നരേന്ദ്രമോഡിയും അമൃതാനന്ദമയിയും പിന്നെ വത്സലടീച്ചറും

അമൃതാനന്ദമയിയെ പോലെയുള്ള ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ശൂലം കുത്തിയിറക്കി, ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത് തീയില്‍ ചുട്ടെടുത്ത പൈശാചികതയാണ് നരേന്ദ്രമോഡി. ആ പിശാചിനെ മാറോട് ചേര്‍ത്തമര്‍ത്തുന്ന മാതൃഭാവത്തെ എന്താണ് വിശേഷിപ്പിക്കുക? മോഡിയെ മാറോടമര്‍ത്തി, മോഡിമോനെ... എന്ന് വിളിച്ച് നിര്‍വൃതി കൊള്ളുമ്പോള്‍ അമൃതാനന്ദമയി എന്ന സ്ത്രീ എല്ലെങ്കില്‍ അവരെ മുന്നോട്ടുവെക്കുന്ന ആശയധാര, അമ്മ എന്ന പദത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് മോഡി എന്ന നരാധമനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. മോഡിയുടെ കൈയ്യിലെ ചോരക്കറ, അമൃതാനന്ദമയിയുടെ വെള്ള വസ്ത്രത്തില്‍ തുടച്ചില്ലാതാക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ് അമൃതപുരിയിലെ പ്രഹസനത്തിലൂടെ സംഘപരിവാര്‍ ശ്രമിച്ചത്.

ലോകത്തിലെ ഏറ്റവും ഭീകരരായ ഫാസിസ്റ്റുകളുടെ പട്ടികയുണ്ടാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ നരേന്ദ്രമോഡിയുമുണ്ടാവും. കേരളത്തിലെ പ്രമുഖ ഭക്തിവ്യവസായിയായ അമൃതാനന്ദമയിയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോഡി കേരളത്തിലെത്തിയിരുന്നു. ഗുജറാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വംശഹത്യ ഇന്ത്യന്‍ ചരിത്രത്തിലെ മായ്ക്കാന്‍ സാധിക്കാത്ത കറുത്ത ഏടാണ്. അമൃതാനന്ദമയിയെ പോലെയുള്ള ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ശൂലം കുത്തിയിറക്കി, ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത് തീയില്‍ ചുട്ടെടുത്ത പൈശാചികതയാണ് നരേന്ദ്രമോഡി. ആ പിശാചിനെ മാറോട് ചേര്‍ത്തമര്‍ത്തുന്ന മാതൃഭാവത്തെ എന്താണ് വിശേഷിപ്പിക്കുക? മോഡിയെ മാറോടമര്‍ത്തി, മോഡിമോനെ... എന്ന് വിളിച്ച് നിര്‍വൃതി കൊള്ളുമ്പോള്‍ അമൃതാനന്ദമയി എന്ന സ്ത്രീ, എല്ലെങ്കില്‍ അവരെ മുന്നോട്ടുവെക്കുന്ന ആശയധാര, അമ്മ എന്ന പദത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് മോഡി എന്ന നരാധമനെ വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നു. മോഡിയുടെ കൈയ്യിലെ ചോരക്കറ, അമൃതാനന്ദമയിയുടെ വെള്ള വസ്ത്രത്തില്‍ തുടച്ചില്ലാതാക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ് അമൃതപുരിയിലെ പ്രഹസനത്തിലൂടെ സംഘപരിവാര്‍ ശ്രമിച്ചത്.

 

അമൃതാനന്ദമയിയുടെ 'ഭക്തിപ്രസ്ഥാന'ത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാം ആര്‍എസ്എസുകാരല്ല. അവരില്‍ പലര്‍ക്കും ആര്‍ എസ് എസിനോട്, അവരുടെ രീതികളോട് യോജിപ്പുമില്ല. തങ്ങളുടേതായ കാരണങ്ങള്‍ കൊണ്ട് ആള്‍ദൈവപദവിയിലിരിക്കുന്ന അമൃതാനന്ദമയിയെ അവര്‍ വിശ്വസിക്കുകയാണ്. ബാഗ്‌പൈപ്പറെപ്പോലെയാണ് അമൃതാനന്ദമയി ഈ ഭക്തജനക്കൂട്ടത്തില്‍ ഭൂരിപക്ഷത്തെയും നിയന്ത്രിക്കുന്നത്. അമൃതാനന്ദമയി മോഡിയെ സ്തുതിക്കുമ്പോള്‍ ചരിത്രബോധത്തെയും യുക്തിയെയും മാറ്റി വെച്ച് അവര്‍ ഏറ്റുചൊല്ലാന്‍ നിര്‍ബന്ധിതരാവുകയാണ്. ഭക്തജനങ്ങള്‍ക്ക് സ്വീകാര്യയായ അമൃതാനന്ദമയി പറയുന്നതെല്ലാം അവര്‍ സ്വീകരിക്കും. അതിനാല്‍ അമൃതാനന്ദമയിക്ക് സ്വീകാര്യനായ മോഡി മോന്‍, ഭക്തജനങ്ങള്‍ക്കും സ്വീകാര്യനായി മാറുന്നു, മാറണം എന്നതാണ് ആര്‍ എസ് എസിന്റെ സൂത്രവാക്യം.

സുധാമണി എന്ന ഒരു സാധാരണ സ്ത്രീ, അമൃതാനന്ദമയി ആവുന്നതും അമ്മയാകുന്നതും കേരളത്തിന്റെ അരക്ഷിതമായ സാമൂഹിക പരിതസ്ഥിതിയുടെ തണല്‍പറ്റിയാണ്. മാറിമറിയുന്ന ജിവിത സാഹചര്യങ്ങളും തൊഴിലില്ലായ്മയും അണുകുടുംബങ്ങളുടെ ഒറ്റപ്പെടലുകളും ലക്ഷ്യബോധം നഷ്ടമായ വിദ്യാഭ്യാസ മേഖലയുമെല്ലാം ജനങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ഭാഗമായ് കൂടിയാണ് ഇത്തരം ആശ്വാസങ്ങളിലേക്ക് പലരും എത്തിപ്പെടുന്നത്. ജീവിതത്തിന്റെ കഠിന വഴികളില്‍ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴിയായാണ് ചിലര്‍ 'ആള്‍ദൈവസന്നിധി'യെ കാണുന്നത്. ഇന്ന് അമൃതാനന്ദമയി അല്ലെങ്കില്‍ അവരെ മുന്‍നിര്‍ത്തി ഹൈടെക് ഭക്തിവ്യവസായത്തെ മാര്‍ക്കറ്റ് ചെയ്യുന്ന അമൃതസ്വരൂപാനന്ദയും സംഘവും മാധ്യമ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലാഭം കുന്നുകൂട്ടുന്നു. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ സ്വഭാവങ്ങളും അവരുടെ സ്ഥാപനങ്ങള്‍ പ്രകടിപ്പിക്കുന്നു. അതിനെ മറച്ചുവെക്കാന്‍ ഭക്തരെ ആശ്ലേഷിക്കുകയാണ് അമൃതാനന്ദമയി. ആ ആശ്ലേഷത്തെ വെറും പെണ്ണടയാളം മാത്രമായി കാണുമ്പോഴാണ് പി വത്സലയെ പോലുള്ളവര്‍ക്ക് വീക്ഷണം പിഴയ്ക്കുന്നത്.

നരേന്ദ്രമോഡിക്ക് അമൃതാനന്ദമയിയും തിരിച്ചും സ്വീകാര്യര്‍ ആവുന്നത് അവര്‍ സംഘപരിവാരത്തിനെ വിശിഷ്യാ ആര്‍ എസ് എസിനെ മനസില്‍ കൊണ്ടുനടക്കുന്നു എന്നത് കൊണ്ടാണ്. അവരെ പുകഴ്ത്താനായി പേജുകള്‍ മാറ്റിവെക്കുന്ന മാതൃഭൂമി ദിനപത്രമാവട്ടെ സവര്‍ണഹൈന്ദവയുടെ കുപ്പായമിട്ടാണ് പലപ്പോഴും പുറത്തിറങ്ങുന്നത്. അതിനാല്‍ തന്നെ മോഡിത്വം അവര്‍ക്ക് പലപ്പോഴും സ്വീകാര്യമാവുന്നു. അമൃതാനന്ദമയിയെ വളര്‍ത്തുന്നതില്‍ മാതൃഭൂമി വഹിച്ച പങ്ക് ചില്ലറയല്ല. അതിനുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നുമുണ്ടാവും. ദേശീയപ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന മാതൃഭൂമിയുടെ പാരമ്പര്യം അവര്‍ക്ക് എവിടെയോ കൈമോശം വന്നുപോയി. അത് മാതൃഭൂമിയുടെ വാര്‍ത്തകളിലൂടെ നിരന്തരം സ്ഥാപിച്ചെടുക്കുന്നുമുണ്ട്. മാതൃഭൂമി പത്രത്തില്‍ അമൃതാനന്ദമയിയുടെ ജന്‍മദിനത്തിന് പി വത്സലയുടെ ലേഖനം അച്ചടിച്ചുവന്നത് വത്സലടീച്ചര്‍ സ്വന്തം താല്‍പ്പര്യാര്‍ത്ഥം നേരത്തെ എഴുതി തയ്യാറാക്കി അയച്ചുകൊടുത്തത് പ്രകാരമായിരിക്കില്ല. മാതൃഭൂമി പി വത്സലയോട് ലേഖനത്തിന് ആവശ്യപ്പെട്ട്ത് പ്രകാരമാവും. ആര് നിര്‍ബന്ധിച്ചാലും വത്സലടീച്ചര്‍ അതെഴുതാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ക്കറിയാവുന്ന പി വത്സലയ്ക്ക് സംഘപരിവാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മോഡിസത്തെ ആശ്ലേഷിക്കുന്ന ഒരു സ്ത്രീക്കുവേണ്ടി വാഴ്ത്തുപാട്ടുപാടാന്‍ സാധിക്കുമായിരുന്നില്ല. പക്ഷെ, മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ അത് സംഭവിച്ചു.

വത്സലടീച്ചര്‍ അമൃതാനന്ദമയി എന്ന സ്ത്രീയെ നോക്കികാണുകയാണെന്നും അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയാണ് പുകഴ്ത്തിയത് എന്നും വാദിക്കുന്നവരുണ്ട്. ഗുജറാത്തില്‍ വംശഹത്യ സംഘടിപ്പിച്ചതിന് ശേഷം നരേന്ദ്രമോഡിയും ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വംശഹത്യയെ കാണാതെ മോഡിയുടെ ജീവകാരുണ്യ-വികസനപ്രവര്‍ത്തനങ്ങളെ വാഴ്ത്തുന്നവര്‍ കണ്ണടച്ചിരുട്ടാക്കുകയല്ലേ! നിഷ്ഠൂരമായ വംശഹത്യ സംഘടിപ്പിച്ച മോഡിയെ, മോനെ എന്ന് വിളിച്ചാശ്ലേഷിക്കുന്ന അമൃതാനന്ദമയിയുടെ മാറില്‍ പി വത്സല ആശ്വാസം കണ്ടെത്തുമ്പോള്‍ മോഡി പങ്കുവെക്കുന്ന വിചാര,വികാരങ്ങളുടെ വക്താവാകുകയാണ് വത്സല ടീച്ചര്‍. ഞങ്ങളുടെ വത്സല ടീച്ചര്‍ അങ്ങനെയല്ല എന്ന് കേരളത്തിലെ പ്രബുദ്ധതയുള്ള ഒരു കൂട്ടം മനുഷ്യസ്‌നേഹികള്‍ വിളിച്ചുപറയുമ്പോള്‍ ടീച്ചര്‍ അതിനെ ആരോഗ്യപരമായാണ് അഭിമുഖീകരിക്കേണ്ടത്.

പി വത്സല മദര്‍തെരേസയെ പറ്റി എഴുതിയിട്ടുണ്ടോ? എന്ന് രോഷം കൊണ്ടത് വത്സല ടീച്ചറുടെ ഒരാരാധകനാണ്. മദര്‍തെരേസയെ പോലെ നോക്കികാണെണ്ട വ്യക്തിയല്ല അമൃതാനന്ദമയി. അമൃതാനന്ദമയിയുടേത് സന്യാസ ജീവിതമല്ല. കോര്‍പ്പറേറ്റ് ഭക്തിവാണിഭ ജീവിതമാണ്. ഭക്തിമാഫിയാ തലൈവിയാണ് അമൃതാനന്ദമയി. മദര്‍ തെരേസ സന്യാസിയായിരുന്നു. എല്ലാം ത്യജിച്ചവള്‍. സ്വത്ത് കുന്ന് കൂട്ടാത്തവള്‍. അവര്‍ ചേരികളില്‍ നിന്ന് ചേരികളിലേക്ക് സഞ്ചരിച്ചു. രോഗികളെ ശുശ്രൂഷിച്ചു. കുഷ്ഠരോഗികളുടെ പഴുപ്പ് അറപ്പില്ലാതെ കഴുകി തോര്‍ത്തി. പാവങ്ങളുടെ കണ്ണീരൊപ്പി. മദര്‍തെരേസയോ അവരുടെ സ്ഥാപനമോ കാരുണ്യം പകരും മുന്‍പ് ആരെയും ഇന്റര്‍വ്യു ചെയ്തില്ല. അമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ പാവങ്ങള്‍ക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ വലിയ ഇന്റര്‍വ്യു മഹാമഹത്തെ അഭിമുഖീകരിക്കണം. സാമൂഹ്യസേവനത്തിന് സ്‌ക്രീനിംഗ് നടത്തുന്ന അമൃതാനന്ദമയിയെ എങ്ങിനെയാണ് സാമൂഹ്യപ്രവര്‍ത്തക എന്ന് വിളിക്കുക?

ഭൂകമ്പം വന്നപ്പോള്‍ വീട് വെച്ച് കൊടുക്കുന്നതും ആശുപത്രിയിലൂടെ ചിലര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുന്നതുമൊക്കെയാണ് അവരുടെ സാമൂഹ്യസേവനം എങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി. കാരണം ഇതൊക്കെ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വലിയ ഫണ്ടിംഗ് ഏജന്‍സികള്‍ നല്‍കുന്ന പ്രോജക്ടുകളുടെ ഭാഗമായി അമൃതാനന്ദമയി മഠം നടപ്പിലാക്കുന്നതാണ്. ഇവര്‍ സേവനത്തിനായി ചെലവിടുന്നതിന്റെ നൂറുമടങ്ങിലധികം തുക ഇവര്‍ക്ക് ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് തിരികെ ലഭിക്കുന്നുണ്ട്. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പോലും അമൃതാനന്ദമയി മഠവുമായി ബന്ധപ്പെടുന്നുണ്ട്, ഫണ്ട് കൈമാറുന്നുണ്ട് എന്നാണ് സൂചനകള്‍. അതിനാലാണ് അമൃതാനന്ദമയി മഠത്തിന് എവിടെ നിന്നൊക്കെ ഫണ്ടുകള്‍ ലഭിക്കുന്നുണ്ട് എന്നത് അവര്‍ വ്യക്തമാക്കാത്തത്. സുതാര്യതയുടെ ഒരു ചെറിയ അംശം അമൃതാനന്ദമയിക്ക് ഉണ്ടെങ്കില്‍ ഒരു ധവളപത്രം ഇറക്കുകയാണ് വേണ്ടത്. അവര്‍ക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഫണ്ടിംഗ് ഏജന്‍സികള്‍ നല്‍കുന്ന ഫണ്ടിന്റെ വിശദാംശവും അത് എങ്ങിനെയൊക്കെ ചിലവഴിക്കുന്നു എന്നതിന്റെ വിശദാംശവും അവര്‍ പുറത്ത് വിടണം. അതിന് തയ്യാറാവാത്തിടത്തോളം കാലം അമൃതാനന്ദമയി ഭക്തിമാഫിയയുടെ വക്താവ് മാത്രമാണ്.

പി വത്സലയെ പോലുള്ള ഉത്തരവാദിത്തമുള്ള സാഹിത്യകാരി, സാംസ്‌കാരിക നായിക കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. ഇപ്പോള്‍ തൊലിപ്പുറം കണ്ട് ഫലത്തിന്റെ പഴുപ്പളക്കാന്‍ കഴിയില്ല ടീച്ചറെ. അമോണിയ വെച്ചാണ് പഴുപ്പിക്കുന്നത്. പഴുത്തത് പോലെ തോന്നിക്കുന്ന തൊലിക്കുള്ളില്‍ പുളിപ്പാണ്. അമൃതാനന്ദമയിയെ പോലെ.

07-Dec-2013