പ്രതിഷേധത്തിന്റെ തീപ്പന്തം

പറയാന്‍ വിഷമമുള്ള കാര്യമാണെങ്കിലും പറയേണ്ടിവരുന്നു. എനിക്ക് ഈ രാജ്യത്തെ കുറിച്ച് പ്രതീക്ഷ അറ്റിരിക്കുന്നു. സ്ത്രീപീഡനം എന്ന ഏര്‍പ്പാട് പത്തുവര്‍ഷംകൊണ്ടാണ് ഇത്രയേറെ ശക്തവും വ്യാപകവുമായത്. വീടിന് വെളിയില്‍ പോയ പെണ്‍കുട്ടികളെ അമ്മമാര്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന കാഴ്ച കണ്ടുതുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. ഞങ്ങളുടെ കുട്ടിക്കാലം വളരെ വളരെ ദൂരെയാണ്. അന്നാളുകളില്‍ രാത്രി ഏഴുമണിയോളം മ്യൂസിയത്തും വാട്ടര്‍വര്‍ക്സിലും ഒബ്സര്‍വേറ്ററിയിലുമൊക്കെ  ഓടിനടന്ന് ഇഷ്ടംപോലെ ഞങ്ങള്‍ കളിക്കുമായിരുന്നു. ഒരുദിവസവും ഒരു ചീത്തവാക്കുപോലും കേട്ടിട്ടില്ല. മോശമായ നോട്ടംപോലും ഉണ്ടായിട്ടില്ല. അങ്ങനെ ഭയപ്പെടേണ്ട എന്തെങ്കിലും കാര്യമുണ്ടെന്ന തോന്നല്‍ ഞങ്ങളുടെ കുട്ടിക്കാലത്തോ കോളേജ് ജീവിതകാലത്തോ ഉണ്ടായിട്ടില്ല. മദ്യപാനം ഇത്രയേറെ മാന്യവും ഉയര്‍ന്നവരുടെ സ്റ്റാറ്റസ്് സിംബലുമായി മാറിയിരുന്നില്ല. 'ഭയപ്പെടരുത്' എന്ന സ്വാമി വിവേകാനന്ദന്റെ വാചകം അച്ഛന്‍ എപ്പോഴും ഉരുവിട്ടുതരുമായിരുന്നു. ഭയമുണ്ടായിട്ടില്ല. 'അഭയ' പോലെ ഹൈ റിസ്ക് ജോലികള്‍ ഏറ്റെടുക്കുന്നതും മറ്റും ഭയമുണ്ടെങ്കില്‍ ആരും ചെയ്യുന്നതല്ല. പക്ഷേ, ഇപ്പോള്‍ എന്റെ മനസ്സുനിറയെ ഭയമാണ്. എനിക്ക് പറയാന്‍ ലജ്ജയുണ്ട്. ഭയമാണ് എനിക്ക്, നമ്മുടെ കുട്ടികളെ പറ്റി, അഭയയിലെ കുട്ടികളെ ക്കുറിച്ച് മാത്രമല്ല നാട്ടിലെ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍.

ഒരു കൊച്ചുപെണ്‍കുട്ടി.

പത്തോ പതിനൊന്നോ വയസ്സുകാണും. കാലിലൊരു വെള്ളിക്കൊലുസുമിട്ട് പാവാട ഇത്തിരി പൊക്കിപ്പിടിച്ച് ഓടിക്കളിച്ച് ചിരിച്ച് നടന്നുവരുന്നു. റോഡിലൂടെ ചിരിച്ചുകൊണ്ട് അവള്‍ തുള്ളിച്ചാടി വരുന്നു. അവളുടെ ഉത്സാഹം ഞാന്‍ വഴിയില്‍നിന്ന് കണ്ടു.

"എവിടെയാ മക്കളെ വീട്?''

അവള്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.

അവള്‍ വീടും സ്ഥലവും എല്ലാം പറഞ്ഞു. വൈകുന്നേരത്തെ ക്ളാസ് കഴിഞ്ഞ് വരികയാണവള്‍.

"ഇങ്ങനെ കളിച്ചും ചിരിച്ചും തിരിഞ്ഞുനില്‍ക്കരുത്. സന്ധ്യക്കു മുമ്പ് വീടെത്തണം. ക്ളാസ് കഴിഞ്ഞാല്‍ ഒറ്റയോട്ടം. വീടെത്തിയേ നില്‍ക്കാവൂ, പെട്ടെന്ന് പൊയ്ക്കോളൂ'' ഞാന്‍ പറഞ്ഞു.

"അതെന്താ അമ്മേ?''

"അതിനൊക്കെ കാര്യമുണ്ട്. കള്ളന്മാരാണ് ചുറ്റും.''

അവളെന്നെ ഒന്നമ്പരന്ന് നോക്കിയിട്ട് ഓടിപ്പോയി.

27-Apr-2018