ശശി തരൂരിന് എന്താണ് പറയാനുള്ളത്?

കടുത്ത മാനസിക സമ്മര്‍ദ്ദത്തെ സുനന്ദപുഷ്‌കര്‍ അഭിമുഖീകരിച്ചിരുന്നു എന്ന സൂചനകളുണ്ട്. ഡിപ്രഷന്‍ ലഘൂകരിക്കാനുള്ള, ഒഴിവാക്കാനുള്ള മരുന്നുകള്‍ അവര്‍ കഴിച്ചിരുന്നു. മലയാളമനോരമയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ മരുന്നുകളുടെ അമിത ഉപയോഗമാണ് മരണകാരണമാവാന്‍ സാധ്യതയെന്ന സൂചനകള്‍ പങ്കുവെക്കപ്പെട്ടത് ഈ സാഹചര്യത്തിലാവും. കുടുംബബന്ധത്തിലുണ്ടാവുന്ന പോറലുകള്‍കൊണ്ടാണ് ഈ മാനസിക സമ്മര്‍ദ്ദം ഉണ്ടായതെന്ന് മനോരമ പോലും പറയുന്നില്ല. കാരണം വളരെ ബോള്‍ഡായ ഒരു സ്ത്രീയാണ് സുനന്ദ. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് യൂത്തകോണ്‍ഗ്രസുകാര്‍ വരെ അവരുടെ കൈക്കരുത്ത് അറിഞ്ഞിട്ടുണ്ട്. സുനന്ദപുഷ്‌കറിന്റെ മൂന്നാമത്തെ വിവാഹമാണ് തരൂരുമായുള്ളത്. കുടുംബത്തിനകത്തെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് പുതുമയുള്ളതല്ല. അപ്പോള്‍ എന്താവും അവരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചിട്ടുണ്ടാവുക? ആരൊടും പറയാതെ മനസില്‍ അടക്കിവെച്ചിരുന്ന ആ രഹസ്യത്തിന്റെ മഞ്ഞുമല താന്‍ ഉരുക്കാന്‍ തയ്യാറാണെന്ന് ബര്‍ക്കാദത്തിനോട് പറഞ്ഞയുടനായിരുന്നു അവരുടെ മരണം. ആ മരണം അസ്വാഭാവിക മരണമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോള്‍, സുനന്ദപുഷ്‌കര്‍ ആരോടും ഒന്നും സംസാരിക്കാന്‍ പാടില്ല എന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. അവര്‍ മിണ്ടാതിരുന്നാല്‍ ആര്‍ക്കാണ് മനസമാധാനം ലഭിക്കുക എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.

കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റെ മരണം. ദേശീയ മാധ്യമങ്ങളടക്കം സകല മാധ്യമങ്ങളും ഈ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഡല്‍ഹിയിലെ ലീലാഹോട്ടലിലെ മുന്നൂറ്റിനാല്‍പ്പത്തിയഞ്ചാം മുറിയില്‍ മരിച്ചുകിടക്കുന്ന സുനന്ദയെ പറ്റി, ശശി തരൂരും പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാരും തമ്മിലുള്ള പ്രണയബന്ധം വെളിപ്പെടുത്തി സുനന്ദ പൊട്ടിത്തെറിച്ചതിനെ പറ്റി, തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലില്‍ സുനന്ദ പുഷ്‌കറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ സുനന്ദയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു എന്ന് വെളിപ്പെടുത്തിയത്, ശശി തരൂരിന്റെ പുതിയ പ്രണയിനി മെഹര്‍ തരാരിന് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയുമായി ബന്ധമുണ്ടെന്ന സുനന്ദയുടെ ആരോപണത്തെ പറ്റി, സുനന്ദയുടെ ദേഹത്തുള്ള ക്ഷതങ്ങളെ പറ്റി. അങ്ങനെ നിരവധി കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

സ്വാഭാവികമായ ഒരു മരണം ആയിരുന്നു സുനന്ദപുഷ്‌കറിന്റേത് എങ്കില്‍ ഇത്തരത്തിലുള്ളൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ടാവുമായിരുന്നില്ല. അനുശോചനങ്ങളിലും ആദരാഞ്ജലികളിലും കാര്യങ്ങള്‍ ഒതുങ്ങിയേനെ. ഇവിടെ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണോ? അല്ലെങ്കില്‍ കൊലപാതകം തന്നെയാണോ എന്നൊക്കെ സംശയം ഉയരുന്നുണ്ട്. കാരണം സുനന്ദ വിളിച്ചുപറഞ്ഞ കാര്യം അത്രയ്ക്ക് ഗൗരവമുള്ളതാണ്. ശശിതരൂരിന്റെ പ്രണയിനിയുടെ ഐ എസ് ഐ ബന്ധം. അത് പ്രസക്തമാവുന്നത് അവര്‍ കേന്ദ്രമന്ത്രിയായ ശശിതരൂരുമായി ബന്ധപ്പെടുന്ന വ്യക്തി ആയതുകൊണ്ടാണ്.

രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്ത്, നളിനി സിംഗ് തുടങ്ങിയവര്‍  സുനന്ദയുമായി സംസാരിച്ചിരുന്നു. അവരോട് സുനന്ദ പറഞ്ഞത് മനസിലടക്കിവെച്ചിരിക്കുന്ന കുറെയേറെ കാര്യങ്ങള്‍ തുറന്നുപറയാനുണ്ട് എന്നാണ്. ബര്‍ക്കയുടെയും നളിനിയുടെയും വെളിപ്പെടുത്തലുകളും പ്രാധാന്യമുള്ളവയാണ്. ബര്‍ക്കയോടും നളിനിയോടും ഈ രീതിയില്‍ സുനന്ദ സംസാരിച്ചിരുന്ന കാര്യം അവര്‍ ഏതൊക്കെ അധികാരകേന്ദ്രങ്ങളോട് വെളിപ്പെടുത്തിയിരുന്നു എന്നത് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാവണം. ദേശീയ മാധ്യമങ്ങളിലെ ബര്‍ക്കയുടെയുടെയും നളിനിയുടെയും സുഹൃത്തുക്കളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ ഈ കാര്യവും ചര്‍ച്ചയാണ്.

ശശി തരൂരും അദ്ദേഹത്തിന്റെ സ്റ്റാഫും ചില മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുന്നത് സുനന്ദ പുഷ്‌കറിന് മാരകമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള കിംസ് ഹോസ്പിറ്റലില്‍ അവരെ പരിശോധിച്ച ഡോക്ടര്‍മാരുടെ വിദഗ്ധസംഘം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി വിശദീകരിച്ചത് അത്തരത്തിലുള്ള അസുഖങ്ങളൊന്നും തന്നെ അവര്‍ക്കില്ല എന്നാണ്. ആ പത്രസമ്മേളനം നടക്കുമ്പോഴും ചില ചാനലുകള്‍ കിംസ് ആശുപത്രിയില്‍ നിന്ന് സുനന്ദപുഷ്‌കറിനെ വീല്‍ചെയറിലാണ് തിരികെ കൊണ്ടുപോയത് എന്ന പച്ചക്കള്ളം പടച്ചുവിടുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്താ നിര്‍മിതി കാണുമ്പോഴാണ് സാധാരണക്കാരായ ജനങ്ങള്‍ കൂടുതല്‍ സംശയാകുലരാവുന്നത്.

സുനന്ദ കടുത്ത രോഗിയായിരുന്നുവെങ്കില്‍, അവരെ ആശുപത്രിയിലെത്തിക്കാനുള്ള ജാഗ്രത ആയിരുന്നില്ലേ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ കാണിക്കേണ്ടിയിരുന്നത്? ഒറ്റയ്‌ക്കൊരു ഹോട്ടല്‍ മുറിയില്‍ തള്ളുകയായിരുന്നോ വേണ്ടിയിരുന്നത്? ട്വിറ്ററെഴുതും പോലെ പ്രാധാന്യമുള്ള കാര്യമല്ലേ തന്നെ പല അപകട ഘട്ടത്തിലും രക്ഷിച്ച ഒരു സ്ത്രീയുടെ ആരോഗ്യപരിപാലനം? വിയര്‍പ്പോഹരി വിവാദ സമയത്തൊക്കെ ശശിതരൂരിനെ അങ്ങേയറ്റം വരെ പോരാടി സംരക്ഷിച്ച വ്യക്തിയാണ് സുനന്ദ പുഷ്‌കര്‍. ഏതൊരു ദാമ്പത്യത്തിലും ഉണ്ടാവുന്ന വിള്ളലുകള്‍ ഇവരുടെ കാര്യത്തിലും സംഭവിച്ചുണ്ടാവാം. പക്ഷെ, അതൊന്നും മരണത്തിനുള്ള ന്യായീകരണമാവുന്നില്ല.

ശശി തരൂര്‍ നില്‍ക്കുന്നത് പ്രതിക്കൂട്ടില്‍ തന്നെയാണ്. ആഗോള തലത്തില്‍ പ്രശസ്തനായ തരൂരിന്റെ ഭാര്യയായ സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളുണ്ടെന്നും അവരുടെ ഉള്ളില്‍ വിഷാംശമില്ലെന്നും സുനന്ദയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുമ്പോള്‍, അന്വേഷണം നടക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ല എന്ന് അവര്‍ പരുങ്ങുമ്പോള്‍ തീര്‍ച്ചയായും തരൂരിന്റെ നേരെയാണ് ചൂണ്ടുവിരലുകള്‍ ഉയരുന്നത്.

മൊഴികളിലെ വൈരുദ്ധ്യവും ഇവിടെ ശ്രദ്ധേയമാണ്. ശശിതരൂര്‍ പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നത്; എ ഐ സി സി യോഗം കഴിഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് വന്നപ്പോള്‍ സുനന്ദ ഉറക്കമാണെന്ന് കരുതിയെന്നും പിന്നീട് ഡോക്ടറെയും പോലീസിനെയും വിവരമറിയിച്ചു എന്നുമാണ്. എന്നാല്‍, ഹോട്ടല്‍ അധികൃതര്‍ നല്‍കുന്ന മൊഴി വ്യത്യസ്തമാണ്. ഹൗസ്‌കീപ്പിംഗ് വിഭാഗം മുറി വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ മൃതദേഹം കണ്ടെന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങളുള്ളതുകൊണ്ടാവും പോലീസ് സുനന്ദയുടെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷം ശശിതരൂരില്‍ നിന്നും വീണ്ടും മൊഴിയെടുക്കുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ദത്തെ സുനന്ദപുഷ്‌കര്‍ അഭിമുഖീകരിച്ചിരുന്നു എന്ന സൂചനകളുണ്ട്. ഡിപ്രഷന്‍ ലഘൂകരിക്കാനുള്ള, ഒഴിവാക്കാനുള്ള മരുന്നുകള്‍ അവര്‍ കഴിച്ചിരുന്നു. മലയാളമനോരമയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ മരുന്നുകളുടെ അമിത ഉപയോഗമാണ് മരണകാരണമാവാന്‍ സാധ്യതയെന്ന സൂചനകള്‍ പങ്കുവെക്കപ്പെട്ടത് ഈ സാഹചര്യത്തിലാവും. കുടുംബബന്ധത്തിലുണ്ടാവുന്ന പോറലുകള്‍കൊണ്ടാണ് ഈ മാനസിക സമ്മര്‍ദ്ദം ഉണ്ടായതെന്ന് മനോരമ പോലും പറയുന്നില്ല. കാരണം വളരെ ബോള്‍ഡായ ഒരു സ്ത്രീയാണ് സുനന്ദ. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് യൂത്തകോണ്‍ഗ്രസുകാര്‍ വരെ അവരുടെ കൈക്കരുത്ത് അറിഞ്ഞിട്ടുണ്ട്. സുനന്ദപുഷ്‌കറിന്റെ മൂന്നാമത്തെ വിവാഹമാണ് തരൂരുമായുള്ളത്. കുടുംബത്തിനകത്തെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് പുതുമയുള്ളതല്ല. അപ്പോള്‍ എന്താവും അവരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചിട്ടുണ്ടാവുക? ആരൊടും പറയാതെ മനസില്‍ അടക്കിവെച്ചിരുന്ന ആ രഹസ്യത്തിന്റെ മഞ്ഞുമല താന്‍ ഉരുക്കാന്‍ തയ്യാറാണെന്ന് ബര്‍ക്കാദത്തിനോട് പറഞ്ഞയുടനായിരുന്നു അവരുടെ മരണം. ആ മരണം അസ്വാഭാവിക മരണമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോള്‍, സുനന്ദപുഷ്‌കര്‍ ആരോടും ഒന്നും സംസാരിക്കാന്‍ പാടില്ല എന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. അവര്‍ മിണ്ടാതിരുന്നാല്‍ ആര്‍ക്കാണ് മനസമാധാനം ലഭിക്കുക എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.

സുനന്ദ പുഷ്‌കറിന്റെ സംസ്‌കാര ചടങ്ങില്‍ ശശി തരൂരിന്റെ കൂടെ മന്ത്രിസഭയിലുള്ള മന്ത്രിമാരില്‍ ഭൂരിഭാഗം പേരും പങ്കെടുത്തില്ല. പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഉണ്ടായിട്ടും എത്തിയില്ല. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സോണിയാ ഗാന്ധിയും വിളിപ്പാടകലെ ഉണ്ടായിട്ടും അങ്ങോട്ട് തിരിഞ്ഞില്ല. ഇതൊക്കെ വിളിച്ചുപറയുന്നത് ആരോഗ്യകരമല്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ ഈ മരണത്തിന് പിറകിലുണ്ടെന്നത് തന്നെയാണ്. വിഷയത്തെ പറ്റി പ്രതികരിക്കാനോ, തരൂരിനെ കാണാനോ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും തയ്യാറാവാതിരിക്കുമ്പോള്‍ അവരെ ശശി തരൂരില്‍ നിന്നും അകറ്റുന്ന എന്തോ ഒന്ന് ഇടയിലുണ്ട് എന്ന് നമുക്ക് അനുമാനിക്കാം.

ഈ സാഹചര്യത്തില്‍ ശശി തരൂര്‍ നിരപരാധി ആണെങ്കില്‍ ചെയ്യേണ്ടത് കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും മറ്റ് എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുക എന്നതാണ്. ഒരു സാധാരണ മനുഷ്യനായി നിന്ന് അദ്ദേഹം എല്ലാ അന്വേഷണങ്ങളെയും നേരിടണം. 

18-Jan-2014