നിരാഹാരസമരം കേരളത്തിന്‌ വേണ്ടി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയം തീര്‍ത്തും ജനവിരുദ്ധമാണ്. കമ്പോള സമ്പദ് വ്യവസ്ഥയെ താങ്ങിപ്പിടിച്ചാണ് ഇവര്‍ മുന്നോട്ടുപോവുന്നത്. കമ്പോള സമ്പദ് വ്യവസ്ഥ അഥവാ മാര്‍ക്കറ്റ് ഇക്കണോമി, സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടാന്‍ പാടില്ല എന്ന വാദമാണ് ഉയര്‍ത്തുന്നത്. പൂഴ്ത്തിവെപ്പ് പോലുള്ള പ്രതിഭാസത്തിലൂടെ സാധനങ്ങളുടെ ലഭ്യത കുറയുമ്പോള്‍ ആവശ്യം കുറയില്ല, കൂടുകയേ ഉള്ളു. അപ്പോള്‍ കമ്പോളത്തില്‍ സാധനവില കണ്ടമാനം വര്‍ധിക്കും. അപ്പോഴൊക്കെ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കിയിരുന്നോണം. ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ എന്തെങ്കിലും സബ്‌സിഡി നല്‍കുന്നുണ്ട് എങ്കില്‍ അവയൊന്നും ആവശ്യമില്ല എന്നാണ് ഇക്കൂട്ടര്‍ സര്‍ക്കാരിനോട് കല്‍പ്പിക്കുന്നത്. അതിനാല്‍ തന്നെ, സബ്‌സിഡി നല്‍കി വിലക്കയറ്റത്തില്‍ നിന്നാശ്വാസം നല്‍കുന്നത് അനാവശ്യമാണെന്ന് ഈ സര്‍ക്കാര്‍ കരുതുകയും ചെയ്യുന്നു. ഈ നയവുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര കാലം മുന്നോട്ടുപോവും. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനും പരിഹാരങ്ങള്‍ ഉണ്ടാക്കാനും സാധിക്കാത്ത ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല എന്നതിന് രണ്ട് അഭിപ്രായമില്ല. 

സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളിലാണ് ജനങ്ങള്‍ നെഞ്ചേറ്റുവാങ്ങിയ സമരം മുന്നേറുന്നത്. നിരാഹാരസമരം. സിപിഐ എം ആണ് സംഘാടകര്‍. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരായാണ് ഈ സമരം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണ്. ഒരു നിയന്ത്രണവുമില്ലാതെ, തോന്നുംപോലെ അടിക്കടി പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതിനെതിരായി കൂടിയാണ് ഈ നിരാഹാരസമരം.

പാചകവാതകത്തിന്റെ വില മാത്രമല്ല വര്‍ധിച്ചിരിക്കുന്നത്. എല്ലാ നിത്യോപയോഗവസ്തുക്കളുടെയും വില അനുദിനം കുതിച്ചുയരുന്നു. ജനങ്ങള്‍ ജീവിക്കാനാവാതെ നട്ടം തിരിയുന്നു. സാധാരണക്കാര്‍ക്ക് മാത്രമല്ല, ഇടത്തരം കുടുംബങ്ങള്‍ക്ക് വരെ വിലക്കയറ്റത്തിന്റെ പൊള്ളലേല്‍ക്കുന്നുണ്ട്. ഈ ദുരന്തത്തെ തടഞ്ഞുനിര്‍ത്തേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൗനവാല്മീകത്തിലിരിപ്പാണ്.

സംസ്ഥാനത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രോഗക്കിടക്കയിലും ജനസമ്പര്‍ക്കത്തിലാണ്. മലയാള മനോരമ, ഉമ്മന്‍ചാണ്ടിക്ക് ജനങ്ങളെ കാണാന്‍ സാധിക്കാത്ത വിഷമം കോളങ്ങളില്‍ കളര്‍ ചാലിച്ച് പൊലിപ്പിക്കുന്നു. ജീവിതം വഴിമുട്ടിയവന്റെ കണ്ണീരൊഴുകി പരക്കുന്ന ഈ നാട്ടില്‍ ജനസമ്പര്‍ക്കത്തിന് എന്ത് പ്രസക്തിയാണുള്ളത്?

വിലക്കയറ്റത്തില്‍ ഒന്നും ചെയ്യാനില്ലെന്ന നിസ്സംഗതയാണോ ഒരു സര്‍ക്കാരിന് വേണ്ടത്? ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനറിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറങ്ങിപ്പോവണം. അവിടെ നിന്നിറങ്ങിയാല്‍ പോകേണ്ടത് തടവറയിലേക്കായിരിക്കും എന്ന തിരിച്ചറിവുള്ളതുകൊണ്ടാവും ചരിത്രത്തില്‍ ഇന്നുവരെ ഒരു ഭരണാധികാരിയും അഭിമുഖീകരിക്കാത്ത നാണക്കേടുകളെ കണ്ടില്ലെന്ന് നടിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദത്തില്‍ കടിച്ചുതൂങ്ങുന്നത്.

ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയാവണം ചില മാധ്യമങ്ങള്‍ ജനങ്ങളുടെ ഈ പോരാട്ടത്തിന്റെ ശോഭ കെടുത്താന്‍ ആവും വിധമൊക്കെ പരിശ്രമിക്കുന്നത്. നാടിന്റെ ഹൃദയമിടിപ്പുപോലെയുള്ള സമരത്തെ ഇത് രാഷ്ട്രീയമാണ്, ലാഭത്തിന് വേണ്ടിയാണ് എന്നൊക്കെ വ്യാഖ്യാനിക്കാന്‍ ഔത്സുക്യം കാണിക്കുകയാണ് ചാണ്ടിപാല ബാലകര്‍. സമരങ്ങളൊക്കെ ജനങ്ങള്‍ക്ക് മടുത്തു എന്നാണ് അവര്‍ പറയുന്നത്. സമരത്തിന് ജനങ്ങളില്ല, പാര്‍ട്ടിക്കാര്‍ മാത്രമേ ഉള്ളു എന്നാണ് മറ്റൊരു വ്യാഖ്യാനം. സമരങ്ങളില്ലാത്ത കിനാശേറിയാണ് ഈ മാധ്യമങ്ങള്‍ സ്വപ്‌നം കാണുന്നത് എന്ന് തോന്നുന്നു!

സമരങ്ങള്‍ എന്തിനാണെന്നും അതിലൂടെ നേടിയെടുക്കാനുള്ളത് എന്താണെന്നും അത് ആര്‍ക്ക് വേണ്ടിയുള്ളതാണെന്നും മനസിലാക്കാനുള്ള വിവരവും പ്രാപ്തിയും ഇക്കൂട്ടര്‍ക്ക് ഇല്ലാഞ്ഞിട്ടല്ല. ഉറങ്ങാതെ, ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്തല്‍ വളരെ പ്രയാസമുള്ള കാര്യമാണ്. അവരുടെ ബാധിരകര്‍ണങ്ങള്‍ തുറപ്പിക്കാന്‍ ആണ് ശക്തമായ സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടത്. നാട്ടിലാകെ അതിശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നില്ലെങ്കില്‍ ജനങ്ങള്‍ നിസ്സഹായതയിലും നിരാശയിലും ആണ്ടുപോകാനിടവരുമെന്നത് തീര്‍ച്ചയാണ്.

വിലവര്‍ധനയ്ക്ക് തടയിടാന്‍ അതിശക്തമായ പ്രതിരോധസമരത്തിന് കഴിയും. അതിനാല്‍ സിപിഐ എമ്മിന്റെ ഈ സമരത്തെ വന്‍ വിജയമാക്കാനുള്ള പരിശ്രമമാണ് ഉണ്ടാവേണ്ടത്. ജനങ്ങളുടെ ന്യായമായ മുന്നേറ്റങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കാതിരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വലിച്ചെറിയാന്‍ കേരള ജനത തയ്യാറാവുക തന്നെ ചെയ്യും.

വിലക്കയറ്റം ആഗോളപ്രതിഭാസമൊന്നുമല്ല. ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 3.5 ശതമാനം കുറഞ്ഞിരിക്കയാണെന്ന് കണക്കുകള്‍ പറയുന്നു. അപ്പോള്‍ ഇന്ത്യയില്‍ മാത്രമെങ്ങനെയാണ് വില നിരന്തരം കുതിച്ചുയരുന്നത്? പാചകവാതകം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വളം തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കനുവദിച്ച സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നുവച്ചപ്പോഴാണ് വിലക്കയറ്റത്തിന്റെ കെടുതിയിലേക്ക് നാടൂര്‍ന്ന് വീണത്. ആഗോളവത്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സബ്‌സിഡികളൊക്കെ എടുത്തുകളഞ്ഞത്. ഇപ്പോള്‍ കമ്പോള നിയന്ത്രണത്തിലാണ് നിത്യോപയോഗ സാധനങ്ങളുടെയടക്കം വില നിര്‍ണയിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയം തീര്‍ത്തും ജനവിരുദ്ധമാണ്. കമ്പോള സമ്പദ് വ്യവസ്ഥയെ താങ്ങിപ്പിടിച്ചാണ് ഇവര്‍ മുന്നോട്ടുപോവുന്നത്. കമ്പോള സമ്പദ് വ്യവസ്ഥ അഥവാ മാര്‍ക്കറ്റ് ഇക്കണോമി, സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടാന്‍ പാടില്ല എന്ന വാദമാണ് ഉയര്‍ത്തുന്നത്. പൂഴ്ത്തിവെപ്പ് പോലുള്ള പ്രതിഭാസത്തിലൂടെ സാധനങ്ങളുടെ ലഭ്യത കുറയുമ്പോള്‍ ആവശ്യം കുറയില്ല, കൂടുകയേ ഉള്ളു. അപ്പോള്‍ കമ്പോളത്തില്‍ സാധനവില കണ്ടമാനം വര്‍ധിക്കും. അപ്പോഴൊക്കെ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കിയിരുന്നോണം. ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ എന്തെങ്കിലും സബ്‌സിഡി നല്‍കുന്നുണ്ട് എങ്കില്‍ അവയൊന്നും ആവശ്യമില്ല എന്നാണ് ഇക്കൂട്ടര്‍ സര്‍ക്കാരിനോട് കല്‍പ്പിക്കുന്നത്. അതിനാല്‍ തന്നെ, സബ്‌സിഡി നല്‍കി വിലക്കയറ്റത്തില്‍ നിന്നാശ്വാസം നല്‍കുന്നത് അനാവശ്യമാണെന്ന് ഈ സര്‍ക്കാര്‍ കരുതുകയും ചെയ്യുന്നു. ഈ നയവുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര കാലം മുന്നോട്ടുപോവും. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനും പരിഹാരങ്ങള്‍ ഉണ്ടാക്കാനും സാധിക്കാത്ത ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല എന്നതിന് രണ്ട് അഭിപ്രായമില്ല.

ആധാര്‍ കാര്‍ഡിന്റെ പേരില്‍ കാണിക്കുന്ന പോക്കണം കേടുകള്‍ ഏറെയുണ്ട്. പാചക വാതക സബ്‌സിഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മാത്രമല്ല, ബാങ്ക് അക്കൗണ്ടില്‍ക്കൂടി മാത്രമേ സബ്‌സിഡി തുക ലഭിക്കുകയുമുള്ളു. പാചക വാതകം ങ്കില്‍ ഉയര്‍ന്ന തുക ആദ്യം അടക്കണം. പിന്നീട് സബ്‌സിഡി ലഭിക്കുമ്പോള്‍ ആ തുക ബാങ്ക് അക്കൊണ്ടിലേക്ക് വരും. സബ്‌സിഡി ലഭിച്ചില്ലെങ്കില്‍ കുത്തിയിരുന്ന് ഗോപി വരയ്ക്കാം. ഫലത്തില്‍ സബ്‌സിഡി ഇല്ലാത്ത കിനാശേരി തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സ്വപ്നം കാണുന്നത്.

ആധാര്‍ സബ്‌സിഡിയുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയപരിധി നിര്‍ണയിച്ചു. അത് കുറെ പ്രാവശ്യം നീട്ടി. എന്നിട്ടും രാജ്യത്തെ ജനങ്ങള്‍ ആധാര്‍ ഉടമകളായില്ല. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത് എന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതാണ്. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയില്‍ വന്ന കേസിന് സത്യവാങ്മൂലം നല്‍കാന്‍ പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആധാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും യു ഡി എഫ് മുന്നണിയും പല തട്ടിലാണുള്ളത്. മന്ത്രിസഭ അറിയാതെ ഒരുദ്യോഗസ്ഥന്‍ കോടതിയില്‍ സര്‍ക്കാരിനുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചു എന്ന പച്ചക്കള്ളം വിളിച്ചുപറയാന്‍ പോലും യു ഡി എഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ലജ്ജയില്ല. കൃത്യമായ ലക്ഷ്യബോധവും കാഴ്ചപ്പാടുകളും ഇല്ലാതെ നിഴലിന് പിറകെ നടക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍.

വിലക്കയറ്റത്തിന്റെ ഈ ദുരിതപര്‍വ്വത്തെ മറികടന്നാല്‍ മാത്രമേ ജനതയ്ക്ക് ജീവിതം സാധ്യമാവൂ. അതിനായാണ് ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനം തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. പാതയോരങ്ങളില്‍ പന്തലുകെട്ടി നിരാഹാരം കിടക്കുന്നത്. അത് ജനങ്ങള്‍ കാണുന്നുണ്ട്. പൊരുതുന്ന മര്‍ത്യരുടെ യുഗം അവസാനിച്ചിട്ടില്ല.

 

17-Jan-2014