ബജറ്റ്‌ ആര്‍ക്കുവേണ്ടി?

കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കായ കോടികള്‍ ഓരോ വര്‍ഷവും ലോക്സഭാതലത്തില്‍ എഴുതിത്തള്ളുന്ന ചരിത്രമാണ് ഏറെക്കാലമായി ഇന്ത്യയിലുള്ളത്. ഖജനാവിലേക്ക് വരേണ്ട നികുതി എഴുതിത്തള്ളുന്നതിന് പുറമെയാണ് ബജറ്റുവഴി പ്രഖ്യാപിക്കാറുള്ള കോര്‍പറേറ്റ് ഇളവുകള്‍. ഇതിനെല്ലാം പുറമെ അദാനിമുതല്‍ അംബാനിവരെയുള്ളവരുടെ ക്ഷണിക്കപ്പെട്ട സാന്നിധ്യത്തില്‍ അധികാരമേറിയ മോഡിസര്‍ക്കാര്‍ ഈ ബജറ്റിലൂടെ ഇതാ കോര്‍പറേറ്റുകളില്‍നിന്ന് ഈടാക്കുന്ന നികുതിനിരക്കില്‍ത്തന്നെ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നു. 30 ശതമാനമായിരുന്ന കോര്‍പറേറ്റ് ടാക്സ് അടുത്ത നാലുവര്‍ഷം കൊണ്ട് 25 ശതമാനമായി വെട്ടിച്ചുരുക്കുകയാണ്. ആരുടെ സര്‍ക്കാരാണ് ഇത് എന്നതിന് ഇതില്‍ കവിഞ്ഞ തെളിവ് വേണ്ട.

പി ചിദംബരത്തില്‍നിന്ന് ഏറ്റുവാങ്ങിയ ബാറ്റണുമായി ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും പാതയിലൂടെയുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ യാത്ര തുടരുകയാണ് എന്നാണ് പുതിയ ബജറ്റ്‌ വിളിച്ചു പറയുന്നത്. മോഡിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത് എന്നതുകൊണ്ട് ഈ നയത്തിന് അല്‍പ്പമൊന്ന് മറയിടാനും കുറഞ്ഞ തോതിലെങ്കിലും ഇളവുകളുടെ മധുരം പുരട്ടാനും ശ്രമിക്കും എന്ന് ചിലര്‍ കരുതി. ആ ചിന്ത തകര്‍ന്നടിഞ്ഞു. വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് ഭീമമായ ഇളവനുവദിക്കുന്നതും സാമ്രാജ്യത്വ മൂലധനാധിനിവേശത്തിന് മുന്നില്‍ രാജ്യത്തെ കമ്പോളമാക്കി കൂടുതല്‍ തുറന്നിടുന്നതുമായ ബജറ്റാണ് ലോക്സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചത്.

കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കായ കോടികള്‍ ഓരോ വര്‍ഷവും ലോക്സഭാതലത്തില്‍ എഴുതിത്തള്ളുന്ന ചരിത്രമാണ് ഏറെക്കാലമായി ഇന്ത്യയിലുള്ളത്. ഖജനാവിലേക്ക് വരേണ്ട നികുതി എഴുതിത്തള്ളുന്നതിന് പുറമെയാണ് ബജറ്റുവഴി പ്രഖ്യാപിക്കാറുള്ള കോര്‍പറേറ്റ് ഇളവുകള്‍. ഇതിനെല്ലാം പുറമെ അദാനിമുതല്‍ അംബാനിവരെയുള്ളവരുടെ ക്ഷണിക്കപ്പെട്ട സാന്നിധ്യത്തില്‍ അധികാരമേറിയ മോഡിസര്‍ക്കാര്‍ ഈ ബജറ്റിലൂടെ ഇതാ കോര്‍പറേറ്റുകളില്‍നിന്ന് ഈടാക്കുന്ന നികുതിനിരക്കില്‍ത്തന്നെ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നു. 30 ശതമാനമായിരുന്ന കോര്‍പറേറ്റ് ടാക്സ് അടുത്ത നാലുവര്‍ഷം കൊണ്ട് 25 ശതമാനമായി വെട്ടിച്ചുരുക്കുകയാണ്. ആരുടെ സര്‍ക്കാരാണ് ഇത് എന്നതിന് ഇതില്‍ കവിഞ്ഞ തെളിവ് വേണ്ട. ഈ വമ്പന്‍ ഇളവ് അനുവദിക്കുന്നതിന് ജെയ്റ്റ്ലി പറഞ്ഞ ന്യായമാണ് ഏറെ രസകരം. 30 ശതമാനമാണ് ഇവരുടെ നികുതിയെങ്കിലും 23 ശതമാനത്തിനുമേലെ പിരിച്ചെടുക്കാന്‍ കഴിയാറില്ലത്രെ. നികുതി പിരിച്ചെടുക്കേണ്ടത് സര്‍ക്കാരാണ്. ആദ്യം ആ ചുമതലയില്‍ വീഴ്ച വരുത്തുക. എന്നിട്ട് ആ വീഴ്ച മറയാക്കി നികുതിതന്നെ കുറച്ചുകൊടുക്കുക. ക്ലീനായി രാജ്യത്തെ കബളിപ്പിച്ച് കോര്‍പറേറ്റുസേവ നടത്തുന്നതിന്റെ തന്ത്രം!

കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ കോര്‍പറേറ്റുകള്‍ ഖജനാവിലേക്ക് അടയ്ക്കാനുള്ള 23.84 ലക്ഷം കോടിയാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അതിന് തൊട്ടുപിന്നാലെയാണ് കോര്‍പറേറ്റുകളുടെ നികുതിതന്നെ വെട്ടിക്കുറയ്ക്കുന്നത്.സ്വത്തുനികുതി അപ്പാടെ ഇല്ലാതാക്കിയിരിക്കുകയാണ് ജെയ്റ്റ്ലിയുടെ ബജറ്റ്. ആയിരത്തിയെട്ട് കോടി രൂപയാണ് ഖജനാവിന് ഇതിലൂടെ നഷ്ടമാകുന്നത്. ആ നഷ്ടം അതിസമ്പന്നര്‍ക്ക് ലാഭമാകും. അതിസമ്പന്നര്‍ക്കായുള്ള രണ്ടു ശതമാനം സെസ് സ്വത്തുനികുതിയിലൂടെ ലഭിക്കുന്നതിലധികം നേടിത്തരുമെന്ന മന്ത്രിയുടെ കണക്കുകൂട്ടല്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാകാനേ വഴിയുള്ളൂ.

വിദേശബാങ്കുകളിലെ കള്ളപ്പണം അധികാരത്തിന്റെ ആദ്യ നൂറുനാളുകള്‍കൊണ്ടു തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു തെരഞ്ഞെടുപ്പുഘട്ടത്തില്‍ മോഡി പറഞ്ഞിരുന്നത്. പ്രകടനപത്രികയിലുള്‍പ്പെട്ട ഇക്കാര്യം പല നൂറുനാളുകള്‍ കഴിഞ്ഞിട്ടും പ്രാവര്‍ത്തികമായില്ല. എന്നുമാത്രമല്ല, ഇപ്പോള്‍ ഈ ബജറ്റിലൂടെ ഇവര്‍ പറയുന്നത് നിലവിലുള്ള നിയമങ്ങള്‍കൊണ്ട് അത് സാധ്യമാകില്ല എന്നുകൂടിയാണ്. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ പുതിയ നിര്‍മാണം നടത്തുമത്രെ. വിദേശബാങ്കുകളില്‍നിന്ന് കിട്ടിയ ലിസ്റ്റ് പുറത്തുവിടുകയും ആ പണം പിടിച്ചെടുക്കാന്‍ എക്സിക്യൂട്ടീവിന് നിര്‍ദേശം നല്‍കുകയും ചെയ്താല്‍മാത്രം കാര്യം നടക്കും. അത് ചെയ്യാതെ നിയമനിര്‍മാണത്തെക്കുറിച്ച് പറയുന്നത് നടപടി ഒഴിവാക്കുന്നതിനുവേണ്ടിയാണെന്നത് ആര്‍ക്കാണറിയാത്തത്?

സ്വാതന്ത്യലബ്ധിക്കുശേഷം 20.92 ലക്ഷം കോടി രൂപയാണ് കള്ളപ്പണബാങ്കുകളിലേക്ക് രാജ്യത്തുനിന്ന് ഒഴുകിപ്പോയത്. ഇതില്‍ 11.28 ലക്ഷം കോടിയും 2008- 2010ലാണ് പോയത്. സുപ്രീംകോടതിവരെ നിര്‍ദേശിച്ചിട്ടും ഈ പണം പിടിച്ചെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതില്‍ പലരുടെയും പേരുവിവരം അരുണ്‍ ജെയ്റ്റിലിയുടെ പക്കലുണ്ട്. അത് തലയിണക്കീഴില്‍ വച്ചുറങ്ങിയിട്ടാണ് കള്ളപ്പണനിരോധന നിയമത്തെക്കുറിച്ച് അദ്ദേഹം ബജറ്റില്‍ പറയുന്നത്. കള്ളപ്പണം വെളിപ്പിക്കാനുള്ള സാവകാശം കള്ളപ്പണക്കാര്‍ക്ക് നല്‍കിയിരിക്കുകകൂടിയാണ് ബജറ്റിലെ ഡിസ്ക്ലോഷര്‍ സ്കീമിലൂടെ. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ള വിനിമയ ആള്‍ട്ടര്‍നേറ്റ് ടാക്സ് നിര്‍ദേശത്തില്‍ വരുത്തിയ മാറ്റത്തിലൂടെ വിദേശകള്ളപ്പണം ഇവിടെത്തന്നെ നിക്ഷേപിക്കാനുള്ള അവസരമുണ്ടാക്കിയിരിക്കുന്നു ബജറ്റ്.

തെരഞ്ഞെടുപ്പില്‍ പേഴ്സ് തുറന്നുവച്ച് സഹായിച്ചതിന് പ്രത്യുപകാരമായി കോര്‍പറേറ്റുകള്‍ക്ക് ഖജനാവ് കൊള്ളയടിക്കാനുള്ള അവസരമൊരുക്കിക്കൊടുത്തിരിക്കുകയാണ് അരുണ്‍ ജെയ്റ്റ്ലി ബജറ്റിലൂടെ. തങ്ങള്‍ കൊടുത്ത നിര്‍ദേശങ്ങളിലെ 99 ശതമാനവും അംഗീകരിച്ചതില്‍ സന്തോഷമുണ്ട് എന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ പ്രതികരണത്തില്‍നിന്നുതന്നെ ഇത് വ്യക്തമാകുന്നുണ്ട്.8315 കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടാകുമെന്നു പറയുന്ന മന്ത്രി ഇത് മിക്കവാറും പൂര്‍ണമായിത്തന്നെ കോര്‍പറേറ്റ് ഇളവുകള്‍കൊണ്ടുള്ളതാണെന്നത് മറച്ചുവയ്ക്കുന്നു. നികുതി ഭേദഗതിയിലൂടെ ഖജനാവിലേക്ക് വരുമെന്ന് പ്രത്യാശിക്കുന്ന 23,000 കോടി രൂപ ജീവിക്കാന്‍ വിഷമിക്കുന്ന അതിസാധാരണക്കാരെ പിഴിഞ്ഞെടുക്കുന്നതാണെന്ന കാര്യവും അരുണ്‍ ജെയ്റ്റ്ലി മറച്ചുവയ്ക്കുന്നു. മറച്ചുവയ്ക്കല്‍കൊണ്ടുള്ള കണക്കിന്റെ പകിടകളിയല്ലാതെ ഈ ബജറ്റ് മറ്റൊന്നുമാകുന്നില്ല. സര്‍വീസ് ടാക്സ് 12.36 ശതമാനത്തില്‍നിന്ന് 14 ശതമാനമാക്കിയതിന്റെ ദൂരവ്യാപകചലനങ്ങള്‍ ഇനിയുള്ള ഘട്ടത്തില്‍ ദുരിതപൂര്‍ണമാംവിധം പ്രകടമാകാനിരിക്കുന്നു.

സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറയുന്നുണ്ട്. ഇത് ഏതെങ്കിലും നയത്തിന്റെയോ നിലപാടിന്റെയോ അടിസ്ഥാനത്തില്‍ വന്നതല്ല. പതിനാലാം ധനകാര്യ കമീഷന്റെ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും രാഷ്ട്രീയേതരമായ നിലയില്‍ ഉളവാക്കിയ മാറ്റമാണ്. അത് മന്ത്രിക്കുള്ള ക്രെഡിറ്റാകുന്നില്ല.സബ്സിഡി ചോര്‍ന്നുപോകുന്നത് തടയുന്നതിലാവും ഊന്നല്‍ എന്നു പറയുന്ന ബജറ്റ് ചോര്‍ച്ച കുറയ്ക്കുകയല്ല, സബ്സിഡി തന്നെ കുറയ്ക്കുയാണ് ചെയ്തിട്ടുള്ളത്. സാമൂഹ്യമേഖല, ഗ്രാമ വികസനം, കൃഷി, സേവനമേഖല, വളം തുടങ്ങി നിരവധി മേഖലകള്‍ ഇതുമൂലം ദുരിതത്തിലാകും. അടിസ്ഥാനമേഖലകളെയാകെ ഇങ്ങനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടിട്ട് സമ്പദ്ഘടന "പറക്കും' എന്നുപറയുന്നത് അയഥാര്‍ഥമാണ്. ഈ മേഖല തകരുമ്പോള്‍ സമ്പദ്ഘടനയുടെ പറക്കേണ്ട ചിറകാണ് ഒടിയുന്നത്.ലോകത്തിന്റെ പല ഭാഗത്തുമുള്ള നിക്ഷേപലക്ഷ്യ സ്ഥാനങ്ങള്‍ മാന്ദ്യത്തെതുടര്‍ന്ന് മങ്ങിനില്‍ക്കുന്ന ഘട്ടത്തില്‍പ്പോലും ഇന്ത്യയെ ചരടുകളില്ലാത്ത നിക്ഷേപങ്ങളുടെ ലക്ഷ്യമാക്കാന്‍പ ബജറ്റില്‍ നിര്‍ദേശങ്ങളില്ല.

ലോകകമ്പോളത്തില്‍ എണ്ണവില 55 ശതമാനംകണ്ട് താണതുമൂലമുണ്ടായ സാമ്പത്തികാനുകൂലാവസ്ഥ സേവന- വികസന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലോ മൂലധനച്ചെലവ് വര്‍ധിപ്പിക്കുന്ന തരത്തിലോ വഴിതിരിച്ച് ഉപയോഗിക്കാനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. എന്നുമാത്രമല്ല, പെട്രോള്‍-ഡീസല്‍ വില കുറയ്ക്കേണ്ട ഘട്ടത്തില്‍ കുത്തനെ കൂട്ടിയിരിക്കുകയാണ് മോഡിസര്‍ക്കാര്‍. ബജറ്റ് ദിനത്തില്‍തന്നെ ബജറ്റിനെ മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വിലവര്‍ധന ഏര്‍പ്പെടുത്തുമ്പോള്‍ ബജറ്റിന് എന്ത് പവിത്രതയാണുള്ളത്. ജനാധിപത്യത്തോടുള്ള സര്‍ക്കാരിന്റെ അവജ്ഞയുടെ വിളംബരമാകുന്നുണ്ട് ഈ നടപടി.

കാര്‍ഷികമേഖല, തൊഴില്‍നിര്‍മാണമേഖല, ആരോഗ്യമേഖല, പ്രവാസി മേഖല, വ്യവസായരംഗം എന്നിവയ്ക്കൊന്നും അര്‍ഹിക്കുന്ന പരിഗണനയില്ല എന്നുമാത്രല്ല, കാര്‍ഷികരംഗത്തിന് വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. പ്രവാസിമേഖലയുടെ കാര്യവും അങ്ങനെതന്നെ. റബര്‍, കേര, നെല്‍ക്കൃഷി മേഖലകളെ പൂര്‍ണമായും അവഗണിച്ചിരിക്കുന്നു. കയര്‍, കൈത്തറി, കശുവണ്ടി, പരമ്പരാഗത വ്യവസായങ്ങളെയും ബജറ്റ് തള്ളിക്കളഞ്ഞിരിക്കുന്നു. ക്ലീന്‍ഗംഗ, സ്വച്ഛ് ഭാരത്, യോഗാനികുതിയിളവ് തുടങ്ങി മതവികാരം പ്രതിഫലിപ്പിക്കുന്ന കുറെ പദ്ധതികളുണ്ട്. പദ്ധതി നടത്തിപ്പ് എന്നതിനേക്കാള്‍ വര്‍ഗീയവികാരത്തിന്റെ ഉദ്ദീപനം എന്നതുമാത്രമെ അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളു എന്നത് നീക്കിവയ്ക്കപ്പെട്ട തുകയില്‍നിന്ന് വ്യക്തം.ഡയറക്ട് ടാക്സ് സംവിധാനത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ ലോക സമ്പദ്ഘടനകളോട് മത്സരിക്കാന്‍ സജ്ജമാക്കുകയാണ് ഉദ്ദേശ്യമെന്ന് ജെയ്റ്റിലി പറയുന്നുണ്ട്. അഞ്ചു ശതമാനത്തില്‍ത്താഴെ നില്‍ക്കുന്ന വളര്‍ച്ചാനിരക്ക്, 8.63 ശതമാനത്തില്‍ നില്‍ക്കുന്ന ഭക്ഷ്യപണപ്പെരുപ്പം 15നും 29നും ഇടയ്ക്ക് പ്രായമുള്ള 30 കോടി തൊഴില്‍ രഹിതര്‍, 2013ല്‍ തന്നെ 11772 കര്‍ഷകരുടെ ആത്മഹത്യ- ഇതൊക്കെ വച്ചുകൊണ്ട് എങ്ങനെ ഇത് സാധിക്കുമെന്നതിന്റെ ഒരു പ്രായോഗിക രൂപവും ബജറ്റിലില്ല. ഗ്രാമവികസനം മുതല്‍ എന്‍ആര്‍ഇജി വരെയുള്ളവ പേരിന് ബജറ്റില്‍ നിലനിര്‍ത്തിയിരിക്കുന്നുവെന്ന് മാത്രം.

കേരളത്തിലെ ഒരു കേന്ദ്രപൊതുമേഖലാ സ്ഥാപനത്തിനും അര്‍ഹതപ്പെട്ട വിഹിതമില്ല. നാണ്യവിളകളിലൂടെയും പ്രവാസിസമൂഹത്തിലൂടെയും വിദേശനാണ്യശേഖരത്തെ വന്‍തോതില്‍ കേരളം കൊഴുപ്പിക്കുന്നുണ്ട്. എന്നാല്‍, ബജറ്റില്‍ പ്രവാസിവിഹിതത്തിനും നാണ്യവിള സംരക്ഷണത്തിനുമൊക്കെയുള്ള വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. കേരളത്തിന് കാര്യമായ ഒരു പുതുപദ്ധതിയുമില്ല. ഉള്ളത് നടത്തിക്കൊണ്ടുപോകാന്‍ വേണ്ട ഫണ്ടുമില്ല. ബജറ്റില്‍ ഊര്‍ജസ്വല കൃഷി പദ്ധതിയുണ്ട്. അതില്‍ കേരളത്തിനിടമില്ല. ഐഐടികളും ഐഐഎമ്മുകളും എഐഐഎംഎസുകളും സംസ്ഥാനംതോറും സ്ഥാപിക്കുന്നുണ്ട്. കേരളത്തിലില്ല. ആകെയുള്ളത് നിഷിനെ സര്‍വകലാശാലയാക്കുമെന്ന പരാമര്‍ശം മാത്രമാണ്. അതിനാകട്ടെ ആവശ്യമായ തുക നീക്കിവച്ചിട്ടുമില്ല. കേന്ദ്ര കയറ്റിറക്കുമതി നയംമൂലം തകര്‍ച്ചയിലാകുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ രക്ഷിക്കാന്‍വേണ്ട പദ്ധതിയില്ല. ഈ ബജറ്റ്‌ അവഗണന കേരളത്തിലെ ബി ജെ പിയുടെ അസ്ഥിവാരം തോണ്ടാനുള്ളത് കൂടിയാവുമെന്ന് കരുതാം. പൊതുവില്‍ സാധാരണക്കാരനെ അവഗണിക്കുന്നതായി മാറി പൊതുബജറ്റ്‌.

01-Mar-2015