ഇതാണ് കീഴാറ്റൂരിലെ യാഥാർഥ്യം

കീഴാറ്റൂരില്‍ സര്‍വ്വെ നടത്താന്‍ അനുവദിക്കില്ലെന്നും, നടത്താന്‍ ശ്രമിച്ചാല്‍ ആത്മാഹുതി ചെയ്യുമെന്നുമുള്ള ഭീഷണിയും ഇവിടെ വിണ്‍വാക്കായി. ബൈപ്പാസ് റോഡിന് അനുകൂലമായുള്ള ജനമുന്നേറ്റമാണ് കീഴാറ്റൂരില്‍ കാണാനായത്. സമരക്കാരുടെ കൂടെ 49 പേര്‍ മാത്രമാണ് ഉണ്ടായതെന്ന് പോലീസ് രേഖകള്‍ തെളിയിക്കുന്നു. അതില്‍ തന്നെ ഭൂഉടമകള്‍ വെറും മൂന്ന് പേര്‍ മാത്രമാണ്. ബാക്കിയുള്ളവര്‍ മുകളില്‍ പറഞ്ഞ മഴവില്‍ മുന്നണിക്കാരാണ്. അവിടെ സര്‍വ്വെ പ്രവര്‍ത്തനം പൂര്‍ത്തിയായി. അതിനിടെ സമരക്കാരുടെ പന്തല്‍ ആരോ കത്തിച്ചു. അതിന്റെ ദൃശ്യങ്ങള്‍ കാണിച്ചാണ് ചില മാധ്യമങ്ങള്‍ വീണുപോയ സമരത്തെ എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. കാലത്ത് അവിടെ ഒത്തുകൂടിയ സമരക്കാര്‍ വയലിന് തീ ഇട്ടിരുന്നു. പോലീസും ഉദ്യോഗസ്ഥരും അങ്ങോട്ട് വരാതിരിക്കാനായിരുന്നു ഈ ഭീഷണി. അത് വിലപ്പോയില്ല. പന്തല്‍ കെട്ടിയ സ്ഥലം അവിടത്തെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെതാണെന്നും അവിടെ പന്തല്‍ കെട്ടാന്‍ പാടില്ലെന്നും ക്ഷേത്രകമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടിരുന്നു, ചുരുക്കത്തില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സമരത്തിന്റെ ദയനീയമായ പതനമാണ് മാര്‍ച്ച് 14 ന് കീഴാറ്റൂര്‍ വയലില്‍ കാണാന്‍ കഴിഞ്ഞത്.

മനുഷ്യനോടെന്നപോലെ പ്രകൃതിയോടും അനുകമ്പയുള്ള ദാര്‍ശനിക നിലപാടാണ് മാര്‍ക്‌സിസത്തിനുള്ളത്. പ്രകൃതിയെ മനുഷ്യനില്‍ നിന്ന് വേര്‍പ്പെടുത്തിക്കൊണ്ടല്ല കമ്യൂണിസ്റ്റുകാര്‍ സമീപനങ്ങള്‍ സ്വീകരിക്കുന്നത്. മണ്ണും ജലവും മഴയും പുഴയും ഈ ഭൂമിയെത്തന്നെയും വരുംതലമുറയ്ക്ക് കേടുപാടുകള്‍കൂടാതെ ഏല്‍പ്പിച്ച് കൊടുക്കേണ്ട ചുമതല മനുഷ്യര്‍ക്കുണ്ട് എന്നാണ് മഹാനായ മാര്‍ക്‌സ് നമ്മെ പഠിപ്പിച്ചത്. എന്നാല്‍, അത് മനുഷ്യനെ മറന്നുകൊണ്ടോ, പ്രകൃതിയെ മറന്നുകൊണ്ടോ അല്ല. മനുഷ്യനും ഈ പ്രകൃതിയുടെ ഭാഗമാണ് എന്ന നിലയിലാണ്, ഇത് ശരിയായി തിരിച്ചറിയുന്നതുകൊണ്ടാണ് മഴ കുറഞ്ഞുവരുന്ന, ജലസംരക്ഷണം ഇല്ലാതായതിന്റെ ഭാഗമായി ഊഷരമായ കേരളത്തിന്റെ പ്രകൃതിയെക്കുറിച്ച് ആശങ്കയും വേവലാതിയുമുള്ള എല്‍ ഡി എഫ് ഗവണ്‍മെന്റ്, നവകേരള നിര്‍മിതിക്കായി 'ഹരിതകേരളം' സാധ്യമാക്കാന്‍ ഹരിതകേരളമിഷനിലൂടെ യത്‌നിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തെ ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ പരമാവധി പ്രാധ്യാന്യത്തോടെയാണ് സമീപിക്കുന്നത്. തണ്ണീര്‍ത്തടങ്ങളും വയലുകളും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ 2008ല്‍ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ നിയമം മൂലം തടഞ്ഞത് ആ ആത്മാര്‍ത്ഥതയുടെ ഭാഗമാണ്. എന്നാല്‍, ഇവിടെ അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാരുകള്‍ ആ നിയമത്തില്‍ വെള്ളം ചേര്‍ത്തു. പിണറായി വിജയന്‍  സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആ യു ഡി എഫിന്റെ ഭേദഗതികള്‍ നിയമം മൂലം തടഞ്ഞു. നമ്മെ നാമാക്കിയ വയലുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ട്.

കൃഷിയോടൊപ്പം ആധുനിക കേരളത്തിന് വികസിക്കാന്‍ വ്യവസായവും അടിസ്ഥാന സൗകര്യങ്ങളും പ്രധാനമാണ്. നവകേരളം പിറന്നുവീണപ്പോള്‍ വ്യവസായം കൊണ്ടുവരാന്‍ പ്രയത്‌നിച്ച ഇ എം എസിനെ നാം ഓര്‍ക്കുന്നു. അന്നത്തെ വീടുകളും റോഡുകളും ആണോ ഇന്ന്? ഓലപ്പുരയും ഓടുമേഞ്ഞ വീടുകളും പരിസ്ഥിതി സൗഹൃദം മുന്നോട്ടുവെക്കുന്നതാണ്. ഭക്ഷണമായും പാര്‍പ്പിടമായും വസ്ത്രമായും നാം പ്രകൃതിയില്‍ നിന്നും കണ്ടെത്തുന്നത് പ്രകൃതിക്ക് മടക്കിനല്‍കുക എന്ന സങ്കല്‍പ്പം പണ്ടുകാലത്ത് പാലിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇന്നാവട്ടെ ഏറ്റവും വലിയ പ്രകൃതിസ്‌നേഹിപോലും കോണ്‍ക്രീറ്റ് വീടുകള്‍ പണിയാന്‍ നിര്‍ബന്ധിതനാവുന്നു. ഈ കെട്ടിടങ്ങള്‍ 'താപത്തുരുത്തുകള്‍' സൃഷ്ടിക്കുകയാണ്. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കാനും ഇത് കാരണമാവുന്നു. എന്തുചെയ്യാം ഇതിനൊക്കെ ബദല്‍ വഴികള്‍ കണ്ടെത്തുന്നതിന് കേവല പരിസ്ഥിതിവാദികള്‍ ഒരിക്കലും തയ്യാറായതായി കണ്ടിട്ടില്ല. ഇന്ന് മൊബൈല്‍ഫോണ്‍ ഇല്ലാതെ പറ്റുമോ? മൊബൈല്‍ ടവറുകള്‍ പരിസ്ഥിതിക്ക് ഭീക്ഷിണിയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍, ടവറുകളും മൊബൈലുകളും വേണ്ട എന്ന നിലപാടിലേക്ക് സമൂഹത്തിന് പോകാന്‍ സാധിക്കുമോ? ആധുനിക മനുഷ്യന്‍ ഇത്തരം സാങ്കേതിക വികാസങ്ങളെ നിരാകരിക്കുകയല്ല വേണ്ടത്. അപ്പോഴത് കേവല പരിസ്ഥിതിവാദമായി മാറും.  അത് സമൂഹത്തെ പിറകോട്ട് നടത്തും. ആധുനിക കേരളത്തിന്റെ നിലനില്‍പ്പിന് നല്ല ഗതാഗത സൗകര്യം അനിവാര്യമാണ്. ഹരിതകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളിലൂടെ പ്രകൃതിയെ സംരക്ഷിക്കുമ്പോള്‍ തന്നെ പ്രകൃതിയുടെ ഉല്‍പ്പന്നമായ മനുഷ്യന്റെ ജീവിതത്തിനായി ഇത്തരം വികസനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും വേണം.

പ്രതിവര്‍ഷം സംസ്ഥാനത്തുണ്ടാകുന്ന നൂറുകണക്കിന് അപകടങ്ങളില്‍ ബഹുഭൂരിപക്ഷവും അശാസ്ത്രീയവും ഇടുങ്ങിയതുമായ റോഡുകള്‍ മൂലമുണ്ടാവുന്നതാണ്. ഒരപകടത്തില്‍ ശരാശരി 2-3 എന്ന നിലയില്‍ പിടഞ്ഞുമരിക്കുന്നതിലേറെയും നമ്മുടെ വീടുകളിലെ യുവാക്കളും കുഞ്ഞുങ്ങളുമാണ്. റോഡപകടങ്ങള്‍ക്ക് അവസാനം വേണ്ടേ? ഇതര സംസ്ഥാനങ്ങളിലെ വിശാലപാതകളും ഇടപ്പള്ളി പാലക്കാട് ആറുവരി പാതയും കണ്ട് അമ്പരക്കുന്ന നമ്മുടെ നാട്ടിലും സുരക്ഷിതവും വീതിയേറിയതുമായ ദേശീയപാതയും ബൈപ്പാസുകളും ആവശ്യമാണ്. അത് കടന്നുപോകുന്നത് ഏത് പ്രദേശത്തുകൂടിയായാലും പ്രദേശവാസികള്‍ക്ക് തീര്‍ച്ചയായും പ്രയാസമുണ്ടാകും. നാടിനും ജനങ്ങള്‍ക്കുംവേണ്ടി ആ പ്രയാസങ്ങളെ അഭിമുഖീകരിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അതേ സമയം ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് 'മതിയായ നഷ്ടപരിഹാരം' നല്‍കാന്‍ അധികൃതര്‍ തയ്യാറാവുകയും വേണം.

സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് കാര്‍ഷികരംഗത്ത് അധികോല്‍പ്പാദനം നടത്താനും വിളവ് വര്‍ദ്ധിപ്പിച്ച് ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്താനും നമുക്ക് സാധിക്കണം. അതോടൊപ്പം പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്താനും സാധിക്കണം. ഒരു മരം മുറിക്കുമ്പോള്‍ നൂറെണ്ണം നട്ടുപിടിപ്പിക്കണം എന്നതുപോലെ സന്തുലനം ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാട് സമൂഹത്തില്‍ ഉണ്ടാക്കണം. ഇതൊക്കെയാണ് ഉത്തരവാദിത്തമുള്ള പൗരന്‍മാര്‍ എന്നുള്ള രീതിയില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുക. വികസനം എന്ന് പറയുന്നത് കൊണ്ട് ആരും കൃഷീവലന്മാരുടെ ശത്രുവായി മാറുന്നില്ല. വയലില്‍ ധ്യാനിച്ചിരിക്കുന്ന കൊറ്റിയുടെയും കിളികളുടെയും ഘാതകരുമാവുന്നില്ല. ചില കേവല പരിസ്ഥിതിവാദികളുടെ കാഴ്ചപ്പാടില്‍ കൃഷിതന്നെ പ്രകൃതിവരുദ്ധമാണ്. പലതരത്തില്‍ പലപ്രകാരത്തില്‍ ആ ആവാസവ്യവസ്ഥയില്‍ വളരുന്ന അനേകം സസ്യശാഖകളില്‍ നിന്ന് നെല്ലിനെ മാത്രം വേര്‍തിരിച്ച് മറ്റുള്ളവയെല്ലാം നശിപ്പിച്ചല്ലേ മനുഷ്യന്‍ ഇവിടെ കൃഷിരീതിയുണ്ടാക്കിയത് എന്നാണ് ഇത്തരം കേവല പരിസ്ഥിവാദികള്‍ ചോദിക്കുന്നത്. ഇത്തരത്തിലുള്ള കൃഷിയിലൂടെ എത്രയിനം സസ്യങ്ങള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ടെന്നറിയാമോ എന്ന അവരുടെ ചോദ്യത്തോടൊപ്പം ഈയടുത്ത് കീഴാറ്റൂര്‍ വയലിലും പരിസരത്തും ചിലസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേ പറയുന്നതും കൂട്ടിവായിക്കണം. നിലവിലുള്ള നെല്‍കൃഷിമൂലം തന്നെ 32ല്‍പരം സസ്യജാലങ്ങള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആ സര്‍വ്വെ കണ്ടെത്തിയിട്ടുള്ളത്. ഇത് റോഡ് വന്നതിന്റെ ഭാഗമായി സംഭവിച്ചതല്ല. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട, തിരിച്ചറിവില്ലാത്ത പ്രകൃതിവാദം സമൂഹത്തിന് എന്താണ് നല്‍കുന്നത്? അതൊന്നും പുതുതായി ഒന്നും സൃഷ്ടിക്കുന്നില്ല എന്നത് തിരിച്ചറിയാനുള്ള ബാധ്യത നമുക്കുണ്ട്. ഇല്ലെങ്കില്‍ വരും തലമുറ നമ്മളെ കുറ്റക്കാരെന്ന് വിധിക്കും.

നാഷണല്‍ ഹൈവേ 17 വികസിപ്പിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. ചിലയിടത്ത് അതിന്റെ ഭാഗമായി ബൈപ്പാസും വേണ്ടിവരും. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കീഴാറ്റൂര്‍ പ്രദേശത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍, പൊതുജനതാല്‍പ്പര്യങ്ങള്‍ക്കും വികസന താല്‍പ്പര്യങ്ങള്‍ക്കും യോജിച്ചതല്ല. ദേശീയപാത അധികൃതര്‍ തളിപ്പറമ്പില്‍ നിലവിലുള്ള കെട്ടിട സമുച്ഛയങ്ങളെയും ആവാസ കേന്ദ്രങ്ങളെയും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനായി നിലവിലുള്ള പാതപരിഷ്‌കരണമല്ല നിര്‍ദ്ദേശിച്ചിട്ടുള്ളത്. കുപ്പം-കീഴാറ്റുര്‍-കൂവോട്-കുറ്റിക്കോല്‍ പ്രദേശത്തുകൂടി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ചിലരുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ തടസ്സപ്പെടുത്തുന്നത് സിപിഐ എംന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി ആ പ്രശ്‌നത്തില്‍ ഇടപെട്ടു.

കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയാണ് ബൈപ്പാസിന്റെ അലൈന്‍മെന്റ് നിശ്ചയിക്കുന്നത്. എന്നാല്‍, കേരള ഗവണ്‍മെന്റും സിപിഐ എമ്മും ആണ് അലൈന്‍മെന്റ് തീരുമാനിക്കുന്നത്് എന്ന നിലയ്ക്കാണ് ഇവിടെ പ്രചാരവേലകള്‍ നടന്നത്. കീഴാറ്റൂര്‍ പ്രദേശം സിപിഐ എം ശക്തികേന്ദ്രമാണ്. അതുകൊണ്ട് തന്നെ പ്രാദേശികമായി പാര്‍ട്ടി സംഘടനാ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കുകയും പാര്‍ട്ടിയുടെ നിലപാട് തദ്ദേശവാസികളെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ഞാനും തളിപ്പറമ്പ് എം എല്‍ എയായ ജെയിംസ് മാത്യുവും കീഴാറ്റൂരിലെ ബ്രാഞ്ച് യോഗങ്ങളില്‍ പങ്കെടുത്ത് വിശദീകരണങ്ങള്‍ നല്‍കി. തുടര്‍ന്ന് ജനങ്ങളുടെ ആശങ്ക അകറ്റാനും യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്താനും പൊതുയോഗങ്ങളും കുടുംബയോഗങ്ങളും സംഘടിപ്പിച്ചു. സമരത്തിന് നേതൃത്വം കൊടുത്തവരുള്‍പ്പെടെ വലിയവിഭാഗം തദ്ദേശവാസികള്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

ബൈപ്പാസ് റോഡ് ഏതു പ്രദേശത്തുകൂടി കടന്നുപോകണമെന്ന് പാര്‍ട്ടിക്ക് നിര്‍ദ്ദേശിക്കാനാവില്ല. വീടുകള്‍ക്കും കൃഷിക്കും പരിസ്ഥിതിക്കും വലിയ നാശംവരുത്താത്ത സ്ഥലത്തുകൂടി റോഡ് പോകുന്നതിന് ദേശീയപാതാ അധികൃതര്‍ തീരുമാനിച്ചാല്‍ അതുമായി സഹകരിക്കുന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. അതോടൊപ്പം വികസനത്തിന്റെ ഭാഗമായി ഭൂമിയും പാര്‍പ്പിടവും മറ്റ് വിഭവങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കുകയും വേണം. അതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ട്ടി നിശ്ചയിച്ചത്. പരിസ്ഥിതിനാശം പരമാവധി കുറച്ചുകൊണ്ടും ഭാവിയില്‍ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്ന മാലിന്യ പ്രശ്‌നങ്ങളും ഗതാഗത പ്രശ്‌നങ്ങളും പരിഹരിക്കാനും കഴിയണം. പരിസ്ഥിതിയുടെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നതും വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിയന്ത്രണമില്ലാതെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതും പാര്‍ട്ടി കാഴ്ചപ്പാടല്ല. ഇവ തമ്മിലുള്ള സന്തുലിതാവസ്ഥ പാലിച്ചുകൊണ്ട് വികസനം നടത്തുകയാണ് വേണ്ടത്. ഇതാണ് പാര്‍ട്ടി നിലപാട്.

കീഴാറ്റൂര്‍ ബൈപ്പാസ് സംബന്ധിച്ച് ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിക്കുന്നതിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സ്ഥലം എം എല്‍ എയും പൊതുമാരമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മന്ത്രി ജി സുധാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ബൈപ്പാസിന്റെ  സ്ഥലം വിദഗ്ധസംഘം സന്ദര്‍ശിക്കുകയും തുടര്‍ന്ന് കലക്‌ട്രേറ്റില്‍ കീഴാറ്റൂരില്‍ സമരം നടത്തുന്നവരും മറ്റ് പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. സമരസമിതിയുടെ നേതാക്കള്‍കൂടി സ്വീകാര്യമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റില്‍ അവര്‍ ആഗ്രഹിക്കുന്ന ഭേദഗതി വരുത്താം എന്ന് വിദഗ്ധസംഘം അംഗീകരിച്ചു. തുടര്‍ന്ന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതി ഉണ്ടെന്നറിയിക്കുകയും ബൈപ്പാസ് പ്രവര്‍ത്തനവുമായി സഹകരിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ നിര്‍ദ്ദേശം രൂപപ്പെടുത്തുന്നതിന് ആഴ്ചകളുടെ കാലതാമസം വരുമെന്ന് അറിയാമായിരുന്ന ഇവര്‍ 24 മണിക്കൂര്‍ തികയുന്നതിനു മുമ്പ് തങ്ങളുടെ നിലപാട് മാറ്റി. തങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നത് കാത്തുനില്‍ക്കാതെ വീണ്ടും സമരം പുനരാരംഭിച്ചു. അതിലൂടെ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങള്‍ അവര്‍ ഉന്നം വെക്കുന്നുണ്ട് എന്ന്  വ്യക്തമായി.

സമരം ആരംഭിച്ചപ്പോള്‍ തന്നെ ആര്‍ എസ് എസ് പ്രചാരകനും കേന്ദ്ര ഭരണകക്ഷി നേതാവുമായ കുമ്മനം രാജശേഖരനും യു ഡി എഫിലെ ഒരു വിഭാഗം കപട പരിസ്ഥിതിവാദികളും വികസനവിരോധികളായ ചില വ്യക്തികളും ഗ്രൂപ്പുകളും ചില നിക്ഷിപ്തതാല്‍പ്പര്യക്കാരും തീവ്രവാദഗ്രൂപ്പുകളും കീഴാറ്റൂര്‍ സന്ദര്‍ശിക്കുകയും ജനവിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇടതുപക്ഷ വിരുദ്ധതയുള്ള ചില മാധ്യമങ്ങളും സമരത്തെയും ഇവരുടെ സന്ദര്‍ശനത്തെയും പ്രോത്സാഹിപ്പിച്ചു. കീഴാറ്റൂരില്‍ “സിംഗൂര്‍” ആവര്‍ത്തിക്കുമെന്ന് നിരന്തരം പ്രചരണം നടത്തി. ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന രീതിയില്‍ വ്യാപകമായ നുണപ്രചരണത്തിന് നേതൃത്വം നല്‍കി. കീഴാറ്റൂരിലൂടെ ഒഴുകുന്ന തോട് നികത്തുമെന്നും ടൗണിലെ മാലിന്യങ്ങളുടെ കൂമ്പാരം ഈ പ്രദേശത്ത് നിക്ഷേപിക്കുമെന്നും പ്രചരിപ്പിച്ചു. ഇപ്പോള്‍ സര്‍വ്വെ പൂര്‍ത്തിയാകുമ്പോള്‍ തോട് അതേപടി നിലനില്‍ക്കുമെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി.

പരിസ്ഥിതിസ്‌നേഹമോ, ജനകീയ-വികസന താല്‍പ്പര്യമോ അല്ല ഇവരെ നയിക്കുന്നത് എന്നത് വ്യക്തമാണ്. ഏതാനും ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്തി, തങ്ങളുടെ ഗൂഡതാല്‍പ്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇവിടെയുള്ള ഇത്തരം വസ്തുതകളെല്ലാം പലപ്പോഴായി കീഴാറ്റൂര്‍ വാസികളെയും സമര നേതൃത്വത്തെയും ബോധ്യപ്പെടുത്തിയതാണ്. പരമാവധി 25 ഏക്കര്‍ മാത്രമാണ് ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിന് വേണ്ടിവരികയെന്ന് ജില്ലാകലക്ടര്‍ നേരത്തെ തന്നെ ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും 250 ഏക്കര്‍ നെല്‍വയല്‍ മണ്ണിട്ട് മൂടാന്‍ പോവുകയാണെന്ന് അവര്‍ നുണ പ്രചരിപ്പിച്ചു. സര്‍വ്വെ പൂര്‍ത്തിയായതോടെ ഇത്തരം പ്രചരണങ്ങള്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ച് അമ്പരപ്പ് പ്രകടിപ്പിക്കുകയാണ്. അവിടത്തെ നെല്‍കൃഷിയും വയലും ഇല്ലാതാവില്ല എന്നാണ് സര്‍വ്വെയിലൂടെ വ്യക്തമായത്.

ഇതിന് മുമ്പ് തന്നെ പാര്‍ട്ടിയും നാടിന്റെ വികസനത്തില്‍ താല്‍പര്യമുള്ളവരും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി കീഴാറ്റൂര്‍ വയലിലെ 60 ഭൂഉടമകളില്‍ 56 പേരും ഭൂമി ഏറ്റെടുക്കുന്നതിന് സമ്മതപത്രം ഒപ്പിട്ട് കലക്ടര്‍ക്ക് നല്‍കുകയുണ്ടായി. ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റ് ഒന്നിന് മൂന്ന് ലക്ഷത്തിന് മേല്‍ രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നുകൂടി മനസ്സിലാക്കിയപ്പോള്‍ ഭൂഉടമകള്‍ സമരത്തില്‍ നിന്നും പിന്തിരിഞ്ഞു. അപ്പോഴാണ് സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെത്. ആ സമയത്ത് സമരത്തെ കൊഴുപ്പിക്കാന്‍ നിരന്തരം ഇടപെട്ട വിധ്വംസക ശക്തികള്‍ വീണ്ടും രംഗത്തുവന്നു. മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയും അനുഗ്രഹിച്ച സമരത്തില്‍ ചേരാന്‍ ആര്‍ എസ് എസും യുവമോര്‍ച്ചയും മടിച്ചില്ല. ആര്‍ എസ് എസ് ആവട്ടെ കീഴാറ്റൂരിനെ ചോരയില്‍ മുക്കാനുള്ള ഗൂഡാലോചനയാണ് നടത്തിയത്. അവിടെ ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന സമരനേതാവിന്റെ സഹോദരനെയും മറ്റൊരാളെയും വെട്ടിക്കൊല്ലാന്‍ വേണ്ടി ആര്‍ എസ് എസ് ക്രിമിനലുകളെ വിനിയോഗിച്ചു. ആ കൊലപാതകശ്രമം സിപിഐ എംന്റെ ചുമലിലിടാനും ആസൂത്രണം ചെയ്തു. എന്നാല്‍, ഈ ക്രിമിനലുകള്‍ ആക്രമണത്തിനായി എത്തിയ സമയത്ത് ഉദ്ദേശിച്ച ആള്‍ക്കാര്‍ അവിടെയില്ലാത്തതിനാല്‍ കൊലപാതക ആസൂത്രണം വിജയിച്ചില്ല. ഇത് വിജയിച്ചിരുന്നെങ്കില്‍ മറ്റു പ്രദേശങ്ങളില്‍ കലാപമായിരുന്നു ആര്‍ എസ് എസുകാര്‍ പ്ലാന്‍ ചെയ്തത്. തുടര്‍ന്ന് കണ്ണൂരില്‍ ക്രമസമാധാനം തകര്‍ന്നെന്ന മുറവിളിയുമായി ബി ജെ പിയും മറ്റ് സംഘപരിവാരങ്ങളും രാജ്യവ്യാപകമായി രംഗത്ത് വരുമായിരുന്നു. കേരള പോലീസിന്റെ അന്വേഷണ മികവിലൂടെ ഈ ഗുഡാലോചനയാകെ വെളിയില്‍ വന്നു. അതോടെയാണ് കീഴാറ്റൂര്‍ സമരം എന്ന പേരില്‍ രാജ്യവ്യാപകമായി പ്രചരിപ്പിച്ച സമരത്തിന്റെ ഗൂഡോദ്ദേശ്യങ്ങള്‍ ജനങ്ങള്‍ക്കാകെ ബോധ്യമായത്.

കീഴാറ്റൂരില്‍ സര്‍വ്വെ നടത്താന്‍ അനുവദിക്കില്ലെന്നും, നടത്താന്‍ ശ്രമിച്ചാല്‍ ആത്മാഹുതി ചെയ്യുമെന്നുമുള്ള ഭീഷണിയും ഇവിടെ വിണ്‍വാക്കായി. ബൈപ്പാസ് റോഡിന് അനുകൂലമായുള്ള ജനമുന്നേറ്റമാണ് കീഴാറ്റൂരില്‍ കാണാനായത്. സമരക്കാരുടെ കൂടെ 49 പേര്‍ മാത്രമാണ് ഉണ്ടായതെന്ന് പോലീസ് രേഖകള്‍ തെളിയിക്കുന്നു. അതില്‍ തന്നെ ഭൂഉടമകള്‍ വെറും മൂന്ന് പേര്‍ മാത്രമാണ്. ബാക്കിയുള്ളവര്‍ മുകളില്‍ പറഞ്ഞ മഴവില്‍ മുന്നണിക്കാരാണ്. അവിടെ സര്‍വ്വെ പ്രവര്‍ത്തനം പൂര്‍ത്തിയായി. അതിനിടെ സമരക്കാരുടെ പന്തല്‍ ആരോ കത്തിച്ചു. അതിന്റെ ദൃശ്യങ്ങള്‍ കാണിച്ചാണ് ചില മാധ്യമങ്ങള്‍ വീണുപോയ സമരത്തെ എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത്. കാലത്ത് അവിടെ ഒത്തുകൂടിയ സമരക്കാര്‍ വയലിന് തീ ഇട്ടിരുന്നു. പോലീസും ഉദ്യോഗസ്ഥരും അങ്ങോട്ട് വരാതിരിക്കാനായിരുന്നു ഈ ഭീഷണി. അത് വിലപ്പോയില്ല. പന്തല്‍ കെട്ടിയ സ്ഥലം അവിടത്തെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെതാണെന്നും അവിടെ പന്തല്‍ കെട്ടാന്‍ പാടില്ലെന്നും ക്ഷേത്രകമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടിരുന്നു, ചുരുക്കത്തില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സമരത്തിന്റെ ദയനീയമായ പതനമാണ് മാര്‍ച്ച് 14 ന് കീഴാറ്റൂര്‍ വയലില്‍ കാണാന്‍ കഴിഞ്ഞത്. ഇനി എന്ത് എന്നതാണ് എല്ലാവരുടെയും മുന്നിലുള്ള ചോദ്യം.

വികസിത കേരളം സാധ്യമാക്കാനുള്ള കര്‍മ്മപരിപാടിയിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഭൂമി ആവശ്യമുള്ള എല്ലാ വികസന  പ്രവര്‍ത്തനങ്ങളിലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. കീഴാറ്റൂരിലും അതാണ് ഉണ്ടായത്. ഗവണ്‍മെന്റും, ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടികളും വികസന കാര്യങ്ങളില്‍ സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് നാടിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കൊപ്പം അണിനിരക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിന്റെ വിശാല താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനെപ്പോലെയുള്ള പാര്‍ട്ടികള്‍ക്ക് പോലും പ്രത്യക്ഷമായി സമരത്തെ അനുകൂലിക്കാന്‍ കഴിയാതിരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന വികസനത്തോടുള്ള ആഭിമുഖ്യത്തിന്റെ ഭാഗമായാണ്. അതോടൊപ്പം വികസന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ചൂഷണം ചെയ്യാന്‍ ചില തീവ്രവാദ, മതമൗലികവാദ ശക്തികള്‍ കീഴാറ്റൂര്‍ പോലെ മറ്റിടങ്ങളിലും ഇടപെടുന്നു എന്നത് ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണ്. ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെതിരായ അവസരമായി മുതലാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കല്ല, ചില തീവ്രവാദ-മതമൗലികവാദ ശക്തികള്‍ക്കാണ് അതിന്റെ നേട്ടം എന്നത് എല്ലാവരും തിരിച്ചറിയണം. കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ നിന്നും പുരോഗമന ശക്തികളാകെ ഉള്‍ക്കൊള്ളേണ്ട പാഠമാണിത്.

16-Mar-2018