കോണ്‍ഗ്രസിലെ പോര് എങ്ങോട്ട്?
പ്രീജിത്ത് രാജ്
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വയനാട് സീറ്റും കേരള കോണ്‍ഗ്രസ് കോട്ടയത്തിന് പുറമെ ഇടുക്കി കൂടി ആവശ്യപ്പെട്ടാലും അതില്‍ അത്ഭുതം കാണാനാകില്ല. ചിലപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അവ വിട്ടുനല്‍കാനും പറഞ്ഞേക്കാം. അതിനുള്ള സൂചനയായാണ് രാജ്യസഭാസീറ്റ് മാണിക്ക് നല്‍കിയിരിക്കുന്നത്. കാര്യങ്ങളെല്ലാം കൈവിട്ടുപോയിരിക്കുമ്പോള്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും എം എം ഹസനെ മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗമുള്ളത്. കോണ്‍ഗ്രസ് ഉണ്ടെങ്കിലല്ലേ പ്രസിഡന്റിന് പ്രസക്തിയുള്ളു എന്ന് ചിന്തിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. |
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടപ്പിലാക്കിയ കടുംവെട്ടുത്തരവുകള്‍ വിളിച്ചുവരുത്തിയ പ്രതിപക്ഷ പ്രതിഷേധത്തെ തോല്‍പ്പിക്കുന്ന പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉയരുന്നത്. പി ജെ കുര്യനെ വെട്ടാനെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുകയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കടുംവെട്ട് രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ഐ ഗ്രൂപ്പ് ആശങ്കപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയോടൊപ്പം കുഞ്ഞാലിക്കുട്ടിയും ഒരു പരിധിവരെ കെ എം മാണിയും രചിച്ച തിരക്കഥയാണ് ഇവിടെ പ്രാവര്‍ത്തികമായത്. അതില്‍ കഥയറിയാതെ ആട്ടം കാണാനുള്ള യോഗമേ രമേശിന് ഉണ്ടായിരുന്നുള്ളു. പൊതുവില്‍ രമേശിന് റോളൊന്നുമില്ല എന്ന് വരുത്തിതീര്‍ക്കാനും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനും ഉമ്മന്‍ചാണ്ടിയുടെ കടുംവെട്ടിലൂടെ സാധിച്ചു.
പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയാണുള്ളതെങ്കിലും കാര്യങ്ങളെല്ലാം ഉമ്മന്‍ചാണ്ടി നിര്‍ണയിക്കുന്നിടത്തേക്ക് എത്തിച്ചേര്‍ന്നതില്‍ ഐ ഗ്രൂപ്പിന് കടുത്ത അസംതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശിനെ പുറത്താക്കാനുള്ള കാലാവസ്ഥ ഒരുക്കിയെടുത്തിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. രമേശ് പ്രാപ്തിയില്ലാത്തവനാണെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് രാജ്യസഭാ സീറ്റ് മാണിക്കാണ് നല്‍കുന്നതെന്ന് പ്രഖ്യാപിക്കാന്‍ ചാണ്ടി മുന്നോട്ടുവന്നത്. തന്നെ ആന്ധ്രയിലേക്ക് നാടുകടത്താന്‍ ചരട് വലിച്ച രമേശിന്റെ നാശം കണ്ടിട്ടേ കേരളത്തില്‍ നിന്നും പോവുകയുളളു എന്ന് അടുപ്പമുള്ളവരോട് ഉമ്മന്‍ചാണ്ടി മനസ് തുറന്നിട്ടുണ്ട്. അതിനാല്‍ കോണ്‍ഗ്രസിനുള്ളിലെ കലാപം പെട്ടെന്നൊന്നും അണയാനുള്ള സാധ്യതയില്ല.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ പരാജയത്തിന് എല്ലാവരും ഉത്തരവാദികളായിട്ടും പാപഭാരം മുഴുവന്‍ ഉമ്മന്‍ചാണ്ടിയിലാണ് ചാരിയിരുന്നത്. അതില്‍ ചാണ്ടിയുടെ ക്യാമ്പിന് കടുത്ത അസംതൃപ്തിയുണ്ട്. ഉമ്മന്‍ചാണ്ടിയെ അപരാധിയാക്കുന്നതിനുള്ള നീക്കത്തിന് പിന്നിലുണ്ടായിരുന്ന വി എം സുധീരനെ പുറത്താക്കുന്നതിനുള്ള ചരടുവലികളില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചിരുന്നു. ഇപ്പോള്‍ അടുത്ത ഇരയെ ലക്ഷ്യമിട്ടിരിക്കുകയാണ്. രമേശിനെതിരെയുള്ള ചാണ്ടിയുടെ നീക്കങ്ങള്‍ പക്കായാണ്. അതില്‍ രമേശ് ഭീതിപൂണ്ടിരിക്കുകയുമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ മുള്‍മുനയില്‍ നിര്‍ത്തി ആഭ്യന്തരമന്ത്രി പദവി പിടിച്ചെടുത്ത രമേശിന്റെ നടപടിയിലുള്ള നീരസത്തിന് കൂടി ഈയവസരത്തില്‍ ഉമ്മന്‍ചാണ്ടി കണക്ക് തീര്‍ക്കും.
യു ഡി എഫിലെ ഘടക കക്ഷികളെല്ലാം പ്രതിപക്ഷ നേതാവിനെ കൈവിട്ട് ഉമ്മന്‍ചാണ്ടിയുടെ കൂടെയാണുള്ളത്. കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം രമേശിനെക്കാളും സ്വീകാര്യന്‍ ഉമ്മന്‍ചാണ്ടിയാണ്. മാണി കൂടിവരുന്നതോടെ വീണ്ടും യു ഡി എഫില്‍ ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, മാണി അച്ചുതണ്ട് ശക്തമാകും. കെ എം മാണിയെ വഞ്ചകനായും അഴിമതിക്കാരനായും ചിത്രീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ച രമേശിനെ ഏതെങ്കിലും അവസരം കിട്ടിയാല്‍ മാണി വെറുതെ വിടില്ല. അതിനാല്‍ ഉമ്മന്‍ചാണ്ടിയൂം മാണിയും പൊതുശത്രുവായ രമേശിനെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കൈകോര്‍ക്കും. ആ സമയത്ത് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിയോടൊപ്പം നില്‍്ക്കുകയും ചെയ്യും.
പി ജെ കുര്യനെ ഉമ്മന്‍ചാണ്ടി ശത്രുവായി പ്രഖ്യാപിച്ചത് കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയത്തായിരുന്നു. പത്തനംതിട്ട, തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണം കുര്യന്റെ നിലപാടുകളാണെന്നാണ് ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നത്. ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം സഫലമാകാന്‍ സാധ്യതയുണ്ടെങ്കിലും അത് കോണ്‍ഗ്രസിന് വലിയ പരിക്കേല്‍പ്പിക്കും എന്നാണ് എ ഗ്രൂപ്പിലെ ചിലര്‍ ത്‌ന്നെ തുറന്നുപറയുന്നത്. ഘടകകക്ഷികളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങികൊടുത്തതിലൂടെ കോണ്‍ഗ്രസ് നേതൃത്വം യു ഡി എഫിനെ അവര്‍ക്ക് അടിയറവെച്ചിരിക്കയാണ്. അതാണ് പാര്‍ട്ടിയിലെ വികാരം. ആറുമാസത്തിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയും മാണിയും യു ഡി എഫില്‍ മേല്‍ക്കൈ നേടും. ലീഗും മാണിയും ചേര്‍ന്ന് കുറുമുന്നണിയുണ്ടാക്കിയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പിന്നെ യു ഡി എഫില്‍ ഭൂരിപക്ഷം അവരായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിയും വരും. കോണ്‍ഗ്രസിന്റെ ശബ്ദം ദീനരോദനമായി മാറും.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വയനാട് സീറ്റും കേരള കോണ്‍ഗ്രസ് കോട്ടയത്തിന് പുറമെ ഇടുക്കി കൂടി ആവശ്യപ്പെട്ടാലും അതില്‍ അത്ഭുതം കാണാനാകില്ല. ചിലപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അവ വിട്ടുനല്‍കാനും പറഞ്ഞേക്കാം. അതിനുള്ള സൂചനയായാണ് രാജ്യസഭാസീറ്റ് മാണിക്ക് നല്‍കിയിരിക്കുന്നത്. കാര്യങ്ങളെല്ലാം കൈവിട്ടുപോയിരിക്കുമ്പോള്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും എം എം ഹസനെ മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗമുള്ളത്. കോണ്‍ഗ്രസ് ഉണ്ടെങ്കിലല്ലേ പ്രസിഡന്റിന് പ്രസക്തിയുള്ളു എന്ന് ചിന്തിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല.
11-Jun-2018
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്