മാനവ ഒരുമയ്ക്കായി കൈകളും ഹൃദയങ്ങളും ചേര്‍ത്തുപിടിക്കുക

ആവുന്നത്ര ഉച്ചത്തില്‍, നിശബ്ദമാക്കപ്പെടുന്നവരുടെ ശബ്ദമാവാന്‍ നമുക്ക് സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ചെറുതും വലുതുമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും അവധി കൊടുത്ത്, എല്ലാവര്‍ക്കും തുല്യ സ്വാതന്ത്ര്യവും അവകാശവുമുള്ള ഇന്ത്യക്കും ലോകത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുക, പൊരുതുക എന്ന ആശയത്തിന് പിന്നില്‍ അഭിപ്രായ ഐക്യത്തോടെ നമുക്ക് ഒന്നിക്കാം. മനുഷ്യ ഐക്യത്തിന്റെ ചെറുതും വലുതുമായ അര്‍ത്ഥഗംഭീരമായ സംഗമങ്ങള്‍ രൂപപ്പെടുത്തുക. അതിനായി ഒരുമിക്കുന്നത് തന്നെ ഒരു വലിയ സമരമാണ്.

മത സൗഹാര്‍ദ്ദത്തിന്റെ മഹാപ്രതീകമായ മഹാത്മാഗാന്ധി, മതഭ്രാന്തനായ നാഥുറാം വിനായക് ഗോഡ്‌സേയുടെ വെടിയേറ്റ് രക്തസാക്ഷിയായിട്ട് അറുപത്തിയേഴാണ്ട് തികയാന്‍ ഇനി ഒരു മാസവും പതിനൊന്ന് ദിവസവും മാത്രം. ഗാന്ധി വധത്തിന്റെ കാരണക്കാരെന്നതിനാല്‍ ആര്‍ എസ് എസിനെ പണ്ഡിറ്റ് നെഹ്രുവും സര്‍ദാര്‍ പട്ടേലും നേതൃത്വം നല്‍കിയ ഇന്ത്യ ഗവണ്‍മെന്റ് രാജ്യത്ത് നിരോധിച്ചു. അര്‍ധഫാസിസ്റ്റ് സംഘടനയുടെ നിഗൂഡതകളുടെ ആവരണം ഇന്നും അണിയുന്ന ആര്‍ എസ് എസ്, ഹിറ്റ്‌ലറുടെ സ്റ്റ്രോംട്രൂപ്പേഴ്‌സിനെ അനുസ്മരിപ്പിക്കുന്ന പ്രവര്‍ത്തന ശൈലികളും അര്‍ധസൈനിക ചിട്ടവട്ടങ്ങളും പിന്തുടരുന്നു. എണ്ണമറ്റ വര്‍ഗീയ കൂട്ടക്കുരുതികളിലും കലാപങ്ങളിലും ആസൂത്രകരായും കൈകാര്യ കര്‍ത്താക്കളായും പങ്കാളിത്തമുള്ള സംഘടനകൂടിയാണ് രാഷ്ട്രീയ സ്വയം സേവക സംഘം. ഇതൊക്കെ മറച്ചുപിടിക്കാനായി വലിയ പ്രചരണ ഘോഷത്തോടെ നടത്തുന്ന ചില ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുറംപൂച്ചിന്റെ ആവരണവും ഇവരെടുത്ത് അണിയാറുണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി ആര്‍ എസ് എസ് പ്രചാരകനാണെന്നത് പ്രസിദ്ധം. വ്യാജമായി സൃഷ്ടിക്കുന്ന വികസന പ്രചാരണ തിളക്കത്തിന്റെ അകമ്പടിയില്‍, മതാധിഷ്ടിതമായ ഹിന്ദുരാഷ്ട്ര നിര്‍മിതിയ്ക്കുവേണ്ടിയുള്ള കരുക്കള്‍ സമര്‍ത്ഥമായി നീക്കാനാണ് സ്വേച്ഛാധിപത്യപരമായി ഭരണാധികാരം ഉപയോഗിച്ച് ആര്‍ എസ് എസും നരേന്ദ്രമോഡിയും ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ സംഘപരിവാര പ്രമുഖരെ തിരുകി കയറ്റിയും പ്രലോഭന - പ്രീണന ഭീഷണികള്‍ തരാതരം പോലെ പ്രയോഗിച്ചും വിയോജിക്കുന്നവര്‍ക്ക് മടക്കമില്ലാ ടിക്കറ്റ് കൊടുത്തും വെടിവെച്ചുകൊന്നും അക്രമത്തിലൂടെയും കായിക ബലത്തിലൂടെയും ഇന്ത്യ എന്ന മഹത്തായ ആശയത്തെ ഉന്‍മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

നരേന്ദ്ര ധാബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഡോക്ടര്‍ കല്‍ബൂര്‍ഗിയും മുഹമ്മദ് അഖ്‌ലാക്കും അജ്ഞാത നാമധാരികളായ ദളിത് കുഞ്ഞുങ്ങളും സ്ത്രീകളും നിസഹായരുമുള്‍പ്പെടെ അസംഖ്യം രക്തസാക്ഷികള്‍ അത്യന്തം ഭീതിപരത്തുന്ന ഒരു സാഹചര്യത്തെ പറ്റി നമ്മോട് മന്ത്രിക്കുന്നു. ആവുന്നത്ര ഉച്ചത്തില്‍, നിശബ്ദമാക്കപ്പെടുന്നവരുടെ ശബ്ദമാവാന്‍ നമുക്ക് സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ചെറുതും വലുതുമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും അവധി കൊടുത്ത്, എല്ലാവര്‍ക്കും തുല്യ സ്വാതന്ത്ര്യവും അവകാശവുമുള്ള ഇന്ത്യക്കും ലോകത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുക, പൊരുതുക എന്ന ആശയത്തിന് പിന്നില്‍ അഭിപ്രായ ഐക്യത്തോടെ നമുക്ക് ഒന്നിക്കാം. മനുഷ്യ ഐക്യത്തിന്റെ ചെറുതും വലുതുമായ അര്‍ത്ഥഗംഭീരമായ സംഗമങ്ങള്‍ രൂപപ്പെടുത്തുക. അതിനായി ഒരുമിക്കുന്നത് തന്നെ ഒരു വലിയ സമരമാണ്.

18-Dec-2015