കേരളത്തിലെത്ര ഫെമിനിസ്റ്റുകളുണ്ട്?
ഡോ. പ്രിയ കെ. നായര്‍
കേരളത്തിലെ ഫെമിനിസ്റ്റുകള്‍ പലപ്പോഴും സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളുടെ നേര്‍ക്ക് മുഖം തിരിച്ചുനില്‍ക്കുകയാണ്. കേരളത്തില്‍ ആലപ്പുഴയിലെ സീമാസ് മാത്രമല്ല സ്ത്രീ തൊഴിലാളികള്‍ക്ക് നീതി നിഷേധിച്ച, മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച സ്ഥാപനമായുള്ളത്. അത്തരം വിഷയങ്ങളില്‍ എത്ര ഫെമിനിസ്റ്റുകള്‍ ഇടപെട്ടു? പ്രമുഖ ടെക്സ്റ്റയില്‍ സ്ഥാപനങ്ങളില്‍ പത്തുമണിക്കൂറിലേറെയാണ് വനിതകള്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ മുതലാളിക്ക് വേണ്ടി നില്‍ക്കുന്നത്. കുടിവെള്ളം പോലും അവര്‍ക്ക് നിഷേധിക്കുകയാണ്. മൂത്രമൊഴിക്കേണ്ടി വന്നാലോ എന്ന് കരുതി വെള്ളം കുടിക്കാന്‍ തയ്യാറാവാത്ത എത്രയോ സ്ത്രീ തൊഴിലാളികള്‍ കേരളത്തിലുണ്ട്? ഫെമിനിസ്റ്റുകള്‍ ചുംബന സമരത്തിന് പോകുന്നതിനാണോ ഈ സ്ത്രീ പ്രശ്നങ്ങള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത്? ഇത്തരം കാര്യങ്ങള്‍ അവര്‍ കണ്ടില്ലെന്ന് നടിക്കുക തന്നെയാണ്. ഇക്കൂട്ടര്‍ യഥാര്‍ത്ഥ ഫെമിനിസ്റ്റുകള്‍ അല്ലാത്തത് കൊണ്ടാവാം ഇതൊന്നും കാണാന്‍ സാധിക്കാത്തത്. ഫെമിനിസം വെറും വാക്കുകള്‍ മാത്രമല്ല, പ്രവൃത്തികൂടിയാണ്. അത് പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇവിടെ പ്രസ്താവനകള്‍ മാത്രമേയുള്ളു. പ്രബന്ധരചന മാത്രമേ ഉണ്ടാവുന്നുള്ളു. ചാനല്‍ ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളു. കേരളത്തിലെ ഫെമിനിസം അങ്ങിനെയുള്ള കെട്ടുകാഴ്ചകളായി മാത്രം ഒതുങ്ങുന്നു. |
ഫെമിനിസം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകളും ഫെമിനിസ്റ്റ് എന്ന ലേബലിനെ പ്രതിരോധിക്കുന്നവരാണ്. സ്വയം പര്യാപ്തതയുള്ള, സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീകള്‍ പോലും താന്‍ ഫെമിനിസ്റ്റല്ല എന്ന് ഉറപ്പിച്ച് പറയുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഈ പദത്തെ അകറ്റി നിര്‍ത്തുന്നത്?
ഫെമിനിസം എന്ന പദം പല രീതിയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പുരുഷന് തുല്യമായ പദവി ആവശ്യപ്പെടുന്നത് മുതല്‍ പുരുഷന്മാരില്ലാത്ത തീര്‍ത്തും സ്വവര്ഗകേന്ദ്രിതമായ ഉട്ടോപ്യ വിഭാവനം ചെയ്യുന്നവര്‍ വരെ പാശ്ചാത്യ ഫെമിനിസ്റ്റ് ധാരയിലുണ്ട്. എല്ലാ ബന്ധങ്ങളിലും അന്തര്‍ലീനമായ ഒരു അധികാര ഘടന ഉണ്ടാവും. ഇത് ഏത് സംസ്കാരത്തിലും ഐഡിയോളജിയിലും വളരെ വ്യക്തമായി കാണാന്‍ കഴിയുന്ന ഒന്നാണ്. സ്ത്രീ-പുരുഷ ബന്ധത്തിലും കൃത്യമായി ഈ അധികാര ഘടന കാണാന്‍ സാധിക്കും. പരമ്പരാഗതമായി കണ്ടുവരുന്ന ഈ പ്രതിഭാസമാണ് പുരുഷ മേധാവിത്വം. ഈ പ്രവണതയ്ക്കെതിരെയുള്ള ചെറുത്തുനില്പ്പിനെയാണ് നാം സാധാരണയായി ഫെമിനിസം എന്ന് വിളിച്ചുപോരുന്നത്.
പുരുഷന്മാരില്ലാത്ത ജീവിതം സുന്ദരമാണെന്ന് കരുതുന്ന കേവല ഫെമിനിസ്റ്റുകളല്ല സ്ത്രീ സമത്വം ആഗ്രഹിക്കുന്ന സ്ത്രീകള്‍. പക്ഷെ, ഇന്ത്യയില്‍ ഫെമിനിസമെന്നത് തീര്‍ത്തും നെഗറ്റീവായ രീതിയിലാണ് ചിത്രീകരിക്കപ്പെടുന്നത്. അബോധതലത്തില്‍ ഫ്യൂഡലിസം കലര്‍ന്ന പുരുഷമേധാവിത്വത്തില്‍ അടിയുറച്ചുപോയ ഒരു സമൂഹത്തിന് ഇത്തരത്തിലുള്ള ഒരു ബോധം പുലര്‍ത്താനുള്ള സാധ്യതയേ ഉള്ളു. ഇത്തരത്തിലുള്ള ഒരു നോക്കി കാണലിന് ഇന്ത്യന്‍ ഫെമിനിസ്റ്റുകളും കാരണമാണ്. അവരെ കുറ്റവിമുക്തരാക്കാന്‍ കഴിയുകയില്ല. ഇന്ത്യന്‍ സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ, ഇവിടെയുള്ളവരുടെ മാനസിക നിലയെ മനസിലാക്കാന്‍ ശ്രമിക്കാതെ അന്ധമായി പാശ്ചാത്യഫെമിനിസത്തെ പിന്തുടര്‍ന്ന ഈ സ്ത്രീകളാണ് ഇന്ത്യന്‍ ഫെമിനിസത്തെ ബഹുദൂരം പിന്നോക്കം നയിച്ചത്.
ഈ സ്ത്രീകള്‍ക്ക് പൊതുവായ ചില സ്വഭാവ രീതികളുണ്ട്. പൊതുമണ്ഡലത്തില്‍ ശരാശരി ഇന്ത്യന്‍ സ്ത്രീ പെറുമാറുന്നതില് നിന്നും തീര്‍ത്തും വ്യത്യസ്തമായി പെരുമാറുക എന്നതാണ് ഇവരുടെ പ്രതിരോധത്തിന്റെ ഒന്നാം മുറ. സിഗരറ്റ് വലിച്ചാലും ജീന്‍സ് ഇട്ടാലും കള്ളുഷാപ്പില്‍ കയറി കുടിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാലും ഫെമിനിസം ആവില്ല എന്നതാണ് ഇവര്‍ ആദ്യം മനസിലാക്കേണ്ട പാഠം.
ഈ ഫെമിനിസ്റ്റുകളും അനുചര വൃന്ദങ്ങളും വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങളെ വാഴ്ത്തുമ്പോഴും പരസ്യമായി ചുംബിക്കുമ്പോഴും നഷ്ടപ്പെടുത്തുന്നത് ഒരു മധ്യവര്‍ഗ ഇന്ത്യന്‍ വനിത അനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യമുള്ള വനിതകള്‍ ഇതാ ഇങ്ങനെയൊക്കെയാണ് അതുകൊണ്ട് നീ അങ്ങനെ ആകരുത്, നമ്മുടെ സംസ്കാരം നീ സംരക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് അവളുടെ മേലുള്ള നിയന്ത്രണങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ അടുത്തിടെ സംഘടിപ്പിച്ച ചുംബന സമരത്തില്‍ പങ്കെടുത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ച യുവതികളേക്കാള്‍ എത്രയോ ഏറെ യുവതികള്‍, സ്ത്രീകള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്ക്ക്ക്ക് വിധേയമായിട്ടുണ്ട് എന്നത് പഠനാര്‍ഹമായ വിഷയമാണ്. ഫലത്തില്‍ നിലവിലുള്ള സ്വാതന്ത്ര്യം ഇല്ലാതാവുന്ന അവസ്ഥയാണ് ശരാശരി സ്ത്രീകള്‍ക്ക് ഇതുമൂലം ഉണ്ടായ ഗുണം.
സ്ത്രീകളുടെ സ്വത്വനിര്‍മിതിക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള ഒരു മെറ്റാനരേറ്റീവ് അല്ല ഫെമിനിസം.
കേരളത്തില്‍ അടുത്തിടെ നടന്ന പല ഫെമിനിസ്റ്റ് മുന്നേറ്റങ്ങളും ശരാശരി സ്ത്രീയെ മറന്നുകൊണ്ടുള്ളവയായിരുന്നു. ചുംബനസമരം ഇതിലൊന്നാണ്. പരസ്യമായി ചുംബിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതല്ല കേരളത്തിലെ സ്ത്രീകളുടെ പ്രഥമപരിഗണനാ വിഷയം. അവര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം. രാത്രികാലങ്ങളില്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കണം. തെരുവിലൂടെ നടക്കുമ്പോള്‍ ഒന്ന് മൂത്രമൊഴിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള സൗകര്യം വേണം. ഇത്തരത്തിലുള്ള ആവശ്യങ്ങളെയൊന്നും അഭിമുഖീകരിക്കാതെയാണ് ഫെമിനിസ്റ്റുകള്‍ തങ്ങളുടെ സമരമുറകള്‍ പ്രയോഗിക്കുന്നത്. സൈമണ്‍ ഡി ബ്യൂവയര് (Simone de Beauvoir) കേറ്റ് മില്ലെറ്റി(Kate Millett)നെയും ഉദ്ദരിക്കുന്നവര്‍ സാമ്രാജ്യത്വ ആധിപത്യത്തിനെ അംഗീകരിക്കുന്നവരാണ്. ബ്യൂവയറും മില്ലെറ്റും പറഞ്ഞതില്‍ കാര്യമില്ല എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കുകയില്ല. പക്ഷെ, നമ്മുടെ പരമ്പരാഗതമായ സംസ്കാരത്തിന്റെ പ്രത്യേകതകളില്‍ നിന്നാവണം ഇവരുടെ ആശയങ്ങളെ വ്യാഖ്യാനിക്കേണ്ടത്. അങ്ങനെയല്ലെങ്കില്‍ ഗുണഫലം മികച്ചതാവില്ല. നമ്മുടെ നാടിന്റെ രീതികളെ, പരിമിതികളെ, സാധ്യതകളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാതെ പാശ്ചാത്യ ഫെമിനിസത്തെ വാരിപ്പുണരുമ്പോള്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് അത് വല്ലാത്ത ചെടിപ്പുണ്ടാക്കും. മില്ലറ്റും ബ്യൂവയറുമൊക്കെ അവരുടെ നാടിന്റെ പ്രത്യേകതകളില്‍ നിന്നാണ് അവരുടെ ആശയം വികസിപ്പിച്ചെടുത്തിട്ടുള്ളത്.
എല്ലാ സംസ്കാരങ്ങളിലും ഒരു പോലെ ഒരേ രീതിയില്‍ നടപ്പിലാക്കാന്‍ പറ്റുന്ന ഒരു പ്രക്രിയയല്ല ഫെമിനിസം. വ്യത്യസ്തമായ സംസ്കാരങ്ങള്‍ക്ക് വ്യത്യസ്തമായ ആവശ്യങ്ങളാണുള്ളത്. അവിടെ വ്യത്യസ്തമായ പ്രയോഗങ്ങളാണ് ഉണ്ടാവേണ്ടത്. താലിബാന്, സ്ത്രീകളെ നിര്‍ബന്ധമായും മുഖം മറക്കണമെന്ന നിയമത്തില്‍ ബന്ധിച്ചപ്പോള്‍ അത് സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരായ മത തീവ്രവാദശക്തികളുടെ നീക്കം തന്നെയായിരുന്നു. എന്നാല്‍, ഇറാനില്‍ എഴുപതുകളില്‍ ഷിയാ സ്ത്രീകളോട് പര്‍ദ ധരിക്കരുത് എന്ന് പറഞ്ഞപ്പോള്‍ അത് സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടു. അത് അവിടുത്തെ സ്ത്രീകളുടെ വികകാരമായിരുന്നു. അതിനാല്‍ ഫെമിനിസത്തെ കൃത്യമായ ഒരു ചട്ടക്കൂട്ടില്‍ നിര്‍വചിക്കാന്‍ സാധിക്കുകയില്ല. സ്ത്രീകളുടെ ആവശ്യങ്ങള്‍, സ്വാതന്ത്ര്യത്തിന്റെ നിറം ഓരോ സ്ഥലങ്ങളിലും വിഭിന്നമാവാനുള്ള സാധ്യതയുമുണ്ട്. സൂക്ഷ്മതലത്തില്‍ അത് മനസിലാക്കിക്കൊണ്ടുള്ള ഇടപെടല്‍ ആണ് ഉയര്‍ന്നുവരേണ്ടത്. പക്ഷെ, കേവല ഫെമിനിസം അത്തരത്തില്‍ ആഴത്തിലുള്ള നോക്കികാണലിന് തയ്യാറാവുന്നില്ല. ചില വ്യക്തികളുടെ സ്വയംമാര്ക്കറ്റിംഗിനുള്ള പരിതാപകരമായ വേദിയായി മാറുകയാണ് ഫെമിനിസ്റ്റ് ശബ്ദങ്ങള്‍.
ഒരു സ്ത്രീ അവള് ജീവിക്കുന്ന സമൂഹത്തിന്റെ സംസ്കാരിക പരിസരത്തില്‍, അവളുടെ പ്രാതിനിധ്യത്തെ ഹനിക്കുന്ന കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അവിടെ തന്റെ സ്വാതന്ത്ര്യം സ്വയം നിര്‍വചിക്കാനും അത് നേടിയെടുക്കാനും സാധിക്കുന്ന തരത്തില്‍ വളരുക എന്നതാവണം ഓരോ സ്ത്രീയുടെയും ലക്ഷ്യം. പെണ്‍കുട്ടികളെ വളര്‍ത്തുന്ന രക്ഷിതാക്കളും പഠിപ്പിക്കുന്ന അധ്യാപകരും തീര്‍ച്ചയായും ഈ വിഷയത്തില്‍ ശ്രദ്ധപതിപ്പിക്കണം.
ഒരമ്മ, തന്റെ മകളെ സ്വയം പര്യാപ്തതയുള്ളവളാക്കി മാറ്റുമ്പോള്‍ തന്നെ സംരക്ഷിക്കാനുള്ള പ്രാപ്തി അവളില്‍ വളര്‍ത്തിയെടുക്കുമ്പോള്‍ അത് ഫെമിനിസമാണ്. ഒരു അധ്യാപകന്/പിക തന്റെ വിദ്യാര്‍ത്ഥിനിയ്ക്ക് തന്റെ സ്വത്വവും അതിന്റെ മൂല്യവും തിരിച്ചറിയുന്നതിന് സഹായകമായി വര്‍ത്തിച്ചാല്‍ അതും ഫെമിനിസമാണ്. ഒരു പുരുഷന് കല്യാണം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങാതെ, മറ്റ് നിബന്ധനകള്‍ വെക്കാതെ അവള്‍ക്ക് അവരുടെ ജീവിതത്തില്‍ തുല്യ പദവി നല്കുകയാണെങ്കില് അതും ഫെമിനിസമാണ്. ഒരു സ്ത്രീ, താന്‍ പുരുഷനോളം കാര്യപ്രാപ്തിയുള്ളവളാണെന്ന് തിരിച്ചറിയുന്നതും ഫെമിനിസം തന്നെയാണ്. ഇവരാണ് ഫെമിനിസ്റ്റുകള്‍. സംസ്ഥാനത്തെ കുടുംബശ്രീ പ്രവര്‍ത്തകരെയും ഷീടാക്സി ഡ്രൈവര്‍മാരെയും പോലുള്ള സ്ത്രീ ശാക്തീകരണ പ്രോജക്ടുകള്‍ക്ക് സാരഥ്യം വഹിക്കുന്നവരെയും ഫെമിനിസ്റ്റ് എന്ന് അടയാളപ്പെടുത്തേണ്ടതുണ്ട്.
കേരളത്തിലെ ഫെമിനിസ്റ്റുകള്‍ പലപ്പോഴും സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളുടെ നേര്‍ക്ക് മുഖം തിരിച്ചുനില്‍ക്കുകയാണ്. കേരളത്തില്‍ ആലപ്പുഴയിലെ സീമാസ് മാത്രമല്ല സ്ത്രീ തൊഴിലാളികള്‍ക്ക് നീതി നിഷേധിച്ച, മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച സ്ഥാപനമായുള്ളത്. അത്തരം വിഷയങ്ങളില്‍ എത്ര ഫെമിനിസ്റ്റുകള്‍ ഇടപെട്ടു? പ്രമുഖ ടെക്സ്റ്റയില്‍ സ്ഥാപനങ്ങളില്‍ പത്തുമണിക്കൂറിലേറെയാണ് വനിതകള്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ മുതലാളിക്ക് വേണ്ടി നില്‍ക്കുന്നത്. കുടിവെള്ളം പോലും അവര്‍ക്ക് നിഷേധിക്കുകയാണ്. മൂത്രമൊഴിക്കേണ്ടി വന്നാലോ എന്ന് കരുതി വെള്ളം കുടിക്കാന്‍ തയ്യാറാവാത്ത എത്രയോ സ്ത്രീ തൊഴിലാളികള്‍ കേരളത്തിലുണ്ട്? ഫെമിനിസ്റ്റുകള്‍ ചുംബന സമരത്തിന് പോകുന്നതിനാണോ ഈ സ്ത്രീ പ്രശ്നങ്ങള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത്? ഇത്തരം കാര്യങ്ങള്‍ അവര്‍ കണ്ടില്ലെന്ന് നടിക്കുക തന്നെയാണ്.
ഇക്കൂട്ടര്‍ യഥാര്‍ത്ഥ ഫെമിനിസ്റ്റുകള്‍ അല്ലാത്തത് കൊണ്ടാവാം ഇതൊന്നും കാണാന്‍ സാധിക്കാത്തത്. ഫെമിനിസം വെറും വാക്കുകള്‍ മാത്രമല്ല, പ്രവൃത്തികൂടിയാണ്. അത് പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇവിടെ പ്രസ്താവനകള്‍ മാത്രമേയുള്ളു. പ്രബന്ധരചന മാത്രമേ ഉണ്ടാവുന്നുള്ളു. ചാനല്‍ ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളു. കേരളത്തിലെ ഫെമിനിസം അങ്ങിനെയുള്ള കെട്ടുകാഴ്ചകളായി മാത്രം ഒതുങ്ങുന്നു. ഇവരുടെ ബഹളത്തില്‍ യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെ നാം കാണാതെ പോവുന്നു.
ഫെമിനിസ്റ്റ് എന്ന ലേബല്‍ സ്വയം എടുത്തണിഞ്ഞ്, സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് സ്ത്രീ സമൂഹമാണ്. ഈ ഫെമിനിസ്റ്റുകള്‍ ചുറ്റുമുള്ള സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കാതെ, മനസിലാക്കിയാലും കണക്കിലെടുക്കാതെ സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞ് അതിനെ 'ലാഭകരമായി' വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുന്നവരാണ്.
ഏതൊരു സമൂഹത്തിലെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് അവയ്ക്ക് പരിഹാരം കാണാനുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് ഫെമിനിസം യാഥാര്‍ത്ഥ്യമാവുന്നത്. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ എത്ര ഫെമിനിസ്റ്റുകളുണ്ട് എന്നതൊരു ചോദ്യം തന്നെയാണ്.
31-Aug-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി