കി. അതിനിടയില്‍ ബിനോയി ഒപ്പിട്ട ഒരു ചെക്ക് പാര്‍ട്ണര്‍ മറ്റൊരു കക്ഷിക്ക് നല്‍കി. പറഞ്ഞ ദിവസം അക്കൗണ്ടില്‍ പണമില്ലാത്തതുകൊണ്ട് ചെക്ക് ബൗണ്‍സ് ആയി. അത് ദുബൈയില്‍ ഒരു കേസായി മാറി. ആ സംഭവം ബിനോയി മനസിലാക്കിയപ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി, പിഴയടക്കമുള്ള തുകയടച്ച് കേസ് ഒത്തുതീര്‍ത്തതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ കേസിനെയാണ് തേച്ച് മിനുക്കി ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. നിലവില്‍ ബിനോയിക്കെതിരെ ദുബൈയിലോ, മറ്റേതെങ്കിലും വിദേശ രാജ്യത്തോ ഒരു കേസുമില്ല.
ഇന്റര്‍പോളടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ബിനോയിയെ തിരയുന്നു. ബിനോയിക്ക് ദുബൈയില്‍ പോകുന്നതിന് യാത്രാ വിലക്ക് എന്നൊക്കെ തട്ടിവിട്ട മാധ്യമങ്ങള്‍ രണ്ടാഴ്ച മുമ്പ് വരെ ബിനോയി ദുബൈയില്‍ പോയിരുന്നു എന്ന കാര്യം മനസിലാക്കാന്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട് പരിശോധിച്ചാല്‍ മാത്രം മതി. ദുബൈയില്‍ പോകുന്നതിന് ഒരു വിലക്കും ബിനോയിക്കില്ല.
ദുബൈയില്‍ ബിസിനസ് നടത്തുന്നതിനും സാമ്പത്തിക ഇടപാടുകള്‍ നിര്‍വഹിക്കുന്നതിനും കര്‍ശനമായ നിബന്ധനകള്‍ നിലവിലുണ്ട്. നല്‍കിയ ചെക്ക് മടങ്ങുമ്പോള്‍ ഉണ്ടാവുന്ന വിശ്വാസവഞ്ചന അവിടെ വലിയ കേസാണ്. അതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്ന പ്രമുഖരുണ്ട്. വന്‍ വ്യവസായിയായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ വരെ അതിനുദാഹരണമാണ്. ദുബൈയിലെ ചെക്ക് കേസിന് പരിഹാരം കാണാന്‍ നിയമനടപടിയിലൂടെ മുന്നോട്ടുപോയാല്‍ മാത്രം മതി.
ചരിത്രത്തില്‍ ഇന്നുവരെ മറ്റൊരു രാജ്യത്തെ ചെക്ക് കേസിന് വേണ്ടി സിപിഐ എം പോളിറ്റ് ബ്യൂറോ ഇടപെട്ട് പരിഹാരം കണ്ടതായി അറിവില്ല. പക്ഷെ, ഇവിടെ ചെക്കുകേസ് സിപിഐ എം കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക് വരികയാണ്. പി ബിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയുടെ കോപ്പി മലയാള മനോരമയ്ക്കാണ് ലഭിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കുടിച്ചുമരിക്കുമെന്ന് പറഞ്ഞ മാമ്മന്‍ മാപ്പിളയുടെ മനോരമയ്ക്ക്. ആ പരാതി എങ്ങിനെ മനോരമയ്ക്ക് ലഭിച്ചു? കേന്ദ്രനേതൃത്വത്തിന് ലഭിക്കുന്ന പരാതികളൊന്നും മാധ്യമങ്ങളുമായി പങ്കുവെക്കുന്ന പതിവ് സിപിഐ എംന് ഇല്ല. അപ്പോള്‍ പരാതി നല്‍കിയ വ്യക്തിയാവും മലയാള മനോരമ ലേഖകന് പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ടാവുക. പണം നഷ്ടപ്പെട്ടയൊരാള്‍ അത് തിരികെ കിട്ടണമെന്ന ഉദ്ദേശത്തോടെ നല്‍കിയ പരാതി ഒരു കുത്തക മാധ്യമത്തിന് നല്‍കി എന്നത് സ്വാഭാവികമായ ഒരു കാര്യമല്ല.
ബിനോയിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും പേരോട് കൂടിയ പരാതിയാണ് ലഭിച്ചതെങ്കിലും മലയാള മനോരമയുടെ വാര്‍ത്തയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെയോ, അദ്ദേഹത്തിന്റെ മകനായ ബിനോയിയുടെയോ പേര് പരാമര്‍ശിക്കുന്നില്ല. ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മാത്രമേ ആ വര്‍ത്തയില്‍ പറയുന്നുള്ളു. കാരണം ആ പരാതിയില്‍ കഴമ്പില്ലെന്നും അത് നിലനില്‍ക്കില്ലെന്നും മനോരമയ്ക്ക് നന്നായി അറിയാം. എന്നിട്ടും അത് വാര്‍ത്തയാക്കുന്നിടത്താണ് ഗൂഡാലോചന ഉണ്ടെന്ന് സംശയിക്കേണ്ടത്. മനോരമയുടെ വാര്‍ത്തയില്‍ പേരുകളില്ലെങ്കിലും ഇന്ന് പുലര്‍ച്ചെ പുറത്തിറങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും കോടിയേരിയുടെയും ബിനോയിയുടെയും പേര് ഒരു മടിയുമില്ലാതെ വലിച്ചിഴച്ചു. ചാനല്‍ ചര്‍ച്ചകള്‍ കൊഴുത്തു. ഇതിനിടയില്‍ കോടിയേരിയെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. മകന്റെ പേരില്‍ കേസൊന്നും ഇല്ലെന്ന് അദ്ദേഹം അവരോട് വ്യക്തമാക്കി. മകന്‍ വിശദീകരണം തരുമെന്നും കോടിയേരി പറഞ്ഞു. വൈകാതെ ബിനോയി തന്റെ വിശദീകരണം പത്രകുറിപ്പായി മാധ്യമങ്ങളിലെത്തിച്ചു. ''എന്റെ പേരില്‍ ദുബായില്‍ കേസുണ്ടെന്നും ദുബായില്‍ ട്രാവല്‍ബാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. എന്റെ പേരില്‍ ദുബായില്‍ ഇപ്പോള്‍ യാതൊരു വിധ കേസുമില്ല. ഞാന്‍ അവിടെ നടത്തിയ ബിസിനസുമായി ബന്ധപ്പെട്ട് പാര്‍ട്ണറുമായി ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. അത് കോടതി വഴി പരിഹരിക്കപ്പെട്ടതാണ്. ഇപ്പോള്‍ ആരോപിക്കുന്നത് പോലുള്ള യാതൊരു സംഭവവും എന്റെ പേരില്‍ ഇല്ല. വസ്തുതാ വിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ല. അത് ദുരുദ്ദേശപരമാണ്.'' ബിനോയിയുടെ ഈ വിശദീകരണം പോലും മുഖവിലക്കെടുക്കാതെ വ്യാജപരാതിയുടെ മുകളില്‍ മാധ്യമങ്ങള്‍ ഇപ്പോഴും ചര്‍ച്ച നടത്തുകയാണ്. ഇതാണോ മാധ്യമ നീതി?
ഈ വ്യാജവാര്‍ത്താ വിസ്‌ഫോടനത്തിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. അത് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം സിപിഐ എം നേതൃത്വത്തിന് ഉണ്ട്. ഇല്ലെങ്കില്‍ നാളെ മനോരമയുടെ ലേഖകന്‍ ജോമി തോമസ്, ആരെയെങ്കിലും സ്വാധീനിച്ച് സിപിഐ എംന്റെ ഏതെങ്കിലും ഉന്നതനായ നേതാവിനെതിരെ ഒരു കള്ളപ്പരാതി എഴുതിച്ച് സിപിഐ എം കേന്ദ്രനേതൃത്വത്തിന് നല്‍കിയാല്‍ അതും വാര്‍ത്തയാക്കി മാറ്റാനാവും. സിപിഐ എംന്റെ ഉന്നതനേതാവ് തന്നെ പീഡിപ്പിച്ചു എന്നൊരു കള്ളപ്പരാതി ഒരു വനിതയെ കൊണ്ടു കൊടുപ്പിച്ച്, അതിന്റെ കോപ്പി പത്രത്തില്‍ പ്രസിദ്ധീകരിച്ച് 'ഉന്നതനേതാവിനെതിരെ ലൈംഗീക പീഡന പരാതി'യെന്ന് വെണ്ടക്ക നിരത്തിയാല്‍ അതും വാസ്തവമെന്നുള്ള നിലയില്‍ ചര്‍ച്ചാവിധേയമാക്കേണ്ട ദുരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അത് പാടില്ല. ഇപ്പോള്‍ നടന്ന ഗൂഡാലോചന വെളിച്ചത്ത് കൊണ്ടുവന്നാല്‍ പല നിഗൂഡശക്തികളും തലയില്‍ മുണ്ടിട്ടിരിക്കുന്നത് കാണാനാവും. ആ പരമ മാന്യന്‍മാരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പൊതുസമൂഹം തിരിച്ചറിയുകതന്നെ വേണം.
ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ആരോഗ്യകരമാണോ എന്ന് പരിശോധിക്കാനുള്ള ബാധ്യത മനോരമയെ പിന്തുടരുന്ന മറ്റ് മാധ്യമങ്ങള്‍ക്കുമുണ്ട്. കാലേക്കൂട്ടി തയ്യാറാക്കിയ അജണ്ടകളിലൂടെ മുന്നേറിയ ഇതൊരു ആസൂത്രിതമായ മാധ്യമ ഗുണ്ടായിസമാണിത്. സിപിഐ എംനെ താറടിച്ചുകാണിക്കുക എന്നതാണ് ഇതിലൂടെ മാധ്യമ മാഫിയ ലക്ഷ്യമിടുന്നത്. പാര്‍ട്ടിക്ക് വിധേയരായി, എല്ലാവരെയും കൂട്ടിയോജിപ്പിച്ച്, പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളെല്ലാം വിഭാഗീയതയുടെ ലക്ഷണംപോലുമില്ലാതെ പൂര്‍ത്തിയാക്കി, കേരളത്തിലെ സിപിഐ എം സംസ്ഥാന കമ്മറ്റി മികവ് പുലര്‍ത്തുമ്പോള്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചുകൊണ്ട് പാര്‍ടിയുടെയും സമ്മേളനങ്ങളുടെയും ശോഭ കെടുത്തുക എന്ന മാധ്യമങ്ങളുടെ ദുരുദ്ദേശം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
24-Jan-2018
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്