പുതിയ ജാതിവിരുദ്ധ പ്രസ്ഥാനം ആവശ്യം
പ്രീജിത്ത് രാജ്
അവര്‍ണ ജാതികളെ സവര്‍ണ ജാതികളില്‍ നിന്നും വേര്‍തിരിക്കുന്ന ആശയപരവും ചിഹ്നപരവുമായ ഘടകങ്ങളെ ഇല്ലാതാക്കുക എന്നതായിരുന്നു സാമുദായിക പ്രസ്ഥാനങ്ങളുടെ ശ്രദ്ധ. വിദ്യാഭ്യാസം, സംവരണം, അയിത്തോച്ഛാടനം, ക്ഷേത്രപ്രവേശനം, സര്‍ക്കാര്‍ ഓഫീസുകളിലെ നിയമനം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയുള്ള പ്രക്ഷോഭങ്ങളായിരുന്നു പ്രധാനമായും നടന്നത്. ഇതിലൂടെ ജാതി ഇല്ലാതാവുകയല്ല ചെയ്തത്. മധ്യവര്‍ഗവത്കരണത്തിനും സംസ്കൃതീകരണത്തിനും വിധേയമായ പുതിയൊരു ജാതിസമൂഹം നിലവില്‍ വരികയായിരുന്നു. പഴയകാലത്ത് ജാതീയ ഉച്ചനീചത്വത്തിന് വിധേയരായിരുന്ന അവര്ണവിഭാഗത്തിലുള്ളവര് പരമ്പരാഗത തൊഴില്‍ രൂപങ്ങളില്‍ നിന്നും മര്യാദകളില്‍ നിന്നും മോചിതരായി. എന്നാല്‍, പുതിയ സമൂഹഘടനയില്‍ ജാതിപ്പേരും ചിഹ്നങ്ങളും വിലപേശല്‍ രൂപങ്ങളെന്ന നിലയില്‍ ശക്തമായി മുറുകെ പിടിക്കാനും ഇക്കൂട്ടര്‍ തയ്യാറായി. ഈ സമുദായം, തൊഴില്‍ രൂപങ്ങളോടും അധ്വാനത്തോടും സവര്‍ണരുടേതില്‍ നിന്നും വിഭിന്നമല്ലാത്ത മനോഭാവമാണ് വെച്ചുപുലര്‍ത്തിയത്. ദളിതരും അധ്വാനിക്കുന്ന അധമവിഭാഗത്തിലുള്ളവരും ഇക്കൂട്ടരുടെ കണ്ണില്‍ നിന്ദ്യരാണ്. അത് മാറ്റിമറിക്കാന്‍ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചുമില്ല. പുതിയ ഉത്പാദനബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ജാതി വിരുദ്ധതയുടെ സാമൂഹ്യ അജണ്ട മുന്നോട്ടുകൊണ്ടുപോവാനുള്ള ബാധ്യത കര്‍ഷക-കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കാണുള്ളത്. സാമുദായിക പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന, മുതലാളിത്തത്തിന്റെ പിന്‍ബലത്തോടെയാണ് ഇന്ന് ജാതീയത നിലനില്‍ക്കുന്നത്. ആഗോളവത്കരണകാലത്തെ ജാതീയതയ്ക്ക് കോര്‍പ്പറേറ്റുകളാണ് സംരക്ഷണം നല്‍കുന്നത്. അവയെ തച്ചുതകര്‍ക്കുക എന്നതാണ് വര്‍ഗപരമായി മുന്നോട്ടുപോകുന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ കടമ. |
സാമൂഹ്യപരിഷ്കരണത്തിനായി ഒരു ജനതയ്ക്ക് മുന്നേറേണ്ടി വരുന്നത് ആ സമൂഹം അത്രമേല്‍ ജീര്ണമായിരിക്കുന്നതുകൊണ്ടാണ്. നവോത്ഥാന, സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍പുള്ള നമ്മുടെ നാട് അങ്ങിനെയായിരുന്നു. അന്ന് കേരളമായിരുന്നില്ല. മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായിരുന്നു. പ്രാചീന കേരളം ജാതി-ജന്മി- നാടുവാഴിത്ത വ്യവസ്ഥയുടെ കീഴിലായിരുന്നു. യൂറോപ്പിലെ അടിമ സമ്പ്രദായം പോലെയായിരുന്നു ഇവിടെ നിലവിലിരുന്ന ജാതി സമ്പ്രദായം. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതും ആക്രമിക്കുന്നതുമായിരുന്നു ഇവ രണ്ടും. കേരളത്തിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ജാതി വ്യവസ്ഥ ആവിര്‍ഭവിക്കുന്നത് ബ്രാഹ്മണരുടെ കടന്നുവരവിന് ശേഷമാണ്. ചാതുര്‍വര്‍ണ വ്യവസ്ഥയായിരുന്നു ഉത്ഭവകാലത്ത് ജാതി സമ്പ്രദായത്തിനുണ്ടായിരുന്നത്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് വര്‍ണങ്ങള്‍ അടിച്ചേല്‍പ്പിച്ചത് തൊഴിലിനെ അടിസ്ഥാനമാക്കിയാണ്. വൈകാതെ ജാതികളും ഉപജാതികളുമായി ആ വ്യവസ്ഥിതി വിപുലപ്പെട്ടു.
ശങ്കരാചാര്യര്‍ എഴുതിയ ‘ജാതിനിര്‍ണയ’ത്തില്‍ കേരളത്തില്‍ 72 ജാതികളുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രാഹ്മണര്‍ എട്ട് ജാതിയും ന്യൂനജാതി രണ്ടും അന്തരാള ജാതി രണ്ടും ശൂദ്രജാതി പതിനെട്ടും ശില്പ്പജാതികള് ആറും പതിതജാതികള്‍ പത്തും നീചജാതികള്‍ എട്ടും മറ്റ് ജാതികള്‍ എട്ടുമെന്നുള്ള നിലയിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ മിക്കതിനും ഉപജാതികള്‍ വേറെയുണ്ട്. തൊഴിലുകളില്‍ വിഭജനമുണ്ടാവുന്ന ഘട്ടത്തിലാണ് ഉപജാതികള്‍ പിറവികൊണ്ടിരുന്നത്. അന്നത്തെ ജാതി സമ്പ്രദായവും അതിന്റെ ഭാഗമായുള്ള ജീര്‍ണ്ണതകളും ഇന്നത്തെ തലമുറയ്ക്ക് ഊഹിക്കാന്‍ സാധിക്കുന്നതിനുമപ്പുറമുള്ളതായിരുന്നു. അതിന്റെ വിവിധ തലങ്ങളിലുള്ള അക്രമണോത്സുകതയും ചൂഷണങ്ങളും ഉച്ചനീചത്വങ്ങളും വിവരണാതീതമായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പ്രസ്താവന, പരിഷ്കൃത ലോകത്തിന് മുന്നില്‍ അധപതിച്ചുനില്ക്കുന്ന ഒരു സമൂഹത്തിന് നേരെയുള്ള ചൂണ്ടുവിരലായിരുന്നു.
സമൂഹത്തെ ജാതി വ്യവസ്ഥയുടെ ഭാഗമായി സമൂഹത്തെ വിവിധ വിഭാഗങ്ങളായി വേര്‍തിരിച്ചിരുന്നു. വ്യത്യസ്ത ജാതികളിലുള്ളവരുടെ അന്തസും കടമകളും അവകാശങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്. ഒരു വ്യക്തിയുടെ ജാതി എന്നത് അയാള്‍ പിറവികൊള്ളുന്ന ഗര്‍ഭപാത്രത്തിന്റെ ജാതിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ജനിച്ചുവീണ കുഞ്ഞിന്റെ ജാതി തങ്ങളുടേതല്ലാതെ മറ്റൊന്നാക്കാന്‍ മാതാപിതാക്കള്‍ക്കോ, മുതിര്‍ന്നുവരുമ്പോള്‍ ആ വ്യക്തിക്ക് സ്വന്തം നിലയിലോ സാധിക്കുകയില്ല. പിറന്നുവീഴുമ്പോള്‍ ഏതു ജാതിയായാണോ കണക്കാക്കപ്പെടുന്നത് അതായിരിക്കും മരണം വരെയുള്ള ആ വ്യക്തിയുടെ ജാതി. അയാള്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടേയും ജാതി അതുതന്നെയായിരിക്കും. വര്‍ഗപരമായ വ്യത്യാസങ്ങളും വികാരങ്ങളും അപ്രസക്തമാക്കുകയും ജാതി വികാരത്തിന് മേല്‍ക്കൈ ലഭ്യമാക്കുകയും ചെയ്യുന്ന വ്യവസ്ഥയുടെ ഭാഗമാണ് ഈ അടിച്ചേല്‍പ്പിക്കല്‍.
ജാതി നിയമങ്ങള്‍ തെറ്റിച്ചാല്‍ ജാതി വിഭാഗങ്ങളില്‍ നിന്ന് പുറത്താക്കുന്ന രീതിയും ആ കാലത്ത് ഉണ്ടായിരുന്നു. സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന ഉച്ചനീചത്വങ്ങളുടെ അടിത്തറയില്‍ മേല്‍ത്തരം കീഴ്ത്തരം എന്നിങ്ങനെയുള്ള തരംതിരിവുകള്‍ ജാതി വ്യവസ്ഥയുടെ ഭാഗമായി നിലകൊണ്ടിരുന്നു. സമൂഹത്തില്‍ നിലവിലുള്ള ജാതികളില്‍ മുന്തിയത് എന്ന് കരുതിപ്പോരുന്നത് ബ്രാഹ്മണ വിഭാഗമാണ്. ഇക്കൂട്ടര്‍ മറ്റ് ജാതിക്കാരുടെ വീടുകളില്‍ നിന്ന് ആഹാരം കഴിച്ചിരുന്നില്ല. നായര്‍ ഈഴവനേയോ, ഈഴവന് പുലയരെയോ, പുലയന് പറയരെയോ തൊട്ടുതിന്നുമായിരുന്നില്ല. ആഹാരനീഹാരങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും ജാതിവ്യവസ്ഥ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായിരുന്നു ഈ വ്യവസ്ഥിതി. സ്വജാതിയില്പ്പെട്ടവരെ മാത്രം വിവാഹം ചെയ്യുന്ന ജാതീയരീതി ഇന്നും പിന്തുടരപ്പെടുന്നുണ്ട്. ജാതി വിഭാഗങ്ങള്‍ മാത്രമല്ല, ഉപജാതികള്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ വ്യത്യസ്ത ജാതികള്‍ തുടങ്ങിവരൊന്നും ജാതിമാറിയുള്ള കല്യാണത്തില്‍ ഏര്‍പ്പെടുകയില്ല.
സ്മൃതികള്‍ വഴി അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴില്‍ പരമായ ഉത്തരവാദിത്തം ഓരോ ജാതികള്‍ക്കും വ്യത്യസ്തമാണ്. ജാതി വ്യവസ്ഥയെ അടിസ്ഥാനമാക്കി സാമ്പത്തികാവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കുമായിരുന്നു. ഉന്നത ജായില്പ്പെട്ടവര്ക്ക് സമ്പത്ത് സ്വരുക്കൂട്ടാനുള്ള സാധ്യതകളുണ്ടായിരുന്നു. അവരായിരുന്നു സാമ്പത്തികമായി മുന്നില്‍ നിന്നിരുന്നത്. സാമ്പത്തികമായ അടിത്തറയില്‍ നിന്നുകൊണ്ട് മികച്ച വിദ്യാഭ്യാസം നേടാനും ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെടാനും തങ്ങളുടെ പിന്‍ഗാമികളെ അത്തരത്തില്‍ വാര്‍ത്തെടുക്കാനും അവര്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ സമൂഹത്തിന്റെ സമസ്തമേഖലകളിലും അദൃശ്യമായ സാന്നിധ്യവും ഇടപെടലുമായി ജാതി വ്യവസ്ഥ നിലകൊണ്ടു. ജാതിയും ജാതി വ്യവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ട്. ജാതി എന്നത് സാമൂഹ്യപദവിയുടേയും ചൂഷണത്തിന്റേയും അടിച്ചമര്ത്തലിന്റേയുമൊക്കെ പ്രതീകമാണ്. ജാതിബോധമായി ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് കൂടിയാണത്. എന്നാല്‍, ജാതിബോധത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പിക്കപ്പെടുന്ന സാമൂഹ്യാവസ്ഥയാണ് ജാതിവ്യവസ്ഥ. ഇത് സമൂഹത്തിന്റെ അവസ്ഥകളെ ഒരു പരിധിവരെ ഇപ്പോഴും നിയന്ത്രിക്കുന്നുണ്ട്. ജന്മിത്വവും നാടുവാഴി വ്യവസ്ഥയും അവസാനിപ്പിക്കാന്‍ നമുക്ക് സാധിച്ചെങ്കിലും ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.
ദൈവദത്തമാണ് ജാതിയെന്ന് പറഞ്ഞാണ് പ്രാചീന കേരളത്തില്‍ ജാതിജീര്ണ്ണത അടിച്ചേല്‍പ്പിച്ചിരുന്നത്. തീവ്രതയുടെ അളവില്‍ മാറ്റമുണ്ടെങ്കിലും ഇന്നും ജീര്‍ണ്ണതകള്‍ തുടരുകയാണ്. ദൈവദത്തമാണ് ജാതിയെന്നതിന് പ്രത്യേകിച്ച് വസ്തുതകളുടെ പിന്ബലമെന്നുമില്ല. ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലെ പരാമര്‍ശമാണ് ഇതിനാധാരമായി മനു സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ജാതിശ്രേണിയെ വിപുലപ്പെടുത്തിയ മനു ഓരോ ജാതിയുടേയും ജോലികളും കടമകളും അവയ്ക്കുള്ള ന്യായവിധിയുമൊക്കെ മനുസ്മൃതിയിലൂടെ വിശദമാക്കി. വേദങ്ങളിലും പുരാണങ്ങളിലും പറയുന്നത് നാല് വര്‍ണങ്ങളെ പറ്റിയാണ്. എന്നാല്‍, ജാതി എന്നത് വര്‍ണങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ചാതുര്‍വര്‍ണ്യത്തിലെ ഓരോ വര്‍ണങ്ങളിലും വ്യത്യസ്തങ്ങളായ അനേകം ജാതികളും ഉപജാതികളും നിലവിലുണ്ട്. ഇവയെ സംബന്ധിച്ച് പുരുഷസൂക്തമടക്കമുള്ളവയില് ഒരു പരാമര്‍ശവും ഇല്ലെന്നത് ദൈവദത്തമാണ് ജാതിയെന്ന വാദത്തെ അപ്രസക്തമാക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തെ മലീമസമാക്കിയ ആര്യാധിനിവേശത്തിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിലുമുണ്ടായത്. നമ്പൂതിരിമാരുടെ അധിനിവേശത്തിന്റെ കാലനിര്‍ണയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. വില്യംലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നത് എഡി എട്ടിലാണ് നമ്പൂതിരി ആഗമനമെന്നാണ്. പി കെ ബാലകൃഷ്ണന് നിരീക്ഷിക്കുന്നത് എഡി നാലാം നൂറ്റാണ്ടിലാണ് നമ്പൂതിരിമാര്‍ കടന്നുവെന്നാണ്. കേരത്തിലേക്ക് വന്ന നമ്പൂതിരിമാര്‍ എണ്ണത്തില്‍ കുറച്ചേ ഉണ്ടായിരുന്നുവെങ്കിലും എ ഡി എട്ടാം ശതകത്തോടെ ബുദ്ധ-ജൈന മതങ്ങളെ തകര്‍ത്തുകൊണ്ട് അവര്‍ കേരളത്തിലെ മേധാവിത്വ ശക്തികളായി മാറി. തുളുനാടുവഴി കേരളത്തിലേക്ക് പ്രവേശിച്ച ബ്രാഹ്മണര്‍ അവരുടെ ആശയസംഹിതകളും ഭരണരീതികളും നടപ്പിലാക്കുകയായിരുന്നു. രാജ്യമാസകലം നമ്പൂതിരിമാരുടെ നേതൃത്വത്തില്‍ ബുദ്ധമതത്തെ നാമാവശേഷമാക്കി ചാതുര്‍വര്‍ണ്യം അടിച്ചേല്‍പ്പിക്കാനുള്ള വലിയ പരിശ്രമം നടക്കുന്ന കാലഘട്ടമായിരുന്നു അത്. ബ്രാഹ്മണ പുരോഹിതന്മാര് ബൗദ്ധ-ജൈന്യ സന്യാസികളെന്ന നിലയില്‍ അവരുടെ സംഘടനകളില്‍ കടന്നുകൂടി പൊതുജനങ്ങള്‍ക്ക് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍ ആ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ആറാം ശതകത്തിന്റെ അന്ത്യത്തോടെ ചാതുര്‍വര്‍ണ്യത്തിന് കീഴടങ്ങാത്ത എല്ലാ വിഭാഗങ്ങളെയും തങ്ങളുടെ അധീനതയിലാക്കാനും ബുദ്ധമതത്തെ പാടേ നശിപ്പിക്കാനും ബ്രാഹ്മണര്‍ക്ക് സാധിച്ചുവെന്ന് ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നുണ്ട്. ബുദ്ധഭിക്ഷുണികളെ വേശ്യകളാക്കിയും ബുദ്ധസന്യാസിമാരെ നിഷ്കരുണം കൊന്നൊടുക്കിയും ബുദ്ധവിഹാരങ്ങളും മറ്റും നാമാവശേഷമാക്കിയുമാണ് ബ്രാഹ്മണ്യം ആധിപത്യമുറപ്പിച്ചത്.
“ബുദ്ധമതം ജാതിയെ തകര്‍ത്തു. ശങ്കരന് ബുദ്ധമതത്തെയും തകര്‍ത്തു. ബുദ്ധമതം തോറ്റുവെന്നാല് പ്രാചീന കേരളം തോറ്റുവെന്നാണ്. അദ്വൈതം ജയിച്ചുവെന്നാല് ജാതി ജന്മി സമ്പ്രദായങ്ങള്‍ ജയിച്ചുവെന്നതാണ്.” കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് വിലയിരുത്തിയത് അക്ഷരം പ്രതി ശരിയാണ്. ഇന്ത്യന്‍ സംസ്കാരത്തേയും ആദിമ ചരിത്രത്തെയും മലീമസമാക്കുന്നതില്‍ ആദിശങ്കരന് വഹിച്ച പങ്ക് നിര്‍ണായകമാണ്. പ്രച്ഛന്നബുദ്ധനെന്ന് ശങ്കരനെ വിലയിരുത്തിയത് ദാര്‍ശനീകത കൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ബുദ്ധനെ അനുകരിച്ചതിനാലാണ്. ഭരണകൂടങ്ങളുടെ ശക്തമായ പിന്തുണയോടെ സവര്ണ്ണാധിപത്യത്തിന് അടിത്തറയിടാന്‍ ശങ്കരന് സാധിച്ചു. ജാതിനിര്ണയമെന്ന കൃതിയിലൂടെ പ്രധാനപ്പെട്ട 72 ജാതികളെ രേഖപ്പെടുത്തിയ ശങ്കരന്, ശാങ്കരസ്മൃതിയിലൂടെ 64 അനാചാരങ്ങളെ പറ്റി പ്രതിപാദിച്ച് ബ്രഹ്മസൂത്രത്തിന് ഭാഷ്യമെഴുതി. ഇതില്‍ കൂടി കടന്നുപോകുമ്പോള്‍ ശങ്കരനെന്ന സവര്‍ണ ബ്രാഹ്മണന്റെ ഉള്ളിലുള്ള ജാതീയത മനസിലാക്കാനാവും.
ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണത്തെ സംബന്ധിച്ചുള്ള ശങ്കരന്റെ വ്യാഖ്യാനം ഇങ്ങനെയാണ് : “ ശൂദ്രന്റെ വേദശ്രവണത്തേയും വേദാധ്യായനത്തേയും വേദാര്‍ത്ഥ ഗ്രഹണത്തേയും വേദാര്ത്ഥാനുഷ്ഠാനങ്ങളേയും സ്മൃതി പ്രതിഷേധിക്കുന്നത് കൊണ്ട് ശൂദ്രന് വിദ്യകള്ക്കധികാരമില്ല. വേദോച്ഛാരണം കേള്‍ക്കുന്ന ശൂദ്രന്റെ കര്‍ണങ്ങളില്‍ ഈയവും ലാക്ഷയും ഉരുക്കിയൊഴിച്ച് നിറക്കണം എന്നതാണ് ശ്രവണ പ്രതിഷേധം. ശൂദ്രന് പാദയുക്തമായ അല്ലെങ്കില്‍ സഞ്ചാര സമൃദ്ധമായ ഒരു ശ്മശാനമാണ്. അതുകൊണ്ട് ശൂദ്രസമീപത്തില്‍ അധ്യയനം ചെയ്യരുത്. വേദമുച്ഛരിക്കുന്ന ശൂദ്രന്റെ നാവറുക്കണം. വേദം ഗ്രഹിച്ച ശൂദ്രന്റെ ശരീരം വെട്ടിയരിയണം” സര്‍വ്വജ്ഞപീഠം കയറി എന്ന് പറഞ്ഞ് ശങ്കരനെ ഔന്നത്യങ്ങളില്‍ വിരാജിപ്പിക്കുന്നവര്ക്ക് ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കാന്‍ ശങ്കരന് നടത്തിയ പരിശ്രമങ്ങളെ ഒളിച്ചുവെക്കാനാവില്ല.
ജാതിജീര്ണ്ണതയുടെ കൊടുമുടിയായിരുന്നു അയിത്തം. ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മില്‍ തൊടുകയോ, അവര്‍ക്ക് നിശ്ചയിച്ച പരിധി വിട്ട് അടുക്കുകയോ ചെയ്താല്‍ ഉയര്‍ന്ന ജാതിക്കാര്‍ കുളിക്കാതെ ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണ്. അങ്ങനെ ചെയ്താല്‍ അവര്‍ ജാതിഭ്രഷ്ഠരാക്കപ്പെടും. അങ്ങനെ ആവുന്ന വ്യക്തി ഒന്നുകില്‍ നാടുവിടുകയോ, അല്ലെങ്കില്‍ ഇസ്ലാംമതമോ, കൃസ്തുമതമോ സ്വീകരിക്കുകയോ ചെയ്യുക എന്നത് മാത്രമാണ് പോംവഴി. കുട്ടികളോ, സ്ത്രീകളോ മറ്റോ ആണെങ്കില്‍ ഭരണാധികാരികള്‍ അവരെ പിടിച്ച് താഴ്ന്ന ജാതിക്കാര്‍ക്കോ, ഇതര മതസ്ഥര്‍ക്കോ വില്‍ക്കും. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലെ കേരളത്തെ പറ്റി ചരത്രകാരനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇങ്ങനെയാണ് എഴുതിയത്. ജാതിവ്യവസ്ഥയും ആചാരങ്ങളും കോട്ടംതട്ടാതെ നിലനിര്‍ത്തുവാന്‍ ഹിന്ദുക്കള്‍ വളരെയധികം ക്ലേശം സഹിക്കുന്നുവെന്നും അദ്ദേഹം എഴുതി. ലോകത്തെവിടെയുമില്ലാത്ത ഹീനമായ സാമൂഹ്യാവസ്ഥയാണ് അയിത്തത്തിലൂടെ സ്ഥാപിതമാക്കിയത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ വര്ണവെറിപോലും അയിത്തത്തിന് മുന്നില്‍ പകച്ചുനിന്നുകാണണം. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനില്‍ നിന്ന് നിശ്ചിത അകലം പാലിച്ചേ നില്ക്കാവൂ, നടക്കാവൂ, മിണ്ടാവൂ. പരസ്പരം സ്പര്‍ശിക്കാന്‍ പാടില്ല. രണ്ടുജാതികള്‍ തമ്മിലുള്ള കാര്യം മാത്രമല്ല ഈ രീതി. മുകല്ത്തട്ടുമുതല് അടിത്തട്ടുവരെ ജീര്‍ണതയായിരുന്നു. താഴേക്കിടയിലുള്ള ജാതിയെന്ന് മുദ്രകുത്തപ്പെട്ടവര്‍ നരകയാതന അനുഭവിച്ചു.
തീണ്ടലും തൊടീലും എന്നിങ്ങനെ രണ്ട് വിധത്തിലാണ് അയിത്തം പ്രധാനമായും അടിച്ചേല്‍പ്പിച്ചിരുന്നത്. ഒരു ജാതി മറ്റൊരു ജാതിയില്‍ നിന്നും നിശ്ചിത ദൂരം മാറിയേ നില്ക്കാവൂ എന്നതാണ് തീണ്ടലിലൂടെ പ്രയോഗവല്‍ക്കരിച്ചത്. നമ്പൂതിരിയില്‍ നിന്നും പുലയനും പറയനും നായാടിയും വേട്ടവനും മറ്റും എഴുപത്തിരണ്ട് അടി അകലം പാലിക്കണമായിരുന്നു. തീണ്ടാപ്പാട് ദൂരമാണ് അത്. ഈഴവരും വാലരും അരയരും കണായാരും പാണനും വേലനും പുള്ളുവനും പരവരും മരയ്ക്കാരും മറ്റും നമ്പൂതിരിയില്‍ നിന്നും മുപ്പത്തിയാറടി അകലം തീണ്ടാപ്പാട് പാലിക്കേണ്ടിയിരുന്നു. തീണ്ടല് ഉണ്ടാവാതിരിക്കാന്‍ നമ്പൂതിരിയും നായരും മറ്റും ഹോയ്, ഹോയ് എന്ന് ശബ്ദമുണ്ടാക്കി കൊണ്ടാണ് സഞ്ചരിക്കുക. ആ ശബ്ദം കേള്‍ക്കുമ്പോള്‍ തീണ്ടല് ജാതിക്കാര്‍ നമ്പൂതിരിമാരുടെ ദൃഷ്ടിയില്പ്പെടാതെ ഓടി മാറണമായിരുന്നു. തൊടീല് എന്ന ജാത്യാചാരത്തിലൂടെ നമ്പൂതിരിമാരുടെ അടുത്തേക്ക് ചെല്ലാന്‍ അനുവാദമുള്ള നായര്‍, നമ്പ്യാര്‍ തുടങ്ങിയ ജാതിയിലുള്ളവര്‍ക്ക് നമ്പൂതിരിമാരെ തൊടാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചു. ഇക്കൂട്ടരും തത്വത്തില്‍ അശുദ്ധജാതിക്കാരായിരുന്നു. നമ്പൂതിരിക്ക് അശുദ്ധമേല്പ്പിക്കാതെ മാറി നില്‍ക്കാനുള്ള ഉത്തരവാദിത്തം താഴ്ന്ന ജാതിക്കാര്‍ക്കായിരുന്നു. നമ്പൂതിരിയില്‍ നിന്നും എഴുപത്തിരണ്ടടി ദൂരത്ത് മാറി നില്‍ക്കേണ്ട അയിത്തജാതിക്കാര്‍ തമ്മില്‍ തമ്മില്‍ അയിത്തം പാലിച്ചിരുന്നു. പുലയന് പറയനെയും ഉള്ളാടനെയും മറ്റും സ്പര്‍ശിച്ചാല്‍ മൂന്നുവട്ടം കുളിച്ച് ചെറുവിരല്‍ മുറിച്ച് ഏതാനും തുള്ളി രക്തം വാര്‍ത്ത് കളയണമായിരുന്നു. പുലയന് തൊട്ട ആഹാരം ഉള്ളാടനും ഉപയോഗിച്ചിരുന്നില്ല. ആദിവാസിവിഭാഗങ്ങളില്‍ അയിത്തം ആചരിക്കുന്നവരില്‍ മുന്‍പന്തിയിലുള്ളത് കുറിച്യരാണ്. ഇപ്പോഴും ഇത്തരം ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ജാത്യാചാരങ്ങളുടെ അവശിഷ്ടങ്ങള്‍ നിലവിലുണ്ട്.
പുലപ്പേടി, മണ്ണാപ്പേടി, പറപ്പേടി തുടങ്ങിയ ദുരാചാരങ്ങള്‍ തിരുവിതാംകൂറില്‍ വ്യാപകമായി ഉണ്ടായിരുന്നു. അയിത്തത്തിന്റെ മറ്റൊരു മുഖമായിരുന്നു ഇവയൊക്കെ. ഉയര്‍ന്ന ജാതി സ്ത്രീകള്‍ക്ക് പുലയ, മണ്ണാന്‍, പറയ ജാതി വിഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന അയിത്തമാണിത്. സന്ധ്യ കഴിഞ്ഞ് പുരുഷസഹായം കൂടാതെ തിരുവിതാംകൂറിലെ സ്ത്രീകള്‍ പുറത്തിറങ്ങുമായിരുന്നില്ല. പുലയ, മണ്ണാന്‍ വിഭാഗത്തിലുള്ളവര്‍ എവിടെയെങ്കിലും നിന്ന് കണ്ടേ, കണ്ടേ എന്ന് വിളിച്ച് പറഞ്ഞാല്‍ പുലപ്പേടിയോ, മണ്ണാപ്പേടിയോ ആകുമായിരുന്നു. അല്ലെങ്കില്‍ കല്ലോ മറ്റോ എറിഞ്ഞ് സ്ത്രീയുടെ ശരീരത്തില്‍ കൊള്ളുകയാണെങ്കിലും അയിത്തമാകുമായിരുന്നു. സ്തീകള്‍ക്ക് ജാതിഭ്രഷ്ട് കല്പ്പിക്കാന് ഈ കാരണം മതിയായിരുന്നു. ആരെ കണ്ടാണോ പേടിയായത് അവന്റെ കൂടെ പോവുക എന്നതായിരുന്നു ശിക്ഷാവിധി.
സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ ഭാഷാപ്രയോഗത്തിന്റെയും വേഷത്തിന്റേയും താമസ സ്ഥാലത്തിന്റേയും തുടങ്ങി സമസ്ത തലങ്ങളിലും അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. നമ്പൂതിരിമാരും നമ്പ്യാര്‍, നായര്‍ തുടങ്ങിയ മേല്‍ജാതിക്കാരും വെള്ളമുണ്ടും സ്ഥാനവസ്ത്രങ്ങളും മറ്റും ധരിച്ചപ്പോള്‍ മറ്റ് ജാതിയിലുള്ളവര്‍ കോണകവും തുണി കഷണങ്ങളുമാണ് ധരിച്ചിരുന്നത്. നഗ്നരായി നടക്കാന്‍ വിധിക്കപ്പെട്ടവരുമുണ്ടായിരുന്നു. വിദേശാധിപത്യത്തോടെ കുറച്ചുകൂടി പരിഷ്കൃതമായ നിലവില്‍ വന്നു. സവര്‍ണര്‍ ധരിക്കുന്ന വേഷങ്ങള്‍ ഒരു കാരണവശാലും അവര്‍ണര്‍ക്ക് ധരിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല. ഓലപ്പുരകളിലായിരുന്നു അവര്‍ണ വിഭാഗത്തിലുള്ളവര്‍ താമസിച്ചിരുന്നത്. ചാള, ചാപ്പ, കൂര, ചേരി, തറ, കുപ്പാള എന്നിങ്ങനെയൊക്കെയാണ് വീടുകളെ വിശേഷിപ്പിച്ചിരുന്നത്. അതിലും കൂടിയ ജാതിക്കാരുയെ വീടുകളെ പുരകള്‍ എന്ന് വിശേഷിപ്പിച്ചു. നായര്‍ വീടുകള്‍ തറവാടും ഭവനവുമായി അറിയപ്പെട്ടു. അമ്പലവാസികള്‍ താമസിച്ചിരുന്നത് വാരിയത്തും പിഷാരത്തുമായിരുന്നു. നമ്പൂതിരിമാര്‍ ഇല്ലച്ച് താമസിച്ചു. ആഡ്യ നമ്പൂതിരിമാരുടെ വീടിനെ മന എന്നാണ് വിളിക്കപ്പെട്ടിരുന്നത്. കുറച്ചുകൂടി കൂടി ജാതിയാവുമ്പോള് മണ്ണുകൊണ്ടുള്ള ചുവരുകളുണ്ടാവും. ബ്രാഹ്മണരായിരുന്നു നല്ല രീതിയില്‍ താമസിച്ചുപോന്നത്. ഭാഷ പ്രയോഗിക്കുന്നതിലും തരംതിരിവ് അടിച്ചേല്‍പ്പിച്ചു. നമ്പൂതിരിമാര്‍ സ്വയം നോം എന്നാണ് വിശേഷിപ്പിക്കുക. ജാതിയില്‍ കുറഞ്ഞവക്ക് അടിയന്, റാന്‍ തുടങ്ങിയ വിളികളില്‍ സ്വയം അടയാളപ്പെടുത്തണം. നട്ടെല്ല് നിവര്‍ത്തി നില്‍ക്കാനുള്ള അനുവാദം പോലും അവര്ണന് ലഭിച്ചിരുന്നില്ല. അവര്‍ണര്‍ കഴിക്കുന്നത് കരിക്കാടിയായിരുന്നു. സവര്‍ണര്‍ കഞ്ഞിയും അമൃതേത്തും ഭോജിച്ചു. നമ്പൂതിരിമാര്‍ കുളിച്ചപ്പോള്‍, പുലയന്മാരടക്കമുള്ള കീഴ്ജാതിക്കാര്‍ മേല്‍ നനച്ചു. സവര്‍ണ സ്ത്രീകള്‍ തിരുവയറൊഴിച്ചപ്പോള്, അവര്‍ണ സ്ത്രീകള്‍ കുരങ്ങിടുകയായിരുന്നു. സവര്‍ണര്‍ കൃഷ്ണന്, രാമന്, സരസ്വതി, ലക്ഷ്മി, മീനാക്ഷി, എന്നിങ്ങനെ പേരിട്ടപ്പോള്‍ അവര്‍ണര്‍ ചക്കിയും ചാത്തനും ചിരുതയും വെളുമ്പനും കറുമ്പനും കാളിയുമെന്നൊക്കെ പേരുകളിടാന്‍ നിര്‍ബന്ധിതരായി.
പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാത്യാചാരങ്ങളും ജാതിഘടനയും മധ്യകാല കേരളത്തിലെ സമൂഹബന്ധങ്ങളുടെ സൃഷ്ടിയാണ്. അക്കാലത്ത് കുടുംബക്രമം, നാടുവാഴിത്ത രാഷ്ട്രീയ ബന്ധങ്ങള്‍, ഉത്പാദന ബന്ധങ്ങള്‍, നീതിന്യായ വ്യവസ്ഥകള്‍, അധ്വാനരൂപങ്ങള്‍ തുടങ്ങിയവയെല്ലാം പ്രകാശിതമായത് നാടുവാഴിവ്യവസ്ഥയിലായിരുന്നു. ജാതിജടിലമായിരുന്നു അന്നത്തെ സാമൂഹ്യവ്യവസ്ഥിതി. തുടര്‍ന്ന് ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് ആ രൂപത്തില്‍ മാറ്റംവന്നു.
ജന്മി- നാടുവാഴിത്ത വ്യവസ്ഥയുടെ സ്വഭാവം മാറുന്നത് ബ്രിട്ടീഷുകാരുടെ സാന്നിധ്യം സജീവമാകുന്നതോടെയാണ്. ആ സമയത്ത് ഉത്പാദന ബന്ധങ്ങളില്‍ പ്രകടമായ മാറ്റം ഉണ്ടായി. കമ്പോളത്തെ അധിഷ്ഠിതമാക്കിയുള്ള തലത്തില്‍ ഉത്പാദനം മാറിമറിഞ്ഞു. നാണ്യവിളകളും തോട്ടങ്ങളും വ്യാപിക്കുന്നതും ആ കാലഘട്ടത്തിലാണ്. ഭക്ഷ്യവിള നടത്തുന്ന പ്രദേശങ്ങളിലും പറമ്പുകളിലും നാടുവാഴിത്ത ബന്ധങ്ങള്‍ തുടരുമ്പോള്‍ ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന തോട്ടങ്ങളിലും നാണ്യവിളകള്‍ ഉത്പാദിക്കുന്ന സ്ഥലങ്ങളിലും കൂലിവേലയായിരുന്നു. അത് മുതലാളിത്തത്തിന്റെ രൂപത്തില്‍ തന്നെയായിരുന്നു. ഈ സ്ഥിതിവിശേഷം ജാതിവ്യവസ്ഥയിലും തൊഴില്‍ഘടനയിലും മാറ്റം വരുത്തുകയുണ്ടായി.
ബ്രിട്ടീഷ് കൊളോണിയലിസം സവര്‍ണജാതിക്കാരുടെ അവകാശങ്ങളില്‍ മാറ്റംവരുത്തി. അവരുടെ അധീശഭാവത്തെ മായ്ച്ചുകളഞ്ഞാണ് ബ്രിട്ടീഷുകാര്‍ അവരുടെ അധീശത്വം സ്ഥാപിക്കുന്നത്. നാടുവാഴികളുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍, ബ്രിട്ടീഷുകാര്‍ അവര്‍ക്ക് വേണ്ട നികുതി പിരിച്ചെടുക്കാനും മറ്റും ഒരു ജന്മിവര്ഗത്തെ നിലനിര്‍ത്തി. അതിലൂടെ ആ വിഭാഗം ശക്തിപ്പെട്ടു. തിരുവിതാംകൂറിലും കൊച്ചിയിലും മുഖ്യജന്മി അവിടെ നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ തന്നെയായിരുന്നു. ജാതി വ്യവസ്ഥയില്‍ വന്ന മാറ്റത്തോടെ ഈഴവര്‍ നാണ്യവിള കര്‍ഷകരായി മാറി. അവരോടൊപ്പം സിറിയന്‍ ക്രിസ്ത്യാനികളും ആ തരത്തില്‍ വളര്‍ന്നുവന്നു. മുസ്ലീങ്ങള്‍ കച്ചവടവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരായതുകൊണ്ട് അവര്‍ പാട്ടക്കാരായും കാണക്കാരായും മാറി. ഇത്തരത്തില്‍ മാറിവന്ന സാമൂഹ്യബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ പരമ്പരാഗത ജാതിവ്യവസ്ഥയ്ക്ക് മാറ്റം വന്നുവെങ്കിലും ജാതി വീണ്ടും ഉപയോഗിക്കപ്പെടുക തന്നെയായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കീഴില്‍ നിലവില്‍ വന്ന ജന്മി-മുതലാളിത്ത ശക്തികള്‍ സ്വന്തം നിലനില്‍പ്പിന് ആശയപരമായ അടിത്തറ ഒരുക്കുന്നതിന് ജാതിയെ ഉപയോഗിച്ചു. പുതിയ ഭരണസംവിധാനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അവര്‍ണ വിഭാഗത്തിലുള്ളവരെ ഒഴിവാക്കി. നിലവിലുണ്ടായിരുന്ന സാമൂഹ്യബന്ധങ്ങളുടെ തുടര്‍ച്ചയെന്ന പോലെ ക്ഷേത്രങ്ങള്‍, പൊതുവഴികള്‍ തുടങ്ങിയുള്ള എല്ലാ പൊതുഇടങ്ങളില്‍ നിന്നും അവരെ ഒഴിവാക്കുന്ന പാരമ്പര്യരീതി തുടര്‍ന്നു. നേരത്തെ ജാതിക്ക് പ്രത്യയശാസ്ത്രരൂപമുണ്ടായിരുന്നില്ലെങ്കില്, സാമ്രാജ്യത്വം ജാതിയെ അത്തരത്തിലുള്ളൊരു സംവിധാനത്തിലേക്ക് മാറ്റി. ഈ സാഹചര്യത്തിലാണ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം കേരളത്തില്‍ അതിശക്തമായ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും രൂപം കൊള്ളുന്നത്. സ്വാഭാവികമായും ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ജന്മിമാര്‍ക്കും ഭരണകൂടത്തിനുമെതിരായ സ്വഭാവമാണ് ഉണ്ടായിരുന്നത്.
ആദ്യകാല സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ജാതിവിരുദ്ധ പ്രവര്‍ത്തനം ഏറ്റവും പ്രകടമായി കാണാന്‍ സാധിക്കും. ശ്രീനാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് ഹൈന്ദവവത്കരണത്തിന് വേണ്ടിയായിരുന്നില്ല. സവര്‍ണ ക്ഷേത്ര സംസ്കാരത്തിന്റെ വ്യാപനത്തിനുവേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്യുകയുമായിരുന്നില്ല; സവര്‍ണരുടെ ആശയസംഹിതകള്‍ക്ക് ബദലായി അവര്‍ണരുടെയും അധമരുടെയും ഉയിര്ത്തെഴുനേല്പ്പിന് ഊര്‍ജ്ജം നല്‍കുക എന്നതായിരുന്നു ഗുരുവിന്റെ ഉദ്ദേശം. തെക്കന്‍ തിരുവിതാംകൂറില്‍ സജീവമായിരുന്ന ചാന്നാര്‍ കലാപമടക്കമുള്ള ശക്തമായ സാമൂഹ്യ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ മഹത്വം വിലയിരുത്തേണ്ടത്.
രാജപാതയിലൂടെ ദളിതരുടെ വണ്ടിയോടിച്ചും പരസ്യമായി കല്ലുമാലകളും വളകളും പൊട്ടിച്ചെറിഞ്ഞുകൊണ്ടുമാണ് അയ്യന്‍കാളി ജാതീയ വ്യവസ്ഥിതി മുന്നോട്ടുവെച്ച ഉച്ചനീചത്വങ്ങളെ മറികടക്കാന്‍ പ്രക്ഷോഭവഴിയിലേക്കിറങ്ങിയത്. ജാതി വ്യവസ്ഥയുടെ സാംഗത്യത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ചോദ്യം ചെയ്തു. മിശ്രവിവാഹം മിശ്രഭോജനം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ജാതിയുടെ അതിരുകള്‍ ലംഘിച്ചു. സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇത്തരം പരിപാടികള്‍ സവര്‍ണന്റെ അഹന്തയുടെ കടയ്ക്കലേറ്റ മഴുമുനതന്നെയായിരുന്നു. മത-ജാതിസമുദായങ്ങള്‍ അടിച്ചേല്‍പ്പിച്ച നിബന്ധനകളും അതിരുകളും മറികടക്കാന്‍ പൊയ്കയില്‍ യോഹന്നാനെ പോലുള്ളവര്‍ മുന്നോട്ടുവന്നു. ഇത്തരത്തില്‍ നിരവധിയായ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ മുഴക്കിയ പല തലങ്ങളിലും തരത്തിലുമുള്ള ജാതി വിരുദ്ധ മുദ്രാവാക്യങ്ങളാണ് പരമ്പരാഗത ജാതീയതയുടെ നിലനില്‍പ്പ് അസാധ്യമാക്കിയത്. അത്തരം മുന്നേറ്റങ്ങളിലൂടെ മധ്യവര്‍ഗത്തിനിടയില്‍ പോലും ജാതീയതയ്ക്കെതിരായ മനോഭാവം വളര്‍ന്നുവന്നു. എസ് എന്‍ ഡി പി, എന്‍ എസ് എസ് പോലുള്ള സാമുദായിക പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്നതും ആ പശ്ചാത്തലത്തില്‍ തന്നെയാണ്. ജാതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് പരിമിതികളും ഉണ്ടായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വം സൃഷ്ടിച്ച സാമൂഹിക-രാഷ്ട്രീയാന്തരീക്ഷത്തിലാണ് ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. ഈ പ്രസ്ഥാനങ്ങളുടെ എതിര്‍പ്പ്, പ്രധാനമായും ജാതിയുടെ പരസ്യമായ മര്‍ദ്ദന രൂപങ്ങള്ക്കെതിരായിരുന്നു. ജാത്യാചാരങ്ങള്‍, തീണ്ടല്, തൊടീല്, അനുഷ്ഠാനങ്ങള്‍, വഴിയാത്ര, ക്ഷേത്രപ്രവേശനം, തെരണ്ടുകുളി, താലികെട്ടുകല്യാണം, സംബന്ധം തുടങ്ങിയ ജാതീയ രൂപങ്ങള്ക്കെതിരായിട്ടായിരുന്നു പ്രക്ഷോഭങ്ങള്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. നാടുവാഴിത്ത സമൂഹത്തില്‍ ജാതിക്ക് വേറൊരു കാര്യം കൂടിയുണ്ട്. ഭൗതിക ജീവിതത്തെയും തൊഴില്‍ ഘടനയെയും ജ്ഞാനത്തെയും നിര്‍ണയിക്കുന്ന സമൂഹരൂപമാണ് ജാതി. ഈ പ്രശ്നത്തെ വാഗ്ഭടാനന്ദനും നാരായണഗുരുവും അയ്യന്‍കാളിയും അഭിസംബോധന ചെയ്തിട്ടുണ്ട്. തൊഴിലിന്റെയും അധ്വാനത്തിന്റെയും പ്രശ്നങ്ങള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ജാതി സംബന്ധമായ തൊഴില്‍രൂപങ്ങളുടെ തകര്‍ച്ചയുടെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാണിച്ചു. പക്ഷെ, ഈ പ്രശ്നം ഉയര്‍ന്ന തലത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചില്ല.
ഒറ്റപ്പെട്ട ചില പരിശ്രമങ്ങളെ കാണാതിരിക്കുന്നില്ല. അയ്യന്‍കാളി ദളിതരുടെ അധ്വാനത്തിന്റെ പ്രശ്നം ഉന്നയിച്ചതും കര്‍ഷക തൊഴിലാളികളുടെ പണിമുടക്ക് സമരം നയിച്ചതും, വാഗ്ഭടാനന്ദന് തൊഴില്‍കരാര്‍ സംഘങ്ങള്‍ രൂപീകരിച്ചതുമൊക്കെ മാതൃകയാക്കി തുടര്‍ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നില്ല. അധഃകൃതരുടെ അധ്വാനശക്തിയെ വര്‍ഗ പ്രശ്നമായി പിന്നീട് ഉയര്‍ത്തിക്കൊണ്ടുവന്നത് കര്‍ഷക - കര്‍ഷക തൊഴിലാളി പ്രസ്ഥാനമായിരുന്നു.
അവര്‍ണ ജാതികളെ സവര്‍ണ ജാതികളില്‍ നിന്നും വേര്‍തിരിക്കുന്ന ആശയപരവും ചിഹ്നപരവുമായ ഘടകങ്ങളെ ഇല്ലാതാക്കുക എന്നതായിരുന്നു സാമുദായിക പ്രസ്ഥാനങ്ങളുടെ ശ്രദ്ധ. വിദ്യാഭ്യാസം, സംവരണം, അയിത്തോച്ഛാടനം, ക്ഷേത്രപ്രവേശനം, സര്‍ക്കാര്‍ ഓഫീസുകളിലെ നിയമനം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയുള്ള പ്രക്ഷോഭങ്ങളായിരുന്നു പ്രധാനമായും നടന്നത്. ഇതിലൂടെ ജാതി ഇല്ലാതാവുകയല്ല ചെയ്തത്. മധ്യവര്‍ഗവത്കരണത്തിനും സംസ്കൃതീകരണത്തിനും വിധേയമായ പുതിയൊരു ജാതിസമൂഹം നിലവില്‍ വരികയായിരുന്നു. പഴയകാലത്ത് ജാതീയ ഉച്ചനീചത്വത്തിന് വിധേയരായിരുന്ന അവര്ണവിഭാഗത്തിലുള്ളവര് പരമ്പരാഗത തൊഴില്‍ രൂപങ്ങളില്‍ നിന്നും മര്യാദകളില്‍ നിന്നും മോചിതരായി. എന്നാല്‍, പുതിയ സമൂഹഘടനയില്‍ ജാതിപ്പേരും ചിഹ്നങ്ങളും വിലപേശല്‍ രൂപങ്ങളെന്ന നിലയില്‍ ശക്തമായി മുറുകെ പിടിക്കാനും ഇക്കൂട്ടര്‍ തയ്യാറായി. ഈ സമുദായം, തൊഴില്‍ രൂപങ്ങളോടും അധ്വാനത്തോടും സവര്‍ണരുടേതില്‍ നിന്നും വിഭിന്നമല്ലാത്ത മനോഭാവമാണ് വെച്ചുപുലര്‍ത്തിയത്. ദളിതരും അധ്വാനിക്കുന്ന അധമവിഭാഗത്തിലുള്ളവരും ഇക്കൂട്ടരുടെ കണ്ണില്‍ നിന്ദ്യരാണ്. അത് മാറ്റിമറിക്കാന്‍ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചുമില്ല.
പുതിയ ഉത്പാദനബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ജാതി വിരുദ്ധതയുടെ സാമൂഹ്യ അജണ്ട മുന്നോട്ടുകൊണ്ടുപോവാനുള്ള ബാധ്യത കര്‍ഷക-കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കാണുള്ളത്. സാമുദായിക പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന, മുതലാളിത്തത്തിന്റെ പിന്‍ബലത്തോടെയാണ് ഇന്ന് ജാതീയത നിലനില്‍ക്കുന്നത്. ആഗോളവത്കരണകാലത്തെ ജാതീയതയ്ക്ക് കോര്‍പ്പറേറ്റുകളാണ് സംരക്ഷണം നല്‍കുന്നത്. അവയെ തച്ചുതകര്‍ക്കുക എന്നതാണ് വര്‍ഗപരമായി മുന്നോട്ടുപോകുന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ കടമ. അവിടെയാണ് പുതിയ ജാതിവിരുദ്ധ പ്രസ്ഥാനം ഉയര്‍ന്നുവരേണ്ടത്.
13-Oct-2023
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി
ആനാവൂര്‍ നാഗപ്പന്