ജലസാക്ഷരത അനിവാര്യം

കടുത്ത വരള്‍ച്ചയെ നേരിടാനുള്ള മുന്നൊരുക്കങ്ങളെടുക്കാന്‍ നാമോരുത്തര്‍ക്കും ബാധ്യതയുണ്ട്. സംസ്ഥാനം സമീപകാലത്തൊന്നും നേരിടാത്ത ജലക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നത്. ഈ അനുഭവം ആവര്‍ത്തിക്കരുത്. ഒഴുകി നഷ്ടപ്പെടുന്ന മഴവെള്ളത്തെ ഭൂമിയില്‍ സംരക്ഷിച്ചാല്‍ ഒരു പരിധിവരെ ജലക്ഷാമം ഇല്ലാതാകും. അതിന്റെ ഭാഗമായാണ് വിപുലമായ ജലസംരക്ഷണ പദ്ധതിക്ക് സിപിഐ എം നേതൃത്വം നല്‍കുന്നത്. ജലമലിനീകരണം തടയാനും നീര്‍ത്തടാധിഷ്ടിത രീതിയിലുള്ള പദ്ധതികള്‍ നടപ്പിലാക്കാനും മഴവെള്ളസംഭരണത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ പാര്‍ടി കൈക്കൊള്ളുകയാണ്. ഒഴുകി നഷ്ടപ്പെടുന്ന മഴവെള്ളം താല്‍ക്കാലികമായി ശേഖരിച്ചുനിര്‍ത്തി ക്രമത്തില്‍ മണ്ണിലേക്കിറക്കുന്നതിന് നിശ്ചിത വലുപ്പത്തില്‍ മണ്ണുമാറ്റി ഉണ്ടാക്കുന്ന നിര്‍മിതികളാണ് മഴക്കുഴികള്‍

മനുഷ്യജീവന് ഒഴിച്ചുകൂടാനാവാത്ത പ്രാഥമികവിഭവമാണ് ജലം. ശുദ്ധജലത്തിന്റെ അപര്യാപ്തത ലോകത്ത് പലയിടത്തും വെല്ലുവിളിയായി നിലനില്‍ക്കുന്നു. കേരളവും ഇപ്പോള്‍ ജലദൗര്‍ലഭ്യത്തിന്റെ പിടിയിലാണുള്ളത്. ഭാവിയില്‍ വെള്ളത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ ലോകത്തുണ്ടാവുമെന്നാണ് വര്‍ത്തമാനസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്ത് ലോകമാകെയുണ്ടായ കാലാവസ്ഥാവ്യതിയാനവും വരള്‍ച്ചയും വെള്ളപ്പൊക്കവും അസഹനീയമായ പ്രകൃതിപ്രതിഭാസങ്ങളും വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്. വര്‍ത്തമാനകാലസമൂഹത്തിന്റെ വിവേകപൂര്‍ണമായ ജലോപയോഗത്തിലൂടെ മാത്രമേ, ഭാവിതലമുറയ്ക്ക് ഐശ്വര്യപൂര്‍ണമായ ജീവിതവും സുസ്ഥിരവികസനവും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളു.

രൂക്ഷമായ ജലക്ഷാമത്തിന്റെ നാളുകളിലൂടെയാണ് കേരളം കടന്നുപോവുന്നത്. തെക്കുവടക്കായി 590 കി,മീറ്റര്‍ നീളത്തിലും കിഴക്ക് പടിഞ്ഞാറായി 30-130 കി.മീറ്റര്‍ വീതിയിലും മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നുതരം ഭൂപ്രദേശമായി കിടക്കുന്ന കേരളം പശ്ചിമഘട്ടത്തില്‍ നിന്നും അറബിക്കടലിലേക്ക് ഒരു പലകപോലെ ചരിഞ്ഞുകിടപ്പാണ്. പെയ്തിറങ്ങുന്ന മഴവെള്ളം ഭൂമിയിലേക്കിറങ്ങാതെ കടലിലേക്ക് ഒഴുകിപ്പോവാന്‍ ഈ ഭൂപ്രകൃതി സഹായമാവുന്നു. പണ്ടൊക്കെ മഴവെള്ളത്തെ തടഞ്ഞുനിര്‍ത്താന്‍ പ്രകൃതി തന്നെ നിരവധി സന്നാഹങ്ങള്‍ ഒരുക്കിനിര്‍ത്തിയിരുന്നു. ഇന്ന് നാം അതൊക്കെ ഇല്ലാതാക്കുകയാണ്. കേരളത്തില്‍ ശരാശരി ലഭിക്കുന്ന മഴ 3000 മി.മീറ്റര്‍ ആണെങ്കിലും അത് 470മുതല്‍ 4500 വരെ വ്യാത്യാസപ്പെടുന്നുണ്ട് എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ മഴയുടെ 85 ശതമാനത്തിലേറെയും ലഭിക്കുന്നത് ആറുമാസക്കാലയളവിലാണ്. എന്നിട്ടും കേരളം ഇന്ന് ദാഹജലത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ്. കുടിവെള്ളം കിട്ടാനില്ല! തിരുവനന്തപുരം ജില്ല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇച്ഛാശക്തിയോടുകൂടി ഇടപെട്ട് നെയ്യാര്‍ഡാമില്‍ നിന്നും വെള്ളം പമ്പുചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ നഗരപ്രദേശങ്ങളിലുള്ളവര്‍ കുടിവെള്ളത്തിനുവേണ്ടി പരക്കംപായുന്ന സ്ഥിതിയുണ്ടാവുമായിരുന്നു.

നമ്മുടെ നാട്ടിലെ കാലാവസ്ഥ തീവ്രമായിക്കൊണ്ടിരിക്കയാണ്. പെരുമഴയോ, അതിവരള്‍ച്ചയോ എന്ന നിലയിലാണ് മാറ്റം വന്നിരിക്കുന്നത്. മഴപെയ്യുന്നതിന്റെ കാലഘടന തെറ്റുന്നു. 44 നദികള്‍ തെക്കുപടിഞ്ഞാറായി കേരളത്തില്‍ ഒഴുകുന്നുണ്ട്. എന്നിട്ടും വരള്‍ച്ചാബാധിത പ്രദേശമായാണ് കേരളം നില്‍ക്കുന്നത്. പ്രകൃതിയോടുള്ള നമ്മുടെ സമീപനം മാറിയതോടെ മഴ, ഊഷ്മാവ്, ജല ലഭ്യത, പുഴ-നീരൊഴുക്കുകള്‍, പ്രകൃതിസന്തുലനം തുടങ്ങിയവയിലൊക്കെ മാറ്റങ്ങള്‍ വന്നു. നൂറ്റാണ്ടുകളായി ജലം സുഭിക്ഷമായി ഉപയോഗിച്ചുപോന്നവരാണ് കേരളീയര്‍. ജലം അമിതമായി ഉപയോഗിക്കുന്നതിലും പാഴാക്കി കളയുന്നതിലും നമുക്ക്് ഒരു കുറ്റബോധവുമില്ല. ഇപ്പോള്‍ വെള്ളം ദുര്‍ലഭമായ ഒരു വസ്തുവായി മാറിയിട്ടും ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ട്. വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് സമഗ്രമായ ഒരു അവബോധം കേരളത്തിനുണ്ടാവേണ്ടിയിരിക്കുന്നു.

ജലലഭ്യത കുറയുമ്പോള്‍ സംസ്ഥാനത്തെ കാര്‍ഷിക രീതിയപ്പാടെ താളംതെറ്റുകയാണ്. ഭക്ഷ്യവിളകളെ അത് സാരമായി ബാധിക്കുന്നു. ഭക്ഷ്യസുരക്ഷയില്‍ വീണ്ടും ഇടിവുണ്ടാകുന്നു. ജലസംക്രമണ പ്രതിഭാസത്തിന്റെ സ്വഭാവം മാറുന്നത് നമുക്ക് കാണാനാവുന്നുണ്ട്. മണ്ണൊലിപ്പ് വര്‍ധിക്കുന്നതും ഭൂഗര്‍ഭജനപരിപോഷണം കുറയുന്നതും കിണറുകളില്‍ ഉപ്പുവെള്ളം കലരുന്നതും സാധാരണമാവുകയാണ്. ജലമലിനീകരണം വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ജലസ്രോതസുകള്‍ ഇല്ലാതാവുന്നതും പുതുമയല്ലാത്ത കാര്യമായി മാറുകയാണ്. ഇത്തരത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ബാധ്യതയാണ് സിപിഐ എം നിറവേറ്റാന്‍ പോകുന്നത്.

കേരളത്തിലെ വയലേലകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കരപ്രദേശങ്ങള്‍ക്കും തുറന്ന ജലപ്പരപ്പിനുമിടയിലുള്ള തണ്ണീര്‍ത്തടങ്ങള്‍ കേരളത്തിലെ നെല്ലുല്‍പ്പാദന കേന്ദ്രങ്ങളായിരുന്നു. ഇടനാട് പ്രദേശങ്ങളിലുള്ള ഏലാകള്‍ കുന്നുകള്‍ക്കിടയിലുള്ള പാടങ്ങളാണ്. കുന്നുകളില്‍ വീഴുന്ന മഴവെള്ളം ഇവിടെ സംഭരിക്കപ്പെടും. ഇതില്‍ നല്ലൊരു പങ്ക് സ്വാഭാവിക ഭൂഗര്‍ഭ ജലപോഷണത്തിന് ഉതകും. നെല്‍പ്പാടങ്ങള്‍ നികത്തുകയും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ നശിക്കുന്നത് പരിസ്ഥിതിയാണ്. തന്നിമിത്തം ഏലാകളിലൂടെ ഒഴുകുന്ന തോടുകള്‍ വരെ വറ്റിവരളും. കിണറുകളും വറ്റും. വെള്ളത്തിന്റെ സ്വയംപര്യാപ്തത ഇല്ലാതാവും. നമ്മുടെ സംസ്ഥാനത്ത് 1970കളില്‍ 5,09,133 ലക്ഷം ഹെക്ടര്‍ വയലുകളുണ്ടെന്നാണ് കണക്ക്. 2014-15ലെ മതിപ്പുപ്രകാരം നെല്‍കൃഷിയുടെ മൊത്തവിസ്തീര്‍ണം 1.98ലക്ഷം ഹെക്ടര്‍ മാത്രമാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആറന്‍മുളയിലെ നെല്‍പ്പാടത്തോടെടുത്ത സമീപനവും മെത്രാന്‍ കായല്‍ കൈയ്യേറ്റവുമൊക്കെ നശീകരണത്തിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. കേരളത്തിലെ വലതുപക്ഷമാണ് ഇവിടുത്തെ പരിസ്ഥിതിയുടെ ഘാതകര്‍. കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഭൂമാഫിയക്കും വേണ്ടി വലതുപക്ഷം കേരളത്തെ മുറിച്ചുവിറ്റു. ഇനിയതനുവദിക്കുന്ന പ്രശ്‌നമില്ല. തണ്ണീര്‍ത്തടങ്ങളായ നെല്‍വലുകള്‍ സംരക്ഷിച്ചേ മതിയാവു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ ആ കാഴ്ചപ്പാടോടെയാണ് മുന്നോട്ടുപോകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറിയ ആറന്‍മുള പാടശേഖരം തിരിച്ചുപിടിച്ചതും വിത്തുവിതച്ചതും കൊയ്തതും ഈ സര്‍ക്കാരാണ്. അതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയം. 

കടുത്ത വരള്‍ച്ചയെ നേരിടാനുള്ള മുന്നൊരുക്കങ്ങളെടുക്കാന്‍ നാമോരുത്തര്‍ക്കും ബാധ്യതയുണ്ട്. സംസ്ഥാനം സമീപകാലത്തൊന്നും നേരിടാത്ത ജലക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നത്. ഈ അനുഭവം ആവര്‍ത്തിക്കരുത്. ഒഴുകി നഷ്ടപ്പെടുന്ന മഴവെള്ളത്തെ ഭൂമിയില്‍ സംരക്ഷിച്ചാല്‍ ഒരു പരിധിവരെ ജലക്ഷാമം ഇല്ലാതാകും. അതിന്റെ ഭാഗമായാണ് വിപുലമായ ജലസംരക്ഷണ പദ്ധതിക്ക് സിപിഐ എം നേതൃത്വം നല്‍കുന്നത്. ജലമലിനീകരണം തടയാനും നീര്‍ത്തടാധിഷ്ടിത രീതിയിലുള്ള പദ്ധതികള്‍ നടപ്പിലാക്കാനും മഴവെള്ളസംഭരണത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ പാര്‍ടി കൈക്കൊള്ളുകയാണ്.

ഒഴുകി നഷ്ടപ്പെടുന്ന മഴവെള്ളം താല്‍ക്കാലികമായി ശേഖരിച്ചുനിര്‍ത്തി ക്രമത്തില്‍ മണ്ണിലേക്കിറക്കുന്നതിന് നിശ്ചിത വലുപ്പത്തില്‍ മണ്ണുമാറ്റി ഉണ്ടാക്കുന്ന നിര്‍മിതികളാണ് മഴക്കുഴികള്‍. ഏറ്റവും ചെറിയ നിലയില്‍ അതായത് രണ്ടടി നീളം, രണ്ടടി വീതി, രണ്ടടി താഴ്ചമുതല്‍ രണ്ടുമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുള്ള മഴക്കുഴികള്‍ വരെ നിര്‍മിക്കാം. ഉപരിതലത്തില്‍ ഒഴുകുന്ന വെള്ളത്തെ തുല്യമായി പങ്കിട്ടു ശേഖരിക്കാന്‍ ഉതകുന്ന വിധത്തിലാകണം മഴക്കുഴികളുടെ വിന്യാസം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള കുത്തനെയുള്ള ചരിവുകളില്‍ മഴക്കുഴി എടുക്കരുത്. തരിശായി കിടക്കുന്ന ചരിഞ്ഞതും നിരപ്പായതുമായ ഭൂമിയില്‍ ആവശ്യമായത്ര കുഴികളെടുക്കാം. വര്‍ഷപാതവും മണ്ണിന്റെ ആഗിരണശേഷിയും അനുസരിച്ചാകണം കുഴിയുടെ വലുപ്പം നിശ്ചയിക്കേണ്ടത്. സസ്യാവരണം ഇല്ലാത്ത തുറന്ന സ്ഥലത്ത് മഴവെള്ളം വീണൊഴുകി പോകുന്നതുവഴിയുള്ള ജലനഷ്ടം കുറയ്ക്കാനും ഭൂജലപോഷണം വര്‍ധിപ്പിക്കാനും പൊതുവില്‍ സ്വീകരിക്കാവുന്ന മാര്‍ഗമാണ് മഴക്കുഴികള്‍.

ജനങ്ങളെ അണിനിരത്തി അവരുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും ജലദൗര്‍ലഭ്യത്തെ നേരിടാനുള്ള നേതൃപരമായ പങ്ക് ഈ അവസരത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളുമായി സിപിഐ എം പ്രവര്‍ത്തകര്‍ കൈകോര്‍ക്കും. പ്രാദേശിക ഇടപെടലുകളിലൂടെ മാത്രമേ നമ്മുടെ നാട് അഭിമുഖീകരിക്കുന്ന രൂക്ഷമായ ജലക്ഷാമത്തിന് അറുതിവരുത്താന്‍ സാധിക്കുകയുള്ളു. ഈ ഭൂമി, വരുംതലമുറയ്ക്ക് എല്ലാ സൗഭാഗ്യങ്ങളോടും കൂടി കൈമാറാനുള്ള ബാധ്യത നമുക്കുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റാന്‍ വേണ്ടി കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാ സുമനസുകളും ജലസംരക്ഷണ പരിപാടിയുമായി സഹകരിക്കണം.

13-May-2017