സ്വകാര്യമേഖലയിലും സംവരണം വേണം

പട്ടികജാതി വിഭാഗത്തില്‍ നിന്ന് ബിരുദബിരുദാനന്തര കോഴ്‌സുകളിലായി ഇപ്പോള്‍ 30000ത്തോളംപേര്‍ പഠിക്കുന്നുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 3500ഓളം പേരും പഠനം നടത്തുന്നുണ്ട്. ഹയര്‍സെക്കണ്ടറി മേഖലയില്‍ നിന്ന് ഈ വര്‍ഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 22000പേര്‍ വിജയിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 2500പേരും വിജയിച്ചു. ഈ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനുള്ള മേഖലകള്‍ വളരെ കുറവുമാത്രമേ കേരളത്തിലുള്ളു. സ്വകാര്യസ്ഥാപനങ്ങളിലേക്ക് സംവരണം വ്യാപിക്കുന്നില്ലെങ്കില്‍ ഒരസംതൃപ്തവിഭാഗമാണ് ഈ വിഭാഗത്തിനിടയില്‍ വളര്‍ന്നുവരാന്‍ പോവുന്നത്. സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള വികസനം നടപ്പാക്കണമെങ്കില്‍ ഈ മേഖലയില്‍ പുതിയ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്. സര്‍വകലാശാലകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ ഇവയിലെല്ലാം സംവരണ തത്വം നടപ്പില്‍വരുത്തുന്നതിന് കാലതാമസം ഉണ്ടായിക്കൂട. ഇക്കാര്യത്തില്‍ നിയമം വഴി വ്യവസ്ഥ ചെയ്യുന്ന ഒരു നിയമ നിര്‍മാണത്തിന് വേണ്ടിയാണ് '2014ലെ കേരള സ്വാകാര്യസ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗങ്ങത്തില്‍പ്പെട്ടവര്‍ക്ക് സംവരണമേര്‍പ്പെടുത്തല്‍ ബില്‍' നിയമസഭയില്‍ അവതരിപ്പിച്ചുള്ളത്. 24 വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ബില്ല് നിയമസഭ അംഗീകരിച്ചാല്‍ സ്വകാര്യരംഗത്ത് വികസിച്ചുവരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിശ്ചിത ശതമാനം സംവരണം പട്ടിജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭ്യമാവും. ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഒഴിവുകള്‍ മനസിലാക്കാനും അതിലിടപെടാനും സഹായകമാവും വിധം വ്യവസ്ഥാപിതമായ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മീഷന്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നാണ് ബില്ലില്‍ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ ഇടപെടുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു കമ്മീഷനുണ്ടെങ്കില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളു. 
നിയമസഭയില്‍ അവതരിപ്പിച്ച മറ്റ് സ്വകാര്യബില്ലുകളില്‍ നിന്ന് വ്യത്യസ്തമായി സഭയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള ശ്രദ്ധ ഈ ബില്ലിന് ലഭിക്കുകയുണ്ടായി. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനനുകൂലമാണെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ അതിപ്പോള്‍ നിയമമാക്കുന്നതിനെന്താണ് തടസമെന്നുള്ള ചോദ്യത്തിന് അവര്‍ക്കുത്തരമുണ്ടായില്ല. ഇലക്ഷന്‍ വരുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും അധികാരം കിട്ടിയാല്‍ വാഗ്ദാനങ്ങള്‍ മറക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നുള്ളതുകൊണ്ടാണ് ഈ പ്രശ്‌നത്തില്‍പ്പോലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നത്.

കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം സംവരണം വ്യവസ്ഥ ചെയ്യണമെന്നുള്ള ബില്ല് നിയമസഭയില്‍ ജൂലായ് 11, വെള്ളിയാഴ്ച അനൗദ്യോഗിക ബില്ലെന്ന നിലയില്‍ ഞാന്‍ അവതരിപ്പിക്കുകയുണ്ടായി. ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങള്‍ രണ്ടരപതിറ്റാണ്ടുകളായി നടപ്പാക്കിവരുന്ന രാജ്യത്ത് സര്‍ക്കാര്‍ സംവിധാനം ചുരുങ്ങിവരികയും സ്വകാര്യമേഖല ശക്തിപ്പെടുകയും ചെയ്തു. അതോടെ പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് സംവരണപ്രകാരം ലഭിക്കേണ്ടിയിരുന്ന തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 

ശ്രീമൂലം പ്രജാസഭയില്‍ 1912ല്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു പ്യൂണിന്റെ ജോലിയെങ്കിലും നല്‍കണമെന്ന് ശ്രീ.അയ്യന്‍കാളി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ പ്യൂണിന്റെ ജോലിപോലും ലഭ്യമാകാതിരുന്ന സ്ഥിതിയാണ് ആ കാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയിലെ 16, 335, 338, 340, 341, 342 എന്നീ വകുപ്പുകള്‍ പ്രകാരം ജോലിയ്ക്ക് സംവരണം, സംരക്ഷണം, സുരക്ഷിതത്വത്തിനുള്ള മുന്‍കരുതല്‍ എന്നിവ അനുവദിക്കപ്പെട്ടു. ഇത് പ്രകാരം കേന്ദ്രസര്‍വീസിലും സംസ്ഥാന സര്‍വീസിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിശ്ചിതശതമാനം സംവരണ പ്രകാരം ജോലി ലഭ്യമായിത്തുടങ്ങി.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ ജനസംഖ്യ അനുസരിച്ചുകൊണ്ടാണ് നിശ്ചിതശതമാനം സംവരണം അനുവദിച്ചുവരുന്നത്. എന്നാല്‍, കേന്ദ്രസര്‍വീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും സംസ്ഥാന സര്‍വീസിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തികകള്‍ വെട്ടിചുരുക്കാന്‍ തുടങ്ങിയതോടുകൂടി നിയമനം ലഭ്യമാകുന്നവരുടെ എണ്ണം ഗണ്യമായി കുറയാന്‍ തുടങ്ങി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനത്തിലേറെ കോണ്‍ട്രാക്റ്റ് തൊഴിലാളികളോ, താല്‍ക്കാലിക ജീവനക്കാരോ ആണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളില്‍ പത്ത് ലക്ഷത്തോളം ഒഴിവുകള്‍ നിലവിലുണ്ട്. ഇന്ത്യന്‍ റെയില്‍വെയില്‍ മാത്രം മൂന്നുലക്ഷത്തിലേറെ ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലൊന്നും നിയമനം നടത്താന്‍ തയ്യാറാവാത്തതിന്റെ ഫലമായി ദളിത് ജനവിഭാഗങ്ങളുടെ തൊഴില്‍ സാധ്യത നഷ്ടപ്പെടുകയും ചുരുങ്ങിയ കൂലിക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന ജനവിഭാഗമായി പട്ടികജാതി-പട്ടിവര്‍ഗ വിഭാഗങ്ങള്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവരുന്നത് സ്വകാര്യമേഖലയിലാണ്. അവിടെയാണെങ്കില്‍ യാതൊരുവിധ സംവരണവുമില്ല.

കേരളത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. ഈ മേഖലയില്‍പ്പോലും സംവരണം നടപ്പിലാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖല ശക്തിപ്പെട്ടുവരികയാണ്. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് 167776 അധ്യാപകരുള്ളതില്‍ 101143പേര്‍ എയ്ഡഡ് സ്‌കൂളുകളിലും 13052പേര്‍ അണ്‍ എയ്ഡഡിലുമാണ്. എയ്ഡഡ് മേഖലയില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലത്തില്‍ മൊത്തം 7966 സ്‌കൂളുകളിലായി 114196 അധ്യാപകര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ വെറും 447 പേര്‍ മാത്രമാണ്. പത്ത് ശതമാനം സംവരണം നല്‍കിയിരുന്നുവെങ്കില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ 11500ഓളം പേര്‍ക്ക് ആ മേഖലയില്‍ ജോലി ലഭ്യമാകുമായിരുന്നു. ഈ കണക്ക് സാധൂകരിക്കുന്ന വിധത്തിലായിരുന്നു പട്ടികജാതിക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ബില്ലിന്റെ അവതരണാനുമതി ചോദിച്ച സന്ദര്‍ഭത്തില്‍ നിയമസഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍. ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള കോളേജുകളിലെ അധ്യാപകരില്‍ ഒരാള്‍പോലും പട്ടിജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്ല! പിന്നെ മറ്റ് സ്വകാര്യ കോളേജുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.

1957ല്‍ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് നിയമസഭ പാസാക്കിയ വിദ്യാഭ്യാസ നിയമം വഴി സ്‌കൂള്‍ അധ്യാപക നിയമനം പൂര്‍ണമായും പബ്ലിക്ക് സര്‍വീസ് കമ്മീഷനില്‍ നിക്ഷിപ്തമാക്കിയിരുന്നു. ഈ നിയമത്തിന് എതിരായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിമോചന സമരം സംഘടിപ്പിക്കുകയും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തത്. പിന്നീട് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ തന്നെ റദ്ദാക്കി. അന്ന് ആ നിയമം നടപ്പാക്കപ്പെട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ എയ്ഡഡ് മേഖലയില്‍ പതിനായിരക്കണക്കിന് അധ്യാപകര്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ജോലിചെയ്യുമായിരുന്നു. ഇത് സാമൂഹ്യരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തേനെ.

നിയമസഭയില്‍ ഞാന്‍ ബില്ലവതരിപ്പിച്ചപ്പോള്‍ പട്ടികജാതിക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞത് ബില്ലിനോട് സര്‍ക്കാരിന് യോജിപ്പാണെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു. കോണ്‍ഗ്രസ് മാനിഫെസ്റ്റോവില്‍ പറഞ്ഞകാര്യം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു ഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്തുപോലും നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് ഇച്ഛാശക്തിയില്ലെന്നാണ് യു ഡി എഫ് ഗവണ്‍മെന്റിന്റെ നിലപാട് വ്യക്തമാക്കുന്നത്. സര്‍ക്കാരിന് വേണമെന്നുണ്ടെങ്കില്‍ ഞാനവതരിപ്പിച്ച ബില്ല് അംഗീകരിക്കാന്‍ തയ്യാറാവാം അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഇതിന് അനുസൃതമായ ഒരു ബില്ല് കൊണ്ടുവരാന്‍ തയ്യാറാവണമായിരുന്നു. എന്നാല്‍, യു ഡി എഫ് സര്‍ക്കാരിന്റെ നിലപാട് ഇതിനൊന്നും തയ്യാറല്ല എന്നാണ് വ്യക്തമാക്കുന്നത്.

4000കോടി രൂപയാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി നല്‍കുന്നത്. ഇതില്‍ 72 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും 78 ശതമാനത്തിലേറെ അധ്യാപകരും എയ്ഡഡ് മേഖലയിലാണ്. ഈ മേഖലയില്‍ യാതൊരു നിയന്ത്രണവും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഈ മേഖലയില്‍പ്പോലും സംവരണം ഉറപ്പുവരുത്താന്‍ തയ്യാറാവാത്ത ഒരു സര്‍ക്കാരിന് എങ്ങിനെയാണ് സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ കഴിയുക?

പട്ടികജാതി വിഭാഗത്തില്‍ നിന്ന് ബിരുദബിരുദാനന്തര കോഴ്‌സുകളിലായി ഇപ്പോള്‍ 30000ത്തോളംപേര്‍ പഠിക്കുന്നുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 3500ഓളം പേരും പഠനം നടത്തുന്നുണ്ട്. ഹയര്‍സെക്കണ്ടറി മേഖലയില്‍ നിന്ന് ഈ വര്‍ഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 22000പേര്‍ വിജയിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 2500പേരും വിജയിച്ചു. ഈ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനുള്ള മേഖലകള്‍ വളരെ കുറവുമാത്രമേ കേരളത്തിലുള്ളു. സ്വകാര്യസ്ഥാപനങ്ങളിലേക്ക് സംവരണം വ്യാപിക്കുന്നില്ലെങ്കില്‍ ഒരസംതൃപ്തവിഭാഗമാണ് ഈ വിഭാഗത്തിനിടയില്‍ വളര്‍ന്നുവരാന്‍ പോവുന്നത്. സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള വികസനം നടപ്പാക്കണമെങ്കില്‍ ഈ മേഖലയില്‍ പുതിയ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്. സര്‍വകലാശാലകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ ഇവയിലെല്ലാം സംവരണ തത്വം നടപ്പില്‍വരുത്തുന്നതിന് കാലതാമസം ഉണ്ടായിക്കൂട. ഇക്കാര്യത്തില്‍ നിയമം വഴി വ്യവസ്ഥ ചെയ്യുന്ന ഒരു നിയമ നിര്‍മാണത്തിന് വേണ്ടിയാണ് '2014ലെ കേരള സ്വാകാര്യസ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗങ്ങത്തില്‍പ്പെട്ടവര്‍ക്ക് സംവരണമേര്‍പ്പെടുത്തല്‍ ബില്‍' നിയമസഭയില്‍ അവതരിപ്പിച്ചുള്ളത്. 24 വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ബില്ല് നിയമസഭ അംഗീകരിച്ചാല്‍ സ്വകാര്യരംഗത്ത് വികസിച്ചുവരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിശ്ചിത ശതമാനം സംവരണം പട്ടിജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭ്യമാവും. ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഒഴിവുകള്‍ മനസിലാക്കാനും അതിലിടപെടാനും സഹായകമാവും വിധം വ്യവസ്ഥാപിതമായ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മീഷന്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നാണ് ബില്ലില്‍ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ നിയമനങ്ങളില്‍ ഇടപെടുന്നതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു കമ്മീഷനുണ്ടെങ്കില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളു.
നിയമസഭയില്‍ അവതരിപ്പിച്ച മറ്റ് സ്വകാര്യബില്ലുകളില്‍ നിന്ന് വ്യത്യസ്തമായി സഭയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള ശ്രദ്ധ ഈ ബില്ലിന് ലഭിക്കുകയുണ്ടായി. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനനുകൂലമാണെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ അതിപ്പോള്‍ നിയമമാക്കുന്നതിനെന്താണ് തടസമെന്നുള്ള ചോദ്യത്തിന് അവര്‍ക്കുത്തരമുണ്ടായില്ല. ഇലക്ഷന്‍ വരുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും അധികാരം കിട്ടിയാല്‍ വാഗ്ദാനങ്ങള്‍ മറക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നുള്ളതുകൊണ്ടാണ് ഈ പ്രശ്‌നത്തില്‍പ്പോലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നത്.

സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളിയെ ഒരു മുതലാളിയാണ് ചൂഷണം ചെയ്യുന്നതെങ്കില്‍ ദളിത് ജനവിഭാഗത്തെ സമൂഹത്തിലെ മേലാളന്‍മാര്‍ നൂറ്റാണ്ടുകളോളം കടുത്ത ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. അയിത്തജാതിക്കാരെ മനുഷ്യരായിപോലും പരിഗണിക്കാത്ത ഒരു സ്ഥിതിവിശേഷമാണ് കേരളത്തില്‍ ഒരു കാലഘട്ടംവരെ ഉണ്ടായിരുന്നത്. ജാതിയും അയിത്തംപോലുള്ള ഉച്ചനീചത്വങ്ങളുമുള്ള വ്യവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. എല്ലാറ്റിനും വിലക്ക് കല്‍പ്പിക്കപ്പെട്ട ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വന്നവരില്‍ നിന്നും ഉന്നത വിദ്യാഭ്യാസമുള്ളവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ ഇ എം എസ് ഗവണ്‍മെന്റ് തുടങ്ങിവെച്ച വിദ്യാഭ്യാസം സാര്‍വത്രികമാക്കല്‍ പ്രക്രിയയുടെ ഭഗമായിട്ടാണ്. അങ്ങനെ ഉന്നത വിദ്യാഭ്യാസം ലഭിച്ച പുതിയ ജനവിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇനിയും വിവേചനം തുടര്‍ന്നാല്‍ സാമൂഹ്യനീതി ഇവിടെ നടപ്പിലാക്കപ്പെടാന്‍ പോകുന്നില്ല. ഈ കാഴ്ചപ്പാടോടുകൂടിയാണ് നിയമസഭയില്‍ ഞാന്‍ ഈ ബില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇത് നിയമമാക്കി മാറ്റുന്നതിനുള്ള തുടര്‍ഇടപെടലുകള്‍ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ഈ ബില്‍ അംഗീകരിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ സന്നദ്ധമല്ലെങ്കിലും നാളെ ഒരു കാലത്ത് കേരളനിയമസഭ ഇത്തരമൊരു ബില്ല് അംഗീകരിക്കേണ്ടിവരും.

14-Jul-2014