കമലയെ കമല്‍ വായിച്ചത്
ഡോ. പ്രിയ കെ. നായര്‍
    	     	
    		
    	
![]()  | 
| സ്ത്രീ ലൈംഗികത എന്ന ആശയത്തെ മലയാളി സമൂഹം നിരന്തരം ഭയപ്പെടുക തന്നെയാണ്. അത് വര്‍ജ്ജിക്കേണ്ട ഒന്നാണെന്ന് പുരുഷാധിപത്യസമൂഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീക്ക് ലൈംഗീകാസ്വാദനം പാടില്ലെന്നുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സമൂഹമാണിത്. അത് രാമായണം മുതലിങ്ങോട്ടുള്ള പുരുഷ രചനകളില്‍ നിന്നും വ്യക്തമാവുന്നുമുണ്ട്. ശൂര്‍പ്പണഖ എന്ന സ്ത്രീജീവിതം ഒന്നുമതി ഉദാഹരണത്തിന്. എന്നാല്‍, മാധവിക്കുട്ടി എന്ന എഴുത്തുകാരി സ്ത്രീ ലൈംഗീകതയുടെ വിവിധ ഘട്ടങ്ങള്‍ തന്റെ എഴുത്തിലൂടെ ആഘോഷിച്ചിട്ടുണ്ട്. കാവ്യാത്മകമായി തന്നെ വിവരിച്ചിട്ടുമുണ്ട്. അത് മനസിലാക്കണമെങ്കില്‍ കമല്‍ ബാല്യകാല സ്മരണകള്‍ മുതലിങ്ങോട്ട് വായിക്കണം. വെറും പുറംവായന മാത്രം പോര. ആഴത്തിലുള്ള, സ്ത്രീപക്ഷത്ത് നിന്നുള്ള വായനയാണ് കമലിന് ആവശ്യം. | 
അടുത്തൊരു തലമുറ ഒരു പക്ഷെ, കമല്‍ എന്ന സംവിധായകനെയോ, വിദ്യാ ബാലനെയോ, മഞ്ചു വാര്യരെയോ ഓര്‍ത്തെന്നുവരില്ല. പക്ഷെ, സാഹിത്യതല്‍പ്പരര്‍ ഉള്ള കാലത്തോളം ബഹുമാനത്തോടും അതിലേറെ സ്നേഹത്തോടും വായിക്കപ്പെടുന്ന എഴുത്തുകാരി ആയിരിക്കും കമല. 'ആമി' എന്ന പേരില്‍ കമലയുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്തുകയാണ് കമല്‍ എന്ന സംവിധായകന്. 
ഒരു ജീവിതത്തെ ആസ്പദമാക്കി സൃഷ്ടിക്കുന്ന ചലച്ചിത്രഭാഷ്യം എന്നുള്ളത് വലിയ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. പ്രത്യേകിച്ച് കമലയെ പോലുള്ള ഒരു എഴുത്തുകാരിയുടെ ജീവിതം പകര്‍ത്തുമ്പോള്‍ ആ ജീവിതത്തെ സമഗ്രതയോടുകൂടി സമീപിക്കുക തന്നെ വേണം. മാധവിക്കുട്ടിയുടെ ജീവിതത്തിന് പല തലങ്ങളുണ്ട്. ഒരായുഷ്കാലത്തിനുള്ളില്‍ നിരവധി ജീവിതങ്ങള്‍ അവര്‍ ജീവിച്ചുതീര്‍ത്തു. പലരും പല രീതിയില്‍ കമലയെ വായിച്ചെടുത്തു. അവരുടെ ജീവിതത്തെ ഒറ്റ വരിയില്‍, ഒറ്റ ഫ്രെയിമില്‍ വിശദീകരിക്കാന്‍ സാധിക്കില്ല. കമലയെ മനസിലാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി ഒരുപാട് പ്രയത്നിക്കേണ്ടതുണ്ട്. അവരുടെ ജീവിതത്തില്‍ അവരെടുത്ത തീരുമാനങ്ങളും അഭിപ്രായപ്രകടനങ്ങളും നിലപാടുകളുമൊക്കെ പൊതുസമൂഹം നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. അതൊന്നും ഉള്‍ക്കൊള്ളാതെ വ്യര്‍ത്ഥമായ ഒരു ജീവിത ഭാഷ്യം ഉണ്ടാക്കിയെടുക്കുന്നത് യഥാര്‍ത്ഥത്തില്‍ കമലയെ നിസാരവല്‍ക്കരിക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. കമലയുടെ സാഹിത്യം കമലിന് മനസിലായിട്ടില്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുകളില്‍ നിന്നും മനസിലാവുന്നത്. കമലയുടെ ജീവിതത്തെ കമല്‍ സമീപിക്കുമ്പോള്‍ 'കുരുടന് ആനയെ കണ്ടതുപോലെ' എന്ന ഒരു പ്രയോഗമാണ് ഓര്‍മവരുന്നത്. 
സ്ത്രീ ലൈംഗികത എന്ന ആശയത്തെ മലയാളി സമൂഹം നിരന്തരം ഭയപ്പെടുക തന്നെയാണ്. അത് വര്‍ജ്ജിക്കേണ്ട ഒന്നാണെന്ന് പുരുഷാധിപത്യസമൂഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീക്ക് ലൈംഗീകാസ്വാദനം പാടില്ലെന്നുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സമൂഹമാണിത്. അത് രാമായണം മുതലിങ്ങോട്ടുള്ള പുരുഷ രചനകളില്‍ നിന്നും വ്യക്തമാവുന്നുമുണ്ട്. ശൂര്‍പ്പണഖ എന്ന സ്ത്രീജീവിതം ഒന്നുമതി ഉദാഹരണത്തിന്. എന്നാല്‍, മാധവിക്കുട്ടി എന്ന എഴുത്തുകാരി സ്ത്രീ ലൈംഗീകതയുടെ വിവിധ ഘട്ടങ്ങള്‍ തന്റെ എഴുത്തിലൂടെ ആഘോഷിച്ചിട്ടുണ്ട്. കാവ്യാത്മകമായി തന്നെ വിവരിച്ചിട്ടുമുണ്ട്. അത് മനസിലാക്കണമെങ്കില്‍ കമല്‍ ബാല്യകാല സ്മരണകള്‍ മുതലിങ്ങോട്ട് വായിക്കണം. വെറും പുറംവായന മാത്രം പോര. ആഴത്തിലുള്ള, സ്ത്രീപക്ഷത്ത് നിന്നുള്ള വായനയാണ് കമലിന് ആവശ്യം. 
ഇത്തരം വായനയുടെ കുറവാണ് വി ടി ബല്‍റാം എം എല്‍ എയിലും കാണാന്‍ കഴിയുന്നത്. ഫൂക്കോയും ജൂഡിറ്റ് ബട്ലറും വായിച്ചിരുന്നുവെങ്കില്‍ ലൈംഗീകതയും കുട്ടിക്കാലാവസ്ഥയുമൊക്കെ തിരിച്ചറിയാന്‍ ബല്‍റാമിന് കഴിഞ്ഞേനെ. ഓരോ കാലത്തിലും ഓരോ ശരിയുണ്ടായിരുന്നു. തെറ്റുകളുമുണ്ടായിരുന്നു. കാലം മാറിവരുമ്പോള്‍ അതില്‍ മാറ്റങ്ങളുണ്ടാവാം. ആ കാലത്തുണ്ടായിരുന്ന ശരിയും തെറ്റും ഈ കാലഘട്ടത്തിലെ തെറ്റും ശരിയും മാനദണ്ഢമാക്കി വിലയിരുത്തുന്നത് മഹാ മണ്ടത്തരം മാത്രമാണ്. ഒരു കാലഘട്ടത്തിന് ശരിയാവുന്നത് മറ്റൊരു കാലഘട്ടത്തിന് തെറ്റാവും. ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ കാണാനാവും. വിവേകബുദ്ധിയുള്ളവര്‍ക്ക് അത് മനസിലാക്കാനാവും. ബല്‍റാമിന് ഇല്ലാതെ പോകുന്നതും അതാണ്. വിവേക ബുദ്ധി ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം പാവങ്ങളുടെ പടത്തലവനായ എ കെ ജിയെ പീഡോഫൈലെന്ന് നിര്വചിക്കുമായിരുന്നില്ല. ബല്‍റാമിന്റെ ബുദ്ധിശൂന്യതയാണ് ആ വിശേഷണം. വാല്മീകിയുടെ സ്ത്രീ സങ്കല്‍പ്പത്തില്‍ നിന്നും കമലലിലേക്കും ബല്റാമിലേക്കുമുള്ള ദൂരം വളരെ ചെറുതാണെന്ന് ഇവരുടെ നിലപാടുകളിലൂടെ മനസിലാക്കാനാവുന്നു. 
ഞാന്‍ സാഹിത്യം പഠിപ്പിക്കുന്ന ഒരധ്യാപികയാണ്. എന്നെ വ്യാകുലപ്പെടുത്തുന്ന മറ്റൊരു കാര്യം കമലിന്റെ ഈ സിനിമ തീര്‍ച്ചയായും നമ്മുടെ സിനിമാ ആര്‍ക്കൈവ്സില്‍ വലിയ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തുമെന്നതാണ്. പുരുഷ സങ്കല്‍പ്പങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന ചിന്താധാരയില്‍ നിന്ന് ഉരുത്തിരിയുന്ന ഈ സിനിമ, ഒരു തലമുറ മുഴുവന്‍ മാധവിക്കുട്ടിയെ കുറിച്ചുള്ള നോളജ് സോഴ്സ് ആയി ഉപയോഗിക്കേണ്ടി വരിക എന്നത് എത്രമാത്രം പരിതാപകരമായ അവസ്ഥയാണ്. അതുകൊണ്ടുകൂടിയാണ് റിലീസ് ആവുന്നതിന് മുന്‍പ് ഈ സിനിമയെ കുറിച്ച് വിലയിരുത്തുന്നതിലുള്ള ഔചിത്യകുറവ് അറിഞ്ഞുകൂടി ഈ എഴുത്ത് എഴുതേണ്ടി വരുന്നത്. തീര്‍ത്തും പുരുഷാധിപത്യ മനോഭാവത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത ഈ സിനിമ സെന്‍സര്‍ ചെയ്യുന്ന സെന്‍സര്‍ബോര്‍ഡ്, ' ഈ സിനിമ തികച്ചും സാങ്കല്പ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആരോടും ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ല.' എന്ന അറിയിപ്പ് പ്രാധാന്യത്തോടുകൂടി എഴുതിക്കാണിക്കാന്‍ നിര്‍ദേശിക്കേണ്ടതുണ്ട്. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ കമലയുടെ ജീവിതത്തോടും സാഹിത്യ സംഭാവനകളോടും അവരുടെ സ്ത്രീപക്ഷ നിലപാടുകളോടും കാണിക്കുന്ന കടുത്ത വഞ്ചനയായിരിക്കും.       
15-Jan-2018
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി