കിഫ്ബിയെ കുറിച്ച് തന്നെ

കിഫ്ബി വിഭാവനം ചെയ്യുന്ന വായ്പ നിരവധി തരത്തിലുള്ള വായ്പകളിലൂടെയാണ് സമാഹരിക്കുന്നത്. ഇതിനോടകം സമാഹരിച്ച പണം മസാല ബോണ്ടുവഴി മാത്രമല്ല എന്നത് മനപ്പൂർവം മറച്ചുവെയ്ക്കുകയാണ്. നമ്മുടെ ബാങ്കുകളിൽനിന്ന് ഏതാണ്ട് തത്തുല്യമായ തുക കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ആകെ എടുക്കുന്ന വായ്പകൾക്ക് എത്ര ശതമാനം പലിശ വരാം അതുകൂടി കണക്കാക്കിക്കൊണ്ടാണ് ഇതിൻ്റെ തിരിച്ചടവു മാതൃക രൂപപ്പെടുത്തിയിട്ടുള്ളത്. അത് നിയമസഭയിൽ അവതരിപ്പിചച്തും അംഗീകരിക്കപ്പെട്ടതുമാണ്. അതേ. കിഫ്ബി ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയമാതൃക തന്നെയാണ്.

കിഫ്ബി കേരളത്തിൻ്റെ വികസനത്തെ പുതിയതലത്തിലേയ്ക്കുയർത്തുന്ന വികസനമാതൃകയാകുമെന്ന് ബോധ്യമായതോടെ ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയവൈരികളും ദോഷൈകദൃക്കുകളും കപടസൈദ്ധാന്തികരുമൊക്കെ അരയും തലയും മുറുക്കി ഇറങ്ങുകയാണ്. ആരോപണങ്ങളുടെയും അസംബന്ധ വിമർശനങ്ങളുടെയും ആവനാഴി നിറച്ചാണ് യുദ്ധകാഹളം.  അവരിൽ പഴയ ജനകീയാസൂത്രണ വിവാദത്തിൻ്റെ യുക്തിരാഹിത്യം കടമെടുത്ത് പൊയ് വെടി ഉതിർക്കുന്നവർ പ്രത്യേക സഹതാപമർഹിക്കുന്നു.

അവർക്കറിയേണ്ടത് കിഫ്ബി ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയപരിപാടിയാണോ എന്നാണ്. നിഷ്കളങ്കമെന്നോണം പുറത്തുവിടുന്ന സന്ദേഹങ്ങൾ വേറെയുമുണ്ട്. അവ ഇങ്ങനെ നീളുന്നു. കിഫ്ബി മാതൃക ഇടതുസർക്കാരിന് ഭൂഷണമാകുന്നതെങ്ങനെ? വൻതോതിൽ വായ്പയെടുത്ത് നിക്ഷേപത്തിനൊരുങ്ങിയാൽ ലാഭമുണ്ടാകുന്നിടത്തല്ലേ, നിക്ഷേപം ഉണ്ടാകൂ? കിഫ്ബി നിക്ഷേപങ്ങൾ ഉൽപാദനത്തിൽ എന്തു വളർച്ചയാണുണ്ടാക്കുക? ഉൽപാദനക്ഷമമല്ലാത്ത മേഖലകളിലെ നിക്ഷേപത്തിനായി വാങ്ങിക്കൂട്ടുന്ന വായ്പ തിരിച്ചടയ്ക്കാൻ വരുമാനം എവിടെനിന്നു കിട്ടും? ടോൾ, യൂസർ ഫീ ഏർപ്പെടുത്താനും വർദ്ധിപ്പിക്കാനുമല്ലേ ആത്യന്തിക സാധ്യത? വൻതിരിച്ചടവു ബാധ്യത വരുന്നതോടെ കേരള സംസ്ഥാനം വൻകടക്കെണിയിലേയ്ക്കല്ലേ നീങ്ങുക? ഇത്ര ഭീമാകാരൻ പശ്ചാത്തല സൌകര്യസൃഷ്ടിയെന്നത് ലോകബാങ്കുപോലുള്ള ഏജൻസികളുടെ അജണ്ടയല്ലേ, ഇതിനെന്തിനാണ് എൽഡിഎഫ് സർക്കാർ അരുനിൽക്കുന്നത്? ബദൽ സാമൂഹിക വികസന മാർഗങ്ങളിലൂടെ മറ്റൊരു വഴി സാധ്യമാണെന്ന് തെളിയിച്ച ഇടതുപക്ഷം തന്നെ അതിനെ തള്ളിപ്പറയുകയല്ലേ... എന്നിങ്ങനെ പോകുന്നു നിഷ്കളങ്ക സന്ദേഹങ്ങൾ. ശുദ്ധഇടതുപക്ഷത്തു നിന്നാണ് സംശയങ്ങളുയർത്തുന്നത് എന്നു തോന്നിപ്പിക്കാൻ അവർക്കു കഴിയുന്നുണ്ട്. കീഴ്ത്തട്ടിലെ ജനാധിപത്യരൂപങ്ങളും വികേന്ദ്രീകരണത്തിൻ്റെ സമ്പന്നമായ പാരമ്പര്യവുമെല്ലാം ബദൽ വികസന മാതൃകകൾക്ക് ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചുകൊണ്ടാകുമ്പോൾ, ഉദ്ദേശശുദ്ധിയെ ആരും സംശയിക്കുകയില്ലല്ലോ.

പക്ഷേ, ജനകീയാസൂത്രണപ്രസ്ഥാനത്തെ താറടിച്ചു കാണിക്കാനും ഇതേ യുക്തികൾ തന്നെയാണ് നിരത്തിയത്. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും അയൽക്കൂട്ട സംവിധാനങ്ങളുമെല്ലാം അതിഗൂഢമായ സാമ്രാജ്യത്വ അജണ്ടയാണെന്നായിരുന്നു ആരോപണം. ഒരുകാലത്ത് കേരളത്തിൽ വലിയ ശബ്ദമലിനീകരണം സൃഷ്ടിച്ച ആ പമ്പരവിഡ്ഢിത്തങ്ങളുടെ പ്രതിദ്ധ്വനിയാണ് കിഫ്ബിയ്ക്കെതിരെ മുഴങ്ങിക്കേൾക്കുന്നത്.  ഭിന്നലൈംഗികതയെക്കുറിച്ചുള്ള പഠനകേന്ദ്രത്തിനായി സർവകലാശാലയിൽ ഒരു ചെയർ സ്ഥാപിക്കുന്നത് കടുത്ത നവലിബറൽ ലൈംഗിക അരാജകത്വ അജണ്ടയായി കൊട്ടിഗ്ഘോഷിച്ച അസംബന്ധത്തിൻ്റെ പ്രതിദ്ധ്വനി.

കേരള വികസനം സംബന്ധിച്ച ഇടതുപക്ഷ നിലപാടുകളെ സംബന്ധിച്ചുള്ള സംവാദങ്ങൾ സുദീർഘമായ രേഖകളായി നമ്മുടെ മുന്നിലുണ്ട്. അതൊന്നും വായിക്കാതെയും പഠിക്കാതെയുമാണ് പുതിയ സൈദ്ധാന്തികയുദ്ധത്തിന് ചിലരൊക്കെ കോപ്പുകൂട്ടുന്നത്.  കിഫ്ബി എൽഡിഎഫ് സർക്കാരിനു ചേരാത്ത മാതൃകയാണെന്നു വരുത്തിത്തീർക്കാൻ പെടാപ്പാടു പെടുകയാണ്. ചരിത്രം ഒരാവർത്തി വായിച്ചുനോക്കൂ എന്നാണ് അവരോട് ആമുഖമായി പറയാനുള്ളത്.

കിഫ്ബി പദ്ധതികൾ യാഥാർത്ഥ്യമാവുകയാണ്. അംഗീകാരം ലഭിച്ച് നിർമ്മാണ പ്രവർത്തനങ്ങളാരംഭിച്ച പദ്ധതികളുടെ സ്വഭാവം പരിശോധിച്ചാൽ ഇത്തരമൊരു വിമർശനത്തിനോ സംശയത്തിനോ യാതൊരു അടിസ്ഥാനവുമില്ലെന്നു കാണാം. താഴെ കാണുന്ന പട്ടിക നോക്കൂ.

വകുപ്പ്/സെക്ടർ

നമ്പർ

തുക

(കോടി രൂപയിൽ)

റോഡുകൾ

147

6299.20

പാലങ്ങൾ

52

1407.05

റെയിൽവേ മേൽപ്പാലങ്ങൾ

24

789.42

ഫ്ലൈഓവറുകൾ

9

635.51

മലയോര ഹൈവേ

17

1506.25

തീരദേശ ഹൈവേ

1

52.78

അടിപ്പാതകൾ

1

27.59

പൊതുമരാമത്ത്

251

10717.80

വൈദ്യുതി

13

5200.00

ജലവിഭവം

68

3501.22

പൊതുവിദ്യാഭ്യാസം

76

2037.91

ആരോഗ്യവും കുടുംബക്ഷേമവും

16

1615.70

വിവരസാങ്കേതികവിദ്യ

3

1174.13

കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാന്റ് നാവിഗേഷൻ

1

566.51

ഉന്നതവിദ്യാഭ്യാസം

26

562.02

കായികം & യുവജനകാര്യം

29

601.38

ഗതാഗതം

3

542.05

വനം

4

441.67

സാംസ്കാരികം

8

194.34

പട്ടികജാതി-പട്ടികവർഗ്ഗ വികസനം

9

186.60

ഫിഷറീസ് & പോർട്സ്

3

194.24

ദേവസ്വം

1

141.75

തൊഴിൽ

5

82.50

ടൂറിസം

3

72.47

ഭവനം

1

45.00

തദ്ദേശസ്വയംഭരണം

3

31.69

കാർഷികം

1

14.28

റവന്യു

1

10.09

ആകെ

274

17215.55

വ്യവസായ പാർക്ക്

2

1565.17

വ്യവസായാടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടിയുള്ള ഭൂമി

1

12710.00

വ്യവസായ പശ്ചാത്തലസൗകര്യ വികസനം

3

14275.17

ഒട്ടാകെ

528

42208.52


പശ്ചാത്തലസൌകര്യ സൃഷ്ടിയ്ക്കുവേണ്ടി 27933 കോടി രൂപയുടെ  525 പദ്ധതികളാണ് നിർവഹണത്തിലേയ്ക്ക് നീങ്ങുന്നത്. അതിൽ പൊതുവിദ്യാഭ്യാസത്തിന് 2600 കോടി രൂപയാണ് മുതൽമുടക്ക്. ആരോഗ്യമേഖലയ്ക്ക് 1615 കോടി രൂപയും കുടിവെള്ള  പദ്ധതികൾക്ക് 3501 കോടി രൂപയും വൈദ്യുതി മേഖലയ്ക്ക് 5200 കോടി രൂപയുമുണ്ട്. ഈ മുൻഗണനയുടെ രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കുന്നവർ ദയവായി ഇടതുപക്ഷ മുഖംമൂടി അഴിച്ചുവെയ്ക്കണം. അതുമണിഞ്ഞ് വലതുപക്ഷത്തിനുവേണ്ടി നടത്തുന്ന വിടുപണി അംഗീകരിച്ചുതരുമെന്ന് കരുതരുത്.

നാട്ടിൽ  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാകെ മാറ്റത്തിൻ്റെ പാതയിലാണ്. ഹൈടെക് ക്ലാസ് മുറികളും ഏറ്റവും ആധുനികമായ കെട്ടിടങ്ങളും ലാബും സൌകര്യങ്ങളുമൊക്കെ ഉപയോഗിക്കുന്നതിൽ മഹാഭൂരിപക്ഷവും സാധാരണക്കാരുടെ കുട്ടികളാണ്. ഈ സൌകര്യങ്ങളുപയോഗിക്കുന്നതിന് ഒരു സാമ്പത്തികഭാരവും അവർ വഹിക്കേണ്ടി വരുന്നില്ല. കിഫ്ബിയുടെ മുതൽമുടക്കിലാണീ പുരോഗതി.  വിദ്യാഭ്യാസം കച്ചവടത്തിനാണെന്ന് വിശ്വസിക്കുന്ന കൊള്ളക്കാർ ഈ മാതൃകയെ എതിർക്കുന്നത് മനസിലാക്കാം.

ആരോഗ്യമേഖലയിലോ.. പത്ത് കാത്ത് ലാബുകൾ, 44 ഡയാലിസിസ് സെൻ്ററുകൾ, ജനറൽ ആശുപത്രികൾക്കും ജില്ലാ ആശുപത്രികൾക്കും താലൂക്ക് ആശുപത്രികൾക്കുമെല്ലാം ആധുനികസൌകര്യങ്ങൾ. കണ്ണു തുറന്നു നോക്കിയാൽ നിർമ്മാണം അതിദ്രുതം പുരോഗമിക്കുന്നത് കാണാവുന്നതേയുള്ളൂ. കൊച്ചി കാൻസർ സെൻ്ററിനുവേണ്ടി ആദരണീയനായ വി ആർ കൃഷ്ണയ്യർ നടത്തിയ സമരം ആർക്കു മറക്കാനാവും? ആ സ്വപ്നമാണ് കിഫ്ബി ഏറ്റെടുത്തത്. എറണാകുളം ജനറൽ ആശുപത്രിയും മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും പുനലൂർ താലൂക്ക് ആശുപത്രിയുമടക്കം ഏതാനും ഉദാഹരണങ്ങൾ. മറ്റൊരു 1219 കോടി രൂപയുടെ പദ്ധതികൾ പരിഗണനയിലാണ്. ഇവ കൂടി നിർമ്മാണത്തിലേയ്ക്കു കടക്കുമ്പോൾ പൊതുആരോഗ്യമേഖലയിൽ കേരളം സ്വപ്നതുല്യമായ ഒരു സ്ഥാനത്തേയ്ക്കുയരും. അത്യന്താധുനികമായ സംവിധാനങ്ങളോടെ പൊതുആരോഗ്യമേഖല തലയുയർത്തി നിൽക്കും. സ്വകാര്യമേഖലയ്ക്കും അവരുടെ വക്കാലത്തെടുക്കുന്നവർക്കും അതിലുള്ള വൈക്ലബ്ല്യം മനസിലാക്കാവുന്നതേയുള്ളൂ.

കുടിവെള്ളമേഖലയിലെ നിക്ഷേപം 3501 കോടിയാണ്. കുട്ടനാട് കുടിവെള്ള പദ്ധതി അടക്കം 1255 കോടി രൂപയുടെ മറ്റു പദ്ധതികൾക്ക് അനുവാദം നൽകുന്നതിന് അന്തിമ പരിശോധന നടക്കുകയും ചെയ്യുന്നു. ഈ ആശുപത്രികളും സ്കൂളുകളും കുടിവെള്ള പദ്ധതികളും ലാഭം ലക്ഷ്യം വെച്ചുള്ള പ്രോജക്ടുകളാണെന്നൊക്കെ വ്യാഖ്യാനിക്കുന്നവർക്ക് ചില്ലറയല്ല തൊലിക്കട്ടി.   കുടിവെള്ള വിതരണ പദ്ധതികളിൽ ഏറിയകൂറും വിതരണ ശൃംഖലകൾക്കും പ്രസരണ ലൈനുകളുടെ നവീകരണത്തിനും കാലങ്ങളായി കാത്തുകിടക്കുന്ന പിന്നോക്ക പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികൾക്കുമാണ്. ഇതിലെവിടെയെങ്കിലും അധികഭാരം അടിച്ചേൽപ്പിച്ചതിൻ്റെ എന്തെങ്കിലും തെളിവുകൾ ഹാജരാക്കിയാണോ, ആക്ഷേപം? ഇവയൊക്കെ ഉത്പാദനക്ഷമമാണോ എന്ന പരിശോധനയ്ക്കായി ഉപകരണങ്ങളുമായി ഇറങ്ങുന്നവർക്കുള്ള മറുപടി ജനങ്ങൾ നൽകും.

അക്ഷരം പഠിപ്പിച്ചും ആരോഗ്യരക്ഷ നൽകിയുമാണ് കേരള ജനതയുടെ ജീവിതഗുണനിലവാരം ഉയർത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ നമ്മുടെ സഹോദരങ്ങൾ ജീവിക്കുന്നതിനേക്കാൾ ഒരു ദശാബ്ദത്തോളം അധികമാണ് കേരളീയരുടെ ജീവിതദൈർഘ്യം. ഈ മനുഷ്യവിഭവശേഷിയാണ് കേരളത്തിൻ്റെ സമ്പത്ത്. ഈ വികസന മാതൃകയുടെ ആധുനികമായ തുടർച്ചയാണ് കിഫ്ബി.

പുതിയ സമൂഹം പുതിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. അവയ്ക്കു മുന്നിൽ പകച്ചു നിൽക്കാനാവില്ല. നമ്മുടെ കുട്ടികൾക്കു പഠിക്കാൻ ഏറ്റവും മികച്ച സൌകര്യമുള്ള സ്കൂളുകൾ വേണം. നമ്മുടെ സർക്കാർ ആശുപത്രിയിൽ ഏറ്റവും ആധുനികമായ ചികിത്സാ സൌകര്യങ്ങളുണ്ടാകണം. ഇതു രണ്ടുമില്ലെങ്കിൽ പിന്നെ സ്വകാര്യമേഖലയാണ് ആശ്രയം. മലയാളിയെ കടക്കെണിയിലെത്തിക്കുന്ന സമീപകാലത്തെ ഏറ്റവും പ്രധാന പ്രശ്നം താങ്ങാനാവാത്ത ചികിത്സാ ചെലവാണ് (out of pocket expenditure). കടം വാങ്ങിപ്പോലും അതിനു കഴിയാത്തവരുമുണ്ട്.  മാറിയ സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നമ്മുടെ പൊതുസംവിധാനങ്ങൾ പ്രാപ്തമായേ മതിയാകൂ. അതൊരു രാഷ്ട്രീയ നിലപാടാണ്. നിയന്ത്രണമില്ലാതെ പോകുന്ന സ്വകാര്യആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയിലെ അനഭിലഷണീയ പ്രവണതകളും അവഗണിക്കാൻ ഇടതുപക്ഷത്തിനാവില്ല.

പൊതുഗതാഗതത്തിൻ്റെ സ്ഥിതിയും ഇതാണ്. ഇതിൻ്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല. ഒരുപാടു യാത്ര ചെയ്യുന്ന സമൂഹമാണ് ഇന്ന് കേരളം.  റോഡുകൾ മികച്ചതായേ പറ്റൂ. അതിനു പണം വേണം. റോഡുകളെ നാം ആഗ്രഹിക്കുന്ന നിലവാരത്തിലേയ്ക്കുയർത്താൻ ചെറിയ തുകയൊന്നും പോര. ആ പണം ഉണ്ടാകുന്ന കാലത്ത് റോഡു നന്നായാൽ മതിയെന്നു ചിന്തിക്കാനുമാവില്ല.

അപ്പോഴെന്തു ചെയ്യും? ബജറ്റിനു പുറത്ത് പണം സമാഹരിക്കണം. അങ്ങനെ വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനെ സംബന്ധിച്ചുള്ള സമീപനം 2011ൽ ഇടതുപക്ഷ സർക്കാരിൻ്റെ അവസാന ബജറ്റിലാണ് മുന്നോട്ടു വെച്ചത്. നാൽപതിനായിരം കോടി രൂപയുടെ റോഡ്, പാലം വികസന പരിപാടി ഇത്തരത്തിൽ ഏറ്റെടുക്കുമെന്ന്  പ്രഖ്യാപിച്ചു. ആ ബജറ്റ് പ്രസംഗം പൊതുരേഖയാണ്. റോഡ് ഫണ്ട് ബോഡിൻ്റെയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ്റെയും ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി വൻതോതിൽ വായ്പയെടുത്ത് പണം കണ്ടെത്തുമെന്നാണാ പ്രഖ്യാപനം. വായ്പാതിരിച്ചടവ് ഉറപ്പുവരുത്തുന്ന നിയമബദ്ധമായ വരുമാനസ്രോതസായി മോട്ടോർ വാഹന നികുതിയുടെ നിശ്ചിതശതമാനം നീക്കിവെയ്ക്കുമെന്നും പ്രഖ്യാപിച്ചു. കൂട്ടത്തിൽ ഒന്നു കൂടി പറഞ്ഞു. ദേശീയപാതയ്ക്ക് കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന ടോൾ മാതൃക നമുക്ക് സ്വീകാര്യമേ അല്ല എന്ന്.  അതിൻ്റെ വികസിച്ച പ്രായോഗിക രൂപമാണ് കിഫ്ബി. ഇതൊന്നും പരിഗണിക്കാതെ കിഫ്ബി എന്നാൽ ടോൾ മാതൃകയാണെന്നൊക്കെ ആരോപിച്ചാൽ ജനകീയാസൂത്രണകാലത്ത് അഴിഞ്ഞാടിയ വിവാദഭീകരതയുടെ കോമാളിപ്പതിപ്പ് എന്നല്ലാതെ എന്തു മറുപടി പറയാൻ!

ഇത്രയ്ക്കു ഭീമമായ തുക മുടക്കി പശ്ചാത്തലസൌകര്യങ്ങൾ വികസിപ്പിക്കണോ? ഇതൊക്കെ ആരുടെ മാതൃകയാണ്... കിഫ്ബിയ്ക്കെതിരെ ഉയർന്ന മറ്റൊരു സംശയമാണ്. ഉത്തരം തേടി അലയുകയാണ് സംശയാലുക്കൾ. അവർക്ക് ഉറക്കം കിട്ടാൻ ഉത്തരം പറയാം.

പൊതുമരാമത്ത് മേഖലയിൽ 251 പദ്ധതികൾക്കായി 10717 കോടിയാണ് ഇതിനോടകം നിർമ്മാണത്തിലേയ്ക്കു നീങ്ങിയത്. ശരാശരി 42 കോടിയാണ് ഒരു പദ്ധതി. 3501 കോടി രൂപയുടെ 68 പദ്ധതികളാണ് കുടിവെള്ളത്തിനായി നടപ്പാക്കുന്നത്. വെള്ളം കാര്യക്ഷമമായി വിതരണം ചെയ്യാൻ ആവശ്യമായ ശൃംഖലകൾ തീർക്കുന്നതിനുവേണ്ടിയാണ് ഇതിലേറെയും. വൈദ്യുതി മേഖലയിലെ 5200 കോടി രൂപയുടെ പദ്ധതികൾ ട്രാൻസ്ഗ്രിഡ് 2.0 പോലുള്ള ട്രാൻസ്മിഷൻ ലൈനുകൾ സ്ഥാപിക്കുന്നതിനുവേണ്ടിയാണ്. പണമില്ലാതെ എത്രയോ കാലമായി കടലാസിലൊതുങ്ങിയ പദ്ധതിയാണ് ട്രാൻസ്ഗ്രിഡ്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ അവസാന ബജറ്റിൽ കിഫ്ബി പദ്ധതികളിൽ പലതിൻ്റെയും പേരു കാണാം. പക്ഷേ, അതൊരു വിഷ് ലിസ്റ്റായിരുന്നു എന്നു മാത്രം. കാലങ്ങളായി കാത്തുകിടന്ന പദ്ധതികൾ ഒരു പുതിയ പരിപാടിയിലൂടെ പണം കണ്ടെത്തി നിർമ്മാണത്തിലേയ്ക്കു കടക്കുന്നു എന്നാണ് കിഫ്ബി ചെയ്യുന്ന കാര്യം. ഈ പദ്ധതികൾ ഇപ്പോൾത്തന്നെ വേണോ എന്നൊക്കെ സംശയിച്ചാൽ എന്തു പറയാനാണ്?.

അടുത്ത ആരോപണം കുറേക്കൂടി കടുപ്പത്തിലാണ്. സർക്കാർ സംവിധാനങ്ങളെ മറികടന്ന് സർക്കാർ പണത്തെ പുറത്തു കൊണ്ടുപോകുന്ന പരിപാടിയാണത്രേ കിഫ്ബി! ജനകീയാസൂത്രണകാലത്ത് തദ്ദേശഭരണ സ്ഥാപനങ്ങളെ സഹായിക്കാൻ രൂപം കൊടുത്ത വിദഗ്ധ സമിതികൾ ഭരണഘടനാബാഹ്യ അധികാരകേന്ദ്രങ്ങളാണ് എന്ന നെടുങ്കൻ അന്വേഷണറിപ്പോർട്ടെഴുതിയ എം എം ഹസൻജിയുടെ നിലവാരമാണ് ഈ വിമർശനത്തിന്. കിഫ്ബി പദ്ധതികൾ ഒളിച്ചുകടത്തുന്നവയല്ല. നിയമസഭയിൽ ബജറ്റിൽ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അത് ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ടുമെൻ്റുകൾ മുഖാന്തിരമാണ് നടപ്പിലാക്കുന്നത്. നേരത്തെ നൽകിയ പട്ടിക പരിശോധിച്ചാൽ മനസിലാക്കാം,

വകുപ്പടിസ്ഥാനത്തിലാണ് വിഭവത്തിൻ്റെ വിതരണം. നിയമസഭ അംഗീകരിക്കുന്ന പദ്ധതി നിർദ്ദേശങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് ഭരണാനുമതി നൽകും. അവർ നിശ്ചയിക്കുന്ന ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കൾ (എസ് പി വി) വിശദപദ്ധതി രേഖ തയ്യാറാക്കും. അതു വിശദമായി പരിശോധിച്ച് കിഫ്ബി അംഗീകാരം നൽകും. ഇതാണ് കിഫ്ബി പദ്ധതികളുടെ ചിട്ട. ബജറ്റിൽ പ്രഖ്യാപിക്കാത്ത അനിവാര്യ പദ്ധതികൾ കിഫ്ബി ഏറ്റെടുക്കണമെങ്കിൽ മന്ത്രിസഭ അംഗീകരിക്കണം.

നിയമസഭാ അംഗങ്ങൾ നിർദ്ദേശിക്കുന്ന പദ്ധതികളാണ് കിഫ്ബി അംഗീകരിച്ച ബഹുഭൂരിപക്ഷവും. ഇടതുപക്ഷം ഈ പദ്ധതികൾക്കു കൽപിക്കുന്ന ഉത്പാദനക്ഷമത അറിയണമെങ്കിൽ അൽപം ചരിത്രം കൂടി പറയേണ്ടി വരും.  തൊണ്ണൂറുകളുടെ അവസാനം. സിഡിഎസിൽ പോവർട്ടി, അൺ എംപ്ലോയ്മെൻ്റ് ആൻഡ് ഡെവലപ്പ്മെൻ്റ് എന്ന വിഖ്യാതമായ പഠനത്തിൽ സംവാദങ്ങൾ നടക്കുന്ന കാലം. ഒരു സെമിനാറിൽ സഖാവ് ഇഎംഎസിൻ്റെ സാന്നിധ്യത്തിൽ ഡോ. കെ എൻ രാജ് പറഞ്ഞ ഒരഭിപ്രായമുണ്ട്. “ജനക്ഷേമം ഉയർത്തുന്നതിന് ഇടതുപക്ഷം വലിയ സംഭാവന നൽകിയിട്ടുണ്ട്. അപ്പം പങ്കുവെയ്ക്കുന്നതിൽ മിടുക്കരാണവർ. പക്ഷെ, ചുടാൻ അവർക്കറിയില്ല”. കൂടുതൽ അപ്പമുണ്ടാക്കിയേ മതിയാകൂ എന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്. വിതരണത്തിൽ മാത്രം ഊന്നിയാൽപ്പോര, ഉത്പാദന വർദ്ധനവിലേയ്ക്കു നീങ്ങണം എന്ന സന്ദേശമാണ് അദ്ദേഹം ഇഎംഎസിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചത്. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് 1994ൽ ഒന്നാം കേരള പഠന കോൺഗ്രസ് നടന്നത്. കേരളത്തിൻ്റെ സാമൂഹ്യക്ഷേമ നേട്ടങ്ങൾ സംരക്ഷിച്ചുകൊണ്ട് ഉത്പാദന വളർച്ചയുടെ ഒരു സമീപനം എങ്ങനെ സ്വീകരിക്കാമെന്ന അന്വേഷണമായിരുന്നു ആ പഠനകോൺഗ്രസിൻ്റെ കേന്ദ്ര അജണ്ട. 1996-2001കാലത്തെ ഒമ്പതാം പദ്ധതി സമീപനവും ജനകീയാസൂത്രണ പ്രസ്ഥാനവുമെല്ലാം രൂപപ്പെട്ട പശ്ചാത്തലം.

അതിലും സാമ്രാജ്യത്വ അജണ്ട ആരോപിച്ച വിദ്വാന്മാർ വിലസിയ നാടാണ് കേരളം. അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസൃതമായ തൊഴിൽ സൃഷ്ടിക്കപ്പെടുന്നില്ല എന്ന ദൌർബല്യം മറികടക്കുന്നതിനുള്ള   വലിയ അന്വേഷണമായിരുന്നു 2005ലെ രണ്ടാം കേരള പഠന കോൺഗ്രസ്. വിജ്ഞാനാധിഷ്ഠിതവും സേവനപ്രധാനവും വൈദഗ്ധ്യത്തിലൂന്നിയതുമായ വ്യവസായങ്ങളിലേയ്ക്ക് മാറണമെന്നും ഇതിനാവശ്യമായ പശ്ചാത്തലസൌകര്യസൃഷ്ടി അതിവേഗം നടപ്പിലാക്കണമെന്നതുമായിരുന്നു ആ പഠനകോൺഗ്രസിൻ്റെ നിഗമനം. പരിസ്ഥിതി സൌഹൃദവും സ്ത്രീനീതി ഉറപ്പുവരുത്തുന്നതും സമ്പൂർണ സാമൂഹ്യസുരക്ഷിതത്വം നൽകുന്നതും പൊതു വിദ്യാഭ്യാസ ആരോഗ്യസംവിധാനങ്ങളെ സംരക്ഷിക്കുന്നതുമായ ഒരു വികസന സമീപനം. അതാണ് രണ്ടാം കേരള പഠന കോൺഗ്രസിൻ്റെ സംഭാവന.

2006ൽ ചുമതലയേറ്റ എൽഡിഎഫ് സർക്കാർ ഇതിന് അനുസൃതമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പരിശ്രമിച്ചു. മുരടിച്ച നികുതി വളർച്ചയും കടുത്ത സാമ്പത്തികപ്രയാസങ്ങളുമായിരുന്നു ആ സർക്കാരിനു കൈമാറിക്കിട്ടിയത്. നികുതി വരുമാനം പ്രതിവർഷം 20 ശതമാനം കണ്ട് ഉയർത്തി റവന്യൂ കമ്മി ഇല്ലാതാക്കി വികസനച്ചെലവുകൾക്ക് ആക്കം കൂട്ടുക എന്ന തന്ത്രമാണ് സ്വീകരിച്ചത്. അപ്പോൾ ഉയർന്നുവന്ന ഒരു ചോദ്യമുണ്ട്. റവന്യൂ കമ്മി പൂജ്യമാക്കിയാലും എഫ്ആർബിഎം നിയമപ്രകാരം മൂന്നു ശതമാനത്തിനപ്പുറം വായ്പയെടുക്കാൻ അനുവാദമില്ല. ഇതിൻ്റെ സാധുത ഇടതുപക്ഷം രാഷ്ട്രീയമായിത്തന്നെ ചോദ്യം ചെയ്തതാണ്.  നികുതിവരുമാനത്തിൽ ഗണ്യമായ വളർച്ച കൈവരിക്കാൻ കഴിയുകയും ചെയ്തു. പക്ഷേ, വേണ്ടത്ര വേഗതയിൽ പശ്ചാത്തലസൌകര്യസൃഷ്ടിയ്ക്കാവശ്യമായ മുതൽമുടക്കു നടത്താൻ സാധിക്കാത്ത അവസ്ഥ. മെട്രോ, വിഴിഞ്ഞം തുറമുഖം പോലുള്ള നിശ്ചിത പ്രോജക്ടുകൾക്കു മാത്രമാണ് വിദേശവായ്പയും മറ്റും കിട്ടുക.

നമ്മുടെ സ്കൂളിനും ആശുപത്രിയ്ക്കും ജില്ലാ റോഡുകൾക്കുമൊക്കെ  ഉടൻ പണം മുടക്കി നേട്ടമുണ്ടാക്കുന്നത് എങ്ങനെ എന്നത് വലിയ ചോദ്യചിഹ്നമായി ഉയർന്നുവന്നു. ഇഎംഎസ് പാർപ്പിട പദ്ധതിയുടെ അനുഭവം വഴികാട്ടിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ കൈമാറുന്ന വരുമാനത്തിൻ്റെ ഒരു പങ്ക് തിരിച്ചടവിനായി നീക്കിവെച്ച് പഞ്ചായത്തുകളും നഗരസഭകളും വായ്പയെടുത്ത് വീട് ആവശ്യമുള്ളവർക്ക് അപ്പപ്പോൾ നിർമ്മിച്ചു നൽകണം. പാർപ്പിടപ്രശ്നം ഇത്തരത്തിൽ  പരിഹരിക്കേണ്ടത് മനുഷ്യാന്തസോടെ ജീവിക്കാൻ അനിവാര്യമാണത്. ഭാവിയിലെന്നോ വരുമാനമുണ്ടാകുമ്പോൾ സ്വർഗം പണിതു കൊടുക്കാമെന്നു ഇടതുപക്ഷത്തിന് വാഗ്ദാനം ചെയ്യുക വയ്യ. ഇതേ അനുഭവമാണ് 2011ലെ അവസാന ബജറ്റിൽ 40000 കോടി രൂപയുടെ പദ്ധതികളുടെ പ്രഖ്യാപനത്തിൻ്റെ ചേതോവികാരം. ദൌർഭാഗ്യകരമെന്നു പറയട്ടെ, പിന്നീട് അധികാരത്തിൽവന്ന യുഡിഎഫ് സർക്കാർ ഈ മാതൃക പിന്തുടർന്നില്ല. അവരുടെ രാഷ്ട്രീയം വേറെയായിരുന്നു.

യുഡിഎഫ് കാലത്ത് സംസ്ഥാന പ്ലാനിംഗ് ബോർഡ് മുന്നോട്ടുവെച്ച വിഷൻ 2030 രേഖയിൽ വികസനപ്രശ്നങ്ങൾക്കുള്ള യുഡിഎഫ് പരിഹാരത്തിൻ്റെ രാഷ്ട്രീയം കണ്ടെത്താം. വിസ്തരഭയത്താൽ അതിവിടെ വിശദീകരിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയെ ട്രേഡബിൾ ആക്കണമെന്നും ആരോഗ്യമേഖലകൾ ആരോഗ്യ ഉൽപന്നങ്ങൾ വിൽക്കാനുള്ള വാണിജ്യകേന്ദ്രങ്ങളാക്കണമെന്നുമൊക്കെ വാദിച്ച രേഖയാണത്. ഈയൊരു മേഖലയെ സംബന്ധിച്ചും ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ നിലപാട് അവർക്കുണ്ടായിരുന്നില്ല. അതിൻ്റെ കൂടി ഫലമായിരുന്നു നാം മുന്നോട്ടുവെച്ച മാതൃകയെ തള്ളിക്കളഞ്ഞുകൊണ്ടുള്ള സമീപനം.

എന്നാൽ ബജറ്റിനു പുറത്ത് ധനസമാഹരണം നടത്തി വികസനപദ്ധതികൾ  നടപ്പാക്കുക എന്ന എൽഡിഎഫിൻ്റെ ആശയം ഉമ്മൻചാണ്ടി സർക്കാരിനു കടമെടുക്കേണ്ടി വന്നു. 2016ൽ ഉമ്മൻചാണ്ടി അവതരിപ്പിച്ച അവസാനബജറ്റിൽ  അതിൻ്റെ സൂചനകളുണ്ട്. ഈ വികസന മാതൃകയ്ക്ക് കിഫ്ബിയെ പ്രാപ്തമാക്കും എന്ന് ഉമ്മൻചാണ്ടി സർക്കാരിനു പ്രഖ്യാപിക്കേണ്ടി വന്നു. എന്നാൽ അതിൻ്റെ ധനകാര്യമാതൃകയോ മറ്റു വിശദാംശങ്ങളോ അതിലുണ്ടായിരുന്നില്ല. അതേക്കുറിച്ചൊക്കെ ആ സർക്കാർ ഇരുട്ടിലായിരുന്നു എന്നുവേണം കരുതാൻ..

2011ലെ ബജറ്റിൽ വിഭാവനം ചെയ്ത ഈ വികസന സമീപനം 2016ലെ എൽഡിഎഫ് പ്രകടനപത്രികയിൽ കൂടുതൽ വ്യക്തമാക്കി. ബജറ്റിനു പുറത്തുള്ള ധനസമാഹരണത്തിലൂടെ വികസന പദ്ധതികൾ ഏറ്റെടുക്കുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചു.  പിണറായി വിജയൻ സർക്കാർ അധികാരമേറ്റപ്പോൾ കിഫ്ബി നിയമം ഭേദഗതി ചെയ്ത് ഇന്നു കാണുന്ന കിഫ്ബിയിലേയ്ക്കുള്ള വളർച്ച ത്വരിതപ്പെടുത്തി. 50000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് എത്രയും വേഗം നിർമ്മാണത്തിലേയ്ക്കു നീങ്ങുക എന്നത് ബോധപൂർവം സ്വീകരിച്ച സമീപനമാണ്. അതിന് നിയമസഭയിൽ സുദീർഘമായ സംവാദങ്ങളും നിയമനിർമ്മാണവും നയരൂപീകരണവും എല്ലാം നടന്നിട്ടുണ്ട്.

ഉൽപാദനവുമായി കിഫ്ബി നിക്ഷേപങ്ങൾക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുന്നവർ ഈ ചരിത്രമൊന്ന് ഓർമ്മിക്കുന്നത് നന്നാവും. ആദ്യം നൽകിയ പട്ടികയിൽ വ്യവസായ പശ്ചാത്തലസൌകര്യ സൃഷ്ടിയ്ക്ക് 14275 കോടി രൂപ നീക്കിവെച്ചിരിക്കുന്നതു കാണാം. ഇതിൽ നിന്നൊരുദാഹരണം പറയാം. ഫാക്ടിൻ്റെ ഏതാണ്ട് 1600 ഏക്കർ സ്ഥലം വ്യവസായ പാർക്കിനായി ഏറ്റെടുക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ അന്തിമാനുമതി താമസിയാതെ ലഭിക്കും. ഭാരത് പെട്രോളിയം കോർപറേഷൻ്റെ വികസന പദ്ധതി നടപ്പിലായിട്ടുണ്ട്. ഇതിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വലിയൊരു ഡൌൺസ്ട്രീം വ്യവസായശൃംഖലയ്ക്കു രൂപം നൽകുന്നില്ലെങ്കിൽ ഈ വികസനത്തിൻ്റെ നേട്ടം നമുക്കു ലഭിക്കാനേ പോകുന്നില്ല. എറണാകുളത്ത് ഇപ്പോൾ ഈ സ്ഥലം നാം ഏറ്റെടുത്തില്ലെങ്കിൽ, കേരളത്തിൻ്റെ ഭാവി വ്യവസായവികസനത്തെയായിരിക്കും അത് അപകടപ്പെടുത്തുക. കണ്ണൂർ വിമാനത്താവളത്തിൻ്റെ പ്രയോജനം പൂർണതോതിൽ ലഭിക്കണമെങ്കിൽ വലിയതോതിൽ, അനുബന്ധവ്യവസായ ശൃംഖല അവിടെ ഉയരേണ്ടതുണ്ട്. ഇതിനും തുടക്കം കുറിക്കാൻ വൈകാനാവില്ല. വൈദ്യുതി പ്രസരണത്തിന് മുടക്കുന്ന 5200 കോടി രൂപയും ഇൻഫോ പാർക്കിനും ടെക്നോസിറ്റിയ്ക്കും മുടക്കുന്ന പണവും ഉൽപാദനവുമായി ബന്ധമില്ല എന്നൊക്കെ കണ്ടെത്തിക്കളഞ്ഞാൽ, യോജിപ്പില്ല എന്നു പറയുകയേ നിവൃത്തിയുള്ളൂ.

മലയോര ഹൈവേയും തീരദേശ ഹൈവേയുമൊന്നും നമുക്ക് ഒഴിച്ചുകൂടാനാവില്ല. മലയോരത്തും തീരപ്രദേശത്തും കൂടി നിലവിലുള്ള വഴികൾ പരസ്പരം ബന്ധിപ്പിച്ച് ഗുണനിലവാരമുയർത്തി സൃഷ്ടിക്കുന്ന ഹൈവേകളാണിത്. വൈറ്റിലയിലും കുണ്ടന്നൂരുമുള്ള മേൽപ്പാലങ്ങളും വികസനത്തിന് അനിവാര്യം തന്നെ. ഈ പദ്ധതികളെയൊക്കെ എതിർക്കാൻ അസംബന്ധവാദങ്ങളുയർത്തുന്നവരെ അവഗണിക്കുകയേ നിവൃത്തിയുള്ളൂ.

കിഫ്ബി ലളിതമായ മാതൃകയാണ്. നമുക്കു സുപരിചിതമായ ഹൌസിംഗ് ലോണിൻ്റെ മാതൃക. സ്ഥിരവരുമാനമുള്ളവർ വീടു വെയ്ക്കാൻ വിരമിക്കൽകാലം കഴിഞ്ഞ് ലഭിക്കുന്ന സമ്പാദ്യത്തിന് കാത്തിരിക്കുകയല്ല ചെയ്യന്നത്. വരുമാനത്തിൻ്റെ ഒരു പങ്ക് വായ്പാ തിരിച്ചടവിന് നീക്കിവെച്ച് വലിയ തുക ഇപ്പോഴേ വായ്പയെടുക്കുന്നു. ആ തുക ഉപയോഗിച്ച് വീട് എന്ന സ്വപ്നം ഇന്നു തന്നെ യാഥാർത്ഥ്യമാക്കുന്നു. മാസവരുമാനത്തിൽ നിന്നൊരു ഭാഗം തവണകളായി അടച്ച് നിർമ്മാണച്ചെലവിനെടുത്ത വായ്പ തീർക്കുന്നു.  ഇപ്പോൾ സ്ഥിരവരുമാനക്കാരല്ലാത്ത സാധാരണക്കാർക്കും സർക്കാർ ഇങ്ങനെ വായ്പയെടുത്ത് പാർപ്പിടമൊരുക്കുന്നു.

മേൽവിവരിച്ച വിധമുള്ള വികസന സമസ്യകളെ നല്ലകാലത്ത് പത്തായത്തിൽ പണം പെരുകുമ്പോഴല്ല അഭിമുഖീകരിക്കേണ്ടത്.  നിശ്ചിത വരുമാനം മാറ്റിവെച്ചുകൊണ്ട് നല്ല ജീവിതം വർത്തമാനകാലത്ത് കെട്ടിപ്പെടുക്കാൻ വഴിയുണ്ട്. ആ വഴി സ്വീകരിക്കുമ്പോൾ ഒരു ഉപാധിയുണ്ട്.  തിരിച്ചടയ്ക്കാൻ വിനിയോഗിക്കാവുന്ന വരുമാനത്തിന് അകത്തു നിന്നേ വായ്പയെടുക്കാവൂ. അതിനു പറ്റുന്ന ഒരു ധനകാര്യമാതൃക സൃഷ്ടിക്കുന്നതിനുള്ള സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. സൂക്ഷ്മതയോടെ രൂപപ്പെടുത്തിയ ധനകാര്യ മാതൃകകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന കൺട്രോൾഡ് ലിവറേജിംഗ് ആണ് കിഫ്ബി വായ്പാ മാതൃക. തിരിച്ചടവിനായി നീക്കിവെയ്ക്കാമെന്ന് നിയമസഭ അംഗീകരിച്ച തുകയ്ക്കപ്പുറം ഇന്ന് വിഭാവനം ചെയ്ത വായ്പകൾ നിശ്ചിത സമയത്തിനകം അടച്ചുതീർക്കാൻ ഒരു പണവും ആവശ്യമായി വരില്ല എന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മസാല ബോണ്ടു വിവാദമൊക്കെ വെറും പുകമറയാണ്. കിഫ്ബിയെന്നാൽ മസാല ബോണ്ടല്ല. ആ വിവാദം മനപ്പൂർവം സൃഷ്ടിച്ചതാണ്.

കിഫ്ബി വിഭാവനം ചെയ്യുന്ന വായ്പ നിരവധി തരത്തിലുള്ള വായ്പകളിലൂടെയാണ് സമാഹരിക്കുന്നത്. ഇതിനോടകം സമാഹരിച്ച പണം മസാല ബോണ്ടുവഴി മാത്രമല്ല എന്നത് മനപ്പൂർവം മറച്ചുവെയ്ക്കുകയാണ്. നമ്മുടെ ബാങ്കുകളിൽനിന്ന് ഏതാണ്ട് തത്തുല്യമായ തുക കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ആകെ എടുക്കുന്ന വായ്പകൾക്ക് എത്ര ശതമാനം പലിശ വരാം അതുകൂടി കണക്കാക്കിക്കൊണ്ടാണ് ഇതിൻ്റെ തിരിച്ചടവു മാതൃക രൂപപ്പെടുത്തിയിട്ടുള്ളത്. അത് നിയമസഭയിൽ അവതരിപ്പിചച്തും അംഗീകരിക്കപ്പെട്ടതുമാണ്. അതേ. കിഫ്ബി ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയമാതൃക തന്നെയാണ്.

05-Jun-2019