സുധീരന് എന്താണ് പറയാനുള്ളത്?

നരേന്ദ്രമോഡിയെ സംബന്ധിച്ച ഫേസ്ബുക്ക് പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വേട്ടയാടുകയാണ് ഭരണകൂടം. ഡി വൈ എഫ് ഐയുടെ അലയമണ്‍ കണ്ണങ്കോട് യൂണിറ്റ് സെക്രട്ടറി രജീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത്. നരേന്ദ്രമോഡിയുടെ സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ നടപടി സ്വീകരിച്ചുകൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ്. ഇതിലൂടെ ഭറണകൂടത്തിന്റെ ഫാസിസ്റ്റ് പ്രവണതയാണ് പുറത്തുവരുന്നത്.

നരേന്ദ്രമോഡിയെ സംബന്ധിച്ച ഫേസ്ബുക്ക് പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വേട്ടയാടുകയാണ് ഭരണകൂടം. ഡി വൈ എഫ് ഐയുടെ അലയമണ്‍ കണ്ണങ്കോട് യൂണിറ്റ് സെക്രട്ടറി രജീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത്. നരേന്ദ്രമോഡിയുടെ സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ നടപടി സ്വീകരിച്ചുകൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ്. ഇതിലൂടെ ഭറണകൂടത്തിന്റെ ഫാസിസ്റ്റ് പ്രവണതയാണ് പുറത്തുവരുന്നത്.

നവ മാധ്യമങ്ങളിലൂടെ തങ്ങളുടെ ആവിഷ്‌കാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍, അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഈ നടപടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിന് മുമ്പ് കുന്ദംകുളത്ത് ഒരു കോളേജ് മാഗസിനില്‍ മോഡിക്കെതിരായുള്ള പരാമര്‍ശമുണ്ടെന്ന് പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇത്തരം നടപടികളിലൂടെ, പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണ് സംസ്ഥാനസര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കാഴ്ചപ്പാട്. പ്രധാനമന്ത്രി വിമര്‍ശനത്തിന് അതീതനല്ല. അദ്ദേഹത്തിന്റെ ഭൂതകാലമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. അത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ സംഘപരിവാരം കാണിക്കുന്ന അസഹിഷ്ണുതയാണ് സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാരും കാണിക്കുന്നത്.

പ്രസിദ്ധ എഴുത്തുകാരനും ചിന്തകനുമായ ബി രാജിവന്‍ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ പരാമര്‍ശം നടത്തിയപ്പോള്‍ ആര്‍ എസ് എസുകാര്‍ അദ്ദേഹത്തിനെതിരെ ആക്രോശം നടത്തിയിരുന്നു. നേരത്തെ യു ആര്‍ അനന്ദമൂര്‍ത്തിക്കെതിരായും ഇത്തരത്തിലുള്ള ഭീഷണികളും ആക്രോശങ്ങളും ആര്‍ എസ് എസ് നടത്തിയിട്ടുണ്ട്. തങ്ങളുടെ യഥാര്‍ത്ഥ നിറം വെളിപ്പെടുത്തുന്നവരുടെ നേരെ ആര്‍ എസ് എസ് സ്വീകരിക്കുന്ന അസഹിഷ്ണുതാ മനോഭാവം നമുക്ക് മനസിലാക്കാന്‍ സാധിക്കും. പക്ഷെ, സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരത്തിലുള്ള മനോഭാവം വച്ചുപുലര്‍ത്തുന്നത്?

ആര്‍ എസ് എസിന്റെ രീതികളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന മനോഭാവം സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കേണ്ട കാര്യമില്ല. ആര്‍ എസ് എസിന്റെ കണ്ണുകള്‍ക്ക് പകരം ജനാധിപത്യത്തിന്റെ കണ്ണുകളാണ് സര്‍ക്കാരിന് വേണ്ടത്. ഫേസ്ബുക്കില്‍ വരുന്ന പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടാവാം. അതിനെല്ലാം കേസെടുക്കാന്‍ തുടങ്ങിയാല്‍ എന്താവും അവസ്ഥ? ഈ സംഭവ വികാസങ്ങള്‍ അടിയന്തരാവസ്ഥയെയാണ് അനുസ്മരിപ്പിക്കുന്നത്.

പ്രസിദ്ധ ചലച്ചിത്ര നടന്‍ സുരേഷ്‌ഗോപിക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് നടപടികളെയും ഇത്തരുണത്തില്‍ കാണേണ്ടതുണ്ട്. സുരേഷ്‌ഗോപി ആറന്‍മുള വിമാനത്താവള പദ്ധതിയെ കുറിച്ച് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കോലം കത്തിക്കുക. വീട്ടിലേക്ക് മാര്‍ച്ച് നടത്തുക തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നടപടികളിലും പ്രകടമാവുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. ഇത്തരത്തില്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ മര്‍ക്കടമുഷ്ടി പ്രയോഗിക്കുകയും ഭരണസംവിധാനം ഉപയോഗിച്ച് ഭീകരത സൃഷ്ടിക്കുവാനുമുള്ള ശ്രമം മുളയില്‍തന്നെ നുള്ളിക്കളയേണ്ടതുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയാണോ എന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കണം. ഈ വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള ബാധ്യത വി എം സുധീരനുണ്ട്.

07-Aug-2014