കേരളം യു പിയിൽ നിന്ന് എന്താണ് പഠിക്കേണ്ടത് ?
നിഷ മഞ്ചേഷ്
ഓരോ വര്‍ഷവും ശൈത്യകാലത്ത് നൂറുകണക്കിന് ആളുകള്‍ കയറി കിടക്കാന്‍ വീടില്ലാതെ മരണമടയുന്ന, പകര്‍ച്ച വ്യാധികള്‍ മൂലം ആളുകള്‍ കൊല്ലപ്പെടുന്ന, പ്രതിരോധ കുത്തിവെപ്പുകള്‍ പ്രോത്സാഹിപ്പിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യാത്ത, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി; കേരളത്തില്‍ വന്ന് യു പി യെ കണ്ടുപഠിക്കൂ എന്ന് പറയുമ്പോള്‍, കേരളത്തില്‍ അക്രമാണെന്ന് ആരോപിച്ച് ജനരക്ഷാ യാത്ര നടത്തുമ്പോള്‍ ചില കണക്കുകള്‍ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. |
ഉത്തര്‍പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങള്‍ അന്നുമിന്നും ഏറെ പ്രാധാന്യമുള്ളവയാണ്. 'ഗുണ്ടായിസം ഉണ്ടാവില്ല, അയിത്തം ഉണ്ടാവില്ല, ഇത്തവണ ബി ജെ പി സര്‍ക്കാര്‍' എന്നായിരുന്നു ആ മുദ്രാവാക്യം.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കൊടുത്ത എല്ലാ വാഗ്ദാനങ്ങളും പാലിച്ചുകഴിഞ്ഞു എന്ന് തോന്നിപ്പിക്കും വിധം ഇപ്പോള്‍ കേരളത്തിലെത്തി ജനരക്ഷായാത്രയ്ക്ക് നേതൃത്വം കൊടുക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി ജെ പി നേതാക്കളും അവരുടെ അണികളും ചില കാര്യങ്ങള്‍ ഒളിച്ചുവെക്കുകയാണെന്ന് തോന്നുന്നു. അവ രാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ചും കേരളീയര്‍ വിലയിരുത്തേണ്ടതുണ്ട്.
ഒന്ന്, ക്രമസമാധാന രംഗത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മികച്ചതായി പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ അവകാശപെടുമ്പോള്‍, 2017 മാര്‍ച്ച് പത്തൊന്പതില് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 729 കൊലപാതകങ്ങളും 803 ബലാല്‍സംഗങ്ങളും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും യു പി പോലുള്ളൊരു സംസ്ഥാനത്ത് ഇത്രയും എണ്ണം സംഭവങ്ങള്‍ മൂടിവെക്കപ്പെട്ടിട്ടുമുണ്ടാവാം.
രണ്ട്, യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം 60 വര്‍ഗീയ കലാപങ്ങളും ആ കലാപങ്ങളില്‍ 16 പേരുടെ മരണവും സ്ഥീരികരിച്ചിട്ടുണ്ട്. അത് രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെയും കടത്തിവെട്ടുന്ന എണ്ണമാണ്.
മൂന്ന്, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന ആദ്യ ആഴ്ചകളില്‍ തന്നെ ഉത്തര്‍പ്രദേശില്‍ കൊട്ടിഘോഷങ്ങളോടെ പ്രഖ്യാപിച്ച 'ആന്റി റോമിയോ സ്ക്വാഡ്' ജനങ്ങളുടെ സ്വകാര്യതയിലേയ്ക്ക് സര്‍ക്കാര്‍ അയച്ച ഒളിഞ്ഞുനോട്ട ഗുണ്ടകളായിരുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് പ്രതിഷേധവും എതിര്‍പ്പുമായി മുന്നോട്ടുവന്നപ്പോള്‍ മൂന്നുമാസത്തിനുള്ളില്‍ തന്നെ സ്ക്വാഡിനെ പിന്‍വലിക്കേണ്ടി വന്നു.
നാല്, നിര്‍ധനരായ കര്‍ഷകരെ സഹായിക്കാന്‍ ഒരുലക്ഷം രൂപ വരെയുള്ള കാര്‍ഷികവായ്പകള്‍ തിരിച്ചടയ്ക്കെണ്ടതില്ലെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് 86 ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം കിട്ടേണ്ടിയിരുന്നു. എന്നാല്‍, അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ ഇപ്പോള്‍ ബാങ്കില്‍ നിന്നും കൈപ്പറ്റുന്നത് ഒരു രൂപ മുതല്‍, ഒമ്പത്, പതിനെട്ട് ഇരുപത് രൂപയ്ക്കുള്ള ചെക്കുകള്‍ ആണ്. മാധ്യമങ്ങള്‍ക്ക് മുന്പില് കൊട്ടിഘോഷിക്കാനും ജനങ്ങള്ക്കുമുന്പില് ആള് ചമയാനുമുള്ള വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഇത്തരം ഗിമ്മിക്കുകള്‍. സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ ഉത്തമോദാഹരണാണ് ഈ നടപടി.
നിരന്തരം അക്രമവും കൊള്ളയും നടക്കുന്ന ഒരു സംസ്ഥാനത്തിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ആണ് മേല്‍പ്പറഞ്ഞവ. എന്നാല്‍, ഇവിടെയുള്ളവരുടെ ജീവിതസാഹചര്യങ്ങള്‍ വിവരണാതീതമായ നിലയില്‍ പരിതാപകരമാണ്. ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ വഴിയരികില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി കൊടുംചൂടിലും തണുപ്പിലും കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ഇടയിലൂടെയാണ് എല്ലാ അകമ്പടിയോടും കൂടി യോഗി ആദിത്യനാഥെന്ന 'സന്യാസി മുഖ്യന്' പാഞ്ഞുപോകുന്നത്. അദ്ദേഹത്തിന് ഉത്തര്‍പ്രദേശില്‍ നിന്ന് കാണാനാവാത്ത ദുരിതപര്‍വങ്ങള്‍ എങ്ങിനെയാണ് കേരളത്തില്‍ കാണാനാവുക?
കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നത് പോലുള്ള വികസന അജണ്ടകളെ കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ചിന്തിക്കുന്നതുപോലുമില്ല. അദ്ദേഹം പശുക്കള്‍ക്ക് ആംബുലന്‍സ് നല്‍കുകയും മനുഷ്യര്‍ക്ക് ആംബുലന്‍സ് നിഷേധിക്കുകയുമാണ്. യോഗി മുന്നോട്ടുവെക്കുന്ന വര്‍ഗീയ രാഷ്ട്രീയം ഉത്തര്‍പ്രദേശിലെ പാവങ്ങള്‍ക്ക് ജീവിതം നല്കാന് സമ്മതിക്കില്ല. സവര്‍ണ വിഭാഗങ്ങളുടെ വികസനം മാത്രമാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്.
എഴുപതിലേറെ കുഞ്ഞുങ്ങള്‍ ഗോരക്പൂരിലെ ബി ആര് ഡി ആശുപത്രിയില്‍ മരണമടഞ്ഞത് ഓക്സിജന്‍ സപ്ലൈ നിലച്ചതുകൊണ്ടായിരുന്നു. അത്രയധികം കുഞ്ഞുങ്ങള്‍ അവിടെ അഡ്മിറ്റ് ചെയ്യപ്പെട്ടതും സര്‍ക്കാന്റെ പകര്‍ച്ച വ്യാധി നിവാരണം മുതല്‍, ശുചിത്വപ്രവര്ത്തനമടക്കമുള്ള ഉത്തരവാദിത്തങ്ങളുടെ പരാജയം മൂലമാണ്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആ കൂട്ടക്കുരുതിയില്‍ ഭീതിതമായ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലുള്ള ഫരൂഖാബാദ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ജൂലൈ 20 നും ഓഗസ്റ്റ് 21 നും ഇടയില്‍ ഏകദേശം 50 ഓളം കുഞ്ഞുങ്ങള്‍ ഓക്സിജന്‍ സപ്ലൈ നിലച്ചത് കൊണ്ട് കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് മാധ്യമങ്ങള്‍ മൂടിവെക്കുകയായിരുന്നു.
ഓരോ വര്‍ഷവും ശൈത്യകാലത്ത് നൂറുകണക്കിന് ആളുകള്‍ കയറി കിടക്കാന്‍ വീടില്ലാതെ മരണമടയുന്ന, പകര്‍ച്ച വ്യാധികള്‍ മൂലം ആളുകള്‍ കൊല്ലപ്പെടുന്ന, പ്രതിരോധ കുത്തിവെപ്പുകള്‍ പ്രോത്സാഹിപ്പിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യാത്ത, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി; കേരളത്തില്‍ വന്ന് യു പി യെ കണ്ടുപഠിക്കൂ എന്ന് പറയുമ്പോള്‍, കേരളത്തില്‍ അക്രമാണെന്ന് ആരോപിച്ച് ജനരക്ഷാ യാത്ര നടത്തുമ്പോള്‍ ചില കണക്കുകള്‍ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്.
ഇത് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ 2016 ലെ റിപ്പോര്‍ട്ടിലെ ഒരു ഭാഗമാണ്. കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള താരതമ്യത്തിന് ഇത് ഉപയോഗിക്കാം. വിദ്യാഭ്യാസനിരക്ക്, ബാലവിവാഹ നിരക്ക്, ശിശുമരണ നിരക്ക്, കുടുംബാസൂത്രണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതിന്റെ നിരക്ക് തുടങ്ങി സാമൂഹിക നിലവാരത്തിന്റെ ഈ അടിത്തറകള്‍ മുന്നില്‍വെച്ച് സംസാരിക്കാന്‍ യോഗി ആദിത്യ നാഥ് തയ്യാറാവണം. ഈ കണക്കുകളില്‍ നിന്ന് പിറകോട്ട് പോകുന്ന ഉത്തര്‍പ്രദേശിന്റെ വര്‍ത്തമാനത്തില്‍ നിന്നും കേരളത്തില്‍ വര്‍ഗീയത വിളമ്പാനായി പറന്നുവന്ന തൊലിക്കട്ടിയെയാണ് സംഘിത്വം എന്ന് വിശേഷിപ്പിക്കുന്നത്. അതാണ് സംഘപരിവാര്‍ രീതി.
വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഉന്നതിക്ക് വേണ്ടി ഒരു നാടിനെ, പല സാമൂഹ്യ നിലവാര മാനദണ്ഢങ്ങളിലും ലോകത്തിന് മാതൃകയായ ഒരു നാടിനെ നുണകള്‍ ചമച്ച് ചാപ്പകുത്തുമ്പോള്‍, രാജ്യത്തിന് മുന്പില് അപമാനിതരാക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരം താഴോട്ടുപോവുക തന്നെയാണ്. അത് അളക്കുവാനുള്ള അളവുകോലും കൊണ്ട് യോഗി ആദിത്യനാഥ് യു പി യിലേക്ക് തിരികെ വരണം. കേരളമോഡല്‍ ഭരണം നടത്തണം. ജനങ്ങളുടെ ജീവിതനിലവാരമാണ് നാടിന്റെ വികസനത്തിന്റെ അളവുകോല്‍. അത് കേരളത്തില്‍ നിന്നും തിരിച്ചുപോകുമ്പോള്‍ ബി ജെ പി നേതാക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കണം. ഈ ജാഥകൊണ്ട് അങ്ങനെയൊരുപകാരം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.
05-Oct-2017
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി