പടയൊരുക്കത്തിന് ചിതയൊരുങ്ങിയതെങ്ങനെ?

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിന് ഒരു വിട്ടുവീഴ്ചയുമില്ല. അത് ജനങ്ങള്‍ നന്നായി മനസിലാക്കുന്നുണ്ട്. അതിനാലാണ് യു ഡി എഫ് ഛിന്നഭിന്നമാവുന്നത്. നേതാക്കള്‍ മാത്രമല്ല, അണികളും യു ഡി എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോകുന്നു. ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ സോളാര്‍ കമ്മീഷന്റെ പരാമര്‍ശങ്ങള്‍ പച്ചകുത്തി നടക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും അവര്‍ നേതൃത്വം കൊടുക്കുന്ന മുന്നണിക്കും സാധിക്കില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തിരിച്ചറിയാന്‍ പറ്റും. അതുകൊണ്ട് അനിവാര്യമായി പതനത്തെ അഭിമുഖീകരിക്കുകയാണ് കോണ്‍ഗ്രസും യു ഡി എഫും. പടയൊരുക്കം തുടങ്ങുമ്പോള്‍ പിണറായി സര്‍ക്കാരിനെ വീഴ്ത്തുമെന്ന് വെല്ലുവിളിച്ച രമേശ് ചെന്നിത്തല, യു ഡി എഫിന്റെ ചിതയൊരുക്കത്തിനാണ് ഇപ്പോള്‍ സാക്ഷിയാവുന്നത്.

യു ഡി എഫിന്റെ ദയനീയമായ വര്‍ത്തമാനമാണ് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നായകനുമായ രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' എന്ന ജാഥ റദ്ദ് ചെയ്തതിലൂടെ വ്യക്തമാവുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടിയും യു ഡി എഫും അപ്രസക്തമായതുകൊണ്ടാണ് ആ ജാഥയുടെ സമാപന ദിവസം പൊതുസമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തത്. രാഹുല്‍ഗാന്ധി പടയൊരുക്കത്തിന്റെ സമാപന വേദിയില്‍ എത്താതിരുന്നതിലൂടെ സോളാര്‍ കമ്മീഷന്‍ പേര് പരാമര്‍ശിച്ച യു ഡി എഫിലെപുഴുക്കുത്തുകളുടെ കൂടെ വേദി പങ്കിടാനുള്ള വൈമനസ്യം കൂടിയാണ് പൊതുസമൂഹത്തോട് പങ്കുവെക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പടയൊരുക്കം ആരംഭിക്കുന്ന വേളയില്‍ വെല്ലുവിളിച്ചത്, ഈ ജാഥ തലസ്ഥാനത്ത് എത്തുമ്പോഴേക്കും പിണറായി വിജയന്‍ നയിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഉണ്ടാകില്ല എന്നായിരുന്നു. സര്‍ക്കാരിന് ഒന്നും സംഭവിച്ചില്ല. പക്ഷെ, പടയൊരുക്കം നിര്‍ത്തിവെക്കുന്നു എന്ന് പ്രസ്താവനയിറക്കാന്‍ ജാഥാ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തല തന്നെ നിര്‍ബന്ധിതനായി. ഛിന്നഭിന്നമാകുന്ന യു ഡി എഫിനെ തന്റെ സാന്നിധ്യം കൊണ്ട് ശക്തിപ്പെടുത്താനാവില്ലെന്ന തിരിച്ചറിവ് കൂടി ഉള്ളതുകൊണ്ടാവും രാഹുല്‍ ഗാന്ധി പടയൊരുക്കത്തിന്റെ വേദിയില്‍ നിന്നും വിട്ടുനിന്നത്. ക്ഷീണം മാറ്റാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷനെ കേരളത്തിലെത്തിക്കാന്‍ കേരളത്തിലെ യു ഡി എഫ് നേതൃത്വമാകെ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇനി രാഹുല്‍ ഗാന്ധി ഇവിടേക്ക് വന്നാലും അദ്ദേഹം പൊതുസമൂഹത്തിന് നല്‍കിയ സന്ദേശം പ്രസക്തമായി തന്നെ നില്‍ക്കും.

പടയൊരുക്കം തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും യു ഡി എഫിനകത്ത് പാളയത്തില്‍പ്പട എന്ന നിലയിലേക്ക് കാര്യങ്ങള്‍ മുന്നേറി. യു ഡി എഫിന്റെ രാജ്യസഭാ എം പിയായി പാര്‍ലമെന്റില്‍ എത്തിയ എം പി വീരേന്ദ്രകുമാര്‍ എം പി, തന്റെ എം പി സ്ഥാനം രാജിവെക്കുന്ന കാര്യം പ്രഖ്യാപിച്ചു. യു ഡി എഫ് നല്‍കിയ സ്ഥാനമായതുകൊണ്ട് എം പി സ്ഥാനം രാജിവെക്കരുതെന്ന് യു ഡി എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും നിലപാടില്‍ നിന്ന് പിറകോട്ട് പോകാന്‍ വീരേന്ദ്രകുമാര്‍ തയ്യാറായില്ല. യു ഡി എഫില്‍ നിന്നും വീരേന്ദ്രകുമാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നീതി ലഭിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ വീരേന്ദ്രകുമാറിനെ കാലുവാരിയതുമൂലമാണ് അദ്ദേഹത്തിന് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ആ തോല്‍വിയെ പറ്റി അന്വേഷിക്കാന്‍ ആര്‍ ബാലകൃഷ്ണപിള്ള അധ്യക്ഷനായി ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. യു ഡി എഫിലെ അനൈക്യവും കോണ്‍ഗ്രസ് കാലുവാരിയതുമാണ് തോല്‍വിക്ക് കാരണമായതെന്ന് ആ കമ്മറ്റി, റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കി. ആ റിപ്പോര്‍ട്ട് യു ഡി എഫ് മൂടിവെക്കുകയാണ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും ജെ ഡി യുവിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് യത്‌നിച്ചത് മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നതാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയില്‍, വിരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് എല്‍ ഡി എഫിലുണ്ടായിരുന്നപ്പോള്‍ ലഭിച്ച സീറ്റിന്റെ മൂന്നിലൊന്ന് പോലും ലഭിച്ചില്ല. അന്ന് വീരേന്ദ്രകുമാറും ജെ ഡി യുവും പ്രതിഷേധിച്ചിരുന്നു. ഒന്നും വിലപോയില്ല.

കേന്ദ്രത്തില്‍ നിതീഷ്‌കുമാര്‍ ബി ജെ പിയുമായി കൈകോര്‍ത്തപ്പോള്‍, വര്‍ഗീയ ശക്തികള്‍ക്കെതിരെ നിലപാടെടുത്തുനില്‍ക്കുന്ന വീരേന്ദ്രകുമാറിന് ജെ ഡി യുവിന്റെ ഭാഗമായി നില്‍ക്കുന്നതില്‍ വൈമനസ്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതിനാലാണ് ജെ ഡി യു വിന്റെ എം പി എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഇരിക്കാന്‍ വയ്യെന്ന തീരുമാനം കൈക്കൊള്ളുന്നതെന്നാണ് വിശദീകരണം. പക്ഷെ, അതിനപ്പുറത്താണ് കാര്യങ്ങള്‍. കോണ്‍ഗ്രസ് പാര്‍ടി ദിനം പ്രതി കാവിയില്‍ മുങ്ങുകയാണ്.

കോണ്‍ഗ്രസിന് സാന്നിധ്യമുള്ള എല്ലാ മേഖലയിലും ബി ജെ പിയിലേക്കുള്ള കാലുമാറ്റം സജീവമാവുകയാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയിരിക്കുന്നു. ഈ പ്രതിച്ഛായ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതേയില്ല. രാജീവ് ഗാന്ധി 1989ല്‍ രാമരാജ്യം വാഗ്ദാനംചെയ്ത് അയോധ്യ ക്ഷേത്രത്തില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചതിന് സമാനമായാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ദ്വാരകയില്‍ ഒരു ക്ഷേത്രത്തില്‍ നിന്നും തന്റെ പ്രചാരണപരിപാടികള്‍ക്ക് തുടക്കമിട്ടത്. കേരത്തിലും  കോണ്‍ഗ്രസ് പിന്തുടരുന്നത് ഇതേ രീതിയാണ്. ഇടതുപക്ഷത്തെ എതിര്‍ക്കേണ്ട സമയങ്ങളില്‍ സംഘപരിവാര്‍ സഹായം തേടുന്ന രീതി കോണ്‍ഗ്രസിനും യു ഡി എഫിനും പണ്ടേ ഉണ്ട്. ബേപ്പൂരില്‍ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും മുസ്‌ളിംലീഗിനെയും വിദഗ്ധമായി ഉപയോഗിച്ച യു ഡി എഫ് ചരിത്രം മറക്കാവുന്ന ഒന്നല്ല. അന്ന് ഭോപാലില്‍ കോണ്‍ഗ്രസ് ഹിന്ദുത്വവുമായി മല്ലയുദ്ധം നടത്തുമ്പോഴായിരുന്നു കേരളത്തില്‍ ഹിന്ദുത്വക്ക് പിന്നാലെ പോയത്. ഇന്‍ഡോറിലെയും ധറിലെയും മാണ്ഡുവിലെയും സംസ്ഥാന,ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ളിംവിഭാഗത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. മുസ്‌ളിംവിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു ഗ്രാമം ഒരുവിഭാഗം ചുട്ടെരിച്ചിട്ടും ഹിന്ദുവിഭാഗത്തിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ മുഹമ്മദ് കമ്രാന്‍ പറഞ്ഞത്. രാജസ്ഥാനിലെയും സ്ഥിതി വ്യത്യസ്തമല്ല. 2011ല്‍ ഗോപാല്‍ഗഡില്‍ പത്ത് മുസ്‌ളിങ്ങളെ പൊലീസുകാര്‍ വെടിവച്ചുകൊന്നപ്പോള്‍, ഡല്‍ഹിയില്‍നിന്ന് ഏതാനും മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന പ്രദേശമായിട്ടും രാഹുല്‍ ഗാന്ധിയോ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരമോ അവിടേക്ക് പോകാന്‍ തയ്യാറായില്ല. ഒരു പള്ളിയില്‍ കടന്ന് പൊലീസ് വെടിയുതിര്‍ത്തത് ഇന്ത്യയില്‍ ആദ്യസംഭവമായിരുന്നു. കോണ്‍ഗ്രസിനെ അതൊന്നും അലട്ടുന്നില്ല എന്നത് അതീവഗുരുതരമായ ഒരു വിഷയം തന്നെയാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധി സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുണ്ടായ വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവായ രന്ദീപ് സുര്‍ജോവാല പറഞ്ഞത് രാഹുല്‍ഗാന്ധി പൂണൂല്‍ ധരിക്കുന്ന ഒന്നാംതരം ബ്രാഹ്മണനാണെന്നാണ്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സംഘപരിവാരത്തെ പോലും തോല്‍പ്പിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഇത്തരത്തില്‍ സംഘപരിവാറിന്റെ ബി ടീമായി നില്‍ക്കുന്ന, നവ ഉദാരവല്‍ക്കരണ-സ്വകാര്യ വല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കാന്‍ ബി ജെ പിയോട് മത്സരിക്കുന്ന കോണ്‍ഗ്രസില്‍ നിന്നും അവര്‍ നയിക്കുന്ന മുന്നണിയില്‍ നിന്നും വിടപറഞ്ഞ് ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തേക്ക് വിവേചന ശേഷിയുള്ളവര്‍ വരുന്നത് സ്വാഭാവികമാണ്.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിന് ഒരു വിട്ടുവീഴ്ചയുമില്ല. അത് ജനങ്ങള്‍ നന്നായി മനസിലാക്കുന്നുണ്ട്. അതിനാലാണ് യു ഡി എഫ് ഛിന്നഭിന്നമാവുന്നത്. നേതാക്കള്‍ മാത്രമല്ല, അണികളും യു ഡി എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോകുന്നു. ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ സോളാര്‍ കമ്മീഷന്റെ പരാമര്‍ശങ്ങള്‍ പച്ചകുത്തി നടക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും അവര്‍ നേതൃത്വം കൊടുക്കുന്ന മുന്നണിക്കും സാധിക്കില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തിരിച്ചറിയാന്‍ പറ്റും. അതുകൊണ്ട് അനിവാര്യമായി പതനത്തെ അഭിമുഖീകരിക്കുകയാണ് കോണ്‍ഗ്രസും യു ഡി എഫും. പടയൊരുക്കം തുടങ്ങുമ്പോള്‍ പിണറായി സര്‍ക്കാരിനെ വീഴ്ത്തുമെന്ന് വെല്ലുവിളിച്ച രമേശ് ചെന്നിത്തല, യു ഡി എഫിന്റെ ചിതയൊരുക്കത്തിനാണ് ഇപ്പോള്‍ സാക്ഷിയാവുന്നത്.

01-Dec-2017

Comments

 
0    2022-07-15 08:54:04
 
 
0    2021-09-30 23:52:07
 
 
0    2018-07-17 03:24:14
 
 
0    2018-06-23 03:45:28
 
 
0    2018-06-04 10:04:13
 
 
0    2018-05-13 09:25:50
 
 
0    2018-04-15 19:57:28
 
 
0    2018-03-30 11:05:24
 
 
0    2018-01-24 07:29:11
 
 
0    2018-01-08 12:21:51
 
 
0    2018-01-08 12:21:44
 

സംവാദത്തിലേക്ക്‌ സ്വാഗതം

പേര് *

ഇ-മെയില്‍ വിലാസം*

മൊബൈല്‍ നമ്പര്‍*

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...