പുല്ലിംഗ ദോഷം
അപര്‍ണ വേണു
വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ലൈംഗികാതിപ്രസരത്തിന്റെ നിയന്ത്രണാതീതമായ ബഹിസ്ഫുരണങ്ങളെ പുരുഷപ്രകൃതത്തിന്റെ ജൈവികത മാത്രമായി ലളിതവല്‍ക്കരിച്ച് കാണുകയും അതിനെ മുന്‍നിര്‍ത്തി ന്യായവാദങ്ങള്‍ ഉന്നയിക്കുകയും, ആധിപത്യസംസ്കാരത്തെ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന ബാബു കുഴിമറ്റത്തെപ്പോലുള്ളവര് തുടര്‍ച്ചയായി വിമര്ശിക്കപ്പെടേണ്ടത്, തിരുത്തപ്പെടേണ്ടത് തീര്‍ച്ചയായും ഒരു സാമൂഹികമായ ആവശ്യകതയാണ്. |
ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഒന്നാണ്, കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് സൊസൈറ്റിയുടെ സെക്രട്ടറിയും സാഹിത്യകാരനുമായ ബാബു കുഴിമറ്റം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത 'പുരുഷന്റെ പുല്ലിംഗ ദോഷം' എന്ന തലക്കെട്ടോടു കൂടിയ കുറിപ്പ്. അതിന്റെ അന്തസ്സത്തയില്‍ പുതുമയൊന്നും ഉള്ളതായി തോന്നുന്നില്ല. സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നതിന്റെ കാരണം അവരുടെ വസ്ത്രധാരണത്തിന്റെ കുഴപ്പമാണെന്ന രീതിയിലുള്ള, കാലാകാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വാദത്തിന്റെ കുഴിമറ്റം വേര്‍ഷന്‍ മാത്രമാണ് അത്. ഈയൊരു പ്രസ്ഥാവനയെ പ്രശ്നവല്‍ക്കരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്.
ഒന്ന്, സ്ത്രീകളുടെ വസ്ത്രധാരണ രീതികളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ വസ്ത്രസ്വാതന്ത്ര്യത്തിന് വിലങ്ങിടാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക മൂല്യ വക്താക്കളുടെ വര്‍ത്തമാനകാല പ്രതീകമാണ് താനെന്ന് സ്വയം തെളിയിക്കുകയാണ് ബാബു കുഴിമറ്റം. വസ്ത്ര ധാരണമെന്നത് ഏതൊരു വ്യക്തിയുടേയും സ്വകാര്യ സ്വാതന്ത്ര്യമാണെന്നിരിക്കെ സ്വന്തം സൗകര്യത്തിനും, ഇഷ്ടത്തിനുമനുസരിച്ച് വസ്ത്രം ധരിക്കുന്ന സ്ത്രീകളെ മാന്യമായി വസ്ത്രം ധരിക്കാത്തവര്‍, ചീത്ത എന്നൊക്കെ മുദ്ര കുത്തപ്പെടുന്നതായാണ് കാണുന്നത്. എന്നാല്‍, വസ്ത്ര മാന്യതയെക്കുറിച്ച് പുലര്‍ത്തുന്ന ധാരണകള്‍ എത്രത്തോളം പൊള്ളയാണെന്നറിയാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടായ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മാത്രം മതിയാകും. വസ്ത്ര സദാചാരം എന്നത് എങ്ങനെയാണ് സ്ത്രീകള്‍ക്ക്് മാത്രം ബാധകമായ ഒരു അലിഖിത നിയമമായി നിലനില്‍ക്കുന്നത് എന്നും, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ഭൂരിഭാഗം സ്ത്രീകളുടേയും അധമബോധം എത്രത്തോളം അടിച്ചേല്‍പ്പിക്കപ്പെട്ടതാണ് എന്നും ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗികമായി ആക്രമിക്കപ്പെടുന്നതിന്റെ കാരണം അവരുടെ വസ്ത്രധാരണത്തിന്റെ പ്രശ്നമല്ല എന്ന ലളിതമായ സത്യം നിഷ്പ്രയാസം നിരാകരിക്കപ്പെടുകയും, അടക്കവും ഒതുക്കവും ഉള്ളവളാകണം സ്ത്രീ എന്ന സങ്കല്പം മഹത്വവല്ക്കരിക്കപ്പെടുകയും ചെയ്യുന്നത് വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന പരമ്പരാഗത മൂല്യബോധത്തിന്റെയും, പുരുഷാധിപത്യ മനോഭാവത്തിന്റെയും കുഴപ്പമാണന്നത് എടുത്തു പറയേണ്ടതില്ലല്ലോ. അതേ ആധിപത്യ മനോഭാവത്തിന്റെ ഉല്‍പ്പന്നമായി തന്നെയാണ് ബാബു കുഴിമറ്റത്തിന്റെ പ്രസ്താവനയേയും വായിച്ചെടുക്കേണ്ടത്.
ഭാരതീയ പാരമ്പര്യത്തെ കുറിച്ചൊക്കെ അദ്ദേഹം വേവലാതിപ്പെടുന്നത് കണ്ടു. എന്താണാവോ അദ്ദേഹം പറയുന്ന ഈ മഹത്തായ പാരമ്പര്യത്തിലെ വസ്ത്രമാതൃക? ഇന്നത്തെ പാരമ്പര്യവാദികളെല്ലാം ഐക്യകണ്ഠേന അംഗീകരിച്ചു പോന്നിട്ടുള്ള, ആദര്‍ശ വസ്ത്രമായി കണക്കാക്കപ്പെട്ടിട്ടുള്ള സാരി ആയിരിക്കും അദ്ദേഹം ഉദ്ദേശിച്ചു കാണുക. ശരീരവടിവുകളെ മുഴുവനായി എടുത്തു കാണിക്കുക, ചലന സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുക തുടങ്ങിയ ധര്‍മ്മങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്ന സാരി എന്ന കുലീന വസ്ത്രം അദ്ദേഹത്തെ പോലുള്ള പുരുഷന്മാര്ക്ക് പ്രലോഭനം ഉണ്ടാക്കാതിരിക്കുകയും എന്നാല്‍ ലെഗ്ഗിംഗ്സ്, ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ മാത്രം പ്രലോഭനം ഉണ്ടാക്കുകയും ചെയ്യുന്നതെങ്ങനെയാണ്? ഇത്തരം അസംബന്ധ വാദങ്ങളുടെ യുക്തിഹീനത തിരിച്ചറിയപ്പെടുകയും ആ യുക്തിഹീന അസംബന്ധ വാദത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒട്ടും നിഷ്ക്കളങ്കമല്ലാത്ത യാഥാസ്ഥിതിക പുരുഷാധിപത്യ മൂല്യബോധം ചോദ്യം ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.
രണ്ട്, വഴിയില്‍ നില്ക്കുന ലെഗ്ഗിംസ് ധരിച്ച സ്ത്രീ ഒരു 'ദര്ശനോല്സവ'മായി അനുഭവപ്പെടുന്നതും, ദര്ശനമാത്രയില് തന്നെ ലിംഗചലനമുണ്ടാക്കുന്ന 'മാദകതിടമ്പാ'യി സ്ത്രീയെ വസ്തുവല്‍ക്കരിച്ച് കാണുകയും ചെയ്യുന്ന ബാബു കുഴിമറ്റംമാരുടെ മാനസിക / ശാരീരിക അവസ്ഥയെ പുരുഷ പ്രകൃതത്തിന്റെ സ്വാഭാവികതയായി അല്ലെങ്കില്‍ സവിശേഷ സ്വഭാവം എന്ന നിലയില്‍ അദ്ദേഹം തന്നെ വിശേഷിപ്പിക്കുമ്പോള്‍ പരോക്ഷമായി ധ്വനിക്കപ്പെടുന്നത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമണങ്ങളെല്ലാം പുരുഷന്റെ ഇത്തരമൊരു സവിശേഷ സ്വഭാവത്തിന്റെ സ്വാഭാവികതയില്‍ സംഭവിച്ചു പോകുന്ന നൈസര്‍ഗ്ഗികമായ 'പുല്ലിംഗ ദോഷ'ത്തിന്റെ ബഹിര്‍ഗമനം മാത്രമാണെന്നും, അതു കൊണ്ട് തന്നെ ചലനത്വര കൂടുതലായ അത്തരം ലിംഗങ്ങളെ പ്രലോഭിപ്പിക്കതായ വസ്ത്രങ്ങള്‍ ധരിക്കാതെ ശ്രദ്ധിക്കേണ്ടത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ് എന്നുമാണ്. യഥാതഥമായ പുരുഷ കാഴ്ച്ചയുടേയും, കാഴ്ച്ചാ സംസ്കാരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സ്ത്രീ വിരുദ്ധതയുടേയും, മേല്‍ക്കോയ്മാ ബോധത്തിന്റെയും മറ്റും സങ്കലിതാവസ്ഥയായി മനസ്സിലാക്കപ്പെടേണ്ട ഒരു വൈകൃതത്തെ / വൈകല്യത്തെ, കാഴ്ച്ചക്കാരന്റെ/ കാഴ്ച്ചയുടെ ദോഷമായി കാണേണ്ടിടത്ത് ദോഷമാകെ വ്യക്തി/വസ്തു'വില്‍ ആരോപിക്കപ്പെടുന്നതിലെ അപകടം തിരിച്ചറിയപ്പെടേണ്ടതാണ്.
വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ലൈംഗികാതിപ്രസരത്തിന്റെ നിയന്ത്രണാതീതമായ ബഹിസ്ഫുരണങ്ങളെ പുരുഷപ്രകൃതത്തിന്റെ ജൈവികത മാത്രമായി ലളിതവല്‍ക്കരിച്ച് കാണുകയും അതിനെ മുന്‍നിര്‍ത്തി ന്യായവാദങ്ങള്‍ ഉന്നയിക്കുകയും, ആധിപത്യസംസ്കാരത്തെ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന ബാബു കുഴിമറ്റത്തെപ്പോലുള്ളവര് തുടര്‍ച്ചയായി വിമര്ശിക്കപ്പെടേണ്ടത്, തിരുത്തപ്പെടേണ്ടത് തീര്‍ച്ചയായും ഒരു സാമൂഹികമായ ആവശ്യകതയാണ്.
29-May-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി