വനിതാദിനവും ഒരു വെള്ളരിക്കാ പൊടിപ്പും

സൈബര്‍ പേജുകളില്‍ വനിതാദിന സന്ദേശം നിറഞ്ഞു കവിയുന്ന ഇന്ന് എനിക്ക് പ്രതീക്ഷ എന്റെ വെള്ളരിക്കാ പൊടിപ്പിലാണ്. ഒരേയൊരു മഴയുടെ നനവില്‍ നിര്‍ജ്ജീവതയില്‍ നിന്ന് ജീവന്റെ പുതിയ പാഠങ്ങളിലേക്കുയര്‍ന്ന ഒരു ഇളം തലപ്പ്. നാളെ തളിരുകളാലും, വല്ലികളാലും നിറഞ്ഞു നില്‍ക്കേണ്ടവള്‍. വേനല്‍ മഴയും, കൊള്ളിയാനും, ഇടവപ്പാതിയും, കുത്തൊഴുക്കും അഭിമുഖീകരിക്കേവള്‍. പെണ്ണിന്പഠിക്കാന്‍ പ്രകൃതിയില്‍ നിന്നേറെയുണ്ട്. അതിജീവനത്തിന്റെ, നിലനില്‍പ്പിന്റെ ശാശ്വത മന്ത്രം.

ഇന്ന് ലോക വനിതാദിനം. കനത്ത ചൂടിലും, വറുതിക്കുമിടയില്‍ ഇന്നലെ പെയ്ത മഴയുടെ തണുപ്പും, പുതുചൂരും നിറഞ്ഞ മണ്ണില്‍ ആഴ്ച്ചകള്‍ക്കുമുന്‍പ് പാകിയ വെള്ളരിക്കാ വിത്തുകള്‍ മുളപൊട്ടിയിരിക്കുന്നു. ഞാന്‍ എന്ന സ്ത്രീ, കേരളത്തിലെ മറ്റനേകായിരം സ്ത്രീകളെപോലെ സാധരണക്കാരി. കലഹങ്ങളും, കലാപങ്ങളും, പീഡനങ്ങളും, രോദനങ്ങളും, നീതിനിഷേധങ്ങളൂം നിറഞ്ഞ ഒരുരുവാര്‍ത്താഭൂഖണ്ഡത്തില്‍ ഇന്നുമാത്രം മുളനീട്ടിയ വെള്ളരിക്കാ പൊടിപ്പുകള്‍ എന്തുമാത്രം പ്രതീക്ഷകളാണ് എനിക്ക് മുന്നില്‍ നിരത്തി വയ്ക്കുന്നത്.

മട്ടുപ്പാവിലും, കിണറ്റുവക്കത്തും, തെങ്ങിന്‍ ചോട്ടിലും, കാലുകുത്താന്‍ മണ്ണുള്ളിടങ്ങളിലെല്ലാം നാലു കോര് മണ്ണ് കൂട്ടിയിട്ടോ, പ്ലാസ്റ്റിക് കൂടകളിലോ കൃഷി ചെയ്ത് ഞങ്ങള്‍ 'നിരുപമമാര്‍'. പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തരാവാന്‍ ലഘുവായ തോതിലെങ്കിലും ശ്രമിച്ച ഒരു വനിതാവര്‍ഷമായിരുന്നു കഴിഞ്ഞു പോയത്.

കഴിഞ്ഞ ആഴ്ച്ചയാണ് പ്രിയ സുഹൃത്ത് മഞ്ജിമ മൂന്നുമാസത്തെ മൗനത്തിന് ശേഷം എന്നെ കാണാനെത്തുന്നത്. ഇടതൂര്‍ന്ന മുടിയുള്ള അവളുടെ ശിരസ്സിന്റെ വലതു ഭാഗം കനത്ത അടികൊണ്ട് വിങ്ങി മുഴച്ചിരുന്നു. നെറ്റിയില്‍ കരിനീലിച്ച പാട്, കഴുത്തിലും, മാറിലും, തുടയിലും ചോരകക്കിയ നീല ഞരമ്പുകളുടെ പിടച്ചില്‍, മുറിവുകള്‍.

ഓഫീസ് ടോയ്‌ലെറ്റിന്റെ അഭയത്തില്‍ ചുരിദാര്‍ ഊരി മാറ്റി, അവള്‍ വിങ്ങിപ്പൊട്ടി നിന്നു. വിഷയം ഗാര്‍ഹിക പീഡനം, പ്രതി ഇത്തരം ബാലെകളില്‍ കാണാറുള്ള പതിവു നടന്‍, ഭര്‍ത്താവ്. കൂലിപ്പണി കഴിഞ്ഞു വന്ന് അന്തിക്കള്ളും മോന്തി ഭാര്യയെ എടുത്തലക്കുന്ന അല്‍പ്പജ്ഞാനിയല്ല ഈ ഭര്‍ത്താവ്. വിദ്യാസമ്പന്നന്‍, അദ്ധ്യാപകന്‍. മഞ്ജിമയാണെങ്കില്‍ ബി. ടെക്് ബിരുദധാരിണിയാണ്. കെട്ടിട നിര്‍മ്മാണം മാത്രം പഠിച്ചു വശായി, ജീവിതം അവനവന്‍ നിര്‍മ്മിച്ചിടുക്കേതാണെന്ന് ഇനിയും പഠിക്കാത്തവള്‍. ഉടനടി സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു, ഉച്ച കഴിഞ്ഞു നേരിട്ട് പരാതി കൊടുക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മഞ്ജിമയുടെ അമ്മ ഇടപെടുന്നു. ദുര്‍വാശി, കണ്ണീര്... മകള്‍ ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പാടില്ല, ഭര്‍തൃഗൃഹത്തിലുള്ള താമസം മതിയാക്കാം. അവരുടെ അര്‍ത്ഥമില്ലാത്ത പിടിവാശിക്ക് മുന്നില്‍ മഞ്ജിമ പരാതി കൊടുക്കേണ്ടെന്ന്‌വയ്ക്കുന്നു. ആ തീരുമാനത്തില്‍ നിന്ന് എനിയ്ക്ക് അവളെ പിന്തിരിപ്പിക്കാനും കഴിഞ്ഞില്ല.

ഒരു പീഡകന്‍ കൂടി സുരക്ഷിതനാവുന്നു. ഭാര്യയുടെ മേല്‍ പുരുഷന്റെ കൈപ്രയോഗത്തിന് ഏതാണ്ടെല്ലാ കാലത്തും, എല്ലാ സമൂഹത്തിലും ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാണ്. എല്ലായിനത്തിലും മികച്ചു നില്‍ക്കുന്ന നമ്മള്‍ മലയാളികള്‍ ഇക്കാര്യത്തിലും ബഹുദൂരം പിന്നിലല്ല. ഇന്ത്യയില്‍ രണ്ടാം സ്ഥാനം. കേരളത്തിലെ ജില്ലകളില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിനാണ് ഒന്നാം സ്ഥാനം. നമ്മള്‍ സ്ത്രീ പുരുഷ സമത്വം പുലരുന്ന നല്ല നാളെയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും, വിഷയം സ്വന്തം ഭാര്യയിലേക്കെത്തും വരെ.

സ്ത്രീ ഭൂരിപക്ഷമുള്ള കേരളത്തില്‍, സ്ത്രീ ശാക്തീകരണമെന്ന പദം തലങ്ങും വിലങ്ങും എടുത്തുപയോഗിക്കുന്ന നമ്മുടെ നാട്ടില്‍ ഉയര്‍ന്ന വിദ്യാഭ്യാസ മേഖലകളിലും, ഉന്നത വിദ്യാഭ്യാസം കൊുണ്ടുമാത്രം എത്തിപ്പെടാവുന്ന തൊഴിലിടങ്ങളിലും സ്ത്രീ പ്രാതിനിധ്യം എത്രയോ താഴെയാണ്. വിദ്യാഭ്യാസം വാണിജ്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ വില കൂടിയ തുടര്‍വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് വലിയൊരളവില്‍ പെണ്‍കുട്ടികള്‍ക്ക് തന്നെയാണ്. ഇന്നലെ ദേശാഭിമാനി ദിനപത്രത്തില്‍ എ കെ ജി സി ടി സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടുള്ള വൃന്ദ കാരാട്ടിന്റെ വിദ്യാഭ്യാസവും സാമൂഹിക അസമത്വവും വിശകലനം ചെയ്യുന്ന വാക്കുകള്‍ എന്തുകൊണ്ടും പ്രസക്തമാണ്.

സമൂഹത്തിന്റെ ഉപബോധ മനസ് എന്നും വിലമതിക്കുന്നത് പുരുഷനെയാണ്, അവന്റെ സേവനത്തെയാണ്. അവനുമുന്നില്‍ തന്നെയാണ് അവസരങ്ങളും, പദവികളും തുറക്കപ്പെടുന്നതും. പൊതുവിദ്യാഭ്യാസം തകര്‍ക്കപ്പെടുമ്പോള്‍, ദുര്‍ബലമാക്കപ്പെടുമ്പോള്‍ ഒരിക്കലും മുന്നേറാനാവാത്ത പിന്‍നിരയില്‍ അവശേഷിക്കുന്നത് സമൂഹം എക്കാലത്തും പാര്‍ശ്വവത്കരിച്ചു പോരുന്ന ദുര്‍ബലവിഭാഗങ്ങളും, സ്ത്രീകളും മാത്രമായിരിക്കും.

കഴിഞ്ഞ മൂന്ന്, നാലു ദിവസങ്ങളിലായി മറനീക്കി ചീന്തിയെറിയപ്പെട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യയുടെ പുരുഷ കേന്ദ്രീകൃതമായ സ്ത്രീപക്ഷ ധാരണകളാണ്. എന്തുകൊണ്ടായിരിക്കണം ഭരണകൂടം, കൊല്ലപ്പെട്ടിട്ടും നിര്‍ഭയയെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കിടമില്ലാത്ത അതിവിശിഷ്ടമായ സംസ്‌ക്കാരമാണ് നമ്മുടേതെന്ന് ഉത്തരവാദപ്പെട്ട ഒരു അഭിഭാഷകന്‍ വിളിച്ചു പറയുമ്പോള്‍, സ്ത്രീകള്‍ പൂവുപോലെയാണെന്നും, വജ്രം പോലെയാണെന്നുമൊക്കെയുള്ള കവി വര്‍ണ്ണനകള്‍ക്കുള്ളില്‍, പതഞ്ഞു പൊങ്ങുന്ന നിന്ദാസൂചകങ്ങള്‍ക്കിടയില്‍, ആക്രമണകാരിയുടെ മുന്നില്‍ സംയമനം പാലിക്കേണ്ടത് ഇരയാകുന്ന സ്ത്രീയായിരിക്കണം എന്ന വൃത്തികെട്ട വെളിപ്പെടുത്തലുകള്‍ക്ക് മുന്നില്‍ എവിടെയാണ് ആത്മാഭിമാനമുള്ള ഒരു ഇന്ത്യന്‍സ്ത്രീയുടെ സ്ഥാനം? ബി ബി സിയുടെ വീഡിയോ വെളിയില്‍ വന്നപ്പോള്‍ തേജോവധം ചെയ്യപ്പെട്ട ചില പുരുഷ പ്രതീകങ്ങളെ സംരക്ഷിക്കാനല്ലാതെ മറ്റെന്തിനാണ് ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി ഈ ജനതയ്ക്ക് നിഷേധിക്കപ്പെടുത്തിയത് ?

ഇന്നത്തെ ഓണ്‍ലൈന്‍ പത്രവായനയില്‍ കാണുന്നു, ബാഗ്ലൂരില്‍ പത്താം ക്ലാസുകാരിയെ അവളുടെ സഹപാഠികള്‍ ഭീഷണിപ്പെടുത്തിയെന്ന്! തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഡെല്‍ഹി പെണ്‍കുട്ടിമോഡല്‍ റേപ്പ് നടത്തിക്കളയുമെന്ന്. കുകുട്ടി പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികാരികള്‍ ഇളകിയില്ല. സ്വന്തം സുരക്ഷയെ മാനിച്ച് അവിടുത്തെ വിദ്യാഭ്യാസം മതിയാക്കി അവള്‍ക്ക് മറ്റൊരു സ്‌കൂളിനെ ആശ്രയിക്കേണ്ടി വന്നു. രണ്ടുദിവസം മാത്രം പഴക്കമുള്ള മറ്റൊരു കേസ്; യു പി യില്‍ ഒരുരു ഗ്രാമത്തിലെ പെണ്‍കുട്ടി. പഠിക്കാന്‍ മിടുക്കിയായതുകൊണ്ടും, തുടര്‍ന്ന് പഠിക്കാന്‍ താല്‍പ്പര്യമുള്ളതുകൊണ്ടും അയല്‍വീട്ടിലെ ആണുങ്ങളുടെ തീവെയ്പ്പിന് ഇരയായി 70% പൊള്ളലോടുകൂടി ആശുപതിയില്‍ മരണത്തോട് മല്ലിടുക്കുന്നു. കോളേജില്‍ ഫീസടക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍, ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ തിരുവനന്തപുരത്ത് ഹൗസിംഗ് ബോഡ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി, ആത്മഹത്യചെയ്ത രജനി എസ് ആനന്ദ് എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീറിംഗ് വിദ്യാര്‍ഥിനിയെ നമ്മളാരും മറന്നിട്ടില്ല. വെട്ടിക്കീറിയും, ആസിഡൊഴിച്ചും നമ്മള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ മുഖങ്ങളെയൊക്കെ തന്നെയല്ലെ?

എവിടെയാണ് അവള്‍ സുരക്ഷിത?, 'കണ്ണേ മടങ്ങുക, നീ തിരികെ എന്റെ ഉദരത്തിലേക്ക്', എന്ന് ഏതൊരമ്മയും ആഗ്രഹിച്ചു പോകുന്ന തരത്തില്‍ നമ്മുടെ പെണ്‍കുട്ടികള്‍ ഇവിടെ അരക്ഷിതരല്ലെ? 2011 ല്‍ സൗമ്യയുടെ ക്രൂരകൊലപാതകത്തിന് ശേഷം നമ്മള്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യമുണ്ട്. ''രാത്രികള്‍ പെണ്‍കുട്ടികള്‍ക്ക് കൂടിയുള്ളതാണ്, അത് തിരിച്ചു പിടിക്കുക''. അത് മതിയോ? ആ മുദ്രാവാക്യവും മുഴക്കി എവിടെവരെയെത്തി? തീവണ്ടിയില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥാനം മാറി എന്നുള്ളതു മാത്രമാണ് മെച്ചം.

മൂന്നര വയസുകാരിയായ എന്റെ മകള്‍ക്ക് ടി വി യില്‍ കാണാറുള്ള ഏതു സ്ത്രീ-പുരുഷ ബന്ധവും അച്ഛനും മകളും തമ്മിലുള്ള സ്‌നേഹമാണ്. അതിനപ്പുറം അവളുടെ ലോകം വളര്‍ന്നിട്ടില്ല. പീഡിതയായിരുന്നിട്ടും മത പുരോഹിതനാല്‍ വീണ്ടും അവഹേളിക്കപ്പെട്ടത് ഇതുപോലൊരു നാലുവയസുകാരിയായിരുന്നു. മണിമന്ദിരങ്ങളിലോ, മഠങ്ങളിലോ എവിടെയാണ് അവള്‍ സുരക്ഷിത?

സൈബര്‍ പേജുകളില്‍ വനിതാദിന സന്ദേശം നിറഞ്ഞു കവിയുന്ന ഇന്ന് എനിക്ക് പ്രതീക്ഷ എന്റെ വെള്ളരിക്കാ പൊടിപ്പിലാണ്. ഒരേയൊരു മഴയുടെ നനവില്‍ നിര്‍ജ്ജീവതയില്‍ നിന്ന് ജീവന്റെ പുതിയ പാഠങ്ങളിലേക്കുയര്‍ന്ന ഒരു ഇളം തലപ്പ്. നാളെ തളിരുകളാലും, വല്ലികളാലും നിറഞ്ഞു നില്‍ക്കേണ്ടവള്‍. വേനല്‍ മഴയും, കൊള്ളിയാനും, ഇടവപ്പാതിയും, കുത്തൊഴുക്കും അഭിമുഖീകരിക്കേവള്‍. പെണ്ണിന്പഠിക്കാന്‍ പ്രകൃതിയില്‍ നിന്നേറെയുണ്ട്. അതിജീവനത്തിന്റെ, നിലനില്‍പ്പിന്റെ ശാശ്വത മന്ത്രം.

08-Mar-2015