കത്തുന്ന നിലവിളക്ക്
മുനാസ് കെ പി
ഈ പുകിലും പൊല്ലാപ്പുമൊക്കെ കാണുമ്പോള്‍ നമുക്കൂ തോന്നുക ഇസ്ലാം മുസ്ലിങ്ങളോട് ആകെ പറഞ്ഞ കാര്യം നിലവിളക്ക് കത്തിക്കരുത് എന്ന് മാത്രം ആണെന്നാണ്. ഈ പുണ്യ മാസത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ മാത്രം അവരുടെ സകാത്ത് (നിര്‍ബന്ധ ദാനം) കണക്കു വെട്ടിക്കാതെ കൊടുക്കാന്‍ തയ്യാറായാല്‍, കേരളത്തിലെ പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് മികച്ച ജീവിത ചുറ്റുപാട് ഒരുക്കാന്‍ സാധിക്കും. വീട്ടിലും ലോക്കറുകളിലും അടച്ചുപൂട്ടി വെച്ച സ്വര്‍ണത്തിന് ആനുപാതികമായി സക്കാത്ത് കൊടുക്കാതെ, പലിശ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലും അതിനു നേതൃത്വം കൊടുക്കുന്നതിലും ഒരു അനിസ്ലാമികതയും കാണാതെ, സ്ത്രീധനം എന്ന മഹാവിപത്ത് അനിസ്ലാമികം എന്ന് പ്രഖ്യാപിക്കാതെ, ജീവിതത്തില്‍ വിശുദ്ധി ഉണ്ട് എന്ന് ഉറപ്പു വരുത്താതെ നിലവിളക്കിന് പിന്നാലെ കൂടിയിരുക്കുന്നവര് ആരും ഈ സമൂഹത്തിനും ലോകത്തിനും ഗുണം ചെയ്യുന്നവര്‍ അല്ല! അത് ഞാന്‍ ആയാലും വലിയ മമ്മൂട്ടി ആയാലും!!! |
വീണ്ടും നിലവിളക്ക് 'കത്തുന്നു'. ഇക്കുറിയും കഥയുടെ ഒരു ഭാഗത്ത് അബ്ദു റബ്ബ് തന്നെ, പക്ഷെ മറുഭാഗത്ത് നല്ല ലക്ഷണമൊത്ത മുസല്മാന് ആണ്. ലക്ഷണമൊത്ത എന്ന് പറയുമ്പോള്‍ ശരിക്കും ലക്ഷണം ഒത്തത് എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ നല്ല ഒന്നാം തരം മാപ്പിള! കൂടെ ന്യൂനപക്ഷ സംവരണം ഉറപ്പു വരുത്താന്‍ കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്ത്തകന് കൂടി ആയ പി ജെ കുര്യന് സാറും ഉണ്ട്!
ആദ്യം ആയി ഈ നിലവിളക്ക് വിവാദം ഞാന്‍ കേട്ടത് പണ്ട് മറ്റൊരു മുസ്ലിം ലീഗ് മന്ത്രി നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സമയത്ത് ആണ്. അതിനു മുമ്പ് എന്റെ വീട്ടില്‍ നിലവിളക്ക് ഉണ്ടായിരുന്നു. മാസത്തില്‍ ഒരിക്കല്‍ അലൂമിനിയം പാത്രങ്ങള്‍ തലച്ചുമടായി കൊണ്ട് വന്നിരുന്ന ഒരു അശ്രഫ്കാന്റെ അടുത്ത് നിന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാസ തവണ അടിസ്ഥാനത്തില്‍ ആയിരുന്നു എന്റെ ഉമ്മ അത് വാങ്ങി എന്റെ വീട്ടില്‍ വെച്ചത്. രബീഉല്‍ അവ്വല്‍ മാസങ്ങളിലെ മൗലീദ് പാരായണസദസ്സില് അത് കത്തിച്ചു വെക്കാറുണ്ടായിരുന്നു. തിരി കത്തിക്കുന്ന 'കനാലി'ലെ വെളിച്ചെണ്ണ തൊട്ടു മൂര്‍ധാവില്‍ തേച്ചു തരാറുണ്ടായിരുന്നു അന്ന്. ഈ വിളക്കിലെ വെളിച്ചെണ്ണ തലയില്‍ തേക്കുന്ന പരിപാടി എന്റെ തൊട്ടടുത്ത പ്രദേശങ്ങളിലെ മഖാമുകള്‍ ആയ പുറത്തീല്‍, കടാങ്കോട് എന്നിവിടങ്ങളിലും പത്താം രാവും പതിനാലാം രാവും എന്റെ പ്രദേശത്തെ പള്ളിയില്‍ തന്നെ നടത്തപ്പെട്ടിരുന്ന റാതീബിലും ഒക്കെ സാധാരണ നടന്നിരുന്ന സംഭവങ്ങള്‍ മാത്രം ആയിരുന്നു (ഇപ്പോഴും ഉണ്ടോ എന്ന് അറിയില്ല).
നിലവിളക്ക് കൊളുത്തുന്നത് ഒരു ഇസ്ലാം മത വിശ്വാസിക്ക് പാടില്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനം ആയി പറയുന്നത് ആ പ്രവര്‍ത്തിയില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന 'ശിര്ക്കി'നെ ഭയപ്പെടുന്നത് കൊണ്ടാണ്. 'ശിര്‍ക്ക്' എന്നാല്‍ ദൈവത്തിന്റെ പരമാധികാരത്തില്‍ വേറെ ആരെയെങ്കിലും പങ്കു ചേര്‍ക്കുക എന്നതാണ്. ഇതിന്റെ ഇസ്ലാമിക മാനം പറയാന്‍ ആധികാരികമായി അറിവുള്ള ഒരാള്‍ അല്ല ഞാന്‍ എന്നുള്ളത് മനസ്സിലാക്കി കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടു എന്റെ ചില കാഴ്ചപ്പാടുകള്‍ പങ്കു വെക്കാന്‍ കൂടി ആണ് ഈ കുറിപ്പ്.
ഏതൊരു നല്ല കാര്യവും ദൈവനാമത്തില്‍ തുടങ്ങുന്നതാണ് ഉത്തമം എന്നതാണ് ഒരു മുസ്ലിമിന്റെ വിശ്വാസം. അത് പോലെ തന്നെ പ്രകാശത്തിനു (നൂര്‍ ) വലിയ പ്രാധാന്യവും ഇസ്ലാമിക സാഹിത്യത്തില്‍ കൊടുത്തിട്ടുണ്ട്. അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേയ്ക്കു എന്ന് തന്നെയാണ് ഖുര്‍ആനിലും പറയുന്നത്. അത് കൊണ്ട് തന്നെ പ്രകാശം, വെളിച്ചം എന്നിവയൊന്നും ഇസ്ലാമിനു അന്യമായ ഒന്ന് അല്ല. പിന്നെ ഈ വിളക്ക് കൊളുത്തുന്നതില്‍ കൂടി അഗ്നിദേവനെ ആരാധിക്കുന്നു എങ്കില്‍ ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് അവന്റെ ഏകദൈവ വിശ്വാസവുമായി 'സങ്കര്ഷതില്' എത്തുന്നതും അത് കൊണ്ട് തന്നെ ഒഴിവാക്കപ്പെടേണ്ടതും ആണ്. അത്തരം ഒരു വിശ്വാസത്തില്‍ അല്ല ഒരു നിലവിളക്ക് കൊളുത്തുന്നത് എങ്കില്‍ ആ നിലവിളക്കില്‍ കത്തുന്ന തിരിയോടൊപ്പം കത്തി തീരുന്ന ഒന്നാണ് ഒരു മുസ്ലിമിന്റെ 'തൗഹീദ്' അഥവാ ഏകദൈവ വിശ്വാസം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് എന്റെ മാത്രം വിശ്വാസം ആണ്; ഇത് ആരുടെയെങ്കിലും മേലില്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ആളല്ല എന്ന് മാത്രമല്ല, അങ്ങിനെ ചെയ്യുന്നത് മിതമായ ഭാഷയില്‍ ഫാസിസവും ആണ്.
പക്ഷെ ഇതിനിടയില്‍ എല്ലാവരും മറന്നു പോകുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. കേരളത്തില്‍ ജീവിക്കുന്ന മുസ്ലിങ്ങളുടെ മതപരമായ അനുഷ്ടാനങ്ങളിലും ജീവിതത്തിലും ഈ ഭൂപ്രദേശത്തിന്റെ, സംസ്കാരത്തിന്റെ ഒക്കെ വലിയ സ്വാധീനം ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി നിലവിളക്കും താലികെട്ടുമൊക്കെ മുസ്ലിങ്ങളുടെ ജീവിതരീതികളിലേക്ക് വന്നു ചേര്‍ന്നിട്ടുണ്ട്.
എന്നാല്‍ ശ്രീ മമ്മൂട്ടി ചെയ്തത് ഏറ്റവും മിതമായി പറഞ്ഞാല്‍ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവര്‍ത്തി ആണ്. അബ്ദുറബ്ബ് വിളക്ക് കൊളുത്തുന്നുണ്ടോ ഇല്ലയോ എന്നത് അദ്ധേഹത്തിന്റെ വ്യക്തിപരം ആയ കാര്യം ആണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഭരണഘടന അനുസരിച്ച് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കാര്യം ഒന്നുമല്ല അത്. എന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചത് പോലെ മമ്മൂട്ടി അഭിനയിച്ച ഏതെങ്കിലും ഒരു കൂതറ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമായി എന്നും ഈ പരിപാടി നിര്‍ത്താന്‍ സമയമായി എന്നും ഒരു പൊതുവേദിയില്‍ പരസ്യമായി ഉപദേശിച്ചാല്‍ വലിയ തന്റേടി ആയ മമ്മൂട്ടിയുടെ മറുപടി ന്യായമായും 'താന്‍ തന്റെ പണി നോക്ക്' എന്നാകുമെങ്കില് അതെ മറുപടി തന്നെയാണ് ഈ വിഷയത്തില്‍ മമ്മൂട്ടിയും അര്‍ഹിക്കുന്നത്.
ഈ പുകിലും പൊല്ലാപ്പുമൊക്കെ കാണുമ്പോള്‍ നമുക്കൂ തോന്നുക ഇസ്ലാം മുസ്ലിങ്ങളോട് ആകെ പറഞ്ഞ കാര്യം നിലവിളക്ക് കത്തിക്കരുത് എന്ന് മാത്രം ആണെന്നാണ്. ഈ പുണ്യ മാസത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ മാത്രം അവരുടെ സകാത്ത് (നിര്‍ബന്ധ ദാനം) കണക്കു വെട്ടിക്കാതെ കൊടുക്കാന്‍ തയ്യാറായാല്‍, കേരളത്തിലെ പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് മികച്ച ജീവിത ചുറ്റുപാട് ഒരുക്കാന്‍ സാധിക്കും.
വീട്ടിലും ലോക്കറുകളിലും അടച്ചുപൂട്ടി വെച്ച സ്വര്‍ണത്തിന് ആനുപാതികമായി സക്കാത്ത് കൊടുക്കാതെ, പലിശ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലും അതിനു നേതൃത്വം കൊടുക്കുന്നതിലും ഒരു അനിസ്ലാമികതയും കാണാതെ, സ്ത്രീധനം എന്ന മഹാവിപത്ത് അനിസ്ലാമികം എന്ന് പ്രഖ്യാപിക്കാതെ, ജീവിതത്തില്‍ വിശുദ്ധി ഉണ്ട് എന്ന് ഉറപ്പു വരുത്താതെ നിലവിളക്കിന് പിന്നാലെ കൂടിയിരുക്കുന്നവര് ആരും ഈ സമൂഹത്തിനും ലോകത്തിനും ഗുണം ചെയ്യുന്നവര്‍ അല്ല! അത് ഞാന്‍ ആയാലും വലിയ മമ്മൂട്ടി ആയാലും!!!
20-Jun-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി