കൊച്ചൗസേപ്പ് മുതലാളിയുടെ അഞ്ച് ലക്ഷം!
പ്രീജിത്ത് രാജ്
വീട്ടമ്മ വന്ന സ്‌കൂട്ടര്‍ നമ്മള്‍ ചാനലുകളില്‍ കണ്ടു. ഉപരോധക്കാര്‍ വീട്ടമ്മയ്ക്ക് തടസം സൃഷ്ടിച്ചുവെങ്കില്‍ വീട്ടമ്മ ബാരിക്കേഡിന്റെ മുന്നില്‍വരെ എത്തില്ല. ഉപരോധത്തില്‍ പങ്കാളികളായ ആയിരക്കണക്കിന് ജനങ്ങളെ മറികടന്നാണ് വീട്ടമ്മ ബാരിക്കേഡിന് മുന്നിലെത്തിയത്. ബാരിക്കേഡ് സമരക്കാര്‍ സൃഷ്ടിച്ചതല്ല. പോലീസിന്റെ സ്വന്തമാണ് ബാരിക്കേഡ്. ബാരിക്കേഡിന്റെ മുന്നിലെത്തിയ വീട്ടമ്മ, അവരുടെ വലതുവശത്ത് നില്‍ക്കുന്ന ഇടതുപക്ഷ നേതാക്കളോടല്ല വഴിചോദിച്ച് കയര്‍ക്കേണ്ടത്. അവര്‍ക്ക് മുന്നിലെ വഴിയില്‍ തടസമായി ബാരിക്കേഡ് ഉയര്‍ത്തിയ പോലീസിനോടാണ്. പക്ഷെ, അവരുടെ രാഷ്ട്രീയം പ്രകാശിപ്പിക്കുക എന്ന ലക്ഷ്യമുള്ളിലുള്ളതുകൊണ്ടാവും അവര്‍ കയര്‍ത്തത് ഇടതുപക്ഷത്തെ സമരവളണ്ടിയര്‍മാരോടാണ്. |
ഒരു വീട്ടമ്മയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമാണ് ഇപ്പോള്‍ താരങ്ങള്‍. എല്‍ ഡി എഫ് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധത്തിനെ പ്രതിരോധിക്കാന്‍ കേരള പോലീസ് കെട്ടിയ ബാരിക്കേഡായിരുന്നു വില്ലന്‍. വീട്ടമ്മ പറയുന്നത് ബാരിക്കേഡ് സ്ഥാപിക്കാന്‍ കാരണമായത് ഇടതുപക്ഷത്തിന്റെ ഉപരോധമാണ് എന്നാണ്. കൊച്ചൗയേപ്പ് ചിറ്റിലപ്പിള്ളിയും ഉപരോധം പോലുള്ള സമരങ്ങളെ എതിര്‍ക്കുന്ന ഒരു വ്യക്തിയാണ്. ആവശ്യം വരുമ്പോള്‍ വലതുപക്ഷത്തോടോ, ഫാസിസ്റ്റ് ശക്തികളോടോ ചേര്‍ന്ന് നില്‍ക്കുന്ന അരാഷ്ട്രീയതയാണ് ഭൂരിപക്ഷം കുത്തകകളെയും മുതലാളിമാരെയും പോലെ കൊച്ചൗസേപ്പിന്റെയും മതം.
വീട്ടമ്മ കോണ്‍ഗ്രസുകാരിയായതുകൊണ്ടാണ് ഇടതുപക്ഷ ഉപരോധത്തിനെതിരെ പ്രതിഷേധവുമായി വന്നത് എന്ന് പറയുന്നവരുണ്ട്. കോണ്‍ഗ്രസിന്റെ 'ജനാധിപത്യ സ്വഭാവം' ചില 'ഹസനിസങ്ങള്‍' പ്രദര്‍ശിപ്പിക്കുന്നതിന് സഹായകമാണ്. എം എം ഹസന്‍ ഹര്‍ത്താലിന് എതിരാണ്. പക്ഷെ, കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുമ്പോള്‍ അദ്ദേഹം വണ്ടിയുമായി പുറത്തിറങ്ങാറില്ല. എന്തിനോവേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന പ്രയോഗം പോലെ ഹസന്റെ ആ വാദം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും കൊച്ചൗസേപ്പിനെ പോലുള്ള അരാഷ്ട്രീയ മധ്യവര്‍ഗത്തിന്റെ കൈയ്യടി നേടാനുമുള്ളതാണ്. അതേ ഹസനിസമാണ് ഇവിടെ വീട്ടമ്മ പ്രയോഗിച്ചത്.
വീട്ടമ്മ വന്ന സ്‌കൂട്ടര്‍ നമ്മള്‍ ചാനലുകളില്‍ കണ്ടു. ഉപരോധക്കാര്‍ വീട്ടമ്മയ്ക്ക് തടസം സൃഷ്ടിച്ചുവെങ്കില്‍ വീട്ടമ്മ ബാരിക്കേഡിന്റെ മുന്നില്‍വരെ എത്തില്ല. ഉപരോധത്തില്‍ പങ്കാളികളായ ആയിരക്കണക്കിന് ജനങ്ങളെ മറികടന്നാണ് വീട്ടമ്മ ബാരിക്കേഡിന് മുന്നിലെത്തിയത്. ബാരിക്കേഡ് സമരക്കാര്‍ സൃഷ്ടിച്ചതല്ല. പോലീസിന്റെ സ്വന്തമാണ് ബാരിക്കേഡ്. ബാരിക്കേഡിന്റെ മുന്നിലെത്തിയ വീട്ടമ്മ, അവരുടെ വലതുവശത്ത് നില്‍ക്കുന്ന ഇടതുപക്ഷ നേതാക്കളോടല്ല വഴിചോദിച്ച് കയര്‍ക്കേണ്ടത്. അവര്‍ക്ക് മുന്നിലെ വഴിയില്‍ തടസമായി ബാരിക്കേഡ് ഉയര്‍ത്തിയ പോലീസിനോടാണ്. പക്ഷെ, അവരുടെ രാഷ്ട്രീയം പ്രകാശിപ്പിക്കുക എന്ന ലക്ഷ്യമുള്ളിലുള്ളതുകൊണ്ടാവും അവര്‍ കയര്‍ത്തത് ഇടതുപക്ഷത്തെ സമരവളണ്ടിയര്‍മാരോടാണ്.
കോടികളുടെ അഴിമതിയുടെ പ്രഭവകേന്ദ്രമായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ വീട്ടമ്മ പ്രതിഷേധിക്കുമ്പോള്‍, സമരത്തെ തള്ളിപറയുമ്പോള്‍, ഈ സമരം ആര്‍ക്ക് വേണ്ടിയുള്ളതാണ്? ഇതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ഗുണവുമില്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒന്ന്, ഉമ്മന്‍ചാണ്ടി എന്ന അഴിമതിക്കാരന്റെ വില്ലനിസം അപ്രത്യക്ഷമാവുന്നു. രണ്ട്, ഉമ്മന്‍ചാണ്ടിയുടെ കൂടെയാണ് ഇത്തരത്തിലുള്ള വീട്ടമ്മമാര്‍ എന്ന് വരുത്തി തീര്‍ക്കാന്‍ പറ്റുന്നു. മൂന്ന്, ഇത്തരം സമരങ്ങള്‍ സമരത്തില്‍ ആവശ്യമില്ല എന്ന പൊതുസന്ദേശം ഉയര്‍ത്താന്‍ സാധിക്കുന്നു. മുതലാളിത്ത മാധ്യമങ്ങളായ മലയാളമനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമൊക്കെ വീട്ടമ്മയുടെ പ്രകടനത്തെ ഉപയോഗിച്ചത്, ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള വരുത്തിതീര്‍ക്കലുകള്‍ ഉണ്ടാക്കാനാണ്. അതിനാല്‍ തന്നെ വീട്ടമ്മയുടെ പ്രകടനം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ് എന്ന ആരോപണം പ്രസക്തവുമാണ്.
ഇടതുപക്ഷം ക്ലിഫ് ഹൗസ് ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. ഉപരോധത്തിന് മുന്നോടിയായി നടത്തിയ പ്രക്ഷോഭജാഥയിലൊന്നിന്റെ ക്യാപ്റ്റനായ കോടിയേരി ബാലകൃഷ്ണന്‍ എല്ലാ സ്വീകരണകേന്ദ്രങ്ങളിലും പ്രസംഗിച്ചതാണ് അത്. അത് കേരളത്തിലെ എല്ലാ മാധ്യമങ്ങളും കേട്ടതാണ്. “ക്ലിഫ്ഹൗസ് ഉപരോധം സോളാര്‍ അഴിമതിയുടെ പ്രഭവ കേന്ദ്രമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുള്ള പ്രതിഷേധ സമരപരമ്പരയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസ് കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലെയും ജനങ്ങള്‍ ഓരോ ദിവസങ്ങളിലായി ഉപരോധിക്കും. ഞങ്ങള്‍ മുഖ്യമന്ത്രിയെ മാത്രമേ ഉപരോധിക്കുന്നുള്ളു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അകത്തേക്കും പുറത്തേക്കും പോകാം. ക്ലിഫ്ഹൗസിന്റെ പരിസരത്തുള്ള മറ്റ് മന്ത്രിമാരെ ഞങ്ങള്‍ ഉപരോധിക്കുന്നില്ല. അവിടെയുള്ള ജീവനക്കാരെയോ, പ്രദേശവാസികളെയോ ഉപരോധിക്കുന്നില്ല. അഴിമതിക്കാരനായ മുഖ്യമന്ത്രിയെ മാത്രമാണ് ഉപരോധിക്കുന്നത്” ഇതില്‍പരം ഒരു വിശദീകരണം വേറെവേണോ?
ഇടതുപക്ഷം മുഖ്യമന്ത്രിയെ മാത്രമേ വഴി തടയുന്നുള്ളു. വഴിയില്‍ ബാരിക്കേഡ് വെച്ചത് ഇടതുപക്ഷമല്ല. മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ യാത്രാസൗകര്യം നിഷേധിച്ചത് ഇടതുപക്ഷമല്ല, മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ എങ്ങനെയാണ് അവിടെ വഴി വന്നത്? ഇടതുപക്ഷം ക്ലിഫ് ഹൗസ് ഉപരോധം അവസാനിപ്പിച്ചിട്ടാണോ? പോലീസ് ബാരിക്കേഡുകള്‍ ഒരു സൈഡിലേക്ക് മാറ്റിയപ്പോള്‍ വഴി തുറന്നു. വഴി അടച്ചവരാണ് വഴി തുറന്നത്.
ആരാണീ വീട്ടമ്മ? സന്ധ്യ എന്നാണ് അവരുടെ പേര്. അടുപ്പമുള്ളവര്‍ മായ എന്നും വിളിക്കും. ഇവര്‍കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയാണ്. ഭര്‍ത്താവ് സുരേഷ് ആര്‍ എസ് എസ് പ്രവര്‍ത്തകനാണ്. സന്ധ്യയുടെ കുട്ടി പഠിക്കുന്നത് നിര്‍മലഭവന്‍ സ്‌കൂളിലാണ്. കുട്ടിയെ സ്‌കൂളിലാക്കി തിരികെ വരുമ്പോഴാണ് ഈ പ്രതിഷേധം അരങ്ങേറിയത്. വീട്ടമ്മയുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെയുള്ള റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു പ്രതിഷേധം ഉണ്ടായി. മാതൃഭൂമിയിലെ ജീവനക്കാരനായ സുരേഷ്, പട്ടംതാണുപിള്ളയുടെ ചെറുമകന്‍ രജിത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റസിഡന്‍സ് അസോസിയേഷന്റെ പ്രകടനം. മുദ്രാവാക്യം വിളികളോടെ, റോഡിലൂടെ നടന്നാണ് അവരും പ്രതിഷേധിച്ചത്. അവരും റോഡ് കൈയ്യടക്കിയെന്ന് പറഞ്ഞാല്‍? 'ആം ആദ്മി സിന്‍ഡ്രോ'മെന്ന് ഈ പ്രതിഷേധത്തെ വിലയിരുത്തിയ മനോരമ അത് കണ്ടുകാണില്ല. മനോരമയുടെ പിന്തുണയോടെ അമേരിക്കന്‍ സാമ്രാജ്വത്വത്തിന്റെ അനുഗ്രഹാശിസുകളോടെ പണ്ട് ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ വിമോചന സമരത്തിലെ വീട്ടമ്മമാരെ ഓര്‍ക്കുന്നതും ഈ അവസരത്തില്‍ നല്ലതാണ്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ രാഷ്ട്രീയം എന്താണ്? തൃശൂര്‍ പറപ്പൂര്‍ സ്വദേശിയാണെങ്കിലും ഇദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം കൊച്ചി കേന്ദ്രീകരിച്ചാണ്. എറണാകുളത്തെ ഒട്ടുമിക്ക രാഷ്ട്രീയക്കാരുടെയും നല്ലകുട്ടിയാണ് കൊച്ചൗസേപ്പ്. അതില്‍ ഇടത്-വലത്-സംഘപരിവാര്‍ വ്യത്യാസമില്ല. കൊച്ചൗസേപ്പിന്റെ വൃക്കദാനം, കൊച്ചൗസേപ്പിന്റെ ചുമട്ടുകൂലിക്കെതിരായ ഒറ്റയാള്‍ പ്രതിഷേധം. ചില പൊടിക്കൈകളിലൂടെ ഇതിനെയെല്ലാം വി ഗാര്‍ഡ് പരസ്യമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കൊച്ചൗസേപ്പ്, തന്റെ കരിയര്‍ ആരംഭിക്കുന്നത് ഇലക്ടഓണിക് സ്റ്റെബിലൈസറുകള്‍ നിര്‍മിക്കുന്ന ടെലിക്‌സ് എന്ന കമ്പനിയില്‍ സൂപ്പര്‍വൈസറായിട്ടാണ്. പക്ഷെ, തൊഴിലാളിയായി തുടരുന്നതിനേക്കാള്‍ നല്ലത് മുതലാളിയായി മാറുന്നതാണെന്ന് മനസിലാക്കിയ അദ്ദേഹം 1977ലാണ് ഒരു എസ് എസ് ഐ ആരംഭിക്കുന്നത്. അവിടെ സ്റ്റെബിലൈസറുകള്‍ നിര്‍മിച്ച് വിപണനം നടത്താന്‍ തുടങ്ങി. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ കൊച്ചൗസേപ്പ് പിന്നിലായിരുന്നില്ല.
കൂലിക്കുറവ് നടപ്പിലാക്കാന്‍ തന്റെ മാനുഫാക്ചറിംഗ് യൂണിറ്റില്‍ പത്താംക്ലാസ് തോറ്റവരെ ഉള്‍പ്പെടുത്തുന്നതുമുതല്‍ തുടങ്ങുന്നതാണ് അത്. പക്ഷെ, അത് കൂലി കുറക്കാന്‍ വേണ്ടിയല്ല, ജോലി ലഭ്യമാകാത്തവര്‍ക്ക് കൈത്താങ്ങാവാന്‍ വേണ്ടിയാണ് എന്നാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. തൊഴിലാളികള്‍ സംഘടിക്കാതിരിക്കാനും അവര്‍ തങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ന്ന തോതില്‍ പിടിച്ചുവാങ്ങാതിരിക്കാനും വി ഗാര്‍ഡിന്റെ മാനുഫാക്ടറിംഗ് യൂണിറ്റുകള്‍ കുടില്‍ വ്യവസായം പോലെയാക്കി മാറ്റി കൊച്ചൗസേപ്പ്.
കമ്യൂണിസത്തിന്റെ മൂലതത്വങ്ങളില്‍ എംഗല്‍സ് പറയുന്നു “തൊഴിലാളികള്‍ക്ക് ജോലികൊടുക്കാന്‍ മൂലധനത്തിന് മാത്രമേ കഴിയുകയുള്ളു എന്നതുകൊണ്ടും തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുമ്പോള്‍ മാത്രമേ മൂലധനം വളരുകയുള്ളു എന്നതുകൊണ്ടും മൂലധനത്തിന്റെ വളര്‍ച്ചയുടെ വേഗത്തില്‍തന്നെ തൊഴിലാളിവര്‍ഗവും വളരുന്നു” പക്ഷെ, ഇവിടെ കൊച്ചൗസേപ്പ് എംഗല്‍സിന്റെ നോക്കികാണലിനെ മറികടക്കുന്നു. അദ്ദേഹം തന്റെ കീഴിലുള്ള തൊഴിലാളികളെ സംഘടിക്കാന്‍ അനുവദിക്കുന്നില്ല. മൂലധനത്തിന്റെ വളര്‍ച്ചയെ മാത്രമേ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുള്ളു.
ഒരു ലക്ഷം രൂപ കൈവായ്പയില്‍ നിന്നും ആരംഭിച്ച ബിസിനസ് ഇന്ന് 300 കോടിയിലധികം വിറ്റുവരവുള്ള കമ്പനിയായി വളരുമ്പോള്‍ തന്റെ തൊഴിലാളികള്‍ എവിടെ നില്‍ക്കുന്നു എന്ന് തിരിഞ്ഞുനോക്കാത്ത ഗിമ്മിക്കുകാരന്‍ മാത്രമാണ് കൊച്ചൗസേപ്പ്. 2000ത്തിലേറെ തൊഴിലാളികള്‍ ഇദ്ദേഹത്തിന് കീഴിലുണ്ട്. പക്ഷെ, ഇവരാരും സംഘടിതരല്ല. തൊഴിലാളികള്‍ക്ക് അവരുടെ ശക്തിയെപറ്റി ബോധവാന്‍മാരാകാനുള്ള ഇടം അദ്ദേഹം ഒരുക്കുന്നില്ല. വമ്പിച്ച ജനക്കൂട്ടത്തെ ഒരു സ്ഥലത്ത് ഒന്നിച്ച് ചേര്‍ക്കുന്നില്ല.
തൊഴിലാളിയുടെ ചെറിയ അവകാശങ്ങള്‍പോലും അനുവദിക്കാന്‍ കഴിയാത്ത കൊച്ചൗസേപ്പിന്റെ മുരത്ത മുതലാളിത്ത മനസിനെ ദീപിക ആദരിക്കുന്നുണ്ട്. വൈകാതെ തന്നെ മനോരമ ന്യൂസ്‌മേക്കറായി കൊച്ചൗസേപ്പ് പ്രഖ്യാപിതനാവുന്നുണ്ട്. കൊച്ചൗസേപ്പ് എന്ന ഒരു ബിംബം അതില്‍ നിന്നും പുറത്തേക്ക് വമിക്കുന്ന രാഷ്ട്രീയം അത് തൊഴിലാളി വിരുദ്ധമാണ്. മുതലാളിത്വത്തിനും മൂലധനത്തിനും ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണത്. അതിന്റെ ഗിമ്മിക്കുകളില്‍ ഒന്നുമാത്രമാണ് വൃക്കദാനം.
വൃക്കദാനം കൊച്ചൗസേപ്പിനെ പോലുള്ള ഒരു കോടീശ്വരന് ആവാം. പക്ഷെ, കൊച്ചൗസേപ്പിന്റെ കീഴിലുള്ള ഒരു തൊഴിലാളിക്ക് അത് സാധിക്കുമോ? കൊച്ചൗസേപ്പിന്റെ നിലവിലുള്ള വൃക്ക തകരാറിലായാല്‍ ഒന്നിന് പകരം പത്ത് വൃക്കകള്‍ ശേഖരിക്കാനുള്ള സമ്പത്ത് ചൂഷണത്തിലൂടെ കൊച്ചൗസേപ്പ് കരസ്തമാക്കിയിട്ടുണ്ട്. പക്ഷെ, തൊഴിലാളി തന്നെ ബാധിക്കുന്ന പനിക്കുള്ള പാരസറ്റാമോള്‍ വാങ്ങാന്‍ പ്രാപ്തി ഇല്ലാത്തവനാണ്. ജീവിക്കാന്‍ വേണ്ടി കൊച്ചൗസേപ്പുമാര്‍ക്ക് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിതനാവുന്നവനാണ് തൊഴിലാളി. ഈ വസ്തുതകളും വൃക്കദാനത്തിന്റെ പെരുമയെ വാഴ്ത്തുന്നവര്‍ മനസിലാക്കണം. കൊച്ചൗസേപ്പിനെ പോലെ സമ്പന്നരായ മനോരമയുടെ മുതലാളിമാരും മാതൃഭൂമിയുടെ വീരേന്ദ്ര-ശ്രേയാംസ് കുമാര്‍മാരും ഇന്ത്യാവിഷന്‍ എം കെ മുനീറുമൊക്കെ കൊച്ചൗസേപ്പിനെ പിന്തുടര്‍ന്ന് വൃക്ക ദാനത്തിന് തയ്യാറാവട്ടെ. മാതൃകകാട്ടട്ടെ. അവരൊക്കെ മുടിഞ്ഞ കാശുകാരല്ലെ? കൊച്ചൗസേപ്പിന്റെ കൂട്ട് ഒരു വൃക്കപോയാല്‍ പത്ത് വൃക്ക വാങ്ങാന്‍ കെല്‍പ്പുള്ളവര്‍ അല്ലെ? എന്നിട്ടും മുതലാളിമാര്‍ മാതൃക കാണിക്കാത്തത് എന്താണെന്ന് തൊഴിലാളികള്‍ ആലോചിക്കണം.
തനിക്ക് ചേരുന്ന ഒരു വൃക്ക വാങ്ങുന്നതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് എത്രകൂടിയാലും ഒരു കോടി രൂപ വേണ്ടിവരില്ല. പക്ഷെ, അദ്ദേഹം വൃക്കകളിലൊന്ന് ദാനം ചെയ്തപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച പബ്ലിസിറ്റി, വി -ഗാര്‍ഡിന് വിറ്റുവരവിലുണ്ടായ നേട്ടം, നമ്മുടെ കൊച്ചൗസേപ്പിന്റെ വീഗാലാന്‍ഡില്‍ പോകാമെന്ന് പറയുന്ന ഇടത്തരം കുടുംബങ്ങളുടെ പാര്‍ക്കിലേക്കുള്ള ഒഴുക്ക്... ഇതെല്ലാം കൂടിയുണ്ടാക്കിയ ലാഭം കൊച്ചൗസേപ്പിന്റെ മൂലധനത്തില്‍ എത്രയെത്രകോടികളുടെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുക?
കൊച്ചൗസേപ്പിന്റെ സംരംഭമായ വീഗാലാന്‍ഡില്‍ വെച്ച് അപകടത്തില്‍പ്പെട്ട് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട വിജേഷിന്റെ കാര്യത്തില്‍ അദ്ദേഹം എന്തുചെയ്തു എന്നത് വൃക്കദാനത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്നവര്‍ ആലോചിക്കണം.അപകടം സംഭവിച്ച് പതിനൊന്ന് വര്‍ഷമായിട്ടും നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറല്ലാത്ത കൊച്ചൗസേപ്പ് ചിത്രത്തിലില്ല. എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീക്ക് അഞ്ച് ലക്ഷം രൂപ കൊടുത്ത കൊച്ചൗസേപ്പിന്റെ തനിനിറം ഈ രണ്ട് കാര്യങ്ങളിലൂടെ തെളിയുന്നു. ചികിത്സാ ഇനത്തില്‍ ഈ ചെറുപ്പക്കാരനും കുടുംബവും ലക്ഷങ്ങളുടെ കടമത്തില്‍പ്പെട്ട് ഉഴറുകയാണ്. അത് കാണാനുള്ള കണ്ണ് കൊച്ചൗസേപ്പിന് ഇല്ലാതെപോയതെന്തെ?
ദേശാഭിമാനിയില്‍ പരസ്യം ചെയ്ത് പ്രശസ്തനായ വി എം രാധാകൃഷ്ണന്‍ മുതലാളിയും എല്‍ ഡി എഫ് പ്രതിഷേധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് പാരിതോഷികം നല്‍കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിമുതലാളിയും ചിലവിട്ടത് അഞ്ച് ലക്ഷം രൂപ വീതമാണ്. രണ്ട് മുതലാളിമാരും തൊഴിലാളികളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയതാണ് ഈ പണം. പക്ഷെ, മാധ്യമങ്ങള്‍ വിചാരിക്കുമ്പോള്‍ അതിലൊരു പണത്തിന് പുണ്യഭാവവും മറ്റേതിന് പാപഭാവവും വരുന്നത് നാം മനസിലാക്കണം. മുതലാളിമാരുടെ പണം തൊഴിലാളിയുടെ വിയര്‍പ്പിന്റെ ഉപ്പാണ്.
വി എം രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിലെ സംരംഭങ്ങളും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വി-ഗാര്‍ഡ്, കൊച്ചിയിലും ബാംഗ്ലൂരിലുമുള്ള വണ്ടര്‍ലാ വാട്ടര്‍തീം പാര്‍ക്കുകളടക്കമുള്ള സംരംഭങ്ങളും ലാഭം കുന്നുകൂട്ടുന്നത് തൊഴിലാളികളെ ചൂഷണം ചെയ്താണ്. അവര്‍ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും അനുവദിച്ചുകൊടുത്തിട്ടില്ല. ഇവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പട്ടിണിപ്പാവങ്ങളായ തൊഴിലാളികള്‍ക്ക് അമ്പത് രൂപ കൊടുക്കുമ്പോള്‍ പിച്ച കണക്ക് പറയുന്ന മുതലാളി ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് സഹായഭാവം നടിക്കുന്നത് അവര്‍ക്ക് ലാഭമുണ്ടാവും എന്ന ഉറപ്പുള്ളതുകൊണ്ടാണ്. രാധാകൃഷ്ണനും കൊച്ചൗസേപ്പും തൊഴിലാളി ചൂഷണത്തിന്റെ കാര്യത്തിലും മൂലധനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ മാത്രമാണ്.
ഏറ്റവുമവസാനം വീട്ടമ്മ ആം ആദ്മി പാര്‍ട്ടിയുടെ സന്ദേശമാണ് ഉയര്‍ത്തുന്നത് എന്ന വാഴ്ത്തുപാട്ടും കേട്ടു. അത് പറയുന്നവര്‍ക്ക് നല്ല നമസ്‌കാരം. ആ വീട്ടമ്മ ദേവസ്യംബോര്‍ഡിന് സമീപം നടത്തിയ ഫാസ്റ്റ്ഫുഡ് കട പൂട്ടിപ്പോയത് എന്തുകൊണ്ടാണെന്നും ആദ്മികള്‍ അന്വേഷിക്കണം. ആ രീതിശാസ്ത്രമാണ് ആം ആദ്മി പുലര്‍ത്തുന്നത് എങ്കില്‍ ഫാസ്റ്റ്ഫുഡ് കട പൂട്ടിയതുപോലെയാവും ആപ്പിന്റെ ഗതി.
കേരളത്തില്‍ നിരവധി എന്‍ ജി ഒകള്‍ വളരുന്നുണ്ട്. എവര്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സാധാരണക്കാരായ മനുഷ്യരുടെ ഇടയില്‍ വേരുകളാഴ്ത്തുന്നു. അവരുടെ വിശ്വാസം പിടിച്ചുപറ്റുന്നു. ശാസ്ത്ര സാഹിത്യ പരിഷദ് പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ നിര്‍ജീവമായ ഭൂമികയില്‍ ഇവര്‍ പടര്‍ന്നുല്ലസിക്കുന്നു. ഇവരുടെ പ്രവര്‍ത്തന മൂലധനം സാമ്രാജ്യത്വം വിവിധ ഫണ്ടിംഗ് ഏജന്‍സികളിലൂടെ നല്‍കുന്ന പണമാണ്. വിദേശഫണ്ടുകളുപയോഗിച്ചുള്ള ഇടപെടല്‍. ഇവര്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്നത് അരാഷ്ട്രീയതയാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കണക്കാണ് എന്ന് വരുത്തി തീര്‍ക്കാന്‍ അവര്‍ യത്‌നിക്കുന്നു. സിപിഐ എംനെ വിമോചന സമരം കൊണ്ടും വലതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടും ജാതിമത ശക്തികളുടെ കുത്തിത്തിരിപ്പുകള്‍ കൊണ്ടും തകര്‍ക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമായ സാമ്രാജ്യത്വം പുതിയ പന്തിട്ട് കളിക്കുകയാണ്. ആ കളി തിരിച്ചറിയണം. ഇല്ലെങ്കില്‍ കുറ്റിച്ചൂലുകൊണ്ട് ശവക്കുഴിമാന്തേണ്ട ഗതികേട് കേരളത്തിനുണ്ടാവും.
14-Dec-2013
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്