ജിഷയുടെ അമ്മ
വൃന്ദ കാരാട്ട്
രാജേശ്വരി നേരിടുന്ന വിവേചനം വ്യക്തിപരമായ അനുഭവങ്ങള്‍ക്കും ജീവിതങ്ങള്‍ക്കും അപ്പുറത്ത് ദളിത്– ആദിവാസി വിഭാഗങ്ങള്‍ക്കും ഒറ്റപ്പെടുത്തപ്പെട്ട മറ്റ് സമുദായങ്ങള്ക്കുംവേണ്ടിയുള്ള സമഗ്ര നയചട്ടക്കൂട് വേണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ചില കേന്ദ്രങ്ങളിലും സെറ്റില്‍മെന്റുകളിലും ദളിത്–ആദിവാസി വിഭാഗങ്ങളുടെ ഞെട്ടിക്കുന്ന അവസ്ഥ അടിയന്തരനടപടികള്‍ അനിവാര്യമാക്കുന്നു. ഒരു ചെറുപ്പക്കാരിയെയാണ് ആ ക്രിമിനല്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അതും ഏറ്റവും പൈശാചികമായ രീതിയില്‍. അതിവേഗ കോടതിയില്‍ അയാളെ ശിക്ഷിക്കണം. കുറ്റവാളിയുടെ മതവും കുടിയേറ്റത്തൊഴിലാളിയെന്ന അവസ്ഥയും വര്‍ഗീയശക്തികള്‍ മുതലെടുക്കുമെന്നത് സംശയരഹിതമായ കാര്യമാണ്. അത് അനുവദിച്ചുകൊടുക്കാന്‍ പാടില്ല. ജിഷ കേസില്‍ ഉന്നയിക്കപ്പെട്ട വ്യത്യസ്തമായ വിഷയങ്ങള്‍ കൃത്യമായി പരിഗണിക്കുകയും ഒരു ബദല്‍ ചട്ടക്കൂട് സൃഷ്ടിക്കുകയും വേണം. തങ്ങളുടെ ജീവിതം പോലെതന്നെ കറുത്ത ജലമൊഴുകുന്ന കനാലിന്റെ തീരത്തുനിന്ന് അകലേക്ക് പോകണമെന്ന തന്റെയും അമ്മയുടെയും സ്വപ്നങ്ങള്‍ സാക്ഷാല്ക്കരിക്കുംമുമ്പ് ഇടറിപ്പോയ ആ യുവതിയുടെ ജീവിതത്തിന് അങ്ങനെ മാത്രമേ നീതി ലഭിക്കൂ. |
നിയമവിദ്യാര്‍ഥിനിയായ യുവതിയെ മൃഗീയമായി കൊലപ്പെടുത്തിയ കുറ്റവാളിയെ പ്രത്യേകാന്വേഷണസംഘം പിടികൂടിയെന്ന വാര്‍ത്ത അവരുടെ വ്രണിതയായ അമ്മ രാജേശ്വരിക്ക് കുറച്ചൊക്കെ ആശ്വാസം പകരും. കുറ്റവാളിയെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്യുന്നതില്‍ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിച്ച പൊലീസ് സംഘം അഭിനന്ദനമര്‍ഹിക്കുന്നു.
ഏപ്രില്‍ 28ന് ജോലികഴിഞ്ഞ് മടങ്ങിയെത്തിയ രാജേശ്വരി തന്റെ ഒറ്റമുറിവീടിന്റെ വാതിലില്‍ മുട്ടിയിട്ടും മകള്‍ തുറന്നില്ല. ആ ഇരുണ്ട മുറിയില്‍ തന്റെ മകള്‍ കിരാതമായ ആക്രമണത്തിന് ഇരയായി നിശ്ചേഷ്ടയായി കിടക്കുകയാണെന്ന് ആ അമ്മയ്ക്കറിയില്ലായിരുന്നു. മകള്ക്കുവേണ്ടിമാത്രമാണ് ആ അമ്മ ജീവിച്ചതുതന്നെ.
കഴിഞ്ഞമാസം അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട പ്രഥമ തീരുമാനം ജിഷ കേസില്‍ മുതിര്‍ന്ന വനിതാ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയതായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തെളിവുകള്‍ പലതും നശിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ലഭ്യമായ സൂചനകളും തെളിവുകളും നശിപ്പിക്കുംവിധം ഒരുപാടാളുകള്‍ വന്നുപോയിട്ടും കൊലപാതകം നടന്ന സ്ഥലം വേര്‍തിരിച്ച് സുരക്ഷാവലയത്തിലാക്കേണ്ടത് അനിവാര്യമാണെന്ന് കേസിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയില്ല. ഒരു പരിശോധനയും നടന്നില്ല. ബസ് സ്റ്റോപ്പുകളിലോ റെയില്‍വേ സ്റ്റേഷനുകളിലോ ആരെയും പരിശോധനയ്ക്ക് അയച്ചില്ല, അന്വേഷണത്തിന് അനിവാര്യമായ ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍പോലും ചെയ്തില്ല.
അന്ന് പൊലീസിന്റെ കണ്ണില്‍ ഈ കേസ് തികച്ചും നിസ്സാരമായിരുന്നു. കാരണം ഇര ദരിദ്രയാണ്, ദളിതാണ്, സ്ത്രീകള്‍ മാത്രമുള്ള കുടുംബമാണ് അവരുടേത്. ഈ കേസില്‍ വര്‍ഗ, ജാതി, ലിംഗ വിവേചനങ്ങള്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ തങ്ങള്‍ക്കുമേല്‍ പതിച്ച അനീതി ഒരിക്കലും അതിജീവിക്കാനാകാത്ത സ്ഥിതിയായി ആ കുടുംബത്തിന്. രാജേശ്വരി ഇപ്പോഴും ആശുപത്രിയിലാണ്. തൊട്ടടുത്ത പഞ്ചായത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച വീട് പൂര്‍ത്തിയാകുകയാണ്. അവര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷനും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ജിഷയുടെ സഹോദരി ദീപയ്ക്ക് താലൂക്ക് ഓഫീസില്‍ അറ്റന്‍ഡറായി ജോലിയും നല്കി. ഈ കുടുംബത്തെ സഹായിക്കുക എന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അജന്‍ഡയില്‍ മുന്‍ഗണന നല്‍കിയത് സ്വാഗതാര്‍ഹമാണ്. രോഹിത് വെമുല കേസില്‍ സംഭവിച്ചത് ഇതിന് നേര്‍വിപരീതമാണ്. രോഹിതിന്റെ അമ്മയ്ക്കോ മികച്ച വിദ്യാഭ്യാസയോഗ്യതയുള്ള സഹോദരന് രാജയ്ക്കോ ഒരു സഹായവും ആന്ധ്രപ്രദേശ്, തെലങ്കാന സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ല.
തന്റെ ജീവിതമത്രയും ഒരു പോരാട്ടമായിരുന്നു എന്നാണ് രാജേശ്വരി പറഞ്ഞത്. ദരിദ്ര ഈഴവ കുടുംബത്തില്‍ ജനിച്ചു. മൂന്നു വിവാഹം കഴിച്ച അമ്മയുടെ മൂത്തമകള്‍. തന്റെ സഹോദരങ്ങളെയും അമ്മയുടെ മറ്റ് ഭര്‍ത്താക്കന്മാരിലെ കുട്ടികളെയും പോറ്റാന്‍ പതിമൂന്നാം വയസ്സുമുതല്‍ ജോലിചെയ്യാന്‍ തുടങ്ങി. പിന്നീട് പാരമ്പര്യങ്ങളെ മറികടന്ന് ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹംചെയ്തു. സഹോദരങ്ങളില്‍നിന്നും പിന്നീട് ഭര്‍ത്താവിന്റെ സഹോദരിമാരില്‍നിന്നും ഏറെ എതിര്‍പ്പ് നേരിട്ടു. വിവാഹബന്ധം വേര്‍പെടുത്തിയിട്ടും അവരുടെ വിദ്വേഷം കുറഞ്ഞില്ല. രാവിലെ ആശുപത്രിയില്‍ ശുചീകരണത്തൊഴിലാളിയായും വൈകിട്ട് വനിതാ സഹായസഹകരണ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുമാണ് അവര്‍ ദീപയെയും ജിഷയെയും വളര്‍ത്തിയത്. കര്‍ഷകത്തൊഴിലാളിയായും ഇവര്‍ തൊഴിലെടുത്തു. 'എനിക്കും മക്കള്‍ക്കും കഷ്ടപ്പാടിന്റെ നാളുകളില്‍നിന്ന് രക്ഷപ്പെടാന്‍' കഴിയുന്നത്ര ദീര്‍ഘമായി തൊഴിലെടുത്തു എന്നാണ് അവര്‍ പറഞ്ഞത്. മക്കള്‍ക്ക് രക്ഷപ്പെടാന്‍ വിദ്യാഭ്യാസം നല്‍കേണ്ടത് സുപ്രധാനമാണെന്ന് അവര്‍ വിശ്വസിച്ചു.
രണ്ടു സ്ത്രീകള്‍, രാജേശ്വരിയും ജിഷയും മൂന്നായി പകുത്ത ഒറ്റമുറിവീട്ടിലാണ് താമസിച്ചിരുന്നത്. പെരിയാര്‍ വാലി കനാലിനോട് ചേര്‍ന്ന സര്‍ക്കാര്‍ ഭൂമിയിലാണ് വീട്. ഈ ഗ്രാമത്തില്‍ ചെറുകനാലിനോട് ചേര്‍ന്ന് 26 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അതില്‍ 23ഉം ദളിത് കുടുംബങ്ങള്‍. ഒരു മൂലയില്‍ ഒറ്റയ്ക്കുള്ള വീടാണ് രാജേശ്വരിയുടേത്. അയല്‍വാസികളുടെ വീടുകളില്‍നിന്ന് വ്യത്യസ്തമായ തീരെ ചെറിയ വീട്. മറ്റുവീടുകളില്‍ വെള്ളം ലഭ്യമായിരുന്നെങ്കില്‍ ഇവര്‍ വെള്ളത്തിനുവേണ്ടി ആശ്രയിച്ചത് പൊതുടാപ്പിനെയോ കുറച്ചകലെയുള്ള വീട്ടിലെ കിണറിനെയോ ആയിരുന്നു. അതുതന്നെ ഒരു വന്വിവേചനത്തിന്റെ തെളിവായിരുന്നു.
പഞ്ചായത്തിന്റെ പട്ടികയില്‍ ഈ കുടുംബം ബിപിഎല്‍ ആയിരുന്നെങ്കിലും താലൂക്ക് ഓഫീസില്‍നിന്ന് റേഷന്‍ കാര്‍ഡ് നല്‍കിയിരുന്നില്ല. രാജേശ്വരി ദളിത് അല്ലാതിരുന്നതിനാല്‍ എസ്സി സ്കീം പ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിച്ചില്ല. മുന്‍ എംഎല്‍എയുടെ ഇടപെടല്‍കൊണ്ടുമാത്രമാണ് വീടിന് അനുമതി ലഭിച്ചത്. ആ സ്കീമും അപര്യാപ്തമായിരുന്നു. വീടിന് ഗഡുക്കളായി അനുവദിച്ച മൂന്നുലക്ഷം രൂപ ഒന്നിനും തികയുമായിരുന്നില്ല. 'ഗുണഭോക്താവി'നെ വായ്പയെടുക്കാന്‍ നിര്‍ബന്ധിതമാക്കി. അതോടെ വീടുനിര്‍മാണത്തിന്റെ പേരില്‍ അവര്‍ കടക്കാരിയായി. വീടു നിര്‍മാണം പൂര്‍ത്തിയാകാതെ കിടന്നു. മിശ്രവിവാഹംചെയ്തത് രാജേശ്വരിക്ക് കുടുംബവുമായും സമൂഹവുമായുള്ള ബന്ധം വഷളാകാന്‍ ഇടയാക്കി. ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ വര്‍ഷങ്ങളുടെ ഉര്‍ജമാണ് അവര്‍ ചെലവിട്ടത്. ലോകത്തോടുള്ള അവരുടെ പ്രതികരണത്തിന് മൂര്ച്ചയേറാന് ഇടയാക്കിയതും ഇതുതന്നെ.
കുറച്ചു മാസം മുമ്പ് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് ഈ പഞ്ചായത്തില്‍ വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദളിത് വിഭാഗത്തില്‍പ്പെട്ട സൌമിനി ബാബു ഇവിടെനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്. ഇവിടത്തെ വാര്‍ഡംഗം സിജി സാജു ഈ റോഡിനരികില്ത്തന്നെയാണ് താമസം. രാജേശ്വരിയും കുടുംബവും താമസിക്കുന്നത് നല്ല ചുറ്റുപാടിലല്ലെന്നും കുടിവെള്ളത്തിനുള്ള സംവിധാനം ഇവിടെയില്ലെന്നും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ഇവര്‍ ഉറപ്പുനല്‍കിയിരുന്നു. ഈ രണ്ട് പേര് ഉള്‍പ്പെടെയുള്ള പഞ്ചായത്തംഗങ്ങളാണ് ജിഷ കൊല്ലപ്പെട്ട വിവരം പൊലീസിനെ അറിയിച്ചതും പിന്നീട് രാജേശ്വരിയെ ആശുപത്രിയില്‍ എത്തിച്ചതും. മറ്റൊരു പഞ്ചായത്തംഗമായ അനസാണ് ജിഷയുടെ മൃതശരീരം തിരിച്ചറിഞ്ഞതും, ആത്മഹത്യാകേസാക്കി പൊലീസ് തലയൂരാന്‍ ശ്രമിക്കുന്ന വേളയില്‍ ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന കാര്യം ആദ്യമുയര്‍ത്തുന്നതും. മറ്റൊരു വാര്‍ഡംഗമായ ജ്യോതിഷാണ് ദീപ ജോലിചെയ്യുന്നിടത്തെ തൊഴിലുടമയെ ബന്ധപ്പെടുന്നതും അദ്ദേഹംവഴി ദീപയെ ആശുപത്രിയില്‍ രാജേശ്വരിക്കൊപ്പം എത്തിക്കുന്നതും. ജിഷയുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്പ്പെടുത്തുന്നതിനുപോലും പൊലീസ് തയ്യാറാകാതിരുന്നപ്പോള്‍ ഈ പഞ്ചായത്തംഗങ്ങളാണ് അതിന് സൌകര്യമൊരുക്കിയത്. ഇത്തരമൊരു കേസ് നിര്‍ബന്ധമായും സ്ഥലം ആര്‍ഡിഒയെ അറിയിക്കണമെന്നിരിക്കെ അതിനു തയ്യാറാകാതിരുന്ന പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയതും ഇവര്‍തന്നെ. പ്രദേശത്തെ ജനങ്ങളെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ സാഹചര്യമൊരുക്കിയതും ഈ പഞ്ചായത്തംഗങ്ങളാണ്. രാജേശ്വരിയുടേതുപോലുള്ള കുടുംബങ്ങള്‍ നേരിടുന്ന ഒറ്റപ്പെടലുകള്‍ മറികടക്കാനാവശ്യമായ സാമൂഹികബോധം വളര്‍ത്തിയെടുക്കുന്നതിന് ഇവര്‍ കാര്യമായി ശ്രമിക്കേണ്ടതുണ്ട്.
തന്നെ പിന്തുണച്ചവരെപ്പോലും രാജേശ്വരി സംശയദൃഷ്ടിയോടെ കണ്ടത് ഒരു ദരിദ്രസ്ത്രീയെന്ന നിലയില്‍ അവര്‍ നേരിട്ട സാമൂഹിക–സാമ്പത്തിക–ജാതീയ വിവേചനങ്ങള്‍ അവരുടെ പ്രകൃതത്തില്‍ ആഴത്തില്‍ വേരൂന്നിയതുകൊണ്ടാണ്. ഈ യാഥാര്‍ഥ്യത്തിലാണ് നീതി ഉറപ്പാക്കാന്‍ ബദല്‍നയ ചട്ടക്കൂട് അനിവാര്യമാകുന്നത്. പ്രധാനമായും കനാല്‍തീരത്ത് പട്ടയമില്ലാതെ താമസിക്കുന്ന ദളിത് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീടും വൈദ്യുതി, ശുചിത്വം, വെള്ളം, അന്തസ്സോടെയുള്ള വിദ്യാഭ്യാസം എന്നിവയും ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹികവും ജാതീയവുമായ വിവേചനങ്ങള്‍ തുടച്ചുനീക്കാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനം നടത്തേണ്ടിയിരിക്കുന്നു.
ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇത്തരം അവകാശങ്ങള്‍ കൈവന്ന കേരളത്തില്‍ രാജേശ്വരി നേരിടുന്ന വിവേചനം വ്യക്തിപരമായ അനുഭവങ്ങള്‍ക്കും ജീവിതങ്ങള്‍ക്കും അപ്പുറത്ത് ദളിത്– ആദിവാസി വിഭാഗങ്ങള്‍ക്കും ഒറ്റപ്പെടുത്തപ്പെട്ട മറ്റ് സമുദായങ്ങള്ക്കുംവേണ്ടിയുള്ള സമഗ്ര നയചട്ടക്കൂട് വേണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ചില കേന്ദ്രങ്ങളിലും സെറ്റില്‍മെന്റുകളിലും ദളിത്–ആദിവാസി വിഭാഗങ്ങളുടെ ഞെട്ടിക്കുന്ന അവസ്ഥ അടിയന്തരനടപടികള്‍ അനിവാര്യമാക്കുന്നു.
ഒരു ചെറുപ്പക്കാരിയെയാണ് ആ ക്രിമിനല്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അതും ഏറ്റവും പൈശാചികമായ രീതിയില്‍. അതിവേഗ കോടതിയില്‍ അയാളെ ശിക്ഷിക്കണം. കുറ്റവാളിയുടെ മതവും കുടിയേറ്റത്തൊഴിലാളിയെന്ന അവസ്ഥയും വര്‍ഗീയശക്തികള്‍ മുതലെടുക്കുമെന്നത് സംശയരഹിതമായ കാര്യമാണ്. അത് അനുവദിച്ചുകൊടുക്കാന്‍ പാടില്ല. ജിഷ കേസില്‍ ഉന്നയിക്കപ്പെട്ട വ്യത്യസ്തമായ വിഷയങ്ങള്‍ കൃത്യമായി പരിഗണിക്കുകയും ഒരു ബദല്‍ ചട്ടക്കൂട് സൃഷ്ടിക്കുകയും വേണം. തങ്ങളുടെ ജീവിതം പോലെതന്നെ കറുത്ത ജലമൊഴുകുന്ന കനാലിന്റെ തീരത്തുനിന്ന് അകലേക്ക് പോകണമെന്ന തന്റെയും അമ്മയുടെയും സ്വപ്നങ്ങള്‍ സാക്ഷാല്ക്കരിക്കുംമുമ്പ് ഇടറിപ്പോയ ആ യുവതിയുടെ ജീവിതത്തിന് അങ്ങനെ മാത്രമേ നീതി ലഭിക്കൂ.
18-Jun-2016
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി