സാമ്രാജ്യത്വത്തിന്റെ സ്വന്തം മോഡി



നരേന്ദ്രമോഡിയെ രാജ്യത്തിന് പരിചയപ്പെടുത്തി കൊടുത്തത് ബി ജെ പി എന്ന രാഷ്ട്രീയപാര്‍ട്ടിയല്ല. എ പി സി ഒ വേള്‍ഡ്‌വൈഡ് എന്ന പരസ്യസ്ഥാപനമാണ്. സിനിമ ഹിറ്റാക്കാന്‍ വേണ്ടി പരസ്യം ചെയ്യുന്നത് പോലെ അവര്‍ മനോഹരമായി കടമ നിര്‍വഹിച്ചു. ഇന്ത്യയില്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പ്രതിവിധിയാണ് മോഡി എന്ന് അവര്‍ പ്രചരിപ്പിച്ചു. എ പി സി ഒ വേള്‍ഡ്‌വൈഡ് എന്ന പ്രചാരണ സ്ഥാപനത്തിന് പ്രതിമാസം 25,000 ഡോളറാണ് ഈ മാര്‍ക്കറ്റിംഗ് പരിപാടിക്ക് പ്രതിഫലം നല്‍കിയത്. എ പി സി ഒയുടെ ഡയറക്ടര്‍മാരില്‍ ഇസ്രയേലിന്റെ വിദേശരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരും റിട്ടയര്‍ചെയ്തവരുമായ ഉദ്യോഗസ്ഥ പ്രമുഖരാണുള്ളത്. വിവിധ രാജ്യങ്ങളിലെ ഏകാധിപതികള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ മായ്ച്ചുകളഞ്ഞ് വെള്ളപൂശി വെളുപ്പിക്കുന്നതിന് ഈ ഏജന്‍സിയെയാണ് വാടകയ്‌ക്കെടുക്കാറുള്ളത്. പുകയില ഉല്‍പന്നങ്ങള്‍ കാന്‍സറുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ അതിനെ മറച്ചുവെച്ച് പ്രചാരവേല നടത്തുന്നതിനായി അമേരിക്കയിലെ പുകയില വ്യാപാര ലോബി വാടകയ്‌ക്കെടുത്തത് ഈ സ്ഥാപനത്തെയാണ്. മോഡിയുടെ വംശഹത്യയും മറ്റും മറച്ചുവെക്കാനും വര്‍ഗീയതയുടെ ദ്രംഷ്ട്രകള്‍ മൂടിവെക്കാനും ഇവര്‍ക്ക് സാധിച്ചു.

ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു. നരേന്ദ്രമോഡി യുടെ ഭരണം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് മുകളില്‍ വെള്ളിടിപൊട്ടിച്ച് ആര്‍ത്തലച്ച് പെയ്യും. എവിടെയൊക്കെയാണ് ഈ പേമാരി അപകടം വിതയ്ക്കുക എന്ന് പ്രവചിക്കുവാന്‍ രാഷ്ട്രീയ കാലാവസ്ഥാ നിരീക്ഷകര്‍ക്ക് പോലും സാധിക്കുന്നില്ല. രാജ്യം വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിച്ച് നില്‍ക്കുക തന്നെയാണ്. പക്ഷെ, രാജ്യത്തെ ജനങ്ങളിലുള്ള ഭീതിയെ കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് മറികടക്കാമെന്ന വ്യാമോഹത്തിലാണ് സംഘപരിവാരവും മോഡിയുമുള്ളത്.

മോഡിയെ മുന്നില്‍ നിര്‍ത്തിയാല്‍ ഇന്ത്യയുടെ സെക്കുലര്‍മനസ് പരാജയപ്പെടുത്തുമെന്ന് കരുതിയാണ് എല്‍ കെ അദ്വാനിയെ പോലുള്ളവര്‍ ആദ്യം എതിര്‍പ്പുയര്‍ത്തിയത്. എന്നാല്‍, നാടിന്റെ നാവും കണ്ണുമായി മാറുന്ന മാധ്യമങ്ങളുടെ സഹായമുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കുമെന്ന് മോഡി തെളിയിച്ചു കൊടുത്തു. ഗുജറാത്ത് വികസനമെന്ന പേരില്‍ മോഡി പ്രചരിപ്പിച്ച പല കാര്യങ്ങളും ശുദ്ധകള്ളമായിരുന്നു. ബി ജെ പിയുടെ പല അവതരണങ്ങളും അങ്ങനെ തന്നെയായിരുന്നു എന്ന് കാലം തെളിയിക്കുന്നു. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി “ലോഹപുരുഷ"നായ എല്‍ കെ അദ്വാനിയായിരുന്നു. 2013 ആയപ്പോള്‍ അദ്ദേഹം ദ്രോഹപുരുഷനായി മാറി.

ബി ജെ പിക്കാര്‍ “വികാസ് പുരുഷ"നെന്ന് വിശേഷിപ്പിച്ച് നരേന്ദ്രമോഡിയെ എഴുന്നള്ളിച്ചു. അതിലൂടെയാണ് "ലോഹപുരുഷന്‍” പ്രയോഗം അപ്രസക്തമായത്. ലോഹത്തിനെന്താ വിലയില്ലാതെ പോയത് എന്ന് പറയേണ്ടത് സംഘപരിവാരമാണ്. മോഡിയോടുള്ള അദ്വാനിയുടെ എതിര്‍പ്പിനെ തള്ളിക്കളഞ്ഞ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ ആജ്ഞ നടപ്പാക്കുകയായിരുന്നു ബിജെപിയുടെ കേന്ദ്ര നേതൃത്വം. ബി ജെ പിയില്‍ എന്തും അടിച്ചല്‍പ്പിക്കുന്നത് സംഘപരിവാര്‍ ആണല്ലോ. സംഘപരിവാരത്തിന്റെ മുന്നില്‍ കുമ്പിട്ടുനില്‍ക്കുന്ന ബിജെപിക്ക് ജനാധിപത്യപാര്‍ടിയാണെന്ന് അവകാശപ്പെടാന്‍ സാധിക്കുകയില്ല. ബിജെപി അധികാരത്തില്‍ വന്ന സ്ഥിതിക്ക് ഗുജറാത്ത് മോഡലില്‍ തീവ്രഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ പോകുമെന്നതില്‍ ഒരു സംശയവും വേണ്ട.

നരേന്ദ്രമോഡിയെ രാജ്യത്തിന് പരിചയപ്പെടുത്തി കൊടുത്തത് ബി ജെ പി എന്ന രാഷ്ട്രീയപാര്‍ട്ടിയല്ല. എ പി സി ഒ വേള്‍ഡ്‌വൈഡ് എന്ന പരസ്യസ്ഥാപനമാണ്. സിനിമ ഹിറ്റാക്കാന്‍ വേണ്ടി പരസ്യം ചെയ്യുന്നത് പോലെ അവര്‍ മനോഹരമായി കടമ നിര്‍വഹിച്ചു. ഇന്ത്യയില്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പ്രതിവിധിയാണ് മോഡി എന്ന് അവര്‍ പ്രചരിപ്പിച്ചു. എ പി സി ഒ വേള്‍ഡ്‌വൈഡ് എന്ന പ്രചാരണ സ്ഥാപനത്തിന് പ്രതിമാസം 25,000 ഡോളറാണ് ഈ മാര്‍ക്കറ്റിംഗ് പരിപാടിക്ക് പ്രതിഫലം നല്‍കിയത്. എ പി സി ഒയുടെ ഡയറക്ടര്‍മാരില്‍ ഇസ്രയേലിന്റെ വിദേശരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരും റിട്ടയര്‍ചെയ്തവരുമായ ഉദ്യോഗസ്ഥ പ്രമുഖരാണുള്ളത്. വിവിധ രാജ്യങ്ങളിലെ ഏകാധിപതികള്‍ അവരുടെ കുറ്റകൃത്യങ്ങള്‍ മായ്ച്ചുകളഞ്ഞ് വെള്ളപൂശി വെളുപ്പിക്കുന്നതിന് ഈ ഏജന്‍സിയെയാണ് വാടകയ്‌ക്കെടുക്കാറുള്ളത്. പുകയില ഉല്‍പന്നങ്ങള്‍ കാന്‍സറുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ അതിനെ മറച്ചുവെച്ച് പ്രചാരവേല നടത്തുന്നതിനായി അമേരിക്കയിലെ പുകയില വ്യാപാര ലോബി വാടകയ്‌ക്കെടുത്തത് ഈ സ്ഥാപനത്തെയാണ്. മോഡിയുടെ വംശഹത്യയും മറ്റും മറച്ചുവെക്കാനും വര്‍ഗീയതയുടെ ദ്രംഷ്ട്രകള്‍ മൂടിവെക്കാനും ഇവര്‍ക്ക് സാധിച്ചു.

വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്ക് അവര്‍ സൃഷ്ടിച്ചു. എല്ലാറ്റിലും നായകന്‍ മോഡിയായിരുന്നു. ഉത്തരാഖണ്ഡില്‍ പ്രകൃതിദുരന്തമുണ്ടായപ്പോള്‍ 80 കാറുകള്‍ വാടകയ്‌ക്കെടുത്ത് 15,000 ഗുജറാത്തി തീര്‍ത്ഥാടകരെ മോഡി രക്ഷിച്ചു എന്നൊരു കഥ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള്‍ വരെ അത് ഏറ്റുപിടിച്ചു. ഒരു സെക്കന്റുപോലും വിശ്രമമില്ലാതെ 80 കാറുകളും അതിലെ െ്രെഡവര്‍മാരും പ്രവര്‍ത്തിച്ചാല്‍പോലും ഇത്രയും ദുരിതബാധിതരെ രക്ഷിക്കണമെങ്കില്‍ അവര്‍ 2932 മണിക്കൂര്‍ പ്രവര്‍ത്തിക്കണം. ദുരന്തം നടന്ന സ്ഥലം, ദുരിതബാധിതരെ എത്തിക്കേണ്ട രക്ഷാകേന്ദ്രം, അവിടേക്ക് ഓടിയെത്താനും തിരിച്ചുവരാനുമെടുക്കുന്ന സമയം, ഒരു കാറില്‍കൊള്ളിക്കാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഇതൊക്കെ കണക്കിലെടുത്താണ് ഏതാണ്ട് 10 ദിവസം വേണമെന്ന് കണക്കാക്കിയത്. എന്നാല്‍ മോഡിയുടെ വൈതാളിക വൃന്ദം പ്രചരിപ്പിച്ചത് ഒറ്റ ദിവസം 80 കാറുകള്‍, 15,000 തീര്‍ത്ഥാടകര്‍ എന്നായിരുന്നു. ദുരന്തത്തെപ്പോലും മോഡി സംഘം മുതലാക്കി.

കുത്തക മാധ്യമങ്ങള്‍ മോഡിക്ക് വേണ്ടി നിലകൊണ്ടത് മുതലാളിത്വത്തിന്റെ താല്‍പ്പര്യം അതായത് കൊണ്ടാണ്. ഇന്ത്യയിലേയും വിദേശത്തെയും കുത്തക മുതലാളിമാര്‍ക്ക് തങ്ങളാഗ്രഹിക്കുംവിധം ഇന്ത്യയെ ചൂഷണങ്ങള്‍ക്ക് വിധേയനാക്കുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തി നരേന്ദ്രമോഡിയാണെന്നറിയാം. സംഘപരിവാരത്തിന് തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് മോഡി പ്രാപ്തനാണെന്നുമറിയാം. ഗര്‍ഭിണിയുടെ നിറവയറില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കൊരുത്തെടുത്ത പൈശാചികതയാവും നാളെ ഈ നാടിന്റെ തെരുവില്‍ സംഭവിക്കുക.

വികസനകാര്യത്തില്‍ ഇന്ത്യയ്ക്കാകെ മാതൃകയായ ഒരു സംസ്ഥാനമാണ് ഗുജറാത്തെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത്. ആ വികസന പരിപാടികള്‍ക്ക് നേതൃത്വംകൊടുത്ത മോഡി, ഇന്ത്യയെയാകെ വികസിപ്പിക്കാനായി പ്രധാനമന്ത്രിയായി വരണമെന്നാണ് ബി ജെ പി പ്രചരിപ്പിച്ചത്. എന്നാല്‍, എന്താണ് യാഥാര്‍ത്ഥ്യം? സംസ്ഥാനതല ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആറു സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഉല്‍പാദനമേഖലയില്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ ഗുജറാത്തിന് ഉയര്‍ന്ന സ്ഥാനമുണ്ട്. എന്നാല്‍ ഇതൊന്നുമായിരുന്നില്ല പ്രചരിപ്പിച്ചത്. 2009ലെ പ്രഖ്യാപനത്തിന്റെ 3.2 ശതമാനം മാത്രമാണ് നടപ്പായതെങ്കില്‍ 2011ലെ അവകാശവാദത്തില്‍ നടപ്പിലായത് വെറും 0.5 ശതമാനം മാത്രം. ഈ വന്‍ അവകാശവാദംകൊണ്ട് ഗുജറാത്തിലെ സാധാരണ ജനത്തിന്, തൊഴിലാളിക്ക്, കര്‍ഷകന്, ദരിദ്ര ജനവിഭാഗത്തിന് എന്താണ് കിട്ടിയത്? മറ്റു സംസ്ഥാനങ്ങളെ, എന്തിന് ഉത്തരപ്രദേശിനെ അപേക്ഷിച്ചുപോലും പോഷകാഹാരക്കുറവ് കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഛത്തീസ്ഗഡിലും ഒഡീഷയിലും അനുഭവപ്പെടുന്നതിന് സമാനമാണ് ഗുജറാത്തിലെ കുട്ടികളില്‍ അനുഭവപ്പെടുന്ന പോഷകാഹാര ദാരിദ്ര്യം. യൂനിസെഫ് ഈയിടെ പുറത്തിറക്കിയ കണക്കുകള്‍പ്രകാരം ഗുജറാത്തിലെ ഓരോ രണ്ടാമത്തെ കുട്ടിയും പോഷകാഹാരക്കുറവും മൂന്നാമത്തെയും നാലാമത്തെയും കുട്ടികള്‍ വിളര്‍ച്ചാരോഗവുംകൊണ്ട് കഷ്ടപ്പെടുന്നവരാണ്.

സാമൂഹ്യ മുന്നേറ്റത്തിന്റെ മറ്റൊരു സൂചകമായി കണക്കാക്കാവുന്നതാണ് ശിശുമരണനിരക്ക്. ഗുജറാത്തില്‍ അത് ആയിരത്തിന് നാല്‍പത്തിനാലാണ്. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ 11-ാം സ്ഥാനമാണ് ഗുജറാത്തിന് അക്കാര്യത്തിലുള്ളത്. ശിശുമരണത്തിന്റെ കാര്യത്തില്‍ മോഡി കുറ്റപ്പെടുത്തിയത് ഗുജറാത്തിലെ അമ്മമാരെയാണ്. അവര്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതുകൊണ്ടാണത്രെ ശിശുമരണം സംഭവിക്കുന്നത്. അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം കിട്ടുന്നില്ലെന്നകാര്യം മോഡി മറച്ചുവെയ്ക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനകാര്യത്തിലെ മുന്നേറ്റമാണ് മോഡിയുടെ പ്രചരണരംഗത്തെ പ്രധാനപ്പെട്ട ഒരിനം. എന്നാല്‍ ദരിദ്രജനവിഭാഗത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൊടുക്കുന്നതില്‍ ഏറ്റവും പിന്നിലാണ് ഗുജറാത്ത്. 67 ശതമാനം ജനങ്ങള്‍ക്ക് ടോയ്‌ലറ്റുകളില്ല. 16.7 ശതമാനത്തിന് മാത്രമാണ് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തിയിരിക്കുന്നത്. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന കാര്യത്തില്‍ ഗുജറാത്തിന് 18-ാം സ്ഥാനമാണുള്ളത്. ദേശീയ ശരാശരി 39.3 ശതമാനമായിരിക്കെ ഗുജറാത്തില്‍ 36.3 ശതമാനം കുട്ടികള്‍ മാത്രമാണ് പാഠശാലയിലെത്തുന്നത്. പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും ഗുജറാത്തില്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. ദേശീയ ശരാശരി 49.3 ശതമാനമാണെങ്കില്‍ ഗുജറാത്തിലത് 57.9 ശതമാനമാണ്. പെണ്‍ ഭ്രൂണഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തെന്നതിനാല്‍ 2001ല്‍ ആയിരത്തിന് 921 സ്ത്രീകളുണ്ടായിരുന്നത് 2011 ആയപ്പോഴേക്ക് 918 ആയി കുറഞ്ഞുവെന്ന് മാത്രമല്ല 6 വയസുവരെയുള്ള കുട്ടികളിലെ ലിംഗാനുപാത നിരക്ക് ആയിരത്തിന് 886 മാത്രമാണ്. രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഏറ്റവും അധികമുള്ള സംസ്ഥാനം ഗുജറാത്താണ്.

ആസൂത്രണകമ്മീഷന്റെ കണക്കനുസരിച്ച് ആളോഹരി വരുമാനത്തില്‍ 8-ാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. ആളോഹരി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കഴിഞ്ഞപ്പോള്‍തന്നെ അസമത്വത്തിന്റെ കാര്യത്തിലും വന്‍ വര്‍ദ്ധനവാണ് ഗുജാറാത്തിലുണ്ടായത്. ഏററവും കുറഞ്ഞ കൂലിനിരക്കുള്ള സംസ്ഥാനമാണിന്ന് ഗുജറാത്ത്. അവിടെ ഗ്രാമങ്ങളില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലി പ്രതിദിനം 69 രൂപ മാത്രമാണ്. സ്ത്രീകള്‍ക്കാവട്ടെ 56 രൂപ മാത്രവും. 40 കര്‍ഷക ആത്മഹത്യകള്‍ ഗുജറാത്തില്‍ 2012 ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ നടന്നു. ഇതാണ് വികസന പുരുഷന്റെ സ്വന്തം ഗുജറാത്തിലെ സാധാരണക്കാരുടെ സ്ഥിതി.
കുത്തകകള്‍ക്ക് ഏറെ ഇഷ്ടമുള്ള പ്രദേശമാണ് ഗുജറാത്ത്. ഇന്ത്യയിലെ വന്‍കിട കുത്തകകളെല്ലാം മോഡിക്ക് സ്തുതിപാടുന്നവരാണ്. വന്‍തോതിലാണ് അവിടെ ഭൂമി കുറഞ്ഞവിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ വനഭൂമിയടക്കംപെടും. അതേസമയം ആദിവാസികള്‍ക്ക് നിയമപ്രകാരം ലഭ്യമാക്കപ്പെട്ട വനാവകാശ നിയമങ്ങള്‍ നിര്‍ലജ്ജം ലംഘിക്കപ്പെടുന്നു. വനാവകാശനിയമം നടപ്പാക്കുന്നതില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഗുജറാത്ത്. ഗോത്രവര്‍ഗ ജനത പട്ടയംകിട്ടുന്നതിനുവേണ്ടി സമര്‍പ്പിച്ച 1.20 ലക്ഷം അപേക്ഷകളാണ് നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ഗുജറാത്ത് ഹൈക്കോടതിക്കുപോലും ഈ നീതിനിഷേധത്തിനെതിരെ ഇടപെടല്‍ നടത്തേണ്ടതായി വന്നു. കോര്‍പ്പറേറ്റുകള്‍ക്ക് ദാനം നല്‍കുന്നതിനായി 55,000 ഏക്കര്‍ ഭൂമി നിര്‍ബന്ധിതമായി ഏറ്റെടുത്തതിനെതിരെ അതിശക്തമായ കര്‍ഷക പ്രക്ഷോഭത്തിന് ഇപ്പോള്‍ ഗുജറാത്ത് വേദിയാവുകയാണ്. ശക്തമായ എതിര്‍പ്പുണ്ടായിട്ടും 750 ഹെക്ടര്‍ സ്ഥലം മാരുതി സുസുക്കിക്ക് നല്‍കി. സിഎജിയുടെ കണക്കുകള്‍ പ്രകാരം മോഡി ഗവണ്‍മെന്റ് 1275 കോടി രൂപയുടെ നേട്ടമാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാക്കി കൊടുത്തത്. അഡാനി, എസ്സാര്‍, റിലയന്‍സ്, ലാര്‍സന്‍ & ടൂബ്രോ എന്നീ കോര്‍പ്പറേറ്റുകളാണ് ഇതില്‍നിന്ന് നേട്ടമുണ്ടാക്കിയത്.

അഴിമതിയുടെ കാര്യത്തിലും മോഡിയുടെ ഗുജറാത്ത് ഗവണ്‍മെന്റ് ഒട്ടും മെച്ചപ്പെട്ട സ്ഥിതിയിലല്ല. ബാബു ബൊഖിരിയ എന്ന മന്ത്രി ഈയിടെയാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. എന്നിട്ടും പരിശുദ്ധനായ മോഡി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിയായ മോഡിയുടെ ആപ്പീസുതന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതില്‍ നിന്നും മനസിലാവുന്നത് മോഡിയോ ബിജെപിയോ സാമ്പത്തികനയങ്ങളിലോ അഴിമതിയിലോ കോണ്‍ഗ്രസില്‍നിന്ന് ഒട്ടും വ്യത്യസ്തമായ ഒരു പ്രസ്ഥാനമല്ലെന്നുള്ളതാണ്. കോണ്‍ഗ്രസിനേക്കാള്‍ കൂടുതലായി ബി ജെ പിക്ക് വര്‍ഗീയതയുടെ തീവ്രവാദത്തിന്റെ ഭീകരമുഖം ഉണ്ടെന്നുള്ള പ്രത്യേകതയും ഉണ്ട്. മോഡിയുടെ പ്രചാരണ ബുദ്ധികേന്ദ്രമായ അമിത്ഷാ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് “നമ്മുടെ സമുദായത്തിനുനേരെ ഉണ്ടായ അവഹേളനത്തിന് പ്രതികാരംചെയ്യാനുള്ള സമയമാണിത്” എന്നാണ്. അതിനെ നരേന്ദ്രമോഡി ന്യായീകരിക്കുകയും ചെയ്തു. പ്രവീണ്‍ തൊഗാഡിയയും അമിത്ഷായും ഗിരിരാജ് സിങ്ങും തുപ്പിയ വര്‍ഗീയവിഷത്തിനെ പ്രവൃത്തി പഥത്തിലെത്തിക്കാനാണ് ഇനി മോഡി പരിശ്രമിക്കുക.

രാജ്യത്തെമ്പാടുമുള്ള ആര്‍എസ്എസ് പ്രചാരകരും ഇത്തരത്തില്‍ തന്നെയാണ് പ്രചാരണങ്ങള്‍ നടത്തുന്നത്. മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും അവരെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയിരിക്കുന്നു. മുമ്പ് ബിജെപി നയിച്ച ആറുവര്‍ഷത്തെ എന്‍ഡിഎ ഭരണം രാജ്യം മറന്നിട്ടില്ല. ജനവിരുദ്ധ നയങ്ങളുടെയും ഭൂരിപക്ഷവര്‍ഗീയ പ്രവര്‍ത്തനങ്ങളുടെയും വിഷലിപ്തമായ ഒരു സമ്മിശ്രത്തെയാണ് അത് പ്രതിഫലിപ്പിച്ചത്. അതിനേക്കാള്‍ വളരെയേറെ വര്‍ഗീയവത്കരിക്കാന്‍ മോഡി പ്രാപ്തനാണ് എന്നാണ് സംഘപരിവാരത്തിന്റെ കണക്കുകൂട്ടല്‍.

ഇനി വിദ്യാഭ്യാസം, സംസ്‌കാരം, ചരിത്രം തുടങ്ങി സര്‍വകാര്യങ്ങളെയും കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ മോഡിയുടെ ഭാഗത്ത് നിന്നുണ്ടാവും. ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ തുടരെ അധാര്‍മികമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കപ്പെടും. പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരെ സവര്‍ണപ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കപ്പെടും. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സാമുദായിക കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതിനുശേഷം, ഇന്ത്യന്‍ ഭരണമേറ്റെടുത്ത് നരേന്ദ്രമോഡി ഈ അജന്‍ഡ അടിച്ചേല്‍പ്പിക്കാനാണ് പരിശ്രമിക്കുക. നാട്ടിലാകെ സംഘപരിവാരത്തിന്റെ അഴിഞ്ഞാട്ടമുണ്ടാവുകയും ചെയ്യും. ഈ പ്രതിസന്ധി നിറഞ്ഞ കാലാവസ്ഥയില്‍ ധീരമായി ചെറുത്തുനില്‍പ്പ് നടത്തുക എന്നതാണ് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമ.

26-May-2014