അമര്‍ന്നുകത്തുന്ന തീ, ആളിപ്പടരും

കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ പൊതുവില്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ്. ഭൂമിയും പാര്‍പ്പിടവും നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവരിലേക്ക് അവയൊന്നും പൂര്‍ണമായി എത്തിയിട്ടില്ല. പൊതുധാരയിലേക്ക് വരാതെ കഴിയുന്നത്ര തങ്ങളിലേക്ക് ഒതുങ്ങി ജീവിക്കുന്ന അവരുടെ രീതിയെ മാറ്റിപ്പണിയുക തന്നെ വേണം. അവരുടെ തനിമകളിലേക്ക് കടന്നുകയറാനല്ല, അതൊക്കെ അവരാഗ്രഹിക്കുന്ന വിധത്തിൽ നിലനിര്‍ത്തിക്കൊണ്ട് അവരെ മുഖ്യധാരയിലെ ജീവിത നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയേ മതിയാവൂ. അതിന് കൃത്യമായ വരുമാനം ഉറപ്പുവരുത്തണം. അതിനായി ഓരോ ആദിവാസി കുടുംബത്തിലേയും ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുവാന്‍ സാധിക്കും വിധത്തില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ നിയമന പ്രക്രിയയെ പ്രാപ്തമാക്കേണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഒരു ആദിവാസി കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാകുമ്പോള്‍ അതിലൂടെ ആ കുടുംബത്തിന്റെ ജീവിത പശ്ചാത്തലം മെച്ചപ്പെടും. ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ വിദ്യാഭ്യാസ കാര്യത്തിലടക്കം പിന്നോക്കം പോകുന്ന അവസ്ഥയെ മറികടക്കുവാന്‍ ഇതുവഴി സാധിക്കും. അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറാകുന്ന അവസ്ഥയും ഉണ്ടാകും. പഠിച്ച് മികവ് തെളിയിച്ചാല്‍ നല്ലൊരു സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന ഉറപ്പ് അവരുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റാന്‍ ഉപയുക്തമാവും. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിക്ക് മുടക്കിയ ആദിവാസി വിഭാഗത്തിലുള്ളവരെ കണ്ടെത്തി വിവിധ തലങ്ങളിലുള്ള തുല്യതാ പരീക്ഷകളിലൂടെ വിദ്യാഭ്യാസം നല്‍കുന്ന പരിപാടി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിക്കുന്നതിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. പലതരം ഇടപെടലുകള്‍ നടത്തിയിട്ടും കോടിക്കണക്കിന് രൂപ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിച്ചിട്ടും ഫലം കാണാത്ത പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ റിക്രീട്ട്‌മെന്റിനെ കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും.

ഇന്ത്യയിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ കടുത്ത ആക്രമണങ്ങളെയും വിവേചനങ്ങളെയുമാണ് അഭിമുഖീകരിക്കുന്നത്. സവര്‍ണാധിപത്യ പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന ബി ജെ പി ഭരണം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും  എതിരായ നയങ്ങളും നിലപാടുകളുമാണ് മുന്നോട്ടുവെക്കുന്നത്. ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് എന്ന സംഘടന  ജാതിവ്യവസ്ഥയെയും സാമൂഹ്യ അനാചാരങ്ങളെയും സംരക്ഷിക്കുന്നവരാണ്. എന്നാല്‍, തങ്ങള്‍ വളരെ സംസ്‌കാരസമ്പരാണെന്നും എല്ലാവരുമായും ഒത്തുപോവുന്നവരാണെന്നും വരുത്തി തീര്‍ക്കാനുള്ള ഗിമ്മിക്കുകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കയാണ് ഇപ്പോള്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവര്‍. അപ്പോഴും 'വിചാരധാര', 'നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു' എന്നീ ഗ്രന്ഥങ്ങളെ തന്നെയാണ് ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്ര സമീപനങ്ങള്‍ വ്യക്തമാക്കുന്നതിനായി ഉപയോഗിക്കുന്നത്. മനുസ്മൃതിയെയാണ് ഭരണഘടനയ്ക്ക് പകരം വെക്കാന്‍ ആര്‍ എസ് എസ് ആഗ്രഹിക്കുന്നത്. ഈ മനോഭാവവുമായി നില്‍ക്കുന്ന ആര്‍ എസ് എസിന് ജനാധിപത്യമെന്ന വാക്ക് ഉച്ചരിക്കാനുള്ള അവകാശമില്ല.

രാജ്യത്ത് ഓരോ 18 മിനിറ്റിലും പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കെതിരായ ഓരോ അക്രമം വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചത്ത പശുക്കളുടെ തോലെടുത്ത് ഉപജീവനം നടത്തിയ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ തൊഴില്‍രഹിതരായി. പശുവിന്റെ പേരില്‍ ദളിതര്‍ പലയിടങ്ങളിലും കൊല്ലപ്പെട്ടു. ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇടമില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണംതന്നെ എടുത്തുമാറ്റണമെന്നതാണ് സംഘപരിപാര്‍ നിലപാട്.  പടിഞ്ഞാറന്‍ യു പിയില്‍ പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ആയിരക്കണക്കിന് വീടുകള്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ടു. അംബേദ്കര്‍ സ്മരണയുമായി മഹാരാഷ്ട്രയിലെ കൊറഗാവില്‍ ഒത്തുചേര്‍ന്ന പട്ടികജാതിക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണം സര്‍ക്കാര്‍ പിന്തുണയോടുകൂടിയായിരുന്നു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലുള്ള വ്യത്യസ്തമായ ജാതികള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാനായി അവര്‍ക്കിടയില്‍ നുഴഞ്ഞുകയറിയുള്ള പ്രവര്‍ത്തനത്തിന് ആര്‍ എസ് എസ് സംഘപരിവാരം ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഇത്തരം അക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. അതിനാല്‍  ഇത്തരം വര്‍ഗീയ അതിക്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ പുരോഗമന പക്ഷത്തുനിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്.

ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുകയും നിയമന നിരോധനം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഇത് നവ ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. പല സംസ്ഥാനങ്ങളിലുമുള്ള പിന്നോക്ക ദളിത് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രാദേശിക പാര്‍ട്ടികള്‍ ഈ നയങ്ങളുടെ വക്താക്കളായി തന്നെയാണ് നില്‍ക്കുന്നത്. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം വഴി സംവരണം ഇല്ലാതാവുന്നത് അവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നിയമന നിരോധനവും സംവരണത്തെ പരിമിതപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍  പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ നിയമ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടികള്‍  സ്വീകരിക്കണം.

ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയായപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ലഭിക്കേണ്ട പദ്ധതി വിഹിതത്തില്‍ കുറവുവരുത്തി. ജനസംഖ്യാനുപാതികമായി പട്ടികജാതി വിഭാഗത്തിന് 16.6 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 8.6 ശതമാനവും പദ്ധതി വിഹിതം മാറ്റിവെക്കേണ്ടതുണ്ട്. എന്നാല്‍, നരേന്ദ്ര മോഡി സര്‍ക്കാര്‍ പട്ടികജാതി പ്രത്യേക ഘടകപദ്ധതിയില്‍ 46,385 കോടി രൂപയുടെ കുറവും പട്ടികവര്‍ഗ ഘടകപദ്ധതിയില്‍ 20,000 കോടി രൂപയുടെ കുറവും വരുത്തി. രാജ്യത്തെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ ആകെ ജനസംഖ്യയുടെ 25 ശതമാനമാണ്്. ഇവര്‍ക്കായി നീക്കിവച്ച പദ്ധതിവിഹിതം വെറും 10ശതമാനം മാത്രവും. പട്ടികജാതി പ്രത്യേകഘടക പദ്ധതി  നിര്‍ത്തലാക്കുവാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമാസകലം ഉയരുന്നത്.

നാട്ടില്‍ നിലന്നിരുന്ന സാമൂഹ്യ വിവേചനത്തിന്റേതായ നീതികളെ ചോദ്യം ചെയ്യാനും സമൂഹത്തില്‍ പുരോഗമനപരമായ മുന്നേറ്റമുണ്ടാക്കാനും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടുവന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ സഹായകമായിട്ടുണ്ട്. സാമൂഹ്യ വിവേചനങ്ങളുടെ അടിസ്ഥാനമായിരുന്നു ജന്മിത്ത ഭൂപ്രഭുത്വം. ജന്‍മിത്വ ശക്തികളുടെ സാമ്പത്തികാടിത്തറ തകര്‍ക്കുന്ന സമരങ്ങളുമായി രാജ്യത്തെ പല മുന്നേറ്റങ്ങളെയും കണ്ണി ചേര്‍ക്കാന്‍ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. എന്നാല്‍, കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ശക്തമായി ഇടപെട്ടു. ഭൂപരിഷ്‌കരണം നടപ്പിലാക്കിയതിലൂടെ ജന്മിത്തത്തിന്റെ സാമ്പത്തികാടിത്തറ ഇവിടെ തകര്‍ത്തു. അതിലൂടെ ജാതിവിവേചനത്തിന്റെ രൂക്ഷതയെ ദുര്‍ബലപ്പെടുത്താന്‍ സാധിച്ചു. ആധുനിക ജനാധിപത്യ സമൂഹത്തിന്റെ രൂപീകരണത്തിനാണ് ഇത് വഴിവെച്ചത്. 1957 ലെ ഭൂപരിഷ്‌കരണ നിയമത്തിലൂടെ മിച്ചഭൂമി പിടിച്ചെടുത്ത് പട്ടികജാതി വിഭാഗത്തിലുള്ളവരുള്‍പ്പെടെയുള്ള കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കാനുള്ള നടപടിയാണ് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, വിമോചന സമരത്തെ  തുടര്‍ന്ന് അധികാരത്തിലേറിയ  വലതുപക്ഷ സര്‍ക്കാരുകള്‍ മിച്ചഭൂമി ഇല്ലാതാക്കാനുള്ള നിയമനടപടികള്‍ സ്വീകരിച്ചു. കേരളത്തിലെ പട്ടികജാതി -പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് തടസ്സമായി നിന്നത് ഈ വലതുപക്ഷ സര്‍ക്കാരുകളുടെ നിലപാടാണ്. 1967 ല്‍ അധികാരത്തിലിരുന്ന സര്‍ക്കാരാണ് പട്ടികജാതി  വിഭാഗത്തിന് മുന്‍ഗണന നല്‍കി കുടികിടപ്പവകാശം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. കേരളം തീക്ഷ്ണമായ സമരവഴികളിലൂടെ കടന്നുപോയ ഘട്ടം കൂടിയായിരുന്നു അത്. കര്‍ഷക തൊഴിലാളി യൂണിയനും കര്‍ഷകസംഘവും ചേര്‍ന്ന് കുടികിടപ്പിനുവേണ്ടിയും പിന്നീട് മിച്ചഭൂമിക്ക് വേണ്ടിയും  നടത്തിയ നിരവധി സമരങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പകര്‍ന്ന ആശ്വാസം ചില്ലറയായിരുന്നില്ല.

പൊതുവിദ്യാഭ്യാസം, പൊതു ആരോഗ്യ സംവിധാനം, സാമൂഹ്യ സുരക്ഷാപദ്ധതികളുടെ രക്ഷാവലയം തുടങ്ങിയ നടപടികള്‍ കേരളത്തിലെ പട്ടികജാതി ജനതയുടെ ജീവിതത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് ഒരു പരിധിവരെ സഹായിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ മെച്ചപ്പെട്ട ജീവിതം കേരളത്തിലെ പട്ടികജാതി ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഇത് ഇടയാക്കി. എങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തിന്റെ വികാസവുമായി തട്ടിച്ചു നോക്കിയാല്‍ പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം പിന്നോക്കം തന്നെയാണെന്ന് കാണാം. ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയെന്നതാണ് നവകേരള സൃഷ്ടിക്ക് പ്രധാനമായും ചെയ്യേണ്ട കാര്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിത പരിസരത്തെ പ്രത്യേകം തന്നെ പരിഗണിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. കേരളത്തിലെ ആദിവാസി വിഭാഗത്തിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടം വഴി നടത്തിയ ഇടപെടലുകള്‍ ഇന്നും എവിടെയും എത്തിയിട്ടില്ല. ആദിവാസി വിഭാഗങ്ങളിലുള്ളവരുടെ ജീവിത പരിസരം ഏകമുഖമായ ഒന്നല്ല. ആദിവാസികള്‍ക്കിടയിലുള്ള വിവിധ ഗോത്ര വിഭാഗങ്ങള്‍ വ്യത്യസ്തമായ ജീവിതപരിസരങ്ങളില്‍ പുലരുന്നവരാണ്. അവരുടെ ആവശ്യങ്ങളും ജീവിത രീതികളും വിഭിന്നങ്ങളാണ്. അവയെ മനസിലാക്കിയുള്ള ഇടപെടലാണ് ആവശ്യമായുള്ളത്. അത്തരത്തിലുള്ള ഇടപെടലിന് പലപ്പോഴും ഭരണകൂടത്തിന് സാധിക്കാറില്ല. കേരളത്തില്‍ ഇടത് വലത് മുന്നണി സര്‍ക്കാരുകള്‍ മാറി മാറി വരുന്നത് നിമിത്തം പട്ടികവര്‍ഗ മേഖലയില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന മുന്നേറ്റങ്ങളെ പാടേ ഇല്ലാതാക്കുന്ന ഭരണനിര്‍വഹണ രീതികളാണ് വലതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കാറ്. അത് പലപ്പോഴും അഴിമതിയുടെ കൂടി കൂത്തരങ്ങായി മാറാറുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് കുറച്ചുകൂടി ഊന്നല്‍ നല്‍കുന്നത് നന്നായിരിക്കും. ഇടതുഭരണ തുടര്‍ച്ചയിലൂടെ മാത്രമേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളു. 

കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ പൊതുവില്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ്. ഭൂമിയും പാര്‍പ്പിടവും നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവരിലേക്ക് അവയൊന്നും പൂര്‍ണമായി എത്തിയിട്ടില്ല. പൊതുധാരയിലേക്ക് വരാതെ കഴിയുന്നത്ര തങ്ങളിലേക്ക് ഒതുങ്ങി ജീവിക്കുന്ന അവരുടെ രീതിയെ മാറ്റിപ്പണിയുക തന്നെ വേണം. അവരുടെ തനിമകളിലേക്ക് കടന്നുകയറാനല്ല, അതൊക്കെ അവരാഗ്രഹിക്കുന്ന വിധത്തിൽ നിലനിര്‍ത്തിക്കൊണ്ട് അവരെ മുഖ്യധാരയിലെ ജീവിത നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയേ മതിയാവൂ. അതിന് കൃത്യമായ വരുമാനം ഉറപ്പുവരുത്തണം. അതിനായി ഓരോ ആദിവാസി കുടുംബത്തിലേയും ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുവാന്‍ സാധിക്കും വിധത്തില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ നിയമന പ്രക്രിയയെ പ്രാപ്തമാക്കേണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഒരു ആദിവാസി കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാകുമ്പോള്‍ അതിലൂടെ ആ കുടുംബത്തിന്റെ ജീവിത പശ്ചാത്തലം മെച്ചപ്പെടും. ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ വിദ്യാഭ്യാസ കാര്യത്തിലടക്കം പിന്നോക്കം പോകുന്ന അവസ്ഥയെ മറികടക്കുവാന്‍ ഇതുവഴി സാധിക്കും. അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറാകുന്ന അവസ്ഥയും ഉണ്ടാകും. പഠിച്ച് മികവ് തെളിയിച്ചാല്‍ നല്ലൊരു സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന ഉറപ്പ് അവരുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റാന്‍ ഉപയുക്തമാവും. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിക്ക് മുടക്കിയ ആദിവാസി വിഭാഗത്തിലുള്ളവരെ കണ്ടെത്തി വിവിധ തലങ്ങളിലുള്ള തുല്യതാ പരീക്ഷകളിലൂടെ വിദ്യാഭ്യാസം നല്‍കുന്ന പരിപാടി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിക്കുന്നതിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. പലതരം ഇടപെടലുകള്‍ നടത്തിയിട്ടും കോടിക്കണക്കിന് രൂപ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിച്ചിട്ടും ഫലം കാണാത്ത പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ റിക്രീട്ട്‌മെന്റിനെ കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും.

ദാരിദ്ര്യാവസ്ഥയിലുള്ള നിരവധി പട്ടികജാതി കുടുംബങ്ങള്‍ കോളനികളിലും മറ്റുമായി ഇന്നും നമ്മുടെ സംസ്ഥാനത്തുണ്ട്. അവര്‍ക്ക് ഭൂമിയോ നല്ലൊരു വീടോ ഇല്ല. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലികാണും. മിക്കവാറും തൂപ്പുജോലി പോലുള്ള ജോലിയാവും അത്. അവര്‍ക്ക് മാസത്തില്‍ വേതനം ലഭിക്കുമെങ്കിലും അത് ആ കുടുംബത്തിന്റെ സകല ചെലവുകള്‍ക്കും തികയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തിലുള്ള പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ലഭിക്കുന്നതിന് കുടുംബാംഗത്തിനുള്ള സര്‍ക്കാര്‍ ഉദ്യോഗം തടസമാവുന്നതായി കാണാനാവും. സര്‍ക്കാര്‍ ജോലിയുള്ള കുടുംബത്തിന് ഒരു സര്‍ക്കാര്‍ ആനുകൂല്യവും ലഭിക്കുവാനുള്ള യോഗ്യതയില്ല എന്നതാണ് മാനദണ്ഢം. കൂട്ടുകുടുംബം പോലെ നിരവധി അംഗസംഖ്യയുള്ള റേഷന്‍ കാര്‍ഡിലെ ഒരാള്‍ക്ക് തുച്ഛവേതനമുള്ള സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍  ആ കുടുംബത്തിന് അവകാശപ്പെട്ട ഭൂമിയോ, വീടോ ലഭ്യമാകില്ല എന്ന അവസ്ഥ പഠനവിധേയമാക്കേണ്ടതാണ്.  പട്ടികജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്നത് മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താനാണെങ്കിലും മുകളില്‍ പറഞ്ഞതുപോലുള്ള അവസ്ഥ ഉദ്ദേശിച്ചതിന്റെ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള മാനദണഡങ്ങള്‍ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ ജീവിതത്തെ എന്നും ദാരിദ്ര്യവല്‍ക്കരിച്ചുകൊണ്ടിരിക്കും. അതിനെ മറികടക്കാനുള്ള നടപടികളും കേരളത്തിന് ആവശ്യമാണ്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പട്ടികജാതി ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ കണ്ട് ഇടപെടുന്നുണ്ട്. വിദ്യാഭ്യാസ ആനുകൂല്യവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ച് സര്‍ക്കാര്‍  സ്വീകരിക്കുന്ന  നിലപാടുകള്‍  അഭിനന്ദനാര്‍ഹമാണ്. പട്ടികജാതി വിഭാഗത്തിനുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 25 ശതമാനം ഉയര്‍ത്താനായി. ഈ മേഖലയില്‍ ചികിത്സാധനസഹായമായി 58.45 കോടി രൂപ നല്‍കി. 250 പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിന് ഏര്‍പ്പെടുത്തിയ അംബേദ്കര്‍ പദ്ധതിയും ശ്രദ്ധേയമായി. ഈ മേഖലയിലെ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്  സര്‍ക്കാരിന് കഴിഞ്ഞു.  ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പൂജാരികളാക്കിയും ദേവസ്വം ബോര്‍ഡുകളില്‍ സംവരണം ഏര്‍പ്പെടുത്തിയും ശക്തമായ ചുവടുവയ്പ്പ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

സാമൂഹ്യനീതിയുടെ പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തിന്റെ ഭാഗമായി കണ്ട് പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ സവിശേഷ പ്രാധാന്യത്തോടെ ഇടപെടുന്നതിന്റെ ആവശ്യകത പുതിയ കാഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമാവുന്നുണ്ട്. ഇവിടെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ എല്ലാ മുന്നേറ്റങ്ങളേയും തകര്‍ത്തുതരിപ്പണമാക്കുന്ന നിലപാട് സ്വീകരിക്കുന്ന ആര്‍ എസ് എസ് നയിക്കുന്ന ബി ജെ പി സംഘപരിവാര്‍ ശക്തികളെ എതിര്‍ക്കാനോ, രാജ്യത്തെ ഇത്തരമൊരവസ്ഥയിലേക്ക് കൊണ്ടെത്തിച്ച കോണ്‍ഗ്രസിന്റെ നയങ്ങളെ തുറന്നുകാട്ടാനോ തയ്യാറാകാതെ ഇടതുപക്ഷത്തെ സ്വത്വരാഷ്ട്രീയത്തിന്റെ മറവില്‍ എതിര്‍ക്കുന്ന ചില സംഘടനകള്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമല്ല കേരളമെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. സമരങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ നടത്തി, കുത്തക മാധ്യമങ്ങളുടെ സഹായത്തോടെ അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അജണ്ടകള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള ആവശ്യങ്ങളെ അപ്രസക്തമാക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മേല്‍കൈയില്‍ ഇവിടെയുണ്ടായ സാമൂഹ്യ മുന്നേറ്റങ്ങളെ നിഷേധിച്ച് സംഘപരിവാറിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഈ വിഭാഗത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്. വെല്‍ഫെയര്‍ പാര്‍ടി, എസ്ഡിപിഐ, മാവോയിസ്റ്റുകള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന  മുന്‍ നക്‌സലൈറ്റുകളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളമെല്ലാം സ്വത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി  ഇടതുപക്ഷത്തെ  ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. വടയമ്പാടിയിലെ പൊതുയിടം കൈയേറിയ സംഭവത്തിലൊക്കെ അവരുടെ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ അവരുടെ നിലപാട് മനസിലാക്കാന്‍ സാധിക്കും.   വടയമ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുകയാണ് പുരോഗമന പ്രസ്ഥാനം ചെയ്തത്. അവിടെയുണ്ടായിരുന്ന പൊതുമൈതാനം പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുമുണ്ട് എന്നിട്ടും ആ പ്രശ്‌നത്തിന്റെ പേരിലും പുരോഗമന പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനും ദളിത് വിരുദ്ധരെന്ന് പ്രചരിപ്പിക്കാനുമുള്ള പദ്ധതികളാണ് സ്വരാഷ്ട്രീയക്കാര്‍ നടപ്പിലാക്കിയത്.

ഇടതുപക്ഷ മനസ്സുള്ള കേരളത്തില്‍ സ്വത്വ രാഷ്ട്രീയം ഇടതുപക്ഷമാണെന്ന തോന്നല്‍ പൊതുസമൂഹത്തിലുണ്ടാക്കി, കമ്യൂണിസ്റ്റ് പാര്‍ടിയെയും വര്‍ഗബഹുജനസംഘടനകളെയും നിരന്തരം വിമര്‍ശിച്ച് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് സ്വത്വ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗപരമായി ഒത്തുനില്‍ക്കേണ്ട ദുര്‍ബല ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, ധനമൂലധന ശക്തികള്‍ക്കും തീവ്ര വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെയും ഉയരേണ്ട കരുത്തുറ്റ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നത്.  ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാനുള്ള ബോധപൂര്‍വശ്രമങ്ങളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്.

കേരളത്തിലെ അവസ്ഥയല്ല മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്. ജന്‍മിത്വ ഭൂപ്രഭുത്വവും അയിത്തവും അനാചാരങ്ങളും കൊടികുത്തിവാഴുന്ന നിരവധി പ്രദേശങ്ങള്‍ രാജ്‌യ്തതിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. രാജ്യത്ത് ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് യു പിയിലും ബീഹാറിലുമാണെന്ന് നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 9.5 ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നത് യു പിയിലാണ്. ദളിതര്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 10,426 കേസുകളാണ് യു പിയില്‍ രജിസ്റ്റര്‍ ചെയ്തത്. യുപിയില്‍ 2016ല്‍ ഉണ്ടായിരുന്നതിനേക്കാളും 42 ശതമാനത്തിന്റെ വര്‍ധനയാണ് 2017ല്‍ ഉണ്ടായത്. രണ്ടാം സ്ഥാനത്തുള്ള ബീഹാറില്‍ 5,701 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 5134 കേസുകളുമായി രാജസ്ഥാനാണ് തൊട്ടുപിറകിലുള്ളത്.

സാമൂഹ്യസാമ്പത്തിക സര്‍വേയില്‍ സൂചിപ്പിക്കുന്നത് 1.80 ലക്ഷം ദളിത് കുടുംബങ്ങള്‍ മലം ചുമന്നും കക്കൂസ് കഴുകിയും തോട്ടിപ്പണിയെടുത്ത് ജീവിക്കുന്നുണ്ട് എന്നാണ്. ഒരു കക്കൂസ് കഴുകിയാല്‍ 10 രൂപയാണ് ലഭിക്കുക. ആ ജോലിയിലേര്‍പ്പെടുന്ന 10.74 ലക്ഷം പേര്‍ മോഡിയുടെ തിളങ്ങുന്ന ഇന്ത്യയിലുണ്ട്. പട്ടികജാതി വിഭാഗത്തിലുള്ള മുഷാഹിറുകളാണെങ്കില്‍ വയലുകളില്‍ പതിയിരുന്ന് എലികളെ പിടിച്ചുഭക്ഷിച്ച് ജീവിതം നിലനിര്‍ത്തുന്നവരാണ്. അവര്‍ക്ക് പോഷകാഹാരം എത്തിക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്നില്ല.

പട്ടികജാതി- പട്ടികവര്‍ഗങ്ങളിലുള്ളവരുടെ പ്രതിഷേധം അമര്‍ന്നുകത്തുന്ന തീപോലെ രാജ്യമാകെ ഉയരുന്നുണ്ട്. അത് ആളിപ്പടരാന്‍ പോവുകയാണ്. മധ്യപ്രദേശില്‍ നടന്ന മൈലാമുക്തിയാത്രയും ഗുജറാത്തിലെ അസ്മിത യാത്രയുമൊക്കെ ചരിത്രത്തിന്റെ തിളക്കമുള്ള അധ്യായങ്ങളാണ്. മധ്യപ്രദേശിലെ സുജാപുരില്‍ പതിമൂന്ന് വനിതകള്‍ തോട്ടിപ്പണിക്കുപയോഗിക്കുന്ന കുട്ടകള്‍ കൂട്ടിയിട്ട് കത്തിച്ച് ഇനി തോട്ടിപ്പണിക്കില്ലെന്ന് പ്രഖ്യാപിച്ചതും അഹമ്മദാബാദില്‍നിന്ന് 340 കിലോമീറ്റര്‍ സഞ്ചരിച്ച് ഉനയിലെത്തിയ ദളിതര്‍ ആക്രമണങ്ങളില്‍നിന്ന് മോചനം ആവശ്യപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയതും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലുള്ള ജനവിഭാഗങ്ങളും കൂടിയുള്ള കര്‍ഷക തൊഴിലാളികളും ദരിദ്രകര്‍ഷകരും കിസാന്‍ ലോംഗ് മാര്‍ച്ചില്‍ പങ്കാളികളായതും രാജ്യം കണ്ടു. 

ഗുജറാത്തില്‍ ഒരുതുണ്ട് ഭൂമിക്കായുള്ള പ്രക്ഷോഭത്തിനിടെയാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകത്തൊഴിലാളി വിഷം കഴിച്ച് ആത്മഹത്യചെയ്തത്. കലക്ടറേറ്റിന് മുന്നില്‍ നിരന്തരം സമരം നടത്തിയിട്ടും കലക്ടറോ മറ്റുദ്യോഗസ്ഥരോ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മൂന്ന് കര്‍ഷകത്തൊഴിലാളികള്‍ വിഷംകഴിച്ച് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും പാര്‍മര്‍ രക്തസാക്ഷിയായി. കോണ്‍ഗ്രസും ബിജെപിയും മാറിമാറി ഭരിച്ച ഗുജറാത്തില്‍ ഇന്നും ദളിതര്‍ക്ക് ഭൂമിയില്ല. ഗ്രാമീണജീവിതത്തിന്റെ കടിഞ്ഞാണ്‍ ഭൂവുടമകളായ സവര്‍ണരുടെ കൈകളിലാണ്. ജന്‍മിത്വ ഭൂപ്രഭുത്വമാണ് അവിടെ നിലനില്‍ക്കുന്നത്. 35 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന സാന്‍ധ എന്ന ഗുജറാത്ത് ഗ്രാമത്തിലെ ഭൂമി മുഴുവന്‍ സവര്‍ണ ഭൂവുടമകളുടെ കൈവശമാണ്. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക്് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച അഞ്ചേക്കര്‍ ഭൂമി വിതരണംചെയ്യണമെന്നതായിരുന്നു രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെയും ദളിത്‌ശോഷന്‍ മഞ്ചിന്റെയും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്റെയും കിസാന്‍സഭയുടെയും മറ്റും ആവശ്യം. പക്ഷെ, അതിനായുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. 

ജാര്‍ഖണ്ഡിലെ ദഡികലയിലെ ആദിവാസികളായ കര്‍ഷകത്തൊഴിലാളികള്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ്. ആദിവാസി വിഭാഗത്തിലുള്ള ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ കുട്ടികലായിരുന്നു. തൊട്ടടുത്ത പ്രദേശമായ ഛത്രയില്‍ എന്‍ടിപിസി സ്ഥാപിക്കുന്ന താപനിലയത്തിനുവേണ്ടി കല്‍ക്കരിഖനി നിര്‍മിക്കുന്നതിനായി ഗ്രാമത്തിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെയായിരുന്നു കര്‍ഷകത്തൊഴിലാളികളായ ആദിവാസികളും ദരിദ്രകര്‍ഷകരും സമരമുഖത്തേക്ക് വന്നത്. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ഉപേക്ഷിച്ച് വച്ചുനീട്ടുന്ന പിച്ചപ്പണവും വാങ്ങി പോകണമെന്നായിരുന്നു രഘുബര്‍ദാസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ നിലപാട്.

ആദിവാസികളുടെ ഭൂമി അവര്‍ക്കായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഛോട്ടേ നാഗ്പുര്‍ കുടിയാന്‍നിയമവും സാന്താള്‍ പര്‍ഗാന കുടിയാന്‍നിയമവും ഭേദഗതിചെയ്യുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയതോടെയാണ് ആദിവാസി കര്‍ഷകത്തൊഴിലാളികളും ദരിദ്രകര്‍ഷകരും സര്‍ക്കാരുംതമ്മില്‍ സംഘര്‍ഷത്തിലാകുന്നത്. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങളുടെ കൃഷിഭൂമി കോര്‍പറേറ്റുകളുടെ വാണിജ്യ–വ്യവസായ– റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കായി കൈമാറാന്‍വേണ്ടിയാണ് ഈ ഭേദഗതി കൊണ്ടുവരുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണവസ്ഥ. കോണ്‍ഗ്രസ് സര്‍ക്കാരുകളും ഈ നിപാടുതന്നെയാണ് വെച്ചുപുലര്‍ത്തുന്നത്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ചത്ത പശുവിന്റെ വിലപോലും നല്‍കാത്ത ജാതിവ്യവസ്ഥയെയും ജന്‍മിത്വ ഭൂപ്രഭുത്വത്തെയും താങ്ങിനിര്‍ത്തുന്ന ഭരണമാണ് മോഡിയുടേത്. അധികാരത്തിലെത്താന്‍ വര്‍ഗീയശക്തികള്‍ ജാതിയെ സമര്‍ഥമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളുടെ ഈ രീതിശാസ്ത്രം ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ജാതിവ്യവസ്ഥയെ പോഷിപ്പിച്ച് കര്‍ഷകത്തൊഴിലാളികളടക്കമുള്ള നിസ്വവര്‍ഗത്തെ വിഘടിപ്പിച്ച് വര്‍ഗപരമായി സംഘടിക്കാന്‍ അനുവദിക്കാതെ നിരന്തരം ചൂഷണംചെയ്യുന്ന രീതിയാണ് മുതലാളിത്തശക്തികള്‍ സ്വീകരിക്കുന്നത്. അതിനാല്‍ ജാതിവ്യവസ്ഥയ്‌ക്കെതിരായ സമരം മുതലാളിത്തവ്യവസ്ഥയ്‌ക്കെതിരായ സമരംകൂടിയാണ്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരം നടക്കുന്ന ക്രൂരമായ പീഡനത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ഇടതുപക്ഷം രാജ്യവ്യാപകമായി പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്. അമര്‍ന്നുകത്തുന്ന പ്രതിഷേധാഗ്നിയെ ആളിക്കത്തിക്കുന്ന വര്‍ഗസമരത്തിന്റെ പുതിയ അധ്യായങ്ങളാണ് രാജ്യം രചിക്കാന്‍ പോവുന്നത്.   





28-Sep-2018