മലബാറിന്റെ പിന്നോക്കാവസ്ഥ; മറ്റൊരു സംസ്ഥാനം പ്രതിവിധിയല്ല

മലബാറില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സഹകരണമേഖലയെയും സ്വകാര്യ നിക്ഷേപകരെയും ഉപയോഗിച്ചുകൊണ്ടുള്ള വ്യക്തവും സുസ്ഥിരവുമായ ഒരു വികസന പദ്ധതിക്ക് രൂപം കൊടുക്കുകയാണ് വേണ്ടത്. വികസന പദ്ധതികളില്‍ സാമൂഹ്യനിയന്ത്രണത്തിന് വിധേയമായി സ്വകാര്യ മേഖലയെയും പങ്കാളികളാക്കിക്കൊണ്ട് ഒരു സമഗ്രമായ വികസന നയം ആവിഷ്‌കരിക്കുന്നതിനുപകരം മലബാര്‍ സംസ്ഥാനത്തിനുവേണ്ടിയിട്ടുള്ള മുറവിളി, വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാന്‍ മാത്രമേ സഹായകമാവു. ഇതിന്റെ ആപത്ത് കണ്ടറിഞ്ഞുകൊണ്ട് കേരളത്തെ വിഭജിച്ച് വിവിധ കഷണങ്ങളാക്കാനുള്ള ഏതൊരു മുദ്രാവാക്യത്തെയും നിരുത്സാഹപ്പെടുത്തേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ്.

മലബാറിന്റെ പിന്നോക്കാവസ്ഥ മാറണമെങ്കില്‍ മലബാര്‍ സംസ്ഥാനം രൂപീകരിക്കുകമാത്രമേ വഴിയുള്ളൂ എന്ന മാധ്യമം ദിപത്രത്തിന്റെ എഡിറ്റര്‍ ഒ അബ്ദുറഹിമാന്റെ അഭിപ്രായം ജമാ അത്തെ ഇസ്ലാമി ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയമാണ്. നവമ്പര്‍ 23ന് മാധ്യമം കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ അധ്യക്ഷത വഹിച്ചുകൊണ്ടാണ് ഒ അബ്ദുറഹിമാന്‍ ഈ പ്രസ്താവന നടത്തിയത്.

ജമാ അത്തെ ഇസ്ലാമിയുടെ ഈ ആവശ്യം മുസ്ലീം തീവ്രവാദ സംഘടനയായ എസ് ഡി പി ഐയും ഉയര്‍ത്തിയിട്ടുണ്ട്. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു മലപ്പുറം ജില്ലാ ഹര്‍ത്താലും ഈയിടെ എസ് ഡി പി ഐ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉയര്‍ന്ന രൂപമായാണ് പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന വാദഗതി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും മുന്നോട്ടുവെക്കുന്ന ഈ ആശയം ആപല്‍ക്കരമായ മുദ്രാവാക്യമായും ഒരു വിഘടന പ്രസ്ഥാനമായും വളര്‍ന്നുവരാനുള്ള സാധ്യതയുണ്ട്.

സെമിനാറില്‍, ജമാ അത്തെ  ഇസ്ലാമിയുടെ മലബാര്‍ സംസ്ഥാനം എന്ന വാദഗതിയെ എനിക്ക് ശക്തമായി എതിര്‍ക്കേണ്ടി വന്നു. ഒരു പ്രദേശത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗം പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കലും പുതിയ ജില്ലകള്‍ രൂപീകരിക്കലുമല്ല. പ്രാദേശികമായി വികസന രംഗത്ത് വന്നുചേര്‍ന്ന അസന്തുലിതാവസ്ഥകളുടെ ഭാഗമായി  ഓരോ പ്രദേശത്തിന്റെയും വികസനം നടക്കണമെങ്കില്‍ പുതിയ ജില്ലകള്‍ വേണമെന്നും സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നുമുള്ള വാദഗതികള്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിത്. ഇതിന്റെ പിന്നില്‍ വര്‍ഗീയ വിഘടനശക്തികളാണുള്ളത്.

ഗൂര്‍ഖാലാന്റ്, ബോഡോലാന്റ്, തെലുങ്കാന, വിദര്‍ഭ, ദിമാലാന്‍ഡ് ഇങ്ങനെ നിരവധി പുതിയ സംസ്ഥാനങ്ങള്‍ വേണമെന്നുള്ള മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്. തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഈ വാദഗതികള്‍ കൂടുതല്‍ ശക്തിപ്പെട്ടുവരികയാണ്. ഭാഷാ സംസ്ഥാനമെന്ന സംവിധാനത്തെ തകര്‍ത്തുകൊണ്ട്, ദുര്‍ബലമായ സംസ്ഥാനങ്ങളും സുശക്തമായ കേന്ദ്രവുമെന്ന ആര്‍ എസ് എസ് ഉയര്‍ത്തുന്ന വാദഗതിതന്നെയാണ് മറ്റൊരു രൂപത്തില്‍ മുസ്ലീം തീവ്രവാദസംഘടനകളും ഇപ്പോള്‍ ഉയര്‍ത്തുന്നത്.

കേരളത്തിന്റെ അനുഭവം നോക്കിയാല്‍ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടി രൂപം കൊടുത്ത മലപ്പുറം ജില്ല, രൂപം കൊണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആളോഹരി വരുമാനത്തില്‍ ഇപ്പോഴും പതിനാലാം സ്ഥാനത്താണ് നില്‍ക്കുന്നത്. മലബാറിലെ മറ്റ് ജില്ലകള്‍ നോക്കിയാലും ആളോഹരി വരുമാനത്തില്‍ ഒമ്പതുമുതല്‍ പതിനാല് വരെ സ്ഥാനങ്ങളിലാണ് അവയുടെ സ്ഥിതി. കാസര്‍ഗോഡ്, വയനാട്, മലപ്പുറം ജില്ലകള്‍ മലബാര്‍ മേഖലയില്‍ രൂപംകൊണ്ടിട്ടും അവിടുത്തെ ജനങ്ങളുടെ ആളോഹരി വരുമാന്തതില്‍ വ്യത്യാസം ഉണ്ടായില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലബാര്‍ സംസ്ഥാനമെന്ന് നാമകരണം ചെയ്ത് ഒരു മുഖ്യമന്ത്രിയെയും കുറെ മന്ത്രിമാരെയും സൃഷ്ടിച്ചതുകൊണ്ട് മലബാറിന്റെ പിന്നോക്കാവസ്ഥ മാറാന്‍ പോകുന്നില്ല. ചരിത്രപരമായ കാരണങ്ങളാള്‍ തന്നെ മലബാര്‍പ്രദേശം പിന്നോക്കം നില്‍ക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ അനന്തരഫലമാണത്. ഇതില്‍ മാറ്റം വരുത്താനാണ് ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഭൂപരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോയത്.  മാത്രമല്ല, മലബാറിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു. വിമോചന സമരം സംഘടിപ്പിച്ച് ആ സര്‍ക്കാരിനെ താഴത്തിറക്കി അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് വിരുദ്ധ ഗവണ്‍മെന്റാണ് ഇ എം എസ് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെയെല്ലാം തകിടം മറിച്ചത്.

എല്‍ ഡി എഫ് ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്ന കാലങ്ങളില്‍ മാത്രമാണ് മലബാറിന്റെ വികസനത്തിനുവേണ്ടി പ്രത്യേകമായി പദ്ധതികള്‍ ആവിഷ്‌കരിച്ചത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ മലബാര്‍ പാക്കേജ് തന്നെ പ്രഖ്യാപിച്ചു. വികസനരംഗത്തെ പിന്നോക്കാവസ്ത പരിഹരിക്കാന്‍ ശക്തമായ ഇടപെടലുകളാണ് ഇടതുസര്‍ക്കാര്‍ നടത്തിയത്. ആ പദ്ധതികളെല്ലാം ഇപ്പോഴുള്ള യു ഡി എഫ് ഗവണ്‍മെന്റ് തകര്‍ത്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സഹകരണമേഖലയെയും സ്വകാര്യ നിക്ഷേപകരെയും ഉപയോഗിച്ചുകൊണ്ടുള്ള വ്യക്തവും സുസ്ഥിരവുമായ ഒരു വികസന പദ്ധതിക്ക് രൂപം കൊടുക്കുകയാണ് വേണ്ടത്. വികസന പദ്ധതികളില്‍ സാമൂഹ്യനിയന്ത്രണത്തിന് വിധേയമായി സ്വകാര്യ മേഖലയെയും പങ്കാളികളാക്കിക്കൊണ്ട് ഒരു സമഗ്രമായ വികസന നയം ആവിഷ്‌കരിക്കുന്നതിനുപകരം പുതിയ സംസ്ഥാനത്തിനുവേണ്ടിയിട്ടുള്ള മുറവിളി, വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കാന്‍ മാത്രമേ സഹായകമാവു. ഇതിന്റെ ആപത്ത് കണ്ടറിഞ്ഞുകൊണ്ട് കേരളത്തെ വിഭജിച്ച് വിവിധ കഷണങ്ങളാക്കാനുള്ള ഏതൊരു മുദ്രാവാക്യത്തെയും നിരുത്സാഹപ്പെടുത്തേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ്. ജമാ അത്തെ ഇസ്ലാമിയുടെയും എസ്് ഡി പി ഐയുടെയും ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പുരോഗമനകാംക്ഷികളായ കേരളീയരും ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.

 

https://www.facebook.com/kodiyeri.balakrishnan

0471-2305731

 

07-Dec-2013