കാര്‍ഷിക കേരളം സാധ്യമാക്കാന്‍

 
കേരളത്തെ ഞെരിച്ചു കൊല്ലുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ മെയ് പതിനാറാം തീയതി കേരളം വിധിയെഴുതേണ്ടതുണ്ട്. നാടിന്റെ ജീവന്‍ നിലനിര്‍ത്താന്‍, ഇവിടെയുള്ള സാധാരണക്കാരുടെ ജീവിതം തിരിച്ചുപിടിക്കാന്‍ തീര്‍ച്ചയായും ഇടതുപക്ഷം വിജയിക്കണം. നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും പ്രകൃതി സമ്പത്തുകളും നമ്മുടെ പൂര്‍വ്വികര്‍ നമുക്കായി കരുതിവെച്ചതാണ്. അവര്‍ നടത്തിയ സമരങ്ങളുടെയും, രക്തസാക്ഷിത്വങ്ങളുടെയും, മണ്ണിനോടും പ്രകൃതിയോടും ആവാസ വ്യവസ്ഥയോടുമുള്ള കരുതല്‍ കലര്‍ന്ന മനോഭാവത്തിന്റെയും ഫലമാണ് ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളില്‍ മിക്കതും. അവയൊക്കെ ഇല്ലാതാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഇവിടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. വരും തലമുറയെ കുറിച്ച് യു ഡി എഫുകാര്‍ ചിന്തിക്കുന്നേയില്ല. നമ്മുടെ നാടിന്റെ നന്‍മകളും പ്രകൃതിയും സംസ്‌കാരവും ലോകമാകെ അംഗീകരിച്ച കേരളാമോഡല്‍ മുന്നേറ്റങ്ങളും സംരക്ഷിക്കാനുള്ള, വരും തലമുറയ്ക്ക് വേണ്ടി കാത്തുവെക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. നമ്മളത് നിറവേറ്റുക തന്നെ വേണം. 

കറുത്തകാലം എന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹികാവസ്ഥ കേരളത്തിന് സമ്മാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. നിരാലംബര്‍ക്ക്, പാവങ്ങള്‍ക്ക്, കര്‍ഷക തൊഴിലാളികള്‍ക്ക് ജീവിക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഈ നാട്ടില്‍ സൃഷ്ടിച്ചത്. എന്തിനും ഏതിനും തീവില. പച്ചക്കറിയ്ക്കും പലവ്യഞ്ജനത്തിനും പാലിനുമെല്ലാം പൊള്ളുന്ന വില. പുഴ്ത്തിവെയ്പ്പും കരിഞ്ചന്തയും നടത്താന്‍ സര്‍ക്കാരിന്റെ ഒത്താശയുമുണ്ട്. പൊതുവിതരണ ശൃംഘലയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊളിച്ചടുക്കി. സിവില്‍ സപ്ലൈസിന്റെ വില്‍പ്പനശാലകള്‍ ഓരോന്നായി അടച്ചുപൂട്ടുന്നു. കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകള്‍ക്ക് താഴിടുന്നു. പൊതുവിപണിയുമായി വില വ്യത്യാസം ഇല്ലാത്തത് കൊണ്ട് റേഷന്‍കടകളിലും, മവേലി സ്റ്റോറിലും, ത്രിവേണി സ്റ്റോറിലും ജനങ്ങള്‍ കയറാതായി. പാവപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്ക്, ദളിതര്‍ക്ക്, ആദിവാസികള്‍ക്ക് ജീവിതം നിഷേധിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

നിത്യോപയോഗ സാധനങ്ങളുടെ വില തോന്നുംപോലെ വര്‍ധിപ്പിച്ചപ്പോള്‍, കര്‍ഷക തൊഴിലാളികളടക്കമുള്ളവര്‍ക്ക് തൊഴില്‍ ദിനങ്ങളുണ്ടാക്കുന്ന കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. പാടങ്ങളടക്കം സര്‍വ്വ കൃഷിഭൂമികളും ഭൂമാഫിയക്ക് വേണ്ടി വിട്ടുകൊടുക്കുന്ന നയമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. വിലക്കയറ്റത്തിന് ആനുപാതികമായി തൊഴിലാളിക്ക് കൂലി ലഭിക്കുന്നുണ്ടോ, തൊഴില്‍ ലഭിക്കുന്നുണ്ടോ എന്നത് യു ഡി എഫ് സര്‍ക്കാര്‍ അന്വേഷിച്ചില്ല. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കര്‍ഷകത്തൊഴിലാളി മേഖല കൂടുതല്‍ ആകര്‍ഷണീയമാക്കും. നിശ്ചിത ദിവസം തൊഴിലുറപ്പും വരുമാനവും, ആരോഗ്യ സംരക്ഷണവും, കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും ഇടതുസര്‍ക്കാര്‍ ഉറപ്പുവരുത്തും. ആധുനിക കൃഷി സങ്കേതങ്ങളില്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി മെച്ചപ്പെട്ട സേവനം കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും നേരിട്ട് കൃഷി ചെയ്യുന്നതിനും വേണ്ടിയുള്ള 'ഹരിതസേന'യ്ക്ക് സംസ്ഥാനത്ത് തുടക്കമിടും. കര്‍ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാനകമ്മറ്റി, കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കാനായി നടത്തിയ സംസ്ഥാനജാഥയിലെ പ്രധാനമുദ്രാവാക്യമായ ഗ്രീന്‍ആര്‍മിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്. കര്‍ഷക തൊഴിലാളികള്‍ക്ക് തൊഴിലും മാസവരുമാനവും ഇതിലൂടെ ഉറപ്പാക്കപ്പെടും. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണമെന്ന കെ എസ് കെ ടിയുവിന്റെ മുദ്രവാക്യം ഇടതുപക്ഷ മുന്നണി യാഥാര്‍ത്ഥ്യമാക്കുമെന്നതും ഉറപ്പാണ്.

പ്രകൃതിദത്തമായ ജലസംഭരണി കൂടിയായ നെല്‍വയലുകള്‍ സംരക്ഷിക്കുന്നത് നമ്മുടെ പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണമായി കണ്ട് വിസ്തൃതിക്കനുസരിച്ച് നിലം ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കുമെന്ന എല്‍ ഡി എഫിന്റെ നയം പ്രാവര്‍ത്തികമാകുമ്പോള്‍ ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ചുകൊണ്ട് നെല്‍വയലുകള്‍ സംസ്ഥാനത്തെ സംരക്ഷിത നെല്‍പ്രദേശങ്ങളായി മാറും. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍മൂലം നീര്‍ത്തടാധിഷ്ഠിത ആസൂത്രണം കാര്‍ഷിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ ജലസംഭരണികളും ജലനിര്‍ഗമന ചാലുകളും മണ്ണ് സംരക്ഷണ നിര്‍മ്മിതികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെയാണ് ഉപയോഗപ്പെടുത്തുക. അതുവഴി 100 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുമ്പോള്‍ പാവങ്ങള്‍ക്ക് അതും ഒരാശ്വാസമായി മാറും. ഇന്ന് അത്യുഷ്ണത്തിന്റെ പിടിയില്‍ കേരളം അകപ്പെട്ടുപോയത് തലതിരിഞ്ഞ വികസനസങ്കല്‍പ്പങ്ങളുടെ ഭാഗമായാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മുന്‍പ് ധൃതിപിടിച്ച് പുറത്തിറക്കിയ 822 കടുംവെട്ടുത്തരവുകള്‍ ആ വികസന സങ്കല്‍പ്പത്തിന്റെ ഭാഗമായുള്ളതാണ്. ഏക്കര്‍കണക്കിന് കായല്‍നിലങ്ങളും തണ്ണീര്‍ത്തടങ്ങളും കോര്‍പ്പറേറ്റുകള്‍ക്കും ഭൂമാഫിയക്കും തീറെഴുതിയ സര്‍ക്കാരാണ് ഇത്. ഇനിയും അത് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. നമ്മുടെ പ്രകൃതിയെ എതിന്റെ എല്ലാ നന്‍മയോടും കൂടി തിരികെ പിടിക്കുന്നതിനൊപ്പം സുസ്ഥിരവികസനത്തിന്റെ പുതിയ കേരളഗാഥകള്‍ സൃഷ്ടിക്കാന്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നേ മതിയാവൂ.

ഇടതുപക്ഷം ദുര്‍ബല ജനവിഭാഗങ്ങളുടെ ഹൃദയപക്ഷമാണ്. നിരാലംബരുടെയും പാവപ്പെട്ടവരുടെയും വേദന തിരിച്ചറിയണമെങ്കില്‍ അവരുടെ പക്ഷത്ത് നില്‍ക്കേണ്ടതുണ്ട്. ഒരിക്കലും യു ഡി എഫ് സര്‍ക്കാരിന് അത് സാധിച്ചിട്ടില്ല. അവര്‍ അതിസമ്പന്നര്‍ക്ക് വേണ്ടിയാണ് ഭരിച്ചത്. കര്‍ഷക തൊഴിലാളി പെന്‍ഷനടക്കം സകല ക്ഷേമപെന്‍ഷനുകളും അട്ടിമറിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മനസ്താപമില്ലാത്തത് അതുകൊണ്ടാണ്. തുച്ഛമായ പെന്‍ഷന്‍തുകയെ മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഉറ്റുനോക്കിയിരിക്കുന്ന പതിനായിരങ്ങളുള്ള നാടാണ് നമ്മുടേത്. ഇവര്‍ക്ക് കൈതാങ്ങാവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സാധിച്ചില്ല. സര്‍ക്കാരിന്റെ കണക്ക് പ്രകാരം 34,47,187 പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ട്. അതില്‍ 23,57,544 പേര്‍ സ്ത്രീകളാണ്. 5,03,417പര്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരാണ്. പട്ടികജാതി വിഭാഗത്തില്‍ 1,16,220 പേരും പട്ടിക വര്‍ഗവിഭാഗത്തില്‍ 55,530 പേരും ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണ്. ഈ പാവങ്ങള്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ തുകയാണ് യു ഡി എഫ് സര്‍ക്കാര്‍ തട്ടിപ്പറിച്ചത്. 2,400 കോടിയാണ് പെന്‍ഷന്‍ കുടിശ്ശിക. കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് സാമൂഹ്യക്ഷേമ പെന്‍ഷനുകളൊന്നും തന്നെ കുടിശ്ശിക വരുത്തിയിരുന്നില്ല. ഉത്സവകാലത്ത് കര്‍ഷക തൊഴിലാളി ക്ഷേമ പെന്‍ഷന്‍ മുന്‍കൂറായി നല്‍കി. എന്നാല്‍, യു ഡി എഫ് സര്‍ക്കാര്‍ വന്നതുമുതല്‍ കുടിശ്ശികയാണ്. കെഎസ്‌കെടിയു പ്രക്ഷോഭത്തിനിറങ്ങിയാല്‍ ചില ഗഡുക്കള്‍ നല്‍കും. അപ്പോഴും കുടിശ്ശിക തീര്‍ത്ത് കൊടുക്കില്ല. ക്ഷേമപെന്‍ഷനുകള്‍ പോസ്റ്റുമാന്‍ വീട്ടിലെത്തി കൈകളിലേല്‍പ്പിക്കുന്ന പതിവും ഇല്ലാതാക്കി. പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് വേണം. സാമൂഹ്യക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും അവശരാണ്. പലരും കിടപ്പ് ചികിത്സയിലുള്ളവരാണ്. നടക്കുവാനോ, യാത്രചെയ്യാനോ സാധിക്കാത്തവരൊക്കെ ബാങ്കില്‍ പോയി എങ്ങനെ പെന്‍ഷന്‍ വാങ്ങും? ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനല്ലാതെ മറ്റെന്തിനാണ്? മണിയോര്‍ഡറായി വീട്ടില്‍ കിട്ടിയ പെന്‍ഷനാണ് യുഡിഎഫ് സര്‍ക്കാര്‍ കൈയ്യില്‍കിട്ടാത്ത വിധത്തിലാക്കിയത്. പെന്‍ഷന്‍തുകയായി വണ്ടിചെക്ക് കിട്ടിയ കാര്യവും പലരും പങ്കുവെക്കുന്നുണ്ട്. ഇതാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണം.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ആദ്യവര്‍ഷം തന്നെ മിനിമം ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ മിനിമം പെന്‍ഷനു പുറമെ തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് സ്ഥിരവരുമാനക്കാര്‍ക്ക്, ഓരോ മാസവും അധികതുക അടച്ച് അംഗമാകാന്‍ പറ്റുന്ന കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുമുണ്ടാക്കാവുന്ന സംവിധാനവും ഏര്‍പ്പെടുത്തും. ക്ഷേമ പെന്‍ഷനുകള്‍ കുടിശിക വരുത്താതെ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം. ഇവ നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നതിനുള്ള സംവിധാനവും എല്‍ ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കും. ഈ ഉറപ്പ് കാണാതെപോകാന്‍ കര്‍ഷക തൊഴിലാളികള്‍ക്കും മറ്റ് സാമൂഹ്യക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്കും സാധിക്കുകയില്ല.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ തകര്‍ക്കാനുള്ള പരിശ്രമങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുകയുണ്ടായി. എല്ലാ തൊഴില്‍ മേഖലകള്‍ക്കും കൂടി ഒരൊറ്റ ക്ഷേമനിധി മതിയെന്ന ഉട്ട്യോപ്യന്‍ പരിഷ്‌കാരത്തിനായി അവര്‍ ശ്രമിച്ചു. അത്തരം സംസാരം തുടങ്ങിയപ്പോള്‍ തന്നെ കെ എസ് കെ ടി യു ശക്തമായ നിലപാടെടുത്തു. യു ഡി എഫ് സര്‍ക്കാര്‍ ആ നീക്കത്തില്‍ പിന്തിരിഞ്ഞു. നിലവില്‍ ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശ്ശിക 200 കോടിയിലധികം വരും. അഞ്ചുവര്‍ഷത്തിനിടയില്‍ യുഡിഎഫ് ഒരു രൂപയുടെ ആനുകുല്യം പോലും വിതരണം ചെയ്തിട്ടില്ല. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെ മുഴുവന്‍ ക്ഷേമനിധി വലയത്തില്‍ കൊണ്ടുവരും. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം അമ്പതുലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ത്തും. കര്‍ഷകത്തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ എല്ലാ കൂലിവേലക്കാരെയും ബി.പി.എല്‍ ആയി കണക്കാക്കി സാമൂഹ്യസുരക്ഷാ വലയത്തില്‍ കൊണ്ടുവരാന്‍ തയ്യാറാവും. ക്ഷേമനിധി അംഗങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സും നല്‍കും. ഈ ഉറപ്പ് എല്‍ ഡി എഫിന് മാത്രമേ നല്‍കാന്‍ സാധിക്കുന്നുള്ളു എന്നത് ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത ആരോടാണെന്നത് വിളിച്ചുപറയുന്നുണ്ട്.

നമുക്ക് വേണ്ടത് പുതിയൊരു കേരളമാണ്. അഭ്യസ്തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന സംസ്ഥാനമാവണം നമ്മുടേത്. കാര്‍ഷിക മേഖലയുടെയും വ്യവസായങ്ങളുടെയും വളര്‍ച്ചയോടൊപ്പം പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ- സാമൂഹ്യ-സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ അടിത്തറയായ പൊതുവിദ്യാഭ്യാസം തുടങ്ങിയുള്ള പൊതുസംവിധാനങ്ങള്‍ സംരക്ഷിക്കുകയും അവയുടെ ഗുണനിലവാരം ഉയര്‍ത്തുകയും വേണം. നാട്ടിലെ അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കണം. അതിന് ഇച്ഛാശക്തിയുള്ള ഒരു ഗവണ്‍മെന്റ് ആവശ്യമാണ്. ഇടതുപക്ഷ ഗവണ്‍മെന്റ് ആവശ്യമാണ്.

കേരളത്തെ ഞെരിച്ചു കൊല്ലുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ മെയ് പതിനാറാം തീയതി കേരളം വിധിയെഴുതേണ്ടതുണ്ട്. നാടിന്റെ ജീവന്‍ നിലനിര്‍ത്താന്‍, ഇവിടെയുള്ള സാധാരണക്കാരുടെ ജീവിതം തിരിച്ചുപിടിക്കാന്‍ തീര്‍ച്ചയായും ഇടതുപക്ഷം വിജയിക്കണം. നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും പ്രകൃതി സമ്പത്തുകളും നമ്മുടെ പൂര്‍വ്വികര്‍ നമുക്കായി കരുതിവെച്ചതാണ്. അവര്‍ നടത്തിയ സമരങ്ങളുടെയും, രക്തസാക്ഷിത്വങ്ങളുടെയും, മണ്ണിനോടും പ്രകൃതിയോടും ആവാസ വ്യവസ്ഥയോടുമുള്ള കരുതല്‍ കലര്‍ന്ന മനോഭാവത്തിന്റെയും ഫലമാണ് ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളില്‍ മിക്കതും. അവയൊക്കെ ഇല്ലാതാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഇവിടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. വരും തലമുറയെ കുറിച്ച് യു ഡി എഫുകാര്‍ ചിന്തിക്കുന്നേയില്ല. നമ്മുടെ നാടിന്റെ നന്‍മകളും പ്രകൃതിയും സംസ്‌കാരവും ലോകമാകെ അംഗീകരിച്ച കേരളാമോഡല്‍ മുന്നേറ്റങ്ങളും സംരക്ഷിക്കാനുള്ള, വരും തലമുറയ്ക്ക് വേണ്ടി കാത്തുവെക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. നമ്മളത് നിറവേറ്റുക തന്നെ വേണം. ഈ നാടിന്റെ ഭാവി ശോഭനമാക്കണം. അതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാന്‍ കര്‍ഷക തൊഴിലാളികളും അവശരെയും ആര്‍ത്തരേയും ദീനാനുകമ്പയോടെ വീക്ഷിക്കുന്ന എല്ലാ സുമനസുകളും തയ്യാറാവണം. ഇടതുപക്ഷം വന്നാല്‍ എല്ലാം ശരിയാവും.

15-May-2016