കിമ്മിന്റെ രാഷ്ട്രതന്ത്രജ്ഞതയ്ക്ക് മുന്നില്‍ ട്രംപ്‌ മുട്ടുകുത്തി

സിംഗപ്പൂരില്‍ നിന്ന് മുഴങ്ങിയ സാമ്രാജ്യത്വ സ്തുതിഗീതങ്ങളില്‍ കിം അലിഞ്ഞുപോയിട്ടില്ല. ട്രംപിന്റെ തന്ത്രങ്ങളെയും കുതന്ത്രങ്ങളെയും തിരിച്ചറിയാനും ശരവേഗത്തില്‍ മുതലാളിത്തത്തെ മനസിലാക്കി നിലപാടുകള്‍ പുതുക്കാനും കഴിയുന്നു എന്നിടത്താണ് ട്രംപിന് കിമ്മിനെ പുകഴ്‌ത്തേണ്ടി വരുന്നത്. അതിനാലാണ് ഇന്നലെവരെ താന്‍ പറഞ്ഞതൊന്നുമല്ല കിം ജോങ് ഉന്‍ എന്ന് ട്രംപിന് തിരുത്തി പറയേണ്ടി വന്നത്.

കിം ജോങ് ഉന്നിനെ നിരന്തരം പഴിച്ച നാവുകൊണ്ട് പുകഴ്ത്തിപ്പിച്ച രാഷ്ട്രതന്ത്രജ്ഞതയാണ് മുപ്പത്തിനാലിന്റെ ചെറുപ്പത്തില്‍ നിന്നുണ്ടായത്. കിമ്മിന് മുന്നില്‍ എഴുപത്തൊന്നുകാരനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുട്ടുകുത്തി എന്ന് തന്നെ പറയാം. സി ഐ എ അടക്കമുള്ള അമേരിക്കന്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ ലോകമാകെ കിം ജോങ് ഉന്നിനെ ഭീകരനും നിഷ്ഠൂരനും വെളിവില്ലാത്തവനുമാക്കാനുള്ള നുണ പ്രചരണങ്ങള്‍ നിരന്തരം നടത്തിയിരുന്നു. ഇന്നലെ സിംഗപ്പൂരില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അത്തരം പ്രചരണങ്ങള്‍ കൂടി തല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. ഇന്നലെ മുതല്‍ കിമ്മിനെ കുറിച്ച് പുകഴ്ത്താന്‍ ട്രംപിന്റെ നാവ് നിര്‍ബന്ധിതമായിരിക്കുന്നു. ആ ചരിത്രഘട്ടം ഇന്നലെവരെ അമേരിക്കയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും പറഞ്ഞതൊന്നുമല്ല കിമ്മെന്ന് ലോകത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്നു.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും പ്രായോഗികവാദിയായ രാഷ്ട്രനേതാവായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുന്ന ദക്ഷിണകൊറിയക്കാരില്‍വരെ മതിപ്പുളവാക്കുന്ന നയതന്ത്രപാതയിലൂടെ കിം സഞ്ചരിക്കുന്നത് ലോകം വിസ്മയത്തോടെയാണ് കാണുന്നത്. നേരത്തേ, നിശ്ചയിച്ച ഉച്ചകോടി നടക്കാനിടയില്ലെന്ന് ട്രംപ് പ്രഖ്യപിച്ചപ്പോള്‍ കിം പ്രകോപിതനായില്ല. തന്റെ വിശ്വസ്തനായ മുന്‍ ചാരത്തലവന്‍ കിം യോങ് ചോലിനെ യു എസിലേക്ക് അയച്ച് കാര്യങ്ങള്‍ പരുവപ്പെടുത്താന്‍ ശ്രമിച്ച തന്ത്രജ്ഞനായി നില്‍ക്കുകയാണ് ചെയ്തത്. ഉച്ചകോടിക്കായി കിം കാലുപിടിച്ചു കെഞ്ചിയെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ജൂലിയാനി അധിക്ഷേപിച്ചപ്പോള്‍ പോലും കിമ്മിന്റെ മുഖത്ത് നിന്ന് ചിരി മാഞ്ഞില്ല. ഒരു മറുപടിയും പറഞ്ഞില്ല. കാത്തിരിക്കുകയായിരുന്നു കിം. തന്റെ ദിവസത്തിനായി. ആ ദിവസമായിരുന്നു സിംഗപ്പൂരില്‍ പുലര്‍ന്നത്. ഏറ്റവും പ്രായോഗികവാദിയായ രാഷ്ട്രത്തലവനാണ് താനെന്ന് തെളിയിക്കുംവിധം അമേരിക്കയെ സിംഗപ്പൂരിലെ വട്ടമേശക്കപ്പുറമെത്തിക്കാന്‍ കിമ്മിന് സാധിച്ചു.

പട്ടിണിയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും തന്റെ ജനതയെ കരകയറ്റാനുള്ള അവസാന അവസരം കളഞ്ഞുകുളിക്കാനുള്ള അവിവേകം ആ ഭരണത്തലവന്‍ കാണിച്ചില്ലെന്ന് ഉത്തരകൊറിയന്‍ ജനതയ്ക്ക് അറിയാം. അതൊരു വര്‍ഗതാല്‍പ്പര്യത്തിന്റെ പ്രകാശനം കൂടിയാണ്. അവിടെയാണ് കിം ജോങ് ഉന്‍ വേറിട്ടുനില്‍ക്കുന്നത്. കിമ്മിന്റെ രാഷ്ട്രീയ നയതന്ത്രജ്ഞതയെ അപ്രസക്തമാക്കും വിധത്തിലുള്ള വ്യാപകമായ നുണപ്രചരണം നടത്തിയ സാമ്രാജ്യത്വ ശക്തികള്‍ അദ്ദേഹത്തിന്റെ ബുദ്ധിപൂര്‍വ്വമുള്ള നീക്കങ്ങളെ പ്രതിരോധിക്കാന്‍ മറന്നുനില്‍ക്കുകയായിരുന്നു. കാരണം ആ നീക്കങ്ങള്‍ പ്രകോപനത്തിന്റെ ഭാഷയിലുള്ളവയായിരുന്നില്ല. എന്നാല്‍, വേണ്ട സമയങ്ങളില്‍ കണ്ണുരുട്ടാനും കിം മടിച്ചുനിന്നില്ല. അത് ബുദ്ധികൂര്‍മതയുടെ പ്രയോഗശാസ്ത്രമായിരുന്നു.

കൊറിയന്‍ ഉപദ്വീപില്‍ സമാധാനം കൊണ്ടുവരാനുള്ള ദക്ഷിണകൊറിയയുടെ ശ്രമത്തിന് അനുകൂലമായി പ്രതികരിച്ചുകൊണ്ടായിരുന്നു ഉന്‍ തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് തുടക്കം കുറിച്ചത്. ഏറെ വൈകിയില്ല ദക്ഷിണകൊറിയയില്‍ നടന്ന ശൈത്യകാല ഒളിന്പിക്‌സിലേക്ക് കായിക താരങ്ങളെയും ഔദ്യോഗിക സംഘത്തെയും അയച്ച് പറഞ്ഞുകേള്‍ക്കുന്നതൊന്നുമല്ല കിം ജോങ് ഉന്‍ എന്ന് തെളിയിച്ചു. ഇതിന് പിന്നാലെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്നുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അണുവായുധ നിരായുധീകരണത്തിന് തയ്യാറാണെന്നും കിം വ്യക്തമാക്കി. ഉത്തരകൊറിയയിലെ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കുമെന്നും അണുവായുധശാലകള്‍ അടച്ചുപൂട്ടുമെന്നും കിം പ്രഖ്യാപിച്ചപ്പോഴും ലോകം അമ്പരപ്പോടെ നില്‍ക്കുക തന്നെയായിരുന്നു. വൈകാതെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന കമ്മിന്റെ പ്രഖ്യാപനവും വന്നു. സിംഗപ്പൂരില്‍ നിശ്ചയിച്ച സമയത്തിലുമേറെ നേരം ട്രംപിനെ തന്നില്‍ തളച്ചിടാന്‍ കിമ്മിന് സാധിച്ചു.

ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ഉച്ചകോടി സംഭാഷണത്തിനൊടുവിലാണ് സംയുക്ത കരാറില്‍ ഒപ്പുവച്ചത്. പ്രധാനമായും നാല് കാര്യങ്ങളിലാണ് കരാര്‍ ഊന്നുന്നത്. കൊറിയന്‍ ഉപദ്വീപില്‍ ശാശ്വതവും സുസ്ഥിരവുമായ സമാധാനം സ്ഥാപിക്കാനായി ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ഇതില്‍ പ്രധാനമാണ്. അതിനായി ഉപദ്വീപിനെ ആണവമുക്തമാക്കാമെന്നുള്ള ഉറപ്പ് ഉത്തരകൊറിയ നല്‍കി. നേരത്തെ ദക്ഷിണകൊറിയന്‍ പ്രസിഡന്റുമായി പാന്‍മുന്‍ജോമില്‍ നടത്തിയ ചര്‍ച്ചയില്‍ കിം അതിന് തയ്യാറാണെന്ന് പറഞ്ഞിരുന്നു.

അണുവായുധ നശീകരണമെന്ന ആവശ്യം സമ്പൂര്‍ണവും ഒരിക്കലും ഉപയോഗിക്കാന്‍ പറ്റാത്തവിധത്തിലുള്ള തുടച്ചുമാറ്റലിനും അത് പരിശോധിച്ച് മനസിലാക്കാനുമുള്ള അമേരിക്കയുടെ ആവശ്യം ഉത്തരകൊറിയ അംഗീകരിച്ചതായി രണ്ട് രാജ്യങ്ങളുടെ വക്താക്കളും പറയുന്നില്ല. പരിശോധിച്ച് ബോധ്യപ്പെടും വിധം ആണവനിരായുധീകരണമെന്ന സൂചനമാത്രമാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനര്‍ഥം ഘട്ടംഘട്ടമായിമാത്രമേ ആണവായുധങ്ങള്‍ നശിപ്പിക്കൂ എന്നാണ്. ഉപരോധത്തിലുള്ള ഇളവ് അതിനനുസരിച്ച് മാത്രമാണെന്ന് അമേരിക്കയും വ്യക്തമാക്കി. ഒറ്റയടിക്ക് ആണവായുധങ്ങള്‍ നശിപ്പിക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദത്തെ ചിരിച്ചുകൊണ്ടുതന്നെ മടക്കാന്‍ കിമ്മിനായി. അതില്‍ ട്രംപിന് അതൃപ്തിയുമുണ്ടായില്ല. ഉത്തരകൊറിയ അമേരിക്കയോട് ആവശ്യപ്പെടുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ദക്ഷിണ കൊറിയയിലുള്ള അമേരിക്കന്‍ സൈനികസാന്നിധ്യവും അവരുമായി ചേര്‍ന്നുള്ള അമേരിക്കയുടെ സൈനിക പരിശീലനവും നിര്‍ത്തിവയ്ക്കംന്നതാണ് അത്. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനം നിര്‍ത്തിവയ്ക്കാന്‍ ധാരണയായതായി വാര്‍ത്താസമ്മേളനത്തില്‍ ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയ ആണവശേഷി നേടിയതിനു പിന്നിലെ പ്രധാന കാരണവും ദക്ഷിണ കൊറിയയിലെ വര്‍ധിച്ച അമേരിക്കന്‍ സൈനികസാന്നിധ്യവും മിസൈല്‍വേധ താഡ് സംവിധാനവുമാണ്. ഏറ്റവും അവസാനമായി കൊറിയന്‍യുദ്ധകാലത്ത് തടവിലാക്കപ്പെട്ടവരെയും യുദ്ധഘട്ടത്തില്‍ നഷ്ടപ്പെട്ടവരെയുംകുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനും പരസ്പരം ധാരണയായിട്ടുണ്ട്.

സിംഗപ്പൂരില്‍ നിന്ന് മുഴങ്ങിയ സാമ്രാജ്യത്വ സ്തുതിഗീതങ്ങളില്‍ കിം അലിഞ്ഞുപോയിട്ടില്ല. ട്രംപിന്റെ തന്ത്രങ്ങളെയും കുതന്ത്രങ്ങളെയും തിരിച്ചറിയാനും ശരവേഗത്തില്‍ മുതലാളിത്തത്തെ മനസിലാക്കി നിലപാടുകള്‍ പുതുക്കാനും കഴിയുന്നു എന്നിടത്താണ് ട്രംപിന് കിമ്മിനെ പുകഴ്‌ത്തേണ്ടി വരുന്നത്. അതിനാലാണ് ഇന്നലെവരെ താന്‍ പറഞ്ഞതൊന്നുമല്ല കിം ജോങ് ഉന്‍ എന്ന് ട്രംപിന് തിരുത്തി പറയേണ്ടി വന്നത്.

 

 

13-Jun-2018